ADVERTISEMENT

വിഘ്നങ്ങൾ അകറ്റാൻ വിഘ്നേശ്വരന് നാളികേരമുടയ്ക്കുന്ന വഴിപാട് വളരെ പ്രധാനമാണ്. ഗണങ്ങളുടെ അധിപനായ ഗണപതിക്ക് മൂന്നു കണ്ണുള്ള നാളികേരം അർപ്പിക്കുന്നതിലൂടെ സകല ദോഷങ്ങളും ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. മൂന്നു കണ്ണുകൾ ശിവന്‍റെ പ്രതീകമായും കണക്കാക്കുന്നു. നാളികേരം ഉടയ്ക്കുമ്പോൾ മനുഷ്യനിലെ ഞാനെന്ന ഭാവമാണ് ഇല്ലാതാകുന്നതെന്നും അതുവഴി ഭക്തർ പൂർണമായും ഭഗവാന് സ്വയം സമർപ്പിക്കുകയാണെന്നുമാണ് സങ്കൽപം.

 

നാളികേരം മനുഷ്യ ശരീരത്തിന് തുല്യമാണ് എന്നാണ് സങ്കൽപം. പുറമെയുള്ള നാരുകളോട് കൂടിയ ആവരണമായ ചകിരി, അതിനുള്ളിലെ കട്ടിയുള്ള ചിരട്ട, ചിരട്ടയ്ക്കും ഉള്ളിലായുള്ള മാംസളമായ മൃദു ഭാഗം, ഏറ്റവും ഉള്ളിൽ അമൃതായി കണക്കാക്കുന്ന ജലം എന്നിവയെല്ലാം മനുഷ്യ ശരീരത്തിന്‍റെ പ്രതിരൂപങ്ങളായാണ് കണക്കാക്കുന്നത്. നാളികേരത്തിന്‍റെ ചിരട്ടയെ മായയായും, അകത്തെ കാമ്പിനെ സത്യമായുമാണ് വേദാന്തം വിഭാവനം ചെയ്യുന്നത്. മായ ഉടഞ്ഞ് മാറ്റി സത്യം തെളിയുന്നു എന്നാണ് വിശ്വാസം. 

 

പൂജാവിധികളടക്കമുള്ള ശുഭ കാര്യങ്ങളിൽ നാളികേരത്തിന് പ്രഥമ സ്ഥാനമുണ്ട്. ഏതു നല്ല കാര്യം ആരംഭിക്കുന്നതിനു മുൻപും നാളികേരം ഉടയ്ക്കുന്നത് ഹൈന്ദവര്‍ക്കിടയിൽ സാധാരണമാണ്. ഇങ്ങനെ ഉടയുന്ന നാളികേരത്തിന്റെ ലക്ഷണം നോക്കി ഗുണദോഷഫലങ്ങൾ നിര്‍ണയിക്കാറുണ്ട്. നാളികേരം ഉടഞ്ഞാൽ ഉദ്ദിഷ്ടകാര്യലബ്ധിയും ഉടയാതിരുന്നാൽ തടസ്സവുമാണത്രേ ഫലം. ഉടയാത്ത നാളികേരം വീണ്ടും ഉടയ്ക്കാതെ മറ്റൊന്ന് ഉടയ്ക്കുന്നത് ഉചിതമെന്നും വിശ്വാസം.

 

നാളികേരം ഉടയുന്നത് കൃത്യം പകുതിയായാണെങ്കിൽ ആഗ്രഹം സഫലമാകുമെന്നും ശുഭമായി കലാശിക്കുമെന്നും പറയപ്പെടുന്നു. വശങ്ങൾ ചരിഞ്ഞാണ് നാളികേരം ഉടയുന്നതെങ്കിൽ ഉദര സംബന്ധമായ അസ്വസ്ഥതകളും നാളികേരത്തിന്റെ കണ്ണുകൾ പൊട്ടിയാൽ അതീവ ദുഃഖവും മുകൾ ഭാഗത്താണെങ്കിൽ കുടുംബനാഥന് ആപത്ത് സംഭവിക്കുമെന്നും ലക്ഷണശാസ്ത്രം. 

 

നാളികേരത്തിന്റെ  വെള്ളത്തിൽ ഒരു പൂവിട്ട് അത് ഏതു രാശിയിൽ അടുക്കുന്നുവെന്ന് നോക്കിയും ഫലം നിർണയിക്കാറുണ്ട്. മേടം രാശിയിലാണെങ്കിൽ അഭിവൃദ്ധി, ഇടവത്തിൽ കലഹവും വിഷഭയവും, മിഥുനം എങ്കിൽ അഗ്നിബാധ, കര്‍ക്കടകം രാശിയിൽ ധനധാന്യ നാശം, ചിങ്ങം എങ്കിൽ ധനധാന്യലാഭവും പുത്രഭാഗ്യവും, കന്നിയിൽ സ്ത്രീപ്രജാലബ്ധി, തുലാമെങ്കിൽ ധനയോഗം, വൃശ്ചികത്തിൽ വിഷഭയം, ധനുവെങ്കിൽ ജനങ്ങളുടെ ശത്രുത, മകരമെങ്കിൽ അഭീഷ്ട സിദ്ധി, കുംഭമെങ്കിൽ മരണഭയം, മീനമെങ്കിൽ ആപത്ത് എന്നിവയാണത്രേ ഫലം. ഭക്തന് ഭഗവാനോടുള്ള ആത്മീയ സമർപ്പണമാണ് നാളികേരം ഉടയ്ക്കുന്നതിലൂടെ വെളിവാകുന്നതെന്ന് ഹൈന്ദവവിശ്വാസം പറയുന്നു. ഉദ്ദിഷ്ട കാര്യസിദ്ധിക്കായി നിരവധി പേരാണ് ഗണപതി ക്ഷേത്രങ്ങളിൽ നാളികേരമുടയ്‌ക്കുന്ന വഴിപാട് നടത്തുന്നത്.

 

Content Summary:  Hindus | Break | Coconut | Ganesh Temples | Auspicious | Astrology News | Manorama News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com