ADVERTISEMENT

മനുഷ്യശരീരത്തിലെ സുപ്രധാനവും മുഖ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതുമായ അവയവമാണു കണ്ണുകൾ. നയനങ്ങൾ അത്യാകർഷണങ്ങളാകുന്നത് അവയുടെ നിറങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്. പച്ചനിറത്തിലുള്ള കണ്ണുകളും സാഗരനീലിമ തോറ്റുപോകുന്നത്ര വശ്യതയാർന്ന കണ്ണുകളുമൊക്ക സൗന്ദര്യം വർധിപ്പിക്കുമെന്നാണ് കാവ്യഭാവന. എന്നാൽ കണ്ണുകളുടെ നിറങ്ങൾക്ക് സ്വഭാവസവിശേഷതകൾ വെളിപ്പെടുത്താൻ കഴിയുമെന്നാണ് മുഖലക്ഷണ ശാസ്ത്രം പറയുന്നത്. പല വലുപ്പത്തിലും പലനിറങ്ങളിലുള്ള കണ്ണുകൾ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ നേർരൂപങ്ങളാകുന്നത് എങ്ങനെയെന്നു നോക്കാം.

കറുത്ത നിറത്തിലുള്ള കണ്ണുകൾ

പൊതുവേ കണ്ണുകളിലെ കൃഷ്ണമണിക്കു കറുത്ത നിറമുള്ളവരാണ് ഭൂരിപക്ഷവും. പക്ഷേ, സൂക്ഷിച്ചുനോക്കിയാൽ കറുപ്പ് നിറത്തിനു പകരം ഇരുണ്ട തവിട്ടു നിറമാണിതെന്നു മനസിലാക്കാൻ സാധിക്കും. കണ്ണിനു കറുത്ത നിറമുള്ളവർ കുറവാണെന്നു ചുരുക്കം. എന്നാൽ നയനങ്ങൾ കറുപ്പുനിറമുള്ളവർ വിശ്വാസയോഗ്യരും  ഉത്തരവാദിത്തവും ചുമതലബോധവും ആത്മാർഥതയുമുള്ളവരുമായിരിക്കും. സുഹൃത്തുക്കളോ ബന്ധുക്കളോ തങ്ങളെ വിശ്വസിച്ചു പറഞ്ഞ രഹസ്യങ്ങളൊന്നും ഇവർ പുറത്തുവിടുകയില്ല. വളരെ ജാഗ്രതയോടെ, ആളുകളെ മനസ്സിലാക്കിയതിനു ശേഷം മാത്രമേ ഇവർ പ്രണയവും സൗഹൃദവുമൊക്കെ തിരഞ്ഞെടുക്കുകയുള്ളൂ. ഒരിക്കൽ ഒരു ബന്ധത്തിൽ ഏർപ്പെട്ടാൽ മരണം വരെയും അത് തുടർന്നുകൊണ്ട് പോകുന്നതിൽ ഒരു വീഴ്ചയും വരുത്തുകയില്ലെന്നു മാത്രമല്ല, ആ ബന്ധത്തിൽ പൂർണമായും നീതി പുലർത്തുകയും ചെയ്യും. വളരെ പ്രായോഗികതയോടെ കാര്യങ്ങളെ സമീപിക്കുന്നവരാണ് ഇക്കൂട്ടർ, കൂടാതെ കഠിനാധ്വാനികളും. ഏർപ്പെടുന്ന പ്രവർത്തനങ്ങളിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഇവർ ശ്രമിക്കും. ശുഭാപ്തി വിശ്വാസികളും ദൈവഭക്തിയുള്ളവരും വികാരഭരിതമായി കാര്യങ്ങളെ സമീപിക്കുന്നവരുമായിരിക്കും ഇക്കൂട്ടർ.

തവിട്ടു നിറത്തിലുള്ള കണ്ണുകൾ

ഭൂമിയിലെ മനുഷ്യരിൽ ഭൂരിഭാഗത്തിനും തവിട്ടുനിറത്തോടു കൂടിയ കണ്ണുകളായിരിക്കും. ഇളം തവിട്ടു നിറമുള്ളവരും കടും തവിട്ടു നിറമുള്ളവരുമായ ധാരാളം ആളുകളെ കാണുവാൻ സാധിക്കും. തവിട്ടു നിറമുള്ള കണ്ണുകൾ ആകർഷണീയമെന്നതിനൊപ്പം ആത്മവിശ്വാസം സ്ഫുരിക്കുന്നതുമാണ്. ഊർജസ്വലരും സർഗാത്മക കഴിവുകൾ ഉള്ളവരുമായിരിക്കും ഇക്കൂട്ടർ. ഇവർ ഏർപ്പെടുന്ന കാര്യങ്ങൾ സ്വതന്ത്രവും നീതിപൂർവകവുമായിരിക്കുമെന്നു മാത്രമല്ല, തികഞ്ഞ കരുതലും ഇവരിൽ നിന്നു പ്രതീക്ഷിക്കാം. ഭൗതിക കാര്യങ്ങളിൽ അധികം താല്പര്യം കാണിക്കാത്ത ഇക്കൂട്ടർ, നൈസർഗികമായ കാര്യങ്ങൾക്കാണ്‌ കൂടുതൽ പ്രാധാന്യം നൽകുക. ഏർപ്പെടുന്ന കാര്യങ്ങളെക്കുറിച്ചു പൂർണ ബോധ്യമുണ്ടാകുമെങ്കിലും ചില സമയങ്ങളിൽ മറ്റുള്ളവർക്ക് മുമ്പിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതിൽ ഇവർ പരാജയപ്പെട്ടുപോകാറുണ്ട്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി എന്തു ത്യാഗം സഹിക്കാനും ഇക്കൂട്ടർ തയാറാകും. പ്രണയബന്ധങ്ങളിൽ ഇവർ വിശ്വസ്തരും ആത്മാർഥത പുലർത്തുന്നവരുമായിരിക്കും.

ഗോതമ്പിന്റെ നിറത്തിലുള്ള കണ്ണുകൾ

പച്ചയും തവിട്ടും നിറങ്ങൾ സംയോജിച്ചതു പോലെ കാണുന്നവയാണ് ഗോതമ്പിന്റെ നിറത്തിലുള്ള കണ്ണുകൾ. കാണാൻ ഏറെ അഴകുള്ള ഈ കണ്ണുകൾ പോലെത്തന്നെ സൗന്ദര്യമുള്ളവരായിരിക്കും ഇതിനുടമകളും. സാഹസികവും രസകരവുമായ കാര്യങ്ങൾ ചെയ്യാൻ ഇവർക്കു താല്പര്യമേറും. അഭിമുഖീകരിക്കണ്ടി വരുന്ന ഏതു സാഹചര്യങ്ങളുമായും എളുപ്പത്തിൽ പൊരുത്തപ്പെട്ടു പോകാൻ ഇവർക്കു പ്രത്യേക കഴിവാണ്. എല്ലായ്‌പ്പോഴും ഒരേ കാര്യങ്ങൾ ചെയ്യുന്നതിനോടു താല്പര്യം കാണിക്കാത്ത ഇക്കൂട്ടർ, വൈവിധ്യവും വ്യത്യസ്തതമാർന്നതുമായ കാര്യങ്ങളോടു ആഭിമുഖ്യം പുലർത്തും. പുതിയ കാര്യങ്ങളെ സ്വീകരിക്കുന്നതിനൊപ്പം വെല്ലുവിളികൾ ഏറ്റെടുക്കാനും ഇവരൊട്ടും മടിക്കുകയില്ല. കോപം വന്നാൽ ഇക്കൂട്ടരെ നിയന്ത്രിക്കുക പ്രയാസമാണ്. അതുകൊണ്ടു തന്നെ ഇവരെ മനസ്സിലാക്കി ഇവർക്കൊപ്പം മുന്നോട്ടുപോകാൻ കഴിയുകയാണെങ്കിൽ കാര്യങ്ങൾ സുഗമമായിരിക്കും.

ചാരനിറത്തിലുള്ള കണ്ണുകൾ

ചാരനിറത്തിലുള്ള കണ്ണുകളുടെ ഉടമകൾ, നേതൃഗുണമുള്ളവരായിരിക്കും. ഇവർ ജനിക്കുന്നത് തന്നെ നേതാവാകാൻ വേണ്ടിയാണെന്ന് വേണമെങ്കിൽ പറയാം. ശക്തരും സൗമ്യരും ബുദ്ധിമാന്മാരുമായിരിക്കും ഇക്കൂട്ടർ. കോപത്തോടെ ഇക്കൂട്ടർ ഒരിക്കലും പെരുമാറുകയില്ല എന്നതുതന്നെയാണ് ഇവരുടെ സ്വഭാവത്തിന്റെ ഏറ്റവും വലിയ സവിശേഷത. സൗഹൃദം, പ്രണയം തുടങ്ങി എല്ലാ ബന്ധങ്ങളിലും ആത്മാർത്ഥമായി ഇടപ്പെടുന്നവരാണ് ഈ കണ്ണുകളുടെ ഉടമകൾ. സർഗാത്മകവും യുക്തിസഹവുമായ കഴിവുകളാൽ ഇവർ സമ്പന്നരായിരിക്കും. സാഹചര്യം ഏതുതന്നെയായാലും അവിടെ നേതാവാകാൻ ഇവരെ കഴിഞ്ഞിട്ടേ ആളുകളുണ്ടാകൂ. എല്ലാവരോടും സൗമ്യമായും സഹിഷ്ണതയോടുമേ ഇക്കൂട്ടർ പെരുമാറുകയുള്ളൂ.

പച്ചനിറത്തിൽ കണ്ണുകൾ

തങ്ങളുടെ ഊർജസ്വലമായ പ്രവൃത്തികൾ കൊണ്ട് മറ്റുള്ളവരെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിവുള്ളവരാണ് പച്ചനിറത്തിൽ കണ്ണുകൾ ഉള്ളവർ. ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കുന്നതിലും മറ്റുള്ളവരെ തങ്ങളിലേയ്ക്കു ആകർഷിക്കുന്നതിലും ഇക്കൂട്ടർ മികവുപുലർത്തും. കൗതുകത്തോടെ കാര്യങ്ങളെ സമീപിക്കുന്ന ഇവർ, ബുദ്ധിസാമർഥ്യത്തിലും ഒട്ടും പിറകിലല്ല. പുതിയ എന്തെങ്കിലും കാര്യങ്ങളെ കുറിച്ച് അറിയുന്ന പക്ഷം അതിനെക്കുറിച്ചു ഗഹനമായി അറിയാൻ ഇക്കൂട്ടർ ഏറെ താല്പര്യം കാണിക്കും. ഇവരുടെ സ്വഭാവത്തിലെ ന്യൂനതയായി എടുത്തു പറയേണ്ടതു മറ്റുള്ളവരുടെ നേട്ടങ്ങളിൽ ഇവർ അസൂയാലുക്കളായിരിക്കുമെന്നതാണ്.

നീലനിറത്തിലുള്ള കണ്ണുകൾ

ലോകത്തിലെ ഭൂരിപക്ഷം ആളുകളും നീലനിറത്തിലുള്ള നയനങ്ങളുടെ ആരാധകരാണ്. വളരെ ഊർജസ്വലരായി കാണപ്പെടുന്ന നീലമിഴികളുള്ളവർ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഏറെ ഉത്സാഹം കാണിക്കും. ദയവും ആത്മാർത്ഥതയും ഇവരുടെ മുഖമുദ്രയായിരിക്കും. ആളുകളെ സഹായിക്കുന്നതിൽ ഇക്കൂട്ടർ യാതൊരു തരത്തിലുള്ള വിമുഖതയും പ്രകടിപ്പിക്കാറില്ല. കാര്യങ്ങൾ വീക്ഷിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും ശ്രദ്ധാലുക്കളായ ഇക്കൂട്ടർ, സ്വയം സന്തോഷിക്കുന്നതിലും തല്പരരായിരിക്കും.  

Content Highlights: Eye Color | Reveals | Personality Traits | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com