ADVERTISEMENT

മല കയറിയെത്തിയ സ്വാമി ഭക്തർക്ക് കളഭാഭിഷിക്തനായ അയ്യപ്പ സ്വാമിയുടെ പുണ്യരൂപം സുകൃത ദർശനമായി. ഉഷഃപൂജയ്ക്കു ശേഷം കിഴക്കേ മണ്ഡപത്തിലായിരുന്നു കളഭപൂജ. 11 മണി കഴിഞ്ഞതോടെ നെയ്യഭിഷേകം പൂർത്തിയാക്കി. ഉച്ചയോടെയാണ് കളഭാഭിഷേകം നടന്നത്. തന്ത്രിയുടെ അനുജ്ഞ വാങ്ങി മേൽശാന്തി പി.എൻ.മഹേഷ് ബ്രഹ്മകലശം എടുത്തതോടെ വാദ്യമേളങ്ങൾ മുഴങ്ങി. ആഘോഷമായി ശ്രീകോവിലിൽ എത്തിച്ചു.  തിരുനടയിൽ തീർഥാടകർ ശരണംവിളിച്ചു കാത്തുനിൽക്കെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. ഉച്ചയ്ക്ക് പതിനെട്ടാംപടി കയറി എത്തിയ സ്വാമി ഭക്തർക്ക് കളഭാഭിഷേകം കണ്ടു തൊഴാൻ അവസരം ലഭിച്ചു.

ദർശനം നടത്തി മൂവർസംഘം

sabarimalatemple-triplets
ആദ്യമായി മലകയറി അയ്യപ്പ ദർശനം നടത്തിയതിന്റെ സന്തോഷത്തില്‍ ഹർഷിക, ഹർഷിനി, ഹർഷിത എന്നീ മൂവർ സംഘം

ആദ്യമായി മലകയറി അയ്യപ്പ ദർശനം നടത്തിയതിന്റെ സന്തോഷത്തിലാണ് ഹർഷിക, ഹർഷിനി, ഹർഷിത എന്നീ മൂവർ സംഘം.ഗുരുവായൂർ തോട്ടപ്പുള്ളി മുല്ലശേരി ടി.വി.സജീഷ്– ആതിര ദമ്പതികളുടെ മക്കളാണ് ഇവർ. ഒറ്റപ്രസവത്തിലെ 3 കൺമണികളെയും ഒരുമിച്ചു സന്നിധാനത്തിൽ എത്തിച്ചു ദർശനം നടത്തണമെന്നത് അച്ഛൻ സജീഷിന്റെ  ഏറെനാളത്തെ ആഗ്രഹമായിരുന്നു. വലിയ തിരക്കിൽപെടാതിരിക്കാനാണ് തീർഥാടനത്തിന്റെ  ആദ്യനാളുകൾ തിരഞ്ഞെടുത്തത്. ഗുരുവായൂരിൽ നിന്നുള്ള 18 അംഗ സംഘത്തോടൊപ്പമാണ് ഇവർ എത്തിയത്. സന്നിധാനത്ത് എത്തി പതിനെട്ടാംപടി കയറിയപ്പോഴേക്കും രാവിലെ 11.15 ആയി.  കെട്ട് അഴിച്ച് തയാറായപ്പോഴേക്കും നെയ്യഭിഷേകം കഴിഞ്ഞു.  നെയ്യഭിഷേകം നടത്തണമെന്ന ആഗ്രഹം ഉള്ളതിനാൽ സന്നിധാനത്ത് തങ്ങി. ഇന്നലെ പുലർച്ചെ 3.30ന് നെയ്യഭിഷേകം നടത്തി മലയിറങ്ങി.

വലിയ കോയിക്കൽ ക്ഷേത്രം 21ന് തുറക്കും

പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം 21ന് തുറക്കും. പന്തളം വടക്കേമുറി പുത്തൻകോയിക്കൽ കൊട്ടാരത്തിൽ രോഹിണി നാൾ ഗോദവർമ രാജയുടെ നിര്യാണത്തെ തുടർന്നാണ് ക്ഷേത്രം അടച്ചിരുന്നത്. എങ്കിലും ഒട്ടേറെ തീർഥാടകർ വന്നു പോകുന്നുണ്ട്. പൊലീസ്, അഗ്നിരക്ഷാസേന, മെഡിക്കൽ യൂണിറ്റ് എന്നിവ സജ്ജമായി. വെർച്വൽ ക്യൂ ബുക്കിങ് കേന്ദ്രവും ഉടൻ തുടങ്ങും. ക്ഷേത്രക്കടവിലെ സുരക്ഷാവേലി നിർമാണം ജലനിരപ്പ് താഴുന്ന മുറയ്ക്ക് പൂർത്തിയാക്കും.

അന്നദാനം 22 മുതൽ

വലിയ കോയിക്കൽ ക്ഷേത്രത്തിലെ പുതിയ അന്നദാനമണ്ഡപത്തിൽ 22ന് അന്നദാനം തുടങ്ങും. ഉപദേശകസമിതിയുടെ സ്പോൺസർഷിപ്പിൽ ഇവിടെ അടുക്കള സജ്ജമാക്കുന്നുണ്ട്. 3 നേരവും അന്നദാനം നൽകാനാണ് തീരുമാനം.

മന്ത്രിതല യോഗം നടന്നില്ല

തീർഥാടനകാല ഒരുക്കങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ വർഷവും നടത്തി വന്ന മന്ത്രിതല അവലോകനയോഗം ഇക്കുറി നടന്നില്ല. ദേവസ്വം ബോർഡ് ‍ പ്രസിഡന്റിന്റെ നേതൃത്വത്തിൽ യോഗം നടന്നിരുന്നു. പുതിയ അന്നദാനമണ്ഡപത്തിൽ ഉദ്യോഗസ്ഥർക്ക് കാബിൻ തിരിച്ചു നൽകുന്നതിനെതിരെ പരാതി നിലനിൽക്കുന്നുണ്ട്. ഉപദേശകസമിതി രൂപീകരണവും 21നാണ് തീരുമാനിച്ചിട്ടുള്ളത്. കലക്ടർ എ.ഷിബു ക്ഷേത്രത്തിലും കൊട്ടാരത്തിലുമെത്തി ഒരുക്കങ്ങൾ വിലയിരുത്തി.

ആശ്വാസമായി അന്നദാനം

മണികണ്ഠനാൽത്തറയിൽ അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തിൽ അന്നദാനം തുടങ്ങി. ഉച്ചയ്ക്ക് 12നും വൈകിട്ട് 7നുമാണ് ഇത്. അയ്യപ്പസേവാസംഘം 344-ാം നമ്പർ ശാഖയുടെ നേതൃത്വത്തിലാണ് അന്നദാനം. സംസ്ഥാന വൈസ് പ്രസിഡന്റ് തടത്തിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പൊക്കവിളക്ക് സ്ഥാപിച്ചു

പന്തളം വലിയ പാലത്തിന് സമീപം നഗരസഭയുടെ നേതൃത്വത്തിൽ പൊക്കവിളക്ക് സ്ഥാപിച്ചു. നഗരസഭാ അധ്യക്ഷ സുശീല സന്തോഷ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് പൊക്കവിളക്ക് സ്ഥാപിച്ചത്. അന്നദാന മണ്ഡപത്തിന് താഴെയുള്ള പാർക്കിങ് സ്ഥലം വൃത്തിയാക്കാനുണ്ട്.

English Summary:

Kalabhabhishekam performed at Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com