ADVERTISEMENT

കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ ആഘോഷിക്കുന്ന പ്രധാന ഉത്സവമാണ് തൃക്കാർത്തിക. വൃശ്ചിക മാസത്തിലെ കാർത്തിക ദേവിയുടെ ജന്മനാളാണ്. ലക്ഷ്‌മി പ്രീതിക്കായി വീടും പരിസരവും ദീപങ്ങളാൽ അലങ്കരിക്കുന്നതാണ് തൃക്കാർത്തിക ആയി ആഘോഷിക്കുന്നത്. മഹിഷാസുര നിഗ്രഹം കഴിഞ്ഞു വരുന്ന ദേവിയെ സ്തുതിക്കുന്നതാണ് തൃക്കാർത്തിക ആയി ആഘോഷിക്കുന്നത് എന്നു ദേവീപുരാണത്തിൽ പറയുന്നു. താരകാസുര പുത്രന്മാരായ ത്രിപുരന്മാരെ നിഗ്രഹിച്ചു വരുന്ന മഹാദേവനെ ദേവി ദീപങ്ങൾ തെളിയിച്ചു സ്വീകരിച്ചതിനാലാണ് തൃക്കാർത്തിക ആഘോഷിക്കുന്നത് എന്നു  മറ്റൊരു ഐതിഹ്യം. ഇതു  കൂടാതെ യശോദയുടെ മകളായി പിറന്ന മായാദേവിയുടേയും  ലക്ഷ്മി ദേവിയുടേയും  തുളസി ദേവിയുടേയും ജന്മനാളായും വൃശ്ചിക മാസത്തിലെ തൃക്കാർത്തിക കൊണ്ടാടുന്നു. എന്നാൽ തമിഴ്‌നാട്ടിൽ സുബ്രഹ്മണ്യ പ്രീതിക്കായാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്.

കുടുംബാഭിവൃദ്ധിക്കും ഐശ്വര്യത്തിനും തൃക്കാർത്തിക വ്രതം നോൽക്കുന്നു. സന്ധ്യാസമയത്തു നിലവിളക്ക് കൊളുത്തി ദേവീ കീർത്തനങ്ങൾ ചൊല്ലണം എന്നാണ് പറയുന്നത്. സസ്യാഹാരമേ പാടുള്ളൂ. എണ്ണ  തേച്ചു കുളിയും പകലുറക്കവും പാടില്ല. ശരീരശുദ്ധി പോലെ മനഃശുദ്ധിയും ഉണ്ടാവണം. കാർത്തിക നാളിൽ ലളിതാ സഹസ്രനാമം, മഹാലക്ഷ്‌മി അഷ്ടകം തുടങ്ങിയവ ചൊല്ലുന്നത് ഉത്തമമായി കണക്കാക്കുന്നു. കാർത്തിക നാളിൽ പൂർണ ഉപവാസം പാടില്ല.  ഒരു നേരം ആഹാരം കഴിച്ചു വ്രതം നോൽക്കണം. പിറ്റേന്നു രോഹിണി നാളിൽ പ്രഭാത സ്നാനത്തിനു ശേഷം തുളസീ തീർഥം സേവിച്ചു പാരണ വീടുന്നു. തൃക്കാർത്തികയുമായി ബന്ധപ്പെടുത്തി ചില സ്ഥലങ്ങളിൽ പൂക്കളം ഇടുന്ന രീതി ഉണ്ട്. കാർത്തികപ്പൂക്കളം എന്നാണറിയപ്പെടുന്നത്. കാർത്തികപ്പൂവ് എന്നറിയപ്പെടുന്ന ഒരു പുഷ്പമാണ് ഈ പൂക്കളത്തിലെ പ്രധാന ആകർഷണം.

നന്മയുടെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണ് ദീപങ്ങൾ. സന്ധ്യാസമയത്ത് കാർത്തിക ദീപം തെളിക്കുന്നിടത്ത് ലക്ഷ്മീദേവി കൂടിയിരിക്കും എന്നാണ് വിശ്വാസം. വീടുകളിലും ക്ഷേത്രങ്ങളിലും കാർത്തിക ദീപം തെളിക്കുമ്പോൾ അവിടെ മനുഷ്യസ്‌നേഹത്തിന്റെ  ഒത്തൊരുമയാണ് കാണുന്നത്. മനുഷ്യനിലെ അന്ധകാരത്തെ തുടച്ചുനീക്കി നന്മയുടെ പ്രകാശത്തെ തെളിക്കുകയാണ് തൃക്കാർത്തികയിലെ ദീപങ്ങൾ.

English Summary:

Importance of Karthika Vilakku

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com