ADVERTISEMENT

കണ്ണിന് കുളിർമനൽകുക എന്നതിലുപരി താമസസ്ഥലത്തിന് ചുറ്റുമുള്ള ചെടികളും മരങ്ങളും നമ്മുടെ ആരോഗ്യത്തിലും മാനസിക സന്തോഷത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും ജീവിത പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ചില ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് ഗുണഫലങ്ങൾ നൽകിയേക്കാം. നമ്മുടെ നാട്ടിലെ വീട്ടുമുറ്റങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ചെമ്പരത്തി. പല നിറങ്ങളിലും വലുപ്പത്തിലുള്ള പൂക്കൾ വിരിയുന്ന ചെമ്പരത്തി ചെടികൾക്ക് വാസ്തുശാസ്ത്രത്തിലും ഏറെ പ്രാധാന്യം കല്പിക്കുന്നുണ്ട്. കൃത്യമായ സ്ഥലത്ത് ചെമ്പരത്തി നട്ടുപിടിപ്പിച്ചാൽ ജീവിതത്തിൽ സമാധാനവും സന്തോഷവും പുരോഗതിയും നിറയും. വീടിന്റെ വടക്കു ദിക്കിലോ കിഴക്കുദിക്കിലോ ചെമ്പരത്തി ചെടി നടണമെന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്.

ചെമ്പരത്തിചെടി നടുന്നതിന്റെ ഗുണഫലങ്ങൾ

ധൈര്യത്തിന്റെ സൂചകമായാണ് ചുവപ്പുനിറത്തെ കണക്കാക്കുന്നത്. അതിനാൽ ജീവിതപ്രശ്നങ്ങൾ നേരിടുമ്പോൾ ചുവന്ന പൂക്കൾ ഉണ്ടാവുന്ന ചെമ്പരത്തി ചെടി നട്ടുപിടിപ്പിക്കുന്നത് പോസിറ്റീവ് എനർജി കുടുംബത്തിൽ നിറയാൻ സഹായിക്കും. ഗ്രഹനില പ്രകാരം സൂര്യനിൽ നിന്നുള്ള ദോഷങ്ങളുണ്ടെങ്കിൽ ചെമ്പരത്തി നടുന്നത് അതിനൊരു പരിഹാരമാണ്. ഇത്തരം സാഹചര്യങ്ങളിൽ കിഴക്ക് ദിക്കിലാണ് ചെമ്പരത്തി നടേണ്ടത്. ഗുണഫലങ്ങൾ നിറയ്ക്കുന്നതിനൊപ്പം വീട്ടിൽ നിന്നും പ്രതികൂല ഊർജ്ജത്തെ അകറ്റി നിർത്താനും ചെമ്പരത്തി ചെടിയുടെ സാന്നിധ്യം സഹായിക്കും.

ജാതകത്തിൽ ചൊവ്വാദോഷം ഉള്ളവർക്കും വീട്ടുമുറ്റത്ത് ചുവന്ന ചെമ്പരത്തി നടാവുന്നതാണ്. വിവാഹ കാര്യങ്ങളിൽ തടസ്സം നേരിടുന്നതും വിവാഹശേഷം പങ്കാളികൾക്ക് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമൊക്കെയാണ് ചൊവ്വാദോഷത്തിന്റെ പൊതുവെയുള്ള ഫലങ്ങൾ. എന്നാൽ ഈ ദോഷങ്ങളുടെ ഫലശക്തി കുറയ്ക്കാൻ ചെമ്പരത്തിയുടെ സാന്നിധ്യത്തിലൂടെ സാധിക്കും. ശത്രുക്കളിൽ നിന്നുള്ള ദോഷഫലങ്ങൾ കുറയ്ക്കാനാവും എന്നതാണ് മറ്റൊരു മേന്മ.

സാമ്പത്തിക പ്രശ്നങ്ങൾ മൂലം ജീവിതം വഴിമുട്ടി നിൽക്കുന്നവർ ഏറെയാണ്. ഇതിനെ മറികടക്കാൻ ലക്ഷ്മിദേവിക്ക് വെള്ളിയാഴ്ചകളിൽ ചുവന്ന ചെമ്പരത്തിപ്പൂക്കൾ അർപ്പിക്കാം. അതേപോലെ ഹനുമാന് ചൊവ്വാഴ്ച ദിവസങ്ങളിൽ ചെമ്പരത്തിപ്പൂക്കൾ അർപ്പിക്കുന്നതും ഗുണകരമാണ്. വിലപിടിപ്പുള്ളവ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും ദോഷ പരിഹാരത്തിനായി ഇത് ചെയ്യാവുന്നതാണ്. ഊർജ്ജത്തിന്റെ പ്രതീകമായാണ് ചെമ്പരത്തി പൂക്കളെ കണക്കാക്കുന്നത്. സൂര്യദേവന് അർപ്പിക്കാനുള്ള തീർത്ഥ ജലത്തിൽ ചെമ്പരത്തി പൂക്കൾ ഇടുന്നത് ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു.

കുടുംബാംഗങ്ങൾ തമ്മിൽ സ്നേഹം നിലനിർത്താൻ ചുവന്ന ചെമ്പരത്തിയും കുടുംബ ഐക്യത്തിന് പിങ്ക് ചെമ്പരത്തിയും പുതിയ തുടക്കങ്ങൾക്ക് പുരോഗതി കൈവരിക്കാൻ മഞ്ഞ ചെമ്പരത്തിയും സമാധാനം പുലരാൻ വെള്ള ചെമ്പരത്തിയുമാണ് നട്ടുപിടിപ്പിക്കേണ്ടത്. ധാരാളമായി സൂര്യപ്രകാശം ലഭിക്കുന്ന ഇടത്തുവേണം ചെമ്പരത്തി ചെടി നടാൻ. കൃത്യമായി ജലവും നൽകണം. തെക്ക്, പടിഞ്ഞാറ് ദിശകളിൽ ഒരു കാരണവശാലും ചെമ്പരത്തി നടരുത്. ഇത് പ്രതികൂല ഊർജ്ജത്തെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുന്നതിന് കാരണമാകും.

English Summary:

Vastu Tips For Planting Hibiscus Plant at home, These Directions Ensure Positive Energy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com