ADVERTISEMENT

ഹൈന്ദവാചാര പ്രകാരം കാലങ്ങളായി കേട്ട് ശീലിച്ച ഒന്നാണ് ബ്രാഹ്മ മുഹൂർത്തം എന്ന പദം. എന്നും ബ്രാഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് ശുഭകരമായ കാര്യങ്ങൾ ചെയ്യുന്നത് ആയുസിനും ആരോഗ്യത്തിനും ഉപരി ജീവിതത്തിൽ എല്ലാ തലത്തിലും പുരോഗതി ഉണ്ടാക്കും എന്നാണ് വിശ്വാസം. ചിട്ടയായ ജീവിതശൈലിയുടെ പ്രതിഫലനം എന്ന നിലയ്ക്കാണ് പണ്ടുള്ളവർ ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരുന്നതിനെ കണ്ടിരുന്നത്. കേവലം ആചാരത്തിന്റെ ഭാഗമായി മാത്രമല്ല, ആയുർവേദ വിധിപ്രകാരവും യോഗ ശാസ്ത്രപ്രകാരവുമെല്ലാം ബ്രാഹ്മ മുഹൂർത്തം ഏറെ പ്രധാനപ്പെട്ടതാണ്.

പ്രാചീനകാലത്ത് യോഗിവര്യന്മാരും മറ്റും ബ്രാഹ്‌മമുഹൂര്‍ത്തമെന്നതിന് ഏറെ പ്രധാന്യം കല്‍പ്പിച്ചിരുന്നു. ആയുര്‍വേദ പ്രകാരം ഈ സമയത്ത് ഉണരുന്നത് രോഗങ്ങള്‍ അകറ്റാനും ആയുസു വർധിപ്പിക്കാനും സഹായിക്കുന്നു. സൂര്യന്‍ ഉദിയ്ക്കുന്നതിന് മുന്‍പാണ് ബ്രാഹ്‌മമുഹൂര്‍ത്തം. ഒരു മൂഹൂര്‍ത്തമെന്നത് 48 മിനിറ്റാണ്. ബ്രാഹ്മ മുഹൂർത്തം ആയി കണക്കാക്കുന്നത് സൂര്യന്‍ ഉദിയ്ക്കുന്നതിന് 1 മണിക്കൂര്‍ 36 മിനിറ്റ് മുന്‍പായി ഉള്ള സമയമാണ്. കാലാവസ്ഥ സൂര്യന്റെ ഉദായാസ്തമയങ്ങളെ ബാധിക്കുന്നതിനു അനുസൃതമായി ഓരോ ദിവസത്തെയും ബ്രാഹ്‌മ മുഹൂര്‍ത്തം മാറിക്കൊണ്ടിരിക്കും. എന്നിരുന്നാലും ബഹുഭൂരിപക്ഷം സാഹചര്യങ്ങളിലും ഇത് ഏകദേശം പുലര്‍ച്ചെ 4.30 മണിയോടെയാണെന്ന് കരുതപ്പെടുന്നു.

എന്തുകൊണ്ടാണ് ബ്രാഹ്‌മ മുഹൂര്‍ത്തം ദിവസത്തിലെ മികച്ച സമയങ്ങളിൽ ഒന്നാകുന്നത് എന്ന് ചോദിച്ചാൽ, ഇന്റര്‍നാഷണല്‍ യോഗ ആന്റി അലീഡ് സയന്‍സ് പ്രകാരം ഈ സമയത്ത് അന്തരീക്ഷത്തില്‍ നേസല്‍ ഓക്‌സിജന്‍ ധാരാളമുണ്ടാകും. ഇത് ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഈ സമയത്ത് ഉണർന്നെഴുന്നേറ്റ് ശ്വസനപ്രക്രിയ ചെയ്‌താൽ ഹീമോഗ്ലോബിനുമായി ചേര്‍ന്ന് ഓക്‌സിഹീമോഗ്ലോബിനുണ്ടാകും. ശരീരത്തെ ശക്തിപ്പെടുത്താനായും പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് ഉത്തമമാണ്. ഈ സമയത്ത് ഉണർന്നെഴുന്നേൽക്കുന്ന വ്യക്തിക്ക് നല്ല ഊർജം അനുഭവപ്പെടും.

എന്നാൽ അഷ്ടാംഗ ഹൃദയം പറയുന്നത് ബ്രാഹ്മ മുഹൂർത്തം എല്ലാ ആളുകൾക്കും ഉണർന്നെഴുന്നേൽക്കാൻ പറ്റിയ സമയം അല്ലെന്നാണ്. ഗര്‍ഭിണികള്‍, കുട്ടികള്‍, നേരത്തെ തന്നെ ഈ ചിട്ട പിന്‍തുടരാത്ത പ്രായമായവര്‍, ശാരീരിക, മാനസിക രോഗങ്ങളുള്ളവര്‍, തലേന്ന് കഴിച്ച ഭക്ഷണം ദഹിയ്ക്കാത്തവര്‍ എന്നിവർക്കെല്ലാം ഈ ചിട്ട ദോഷം ചെയ്യും. മാത്രമല്ല, അമിതമായ മാനസിക സമ്മർദ്ദം അനുഭവപ്പെടുന്ന തരത്തിലുള്ള ജോലികൾ ഈ സമയത്ത് ചെയ്യുന്നതും ടെൻഷൻ വർധിപ്പിക്കുന്ന ചിന്തകൾ വളർത്തുന്നതും ശരിയല്ല. ധ്യാനത്തിനും പഠനത്തിനും ഉത്തമമായ സമയമായി ഇത് കണക്കാക്കുന്നു. എന്നാൽ ഈ സമയത്ത് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ നശിപ്പിക്കുകയും രോഗങ്ങൾ വരുത്തുകയും ചെയ്യുന്നു. ബ്രാഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്നവർ വൈകി ഉറങ്ങുന്നത് അനാരോഗ്യകരമായി കണക്കാക്കുന്നു.

English Summary:

​What Is Brahma Muhurat And Know Its Importance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com