ADVERTISEMENT


ആദിത്യൻ ദക്ഷിണായനത്തിൽനിന്ന് ഉത്തരായണത്തിലേക്കു കടക്കുന്ന ശുഭ മുഹൂർത്തമാണ് മകര സംക്രമം. ഭാരതത്തിൽ ഇത് ദേവ ദിനാരംഭം എന്ന പേരിൽ ആചരിച്ചു വരുന്നു. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ ദിനം വിശേഷാൽ ആചരിക്കാറുണ്ട്. എങ്കിലും ശബരിമലയുമായി ബന്ധപ്പെട്ടാണ് നമ്മുടെ മനസ്സിൽ മകര സംക്രമ സന്ധ്യ രൂഢമൂലമായിരിക്കുന്നത്. സംക്രമ പൂജയിൽ ശ്രീധർമശാസ്താവായി ഭഗവാൻ അനുഗ്രഹം ചൊരിയുന്നു. സംക്രമ പൂജയിൽ തിരുവിതാംകൂർ കൊട്ടാരത്തിൽനിന്ന് പ്രത്യേക ദൂതൻ വശം കൊടുത്തുവിടുന്ന മുദ്രത്തേങ്ങയിലെ നെയ്യ് അഭിഷേകം ചെയ്യുന്നു.


എങ്കിലും ശബരിമലയിൽ പൗരാണിക കാലം മുതൽ പ്രാധാന്യത്തോടെ ആചരിച്ചു വന്ന ഏക ഉത്സവം മകരവിളക്കുത്സവം ആണ്. പടഹാദി സമ്പ്രദായത്തിൽ നിലനിന്നിരുന്ന ഈ ഉത്സവം അന്നത്തെപ്പോലെ ഇന്നും ആചരിക്കുന്നു. പിന്നീട് ധ്വജാദി ഉത്സവം തുടങ്ങിയെങ്കിലും ശബരിമലയിലെ ഉത്സവം എന്നുപറയുന്നത് മകരവിളക്കുത്സവം തന്നെയാണ്. മകരം ഒന്നു മുതൽ അഞ്ചുവരെ പന്തളം രാജാവിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ ഉത്സവത്തിൽ പങ്കെടുക്കാനാണ് പഴയ കാലത്ത് മണ്ഡലവ്രതമെടുത്ത് ഭക്തർ പോയിരുന്നത്. മകരസംക്രമ ദിവസം പൊന്നമ്പല മേട്ടിൽ ആദിവാസികളും മറ്റും ദേവനു ദീപാരാധന നടത്തുന്ന ചടങ്ങ് ഒരു ജ്യോതിസായി തെളിയും. ഇതിന് മകരജ്യോതി എന്നാണ് പറയുക. എന്നാൽ മകരവിളക്ക് എന്നു പറയുന്നത് മകരസംക്രമ ദിവസം വൈകിട്ട് മുതൽ നാലുദിവസം ദിവസം മാളികപ്പുറത്തുള്ള മണിമണ്ഡപത്തിൽനിന്ന് അയ്യപ്പസ്വാമിയുടെ തിടമ്പ് എഴുന്നള്ളിച്ച് പതിനെട്ടാം പടിക്കലെത്തി നായാട്ട് വിളിയോടെ സന്നിധാനം വലം വച്ച് തിരികെ മണിമണ്ഡപത്തിൽ എത്തും. അഞ്ചാം ദിവസം എഴുന്നള്ളത്ത് ശരംകുത്തി വരെ എത്തുകയും തുടർന്ന് ഭൂതഗണങ്ങളെ യാത്രയാക്കിയ ശേഷം ഭഗവാൻ വിളക്കെല്ലാം അണച്ച് വാദ്യങ്ങൾ കൂടാതെ തിരികെ മണിവണ്ഡപത്തിലേക്ക് എഴുന്നള്ളുകയും ചെയ്യുന്നു. ഇതോടെ മകരവിളക്ക് ഉത്സവം സമാപിക്കുന്നു പ്രസ്തുത എഴുന്നള്ളിപ്പിന് വിളക്കെഴുന്നള്ളിപ്പ് എന്നാണ് പേര്. പഴയകാലത്ത് ആൾക്കാർ തൊഴാൻ പോയിരുന്നത് ഈ വിളക്കെഴുന്നള്ളിപ്പിനാണ്. ഭൂതനാഥ സർവസ്വം എന്ന ഗ്രന്ഥത്തിലും ഈ വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.


ശബരിമലയിൽ, അയ്യപ്പന്റെ മണിമണ്ഡപത്തിൽ നിന്നുള്ള എഴുന്നള്ളത്തിന് രണ്ടു കൊടികളും കൊടികൾക്കു മുകളിലായി രണ്ട് കുടകളും അകമ്പടി സേവിക്കുന്നു. തലപ്പാറമലയെയും ഉടുമ്പാറമലയെയും പ്രതിനിധാനം ചെയ്യുന്ന കൊടികളും കുടകളുമാണ് അവ. വില്ലാളിവീരനായ അയ്യപ്പന്റെ അധികാര ചിഹ്നങ്ങളായി കണക്കാക്കുന്ന ഈ കൊടികൾ പന്തളം കൊട്ടാരത്തിൽനിന്നു കൊടുത്തുവിടുന്ന തിരുഭാവരണ പേടകത്തിലാണ് (കൊടിപ്പെട്ടി) ശബരിമലയിൽ എത്തിച്ചേരുന്നത്.


തിരുവാഭരണ വാഹകർ തന്നെയാണ് എല്ലാ എഴുന്നള്ളത്തുകൾക്കും കൊടിയുമായി അകമ്പടി സേവിക്കുന്നത്. തലപ്പാറമലയുടെ കൊടി ചുവന്ന നിറത്തിൽ സ്വർണക്കുമിളകളോടെ എഴുന്നള്ളത്തിനു വലതുവശത്ത് അകമ്പടി സേവിക്കുമ്പോൾ ഉടുമ്പാറ മലയുടെ കൊടി കറുപ്പുവർണത്തിൽ വെള്ളിക്കുമിളകളോടെ ഇടതുവശത്ത് അകമ്പടി നിൽക്കും. പാണ്ഡ്യ രാജവംശത്തിന്റെ കൊടിയടയാളമായ മീനിന്റെ രൂപത്തോടു സാമ്യമുള്ളവയാണ് ഈ കൊടികൾ. മണിമണ്ഡപത്തിൽ നിന്നാരംഭിക്കുന്ന എഴുന്നള്ളത്തുകൾ ആദ്യ നാലുദിവസം പൊന്നുപതിനെട്ടാംപടി വരെയും അഞ്ചാംദിവസം ശരംകുത്തിയാൽ വരെയും വന്ന് നായാട്ടുവിളിച്ച് തിരിച്ച് മണിമണ്ഡപത്തിലെത്തി സമാപിക്കുന്നു.

ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നു വിശേഷിപ്പിക്കുന്ന സ്ഥലമാണ് മണിമണ്ഡപം. മാളികപ്പുറത്തമ്മയുടെ ശ്രീ കോവിലിനു പുറകിലായാണ് ഇതു സ്ഥിതി ചെയ്യുന്നത്. മകരവിളക്കിനോടനുബന്ധിച്ചു നടക്കുന്ന കളമെഴുത്തും പാട്ടും നടക്കുന്നത് മണിമണ്ഡപത്തിലാണ്. റാന്നി കുന്നക്കാട് കുറുപ്പൻമാരാണ് പരമ്പരാഗതമായി ശബരിമലയിൽ കളമെഴുതുന്നത്. മകരം ഒന്നു മുതൽ അഞ്ചു വരെ നടക്കുന്ന കളമെഴുത്തിൽ ബാലകൻ, വില്ലാളിവീരൻ, രാജകുമാരൻ, പുലിവാഹനൻ, തിരുവാഭരണവിഭൂഷിതനായ ശാസ്താവ് എന്നീ രൂപങ്ങളാണ് കളമെഴുതുന്നത്.

മകര സംക്രമ ദിവസം പൊന്നമ്പലമേട്ടിൽ തെളിയുന്ന മകര ജ്യോതിയോടെയണ് മകരവിളക്ക് ഉത്സവത്തിനു തുടക്കം കുറിക്കുന്നത്. മകരം ഒന്നു മുതൽ അഞ്ചുവരെ നടക്കുന്ന ഈ ഉത്സവം ഉത്തരായണ കാലത്തിന്റെ ആരംഭത്തിലാണ് നടക്കുന്നത്. ആദ്യ നാലു ദിവസങ്ങളിലും മണിമണ്ഡപത്തിൽ നടക്കുന്ന കളമെഴുത്തും അതിനോടനുബന്ധിച്ചു പതിനെട്ടാം പടി വരെ നടത്തുന്ന വിളക്കെഴുന്നെള്ളിപ്പുമാണ് മകരവിളക്ക് എന്നു പറയുന്നത്. അഞ്ചാം ദിവസം നടക്കുന്ന വിളക്കെഴുന്നെള്ളിപ്പ് ശരംകുത്തിയാൽ വരെ എഴുന്നെള്ളുന്നു. ജീവസമാധിയിലായ ഭഗവാനെ കൊമ്പൻ മീശയോടു കൂടിയ തിരുമുഖമുള്ള തിടമ്പിലേക്ക് ആവാഹിച്ചാണ് മകരം അഞ്ചിനു നടക്കുന്ന വിളക്കെഴുന്നെള്ളിപ്പിന് എഴുന്നള്ളിക്കുന്നത് എന്നത് പ്രധാന പ്രത്യേകതയാണ്. പന്തളം കൊട്ടാരത്തിൽനിന്നു കൊടുത്തയയ്ക്കുന്ന തിരുവാഭരണപ്പെട്ടികളിൽ പ്രധാനമാണ് വീരയോദ്ധാവിന്റെ തിരുമുഖമുള്ള തിടമ്പ്.

സംക്രമ ദിവസത്തെ ദീപാരാധനയ്ക്കു മുമ്പായി തിരുവാഭരണപ്പെട്ടികൾ സന്നിധാനത്ത് എത്തിച്ചേരും. പ്രധാന ആഭരണപ്പെട്ടി ശ്രീ കോവിലിലേക്കും മറ്റു രണ്ടുപെട്ടികൾ മണിമണ്ഡപത്തിലേക്കും കൊണ്ടുപോകുന്നു. അഭിഷേകപ്പെട്ടിയെന്നും കൊടിപ്പെട്ടിയെന്നും അറിയപ്പെടുന്ന തിരുവാഭരണപ്പെട്ടികളിൽ പ്രധാനപ്പെട്ടതാണ് കൊടികളും കുടകളുമുള്ള പെട്ടി.

മകരവിളക്ക് ഉൽസവത്തിന്റെ അഞ്ചാം ദിവസം മണിമണ്ഡപത്തിൽനിന്നുള്ള ഭഗവാന്റെ എഴുന്നെള്ളിപ്പിനു മാളികപ്പുറത്തെ എഴുന്നെള്ളിപ്പ് എന്നു പറയുന്നു. അതാണ് മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളിപ്പായി തെറ്റിദ്ധരിക്കപ്പെട്ടത്. ശരംകുത്തിയിൽ ചെന്നു നായാട്ടുവിളി നടത്തിയശേഷം അയപ്പ സ്വാമിമണിമണ്ഡപത്തിലേക്കു മടങ്ങുന്നു. തീവെട്ടികൾ അണച്ച് വാദ്യമേളങ്ങൾ ഇല്ലാതെയാണ് ആ യാത്ര. ശരംകുത്തിയിൽ നിന്നുള്ള എഴുന്നെള്ളപ്പിൽ ഭൂതഗണങ്ങളും മലദൈവങ്ങളും അനുഗമിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് മേളങ്ങളും വിളക്കുകളും ഇല്ലാത്തത്. ശബരിമലയിലെ മകരവിളക്കുത്സവത്തിനു സമാപനം കുറിച്ചു തന്റെ ഭക്തരെ യാത്രയാക്കുക എന്ന സങ്കൽപമാണ് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളിപ്പിന്റെ പിന്നിലുള്ളത്. അയ്യപ്പൻ തന്റെ ശരങ്ങളും ആയുധങ്ങളും ശരംകുത്തിയിൽ ഉപേക്ഷിച്ചിട്ടാണ് ശബരിമലയിൽ യോഗനിദ്രയിലേക്കു പ്രവേശിച്ചത് എന്നു ഐതിഹ്യങ്ങൾ പറയുന്നു.

ശബരിമലയിൽ നടക്കുന്ന അത്യപൂർവമായ ഒരു ചടങ്ങാണ് നായാട്ടു വിളി. പദ്യരൂപത്തിലുള്ള അയ്യപ്പ ചരിതമാണ് നായാട്ടുവിളി എന്നറിയപ്പെടുന്നത്. ശബരിമലയിലും പെരുനാട് കക്കാട്ടു കോയിക്കൽ ക്ഷേത്രത്തിലും നായാട്ടു വിളി നടക്കുന്നു. ശബരിമലയിൽ ചാർത്തുന്ന തിരുവാഭരണം പന്തളത്തല്ലാതെ മറ്റൊരു ക്ഷേത്രത്തിൽ ചാർത്തുന്നത് പെരുനാട്ടിലെ ശാസ്താ ക്ഷേത്രത്തിലാണ്. തിരുവാഭരണവും കൊണ്ടുള്ള മടക്കയാത്രയിൽ മകരം ഏഴിനാണ് പെരുനാട്ടിൽ തിരുവാഭരണ ദർശനം നടക്കുന്നത്. ഇവിടെ താമസിച്ചാണ് പന്തളം രാജാവ് ശബരിമലയിൽ ക്ഷേത്രം പണിതത് എന്നു കരുത്തപ്പെടുന്നു. മുൻകാലത്ത് മകരവിളക്ക് ഉത്സവം ആദ്യത്തെ അഞ്ചു ദിവസം ശബരിമലയിലും പിന്നീടുള്ള അഞ്ചു ദിവസം പെരുനാട്ടിലുമായിരുന്നു നടത്തിയിരുന്നതെന്നു പറയപ്പെടുന്നു.

നായാട്ടു വിളി
ശബരിമല യാത്രയ്ക്കുള്ള ചടങ്ങുകളിൽ പ്രധാനപ്പെട്ടതാണ് അയ്യപ്പൻ വിളക്ക്. അതിന്റെ ഒരു ഭാഗമാണ് വേട്ടവിളി അഥവാ നായാട്ടുവിളി. അയ്യപ്പചരിതം ഒരു പ്രത്യേക ഈണത്തിൽ നീട്ടി വിളിക്കുന്നതാണ് ഈ ചടങ്ങ്. വേട്ടവിളി നടത്തുന്നയാളെ വേട്ടക്കുറുപ്പെന്നു വിളിക്കുന്നു. (പ്രാദേശികമായി മാറ്റങ്ങൾ ഉണ്ടാവാം ഈ വിളിപ്പേരിന്). ഓരോ പ്രധാന ഘട്ടത്തിലും ഭക്തർ നീട്ടി ‘സ്വാമി’ എന്ന് കൂടെവിളിക്കും. ശബരിമലയില്‍ പതിനെട്ടാംപടിക്കു താഴെ മകരവിളക്ക് ഉത്സവകാലത്താണ് നായാട്ടുവിളി നടത്തുക. ധര്‍മശാസ്താവിന്റെ വന്ദനം മുതല്‍ പ്രതിഷ്ഠ വരെയുള്ള കഥകള്‍ 576 ശീലുകളായിട്ടാണ് പാടുന്നത്.ശബരിമലയിൽ നായാട്ടു വിളിക്കാനുള്ള അവകാശം പെരുനാട് പുന്നമൂട്ടില്‍ പെരുമാള്‍ പിള്ളയുടെ കുടുംബത്തിനാണ്. പന്തളം രാജാവ് കല്‍പിച്ചു നല്‍കിയതാണ് ഈ അവകാശം എന്നാണ് വിശ്വാസം. പാണ്ടിനാട്ടില്‍ നിന്ന് പന്തളം രാജാവ് കൊണ്ടു വന്നതാണത്രേ ഈ കുടുംബക്കാരെ. 

ഇന്ന് ഞാൻ സഭയിൽ നിന്നൊന്ന് ചൊല്ലുവാനായി
മഹാ സഭയോരും അടങ്ങിനിന്ന് കേട്ടുകൊൾവിൻ
(സ്വാമി.........................................)

അഴകിനോടു ഗണപതിയും വാണിമാതും
ഗുരുക്കന്മാരും തുണയെനിക്ക്
പരിചിനോട് നിലവയ്യന്റെ കഥകളെ കുറെ ചൊല്ലാം

പൂമകൾ കാന്തൻ പണ്ട് മോഹിനീ വേഷം പൂണ്ട്
ശൂർപ്പകൻ തന്നെ കൊന്നു അത്തൽ തീർത്തെന്നു കണ്ടാനീശൻ
( സ്വാമി.........................................)

അച്യുതൻ തന്നെ കണ്ടു ചൊന്നാനീ വണ്ണം
ദുഷ്ടനാമസുരൻ തന്നെ കൊന്നൊരു വേഷം കാണാൻ
എത്തിനാനുമയോടപ്പോൾ വൈകരുതിങ്ങു വേഗാൽ
( സ്വാമി.........................................)

പൂമകൾ കാന്തനപ്പോൾ പുഞ്ചിരി പൂണ്ടു ചൊന്നാൻ
മങ്കയാൾക്കണിയാൾ ഗൗരി തന്നോടെതിരില്ലാരെന്നും
(സ്വാമി.........................................)

കേട്ടുടൻകോപമോടെ ഈശനും പാർവതിയുമായ്
പേർത്തുടൽ കൈലാസത്തിൽ കൂറ്റന്മേലേറിപ്പോകുമ്പോൾ
മാർഗ്ഗമാമുദ്യാനത്തിൽ സുന്ദരീ വേഷം കണ്ടു
പാർവതിയെ വെടിഞ്ഞീശൻ മോഹിനിയെ മെയ് പുണർന്നൂ
(സ്വാമി.........................................)

അക്കാലം മോഹിനിക്കങ്ങുദരത്തിൽ ഗർഭം നിന്നു
നാണവും പൂണ്ടു മാധവൻ ഈശനോടു ചേർന്നു നിന്നപ്പോൾ
(സ്വാമി.........................................)

തികഞ്ഞൂ ഗർഭം ശനിയാഴ്ച ഉത്തിരത്തിൻനാൾ പക്കം പഞ്ചമി
ദക്ഷിണ തുട പിളർന്നിട്ടരിഹരസുതനുണ്ടായി
അയ്യനെന്നുള്ള നാമം പയ്യവേ വിളി തുടങ്ങി
(സ്വാമി.........................................)

ഒരോണ്ടാദിയായി മൂവ്വാണ്ടിൽ മുടിയുമിറക്കി
അയ്യാണ്ടിൽ കാതുകുത്തി എഴാകും തിരു വയസ്സിൽ
എഴുത്തിനായ് പള്ളി പുക്ക്‌
ഒത്തോടെഴുത്ത് വേദ ശാസ്ത്രാദി വിദ്യകളും തെളിഞ്ഞു കണ്ടു
(സ്വാമി.........................................)

പന്തിരണ്ടിൽ കരവൂരമ്മാച്ചനോട് അസ്ത്രശസ്ത്രാദികളും
ചൂതോട് ചതുരംഗാദികളും തെളിഞ്ഞു കണ്ടു
(സ്വാമി.........................................)

പതിനാറാകും തിരു വയസ്സിൽ പാണ്ഡ്യനേ
സേവുകത്തിനായ് കൈ പിടിച്ചൂ
(സ്വാമീ....................................)

താനും തൻ സേവുകന്മാർ ആറുനൂറായിരത്തിനെയും
മുന്നിലകമ്പടിയാക്കിക്കൊണ്ട് പാണ്ടി നാട്ടിലെഴുന്നെള്ളി
പാണ്ടിയൻ തന്നേ കണ്ടൂ
(സ്വാമീ....................................)

സേവുകം ചെയ്തു മുന്നം കിട്ടിയ ധനങ്ങളെല്ലാം
കൂടിയ മാലോകർക്ക് നൽകീ
(സ്വാമീ....................................)

അക്കാലം പാണ്ടിയൻ തൻ ഭൃത്യൻമാർ ചൊല്ലു കേട്ട്
പെരുന്ദേവി നോവ്‌ നൊന്ത് തീർക്കേണമാപത്തിങ്കൽ
വരുത്തേണം പുലിപ്പാലെന്ന് വൈദ്യന്മാർ ചൊല്ലു കേട്ട്
പുതുമലയാള സേവകനാരെ വിളിച്ച് ആസ്ഥയായ്ചൊന്ന കാര്യം
കേട്ടുടൻ ഭൂതനാഥൻ പരിഭവമകമേ വെച്ചു
നായ്ക്കളും വേടരുമായ് അടുത്തുടൻ വനത്തിൽ പുക്ക്
(സ്വാമീ....................................)

വമ്പെഴും കരടി ചെന്നായ് പന്നികളേയും കേഴകൊണ്ട്
വരുമൊരു മലയർക്കെല്ലാം ഹിതമോടു നൽകി വേഗാൽ
(സ്വാമീ....................................)

പുലിയുടെ ചുവടു നോക്കി പുറ്റിന്മേൽ കേറി നിന്ന്
ചുറ്റുമേ നോക്കുന്നേരം അങ്ങൊരു പാറമേൽ പുലി കണ്ടയ്യൻ
(സ്വാമീ....................................)

തെറ്റന്നങ്ങോടിച്ചെന്ന് പുലികളെകയറുമിട്ടു
അറ്റമില്ലാതങ്ങു വേഗാൽ
ഹരിഹര സുതനും തൻ നായ്ക്കളെ ചുറ്റുമാക്കി
(സ്വാമീ....................................)

ആണ്‍പുലി മുതുകിലേറി പെണ്‍പുലിക്കൂട്ടമോടെ
മുന്നറിയിച്ചു കിടാങ്ങളേയും നടത്തിക്കൊണ്ട്
പെരുവഴിനടൂവൂടയ്യൻ പാണ്ടിയൻ നാട്ടേയ്ക്കെഴുന്നെള്ളി
(സ്വാമീ....................................)

പെരുമ്പുലി കൂട്ടമോടെ വരുവത് കണ്ട നേരം
ഇളകിനാർ ലോകരെല്ലാം വീടുധനങ്ങളു മെടുപ്പിച്ചു കൊണ്ട്
ഇടയിടെ അവിടെയുണ്ടായ പുതുമകൾ പറയാവതല്ല
(സ്വാമീ...........................................)

പുലികളും കൂട്ടമോടെ പാണ്ടിയൻ മുന്നിലപ്പോൾ
നിറനിറെ കണ്ട നേരം അല മുറ വിളികളോടങ്ങറകളി -
ലകത്തു പുക്ക്‌ അറകളിലകത്തു പുക്ക്‌
(സ്വാമീ...........................................)

പെരുവഴി നാടുകളും നൽകിനാൻ പാണ്ടിയൻ താൻ
അവനീ പതിയായ് വാഴ്കയെന്ന് സകലരും ചൊന്ന ശേഷം
(സ്വാമീ...........................................)

ഭീതിയും തീർത്തു വേഗാൽ ശബരി മലമുകളിൽ അയ്യൻ
കേരളൻ പെരിയൊരു നിഷ്ഠയോടെ കുടി കൊണ്ടപ്പോൾ
അയ്യൻ കേരളൻ കുടി കൊണ്ടപ്പോൾ
(സ്വാമീ...........................................)

തൈമാസമാദി നാളിൽ പലപല നിയമമോടേ
ലോകരും വന്നു നിന്നൂ
ഹരിഹരസുതനെ വാഴ്ത്തീട്ടരിയതും വാങ്ങിവേഗാൽ
പരിചൊടു കാണിക്കയിട്ടിട്ടവർകളും പോയശേഷം
(സ്വാമീ...........................................)

മലയോടു കൂടി വേഗാൽ വെന്മയിലാജ്ഞയോടേ
പൊന്നമ്പലമേട്ടകത്ത് പൊന്നിൻസിംഹാസനത്തിലിരുന്നു കൊണ്ട്
(സ്വാമീ...........................................)

വെള്ളി സിംഹാസനത്തിൽ തൃക്കാലുമൂന്നി
ഇരു പുറവും പൊന്നലാവട്ടവും വീശിപ്പിടിച്ച്
(സ്വാമീ...........................................)

ഋഷികൾ മുനി പൂജയുമേറ്റ് ഇരുന്നരുളും
ചേരമാൻ പെരുമാൾ തനിക്കും മറ്റൂഴിയിലുള്ളവർക്കും
സകല കുല ദൈവമായിരിക്കും നമ്മുടെ ശബരിമല
ധർമ്മ ശാസ്താവ് വില്ലൻ വില്ലാളി വീരൻ
വീരൻ വീരമണികണ്ഠൻ പൊൻചുരികായുധൻ
ഭൂലോക നാഥൻ ഭൂമി പ്രപഞ്ചൻ ഭൂമിക്കുടയാളൻ
ശത്രുസംഹാര മൂർത്തി സേവിപ്പോർക്കാനന്ദ മൂർത്തി
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകൻ
കാശി രാമേശ്വരം പാണ്ടി മലയാളം അടക്കി
വാണിരിക്കും നമ്മുടെ ശബരിമല ധർമ്മ ശാസ്താവ്
ശ്രീ ഹരിഹരസുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണം അയ്യപ്പാ ശരണം അയ്യപ്പാ ശരണം അയ്യപ്പാ ശരണം അയ്യപ്പാ.....

English Summary:

Makar Sankranti 2024: Know Its Importance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com