ADVERTISEMENT

ലക്ഷണശാസ്ത്രപ്രകാരം ശരീരത്തിന്റെ ഓരോ ഭാഗങ്ങളും ഒരു വ്യക്തിയെക്കുറിച്ച് ഏറെ കാര്യങ്ങൾ വെളിവാക്കുന്നുണ്ട്. പൊതുവേ മുഖ ലക്ഷണത്തിനാണ് ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്നതെങ്കിലും മുടി മുതൽ കാൽപാദം വരെ ഓരോ അംഗങ്ങളും അവയുടെ പ്രത്യേകതകളും വ്യക്തികളുടെ സ്വഭാവ സവിശേഷതകളുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. അക്കൂട്ടത്തിൽ പെരുവിരലിനും ഏറെ പ്രാധാന്യമുണ്ട്. ഓരോരുത്തരുടെയും പെരുവിരലുകളുടെ ആകൃതി വ്യത്യസ്തമായിരിക്കും. ഇവ വിലയിരുത്തി വ്യക്തിത്വവും സ്വഭാവ സവിശേഷതകളും മനസ്സിലാക്കാം.

പെരുവിരലിന്റെ മുകളിലും താഴെയുമുള്ള ഭാഗങ്ങൾ
ജ്യോതിശാസ്ത്ര പ്രകാരം പെരുവിരലിന്റെ മുകൾ ഭാഗവും താഴെ ഭാഗവും നോക്കി ഒരു വ്യക്തിയുടെ ശക്തിയെ വിലയിരുത്താം. പെരുവിരലിന്റെ ആഗ്രഭാഗം താഴത്തെ ഭാഗത്തേക്കാൾ വലുതാണെങ്കിൽ അവർ പൊതുവേ ശക്തരായിരിക്കും. ചെയ്യുന്ന തൊഴിലിന്റെ ഗുണനിലവാരം, പിന്തുടരുന്ന ആദർശങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ഇവർ തയാറാവില്ല. ഏതു കാര്യവും കൂടുതൽ മെച്ചപ്പെടുത്തണമെന്ന ചിന്തയാവും ഇവരെ നയിക്കുന്നത്.

പെരുവിരലിന്റെ താഴത്തെ ഭാഗമാണ് വലുതെങ്കിൽ യുക്തിസഹമായി കാര്യങ്ങൾ കാണുന്നവരായിരിക്കും അവർ. വിനയവും ദയയും ഇക്കൂട്ടരുടെ കൂടെപ്പിറപ്പുകളാണ്. സ്വപ്നം കാണുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനും ഇവർക്കു സാധിക്കും. രണ്ട് ഭാഗങ്ങളും തുല്യമാണെങ്കിൽ അവർക്ക് ജീവിതത്തിൽ വലിയ വിജയം കൊയ്യാനാവും. വിരലിന്റെ കാര്യത്തിൽ എന്നതുപോലെ ജീവിതത്തിൽ പൊതുവെ സന്തുലിതാവസ്ഥ കൊണ്ടുവരാൻ ഇവർക്ക് സാധിക്കും. മറ്റുള്ളവരെ കേൾക്കാനും നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും ഇവർക്ക് കഴിവുണ്ട്.

വഴക്കമുള്ള പെരുവിരൽ
പെരുവിരലിന് നല്ല വഴക്കമുള്ള വ്യക്തികൾ പൊതുവേ ഏത് കാര്യവും നന്നായി നിരീക്ഷിക്കുന്നവരായിരിക്കും. മാറ്റങ്ങളുമായി വളരെ വേഗത്തിൽ പൊരുത്തപ്പെടാൻ ഇവർക്കാവും. തുറന്ന മനസ്ഥിതിയാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. കലാപരമായ മികവും ഇവർക്കുണ്ടാവും.

വളയാതെ നേരെ നിൽക്കുന്ന പെരുവിരൽ
ഉറച്ച മനസ്ഥിതിയുടെ പ്രതീകമാണ് ഇത്തരം പെരുവിരൽ. ഇച്ഛാശക്തിയും അച്ചടക്കവുംകൊണ്ട് നേതൃനിരയിലേക്കു വരാൻ ഇവർക്ക് സാധിക്കും. വാക്കുകൾ പാലിക്കുന്നതിൽ കണിശത പ്രകടമാക്കുന്നതിലൂടെ മറ്റുള്ളവരുടെ പ്രീതിക്ക് ഇവർ പാത്രമാവുകയും ചെയ്യും. ഏറെ ദയ മനസ്സിൽ സൂക്ഷിക്കുന്നതിനാൽ അതു മുതലെടുക്കാൻ ചുറ്റുമുള്ളവർ ശ്രമിക്കുമെങ്കിലും എളുപ്പത്തിൽ ഇവരെ കബളിപ്പിക്കാൻ സാധിക്കില്ല.

വണ്ണം കുറഞ്ഞ് നീളമുള്ള പെരുവിരൽ
പെരുവിരൽ വണ്ണം കുറഞ്ഞ് ഏറെ നീളമുള്ളതാണെങ്കിൽ ഭയമില്ലാത്ത പ്രകൃതത്തെയാണ് അത് സൂചിപ്പിക്കുന്നത്. ചെയ്യുന്ന ഏത് കാര്യത്തിലും വിജയം നേടാൻ ഇവർക്ക് സാധിക്കും. കഠിനപ്രയത്നത്തിലൂടെ പണം സമ്പാദിക്കുന്ന ഇവർ അത് ദുർവ്യയം ചെയ്യില്ല. മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടില്ല എന്നതാണ് ഇക്കൂട്ടരുടെ എടുത്തു പറയേണ്ട സവിശേഷത. ജീവിതത്തിൽ എപ്പോഴും ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കാൻ ഇവർ ശ്രമിക്കുകയും ചെയ്യും.

കുറിയ പെരുവിരൽ
നന്മയുള്ള പ്രകൃതമാണ് ഇവരുടെ പ്രത്യേകത. എന്നാൽ ചെറിയ കാര്യങ്ങൾക്കുപോലും വളരെ എളുപ്പത്തിൽ വിഷമിക്കുന്നവരാണ് ഇവർ. കാടുകയറി ചിന്തിക്കുന്നതാണ് പലപ്പോഴും ഇവരുടെ മാനസിക വിഷമങ്ങൾക്ക് കാരണമാകുന്നത്. ഇവർ ആത്മീയ കാര്യങ്ങളിൽ ഏറെ താൽപര്യം പ്രകടിപ്പിക്കും. ജോലിയുടെ കാര്യമെടുത്താൽ ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറാതെ കഠിനപ്രയത്നം ചെയ്യാൻ തയ്യാറാകും. മറ്റുള്ളവരുടെ ജീവിതം പോലെ സ്വന്തം ജീവിതം മാറ്റിമറിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്തതും ഇവരുടെ പ്രത്യേകതയാണ്.

അധിക വലുപ്പമുള്ള പെരുവിരൽ
അസാധാരണമായ വലിപ്പമാണ് പെരുവിരലിന് ഉള്ളതെങ്കിൽ അത് പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സ്വഭാവം എപ്പോഴും ഇവർക്ക് വിനയായിരിക്കും. നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങൾ പോലും ഇതുമൂലം തിരിച്ചടിയായി എന്നുവരാം. ഈ സ്വഭാവം ഇവരെ പല കുഴപ്പങ്ങളിലും കൊണ്ട് ചാടിക്കുകയും ചെയ്യും.

English Summary:

Your Thumb Shape Reveals Your Hidden Personality Traits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com