ADVERTISEMENT

വിധിക്കപ്പെടലുകളുടെ സമൂഹത്തിലാണ് മനുഷ്യർ ജീവിക്കുന്നത്. ജീവിതത്തിൽ കൈവശമാകുന്ന നേട്ടങ്ങൾ ഒരാളെ കേമനെന്ന് വിധിക്കുന്നു. പത്താംക്ലാസിലോ പ്ലസ്ടുവിലോ കിട്ടുന്ന മാർക്കോ, പിൽക്കാലത്ത് ലഭിക്കുന്ന ജോലിയോ , വാങ്ങുന്ന കാറോ വയ്ക്കുന്ന വീടോ തുടങ്ങി എന്തെല്ലാം നേട്ടങ്ങളുണ്ടാകുമോ അതു നോക്കിയാകാം സമൂഹം നിങ്ങൾക്കു മാർക്കിടുക. ഭൗതിക നേട്ടങ്ങൾ നേടാനുള്ള പടയോട്ടം കൂടുതൽ കൂടുതൽ വിഷാദത്തിലേക്കും അസ്വസ്ഥതയിലേക്കും തള്ളിവിടും. 

നേട്ടങ്ങൾ വേണ്ടെന്നല്ല, പക്ഷേ ജീവിതം മുഴുവൻ നേട്ടങ്ങൾ മാത്രമേ പാടുള്ളൂ എന്നില്ല. നേട്ടങ്ങൾ പോലെ തന്നെ കോട്ടങ്ങളും ജീവിതത്തിൽ സഹജമായുണ്ട്. പലരും പറയുന്ന കാര്യമാണ്. എത്ര കഷ്ടപ്പെട്ടിട്ടും ഒന്നും നേടാനാകുന്നില്ല, വിധി ഒന്നിനും അനുവദിക്കുന്നില്ല എന്ന്. സംഭവം ശരിയുമാണ്. ചിലപ്പോൾ ഏറ്റവും നന്നായി പഠിക്കുന്ന ഒരുകുട്ടിക്ക് പ്രതീക്ഷിച്ച ജോലി കിട്ടിയെന്നു വരില്ല. ഒ്ട്ടും പ്രതീക്ഷിക്കാത്ത ഒരാൾക്ക് ജീവിതവിജയം ഉണ്ടാകുകയും ചെയ്യാം. ഇതിൽ വിഷമിക്കുകയോ അസൂയപ്പെടുകയോ ചെയ്തിട്ട് കാര്യമില്ല. മോഹങ്ങളോടൊപ്പം തന്നെ മോഹഭംഗങ്ങളുമടങ്ങിയതാണ് ലോകജീവിതം എന്നു മനസ്സിലാക്കാം,

ആദികാവ്യമായ രാമായണം നോക്കാം. അയോധ്യയുടെ രാജസിംഹാസനം ശ്രീരാമനായി കരുതിവച്ചതായിരുന്നു ദശരഥൻ, എന്നാൽ പിന്നീട് വിധിയുടെ വിപരീതപ്രവൃത്തിയിൽ രാജ്യം കിട്ടില്ലെന്നുമാത്രമല്ല, കാട്ടിലേക്കു പോകണമെന്ന വിധിയും ശ്രീരാമനു നേരിടേണ്ടി വരുന്നു. എന്നാൽ രണ്ടു സാഹചര്യങ്ങളിലും (ആദ്യം രാജ്യം ലഭിക്കുമെന്നുള്ള സാഹചര്യത്തിലും പിന്നീട് കാട്ടിലേക്കു പോകണമെന്നുള്ള നിനച്ചിരിക്കാത്ത വിധിയിലും) അചഞ്ചലനായി നിൽക്കുന്ന ശ്രീരാമനെയാണ് രാമായണം കാട്ടിത്തരുന്നത്. ആ അചഞ്ചലത തന്നെയാണ് രാമായണത്തിന്റെ സന്ദേശം. കാറും കോളും വസന്തകാലവും വേനലുമൊക്കെ നിറഞ്ഞതാണ് ജീവിതമെന്ന് രാമായണം കാട്ടിത്തരുന്നു. ഒന്നിലും അധികം സന്തോഷിക്കുകയോ അധികം ദുഖിക്കുകയോ ചെയ്യേണ്ടെന്ന് സാരം.

ഇന്ത്യയുടെ പ്രാചീനഗ്രന്ഥങ്ങളിൽ പ്രമുഖമായ ഭഗവത്ഗീതയിൽ ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നത് ഒന്നും മാത്രം. ഫലങ്ങൾ നീ മറന്നേക്കുക, കർമം ചെയ്യുകയെന്നതു മാത്രമാണ് വിജയം. ഫലേച്ഛ കൈവിടുക പാർഥാ...ആത്മവിശ്വാസത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ആവശ്യകത വളരെ പ്രധാനമാണ്. നാനാ കൊറോബി, യാ ഓകി എന്നത് പ്രശസ്തമായ ജാപ്പനീസ് പഴമൊഴിയാണ്. ഏഴുതവണ തോറ്റു മണ്ണിൽ വീണാലും സാരമില്ല, എട്ടാമത്തെ തവണ എഴുന്നേറ്റാൽ മതിയെന്നാണ് ഇതിന്റെ പൊരുൾ.

നിങ്ങൾ ഒരു കാര്യം തീവ്രമായി ആഗ്രഹിക്കുമ്പോൾ, പ്രപഞ്ചം മുഴുവൻ നിങ്ങൾക്കതു ലഭിക്കാനായി ഗൂഢാലോചന നടത്തുമെന്നാണ് പൗലോ കൊയ്‌ലോ എഴുതിയ ശ്രദ്ധേയമായ ഒരു വാചകം. ശ്രമിച്ചാൽ നിശ്ചയമായും വിജയത്തിലെത്തും, ഇനി എത്തിയില്ലെങ്കിലും ആ ശ്രമം തന്നെയാണ് ഏറ്റവും വലിയ വിജയമെന്ന് മഹത്തുക്കൾ പറയുന്നു. അതിനാൽ ആഗ്രഹിച്ച കാര്യങ്ങൾ, അതു ജോലിയാകട്ടെ മറ്റേതൊരു സ്വപ്‌നവുമാകട്ടെ. അവ കിട്ടാനായി പരിശ്രമിക്കാം. കിട്ടുന്നില്ലെങ്കിൽ അത് എന്തു കൊണ്ട് കിട്ടിയില്ലെന്ന് വിലയിരുത്തൽ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കാം. എന്നിട്ടും രക്ഷയില്ലെങ്കിൽ അതിനെ അതിന്റെ വഴിക്കുവിടുക. സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനേക്കാൾ മധുരതരമാണ് അങ്ങോട്ടേക്കുള്ള യാത്ര.

English Summary:

How to Find Happiness in Your Life?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com