ADVERTISEMENT

ഒരു വ്യക്തിയെ അറിയാം. ചെറിയ പ്രായത്തിൽത്തന്നെ ജോലിയിൽ കയറി. വീട്ടിൽ നിന്നല്ലാതെ പുറത്തുനിന്ന് ഒരു നാരങ്ങാവെള്ളം പോലും താൻ കുടിക്കില്ലെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുമായിരുന്നു. ഒരിടത്തും പോകില്ല. മാസാമാസം വലിയ തോതിൽ മിച്ചം വരുന്ന തന്റെ ശമ്പളത്തിൽ ബാങ്ക് ബാലൻസ് കുന്നുകൂടുന്നത് ആഹ്ലാദത്തോടെ നോക്കിയിരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ആകെയുള്ള വിനോദം. കാർ വാങ്ങാൻ പണമുണ്ടായിട്ടും പെട്രോൾ വില ലാഭിക്കാൻ യാത്ര ബസ്സിലും ട്രെയിനിലും മാത്രം.

റിട്ടയർമെന്റ് കാലമായപ്പോഴേക്കും വലിയ ഒരു തുക അദ്ദേഹത്തിന്റെ അക്കൗണ്ടിൽ കുമിഞ്ഞുകൂടിയിരുന്നു. ഇത്രയും പണമുണ്ടല്ലോ എന്നു ചോദിക്കുമ്പോൾ ആദ്യമൊക്കെ സന്തോഷത്തിലായിരുന്ന അദ്ദേഹത്തിന് ഇപ്പോൾ അൽപം വിഷമം നിറഞ്ഞ മറുപടിയാണ് പറയാനുള്ളത്. പണം ഒരുപാടുണ്ട്. പക്ഷേ അന്ന് എന്തെങ്കിലുമൊക്കെ ചെയ്യേണ്ടതായിരുന്നു. യാത്രകളൊന്നും പോയില്ല. വീട്, ഓഫിസ് എന്നു ചിട്ടയായ ജീവിതം. പുസ്തകങ്ങൾ പോലും വായിച്ചില്ല, സിനിമകൾ കണ്ടില്ല. എന്തെങ്കിലുമൊക്കെ ചെയ്യേണ്ടതായിരുന്നു. ഇത് തിരിഞ്ഞുനോക്കുമ്പോൾ ഒന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ വേപഥു.

ജീവിതത്തെ രണ്ടുരീതിയിൽ സമീപിക്കുന്നവരുണ്ട്. ഒന്ന്, കുറേയേറെ മുൻഗണനകൾ നിശ്ചയിച്ച് അതിനനുസരിച്ച് ജീവിതം ജീവിച്ചുതീർക്കുന്നവർ. ജീവിതത്തെ അനുഭവിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. ജീവിതത്തിൽ അനുഭവങ്ങൾ നേടുന്നവർ കുറേക്കൂടി സംതൃപ്തരും സന്തുഷ്ടരുമാണെന്ന് ഇടക്കാലത്ത് കോർണൽ സർവകലാശാലയിലെ ഡോ. തോമസ് ഗിലോവിച്ച് എന്ന മനശ്ശാസ്ത്ര ഗവേഷകൻ നടത്തിയ പഠനത്തിൽ തെളിഞ്ഞിരുന്നു. ഒരു യാത്ര പോകുന്നയാൾക്ക് കുറേയേറെ അനുഭവങ്ങൾ കിട്ടും. സമൂഹമാധ്യമങ്ങളിൽ വിഡിയോകളും പോസ്റ്റുകളും നോക്കിയിരുന്നാൽ അത്രയധികം കിട്ടില്ല. ഒരു പുസ്തകം വായിക്കുന്നയാൾക്കും അനുഭവങ്ങൾ കിട്ടും– വായനാനുഭവം എന്ന കാര്യം. ഒരു ലോകം തന്നെ നമ്മുടെ മനസ്സിൽ സൃഷ്ടിച്ച് മാന്ത്രികമായ ഒരനുഭവമാണ് പുസ്തകങ്ങൾ സമ്മാനിക്കുക.

ഇനി മറ്റു ചിലരുണ്ട്. അവർക്ക് എല്ലാത്തിനേക്കാളും വലുത് ഭൗതികമായ സമ്പാദിക്കലുകളായിരിക്കും. ഒരാവശ്യവുമില്ലാതെ വിലകൂടിയ സാധനങ്ങൾ വാങ്ങിനിറയ്ക്കും അവർ. ഭൗതികമായ ഇത്തരം തേടലുകൾക്ക് പിന്നാലെ പോകുന്നവരെക്കാൾ അനുഭവങ്ങൾ തേടുന്നവർക്കാകും കൂടുതൽ സംതൃപ്തിയെന്ന് ഗിലോവിച്ചിന്റെ പഠനം പറയുന്നു. സഹായങ്ങൾ പുണ്യകർമങ്ങളായാണ് ലോകത്തെ എല്ലാ പ്രമുഖ മതങ്ങളും കണക്കാക്കുന്നതെന്ന് ഓർക്കണം. അനുഭവം എന്നാൽ യാത്രകൾ മാത്രമല്ല. എല്ലാവർക്കും എല്ലായ്‌പ്പോഴും വലിയ യാത്രകൾ പോകാനുമാകില്ല. എന്നാൽ എന്തെല്ലാം കാര്യങ്ങൾ നമുക്ക് ചെയ്യാം. ഒരാൾക്കൊരു സഹായം ചെയ്യുമ്പോൾ അതു സ്വീകരിക്കുന്നയാളിലുണ്ടാകുന്ന സംതൃപ്തി നമുക്കൊരനുഭവമാണ്. ഒരു കുഞ്ഞിന് കളിപ്പാട്ടം വാങ്ങി നൽകുമ്പോൾ ആ കുഞ്ഞിലുണ്ടാകുന്ന സന്തോഷപ്പുഞ്ചിരി മറ്റൊരനുഭവമാണ്. ഇങ്ങനെ എത്രയോ അനുഭവങ്ങൾ നമുക്ക് ജീവിതത്തിൽ നേടാം.

അനുഭവങ്ങൾ നമ്മുടെ വ്യക്തിത്വത്തെത്തന്നെ മാറ്റിമറിക്കുമെന്ന് ഗിലോവിച്ച് പറയുന്നു. ഓരോ മനുഷ്യനും പെൻസിൽമുനകളാൽ എഴുതപ്പെടുന്ന നോട്ടുപുസ്തകങ്ങൾ പോലെയാണ്. തെറ്റുകൾ മായിച്ചും വീണ്ടുമെഴുതിയും പൂർത്തിയാകുന്ന നോട്ടുപുസ്തകങ്ങൾ. അനുഭവങ്ങൾ ഈ നോട്ടുപുസ്തകത്തെ സമ്പൂർണമാക്കുന്നു. നമ്മളെ നമ്മളാക്കുന്നത് അനുഭവങ്ങളാണെന്നും ഭൗതിക സമ്പാദ്യങ്ങളല്ലെന്നും ഗിലോവിച്ച് പറഞ്ഞുവയ്ക്കുന്നു. മഹാഭാരതത്തിൽ, പാണ്ഡവർക്കിടയിലുള്ള ഒരു ചട്ടം അബദ്ധത്തിൽ തെറ്റിക്കേണ്ടിവന്ന അർജുനനു വിധിക്കപ്പെട്ടത് നീണ്ട ഒരു യാത്രയാണ്. അർജുനനെന്ന യുദ്ധപ്രഭു ഒരു തികഞ്ഞ നേതാവായി മാറുന്നത് ഈ യാത്രയിലൂടെയാണെന്നു കാണാം.

ഭാരതത്തിന്റെ വിവിധ വശങ്ങളിലേക്കു പരക്കുന്ന ഈ യാത്രയിൽ അനേകം സംസ്‌കാരങ്ങളെയും അവരുടെ യുദ്ധരീതികളെയുമൊക്കെ അർജുനൻ നേരിൽ കാണുന്നു. ബന്ധങ്ങൾ സ്ഥാപിക്കുന്നു. യാത്രയിൽ നിന്നുള്ള ഈ അനുഭവങ്ങളും ബന്ധങ്ങളും കുരുക്ഷേത്രയുദ്ധത്തിൽ ശക്തരായ കൗരവരെ കീഴടക്കാൻ പാണ്ഡവർക്ക് തുണയായതായി പിന്നീട് കാണാവുന്നതാണ്.

യൂറോപ്പിലെ ഒരു വ്യവസായിയുടെ കഥ പ്രസിദ്ധമാണ്. താൻ ജീവിക്കുന്ന സ്ഥലം വിട്ട് ഏറെയൊന്നും ദൂരെപ്പോയിട്ടില്ലാത്ത ഈ വ്യവസായി പക്ഷേ വലിയതോതിൽ അറിവ് സമ്പാദിച്ചിരുന്നു. ലോകത്തെ സമുദ്രപാതകളും നഗരങ്ങളുമൊക്കെ അ്‌ദ്ദേഹത്തിനു മനപ്പാഠമായിരുന്നു. അദ്ദേഹം ഒരിക്കലും അവിടെയൊന്നും സന്ദർശിച്ചില്ലായിരുന്നു. അങ്ങനെയിരിക്കെ പ്രായമായ ഒരു നാവികൻ ആ വ്യവസായിയെ കണ്ട്, ബ്രസീലിലെ മനാവൂസ് തുറമുഖത്ത് തന്റെ കപ്പൽ തകരാർ പറ്റി കുടുങ്ങിക്കിടക്കുകയാണെന്നും അതു നന്നാക്കി പുറത്തിറക്കാൻ സഹായിക്കണമെന്നും അഭ്യർഥിച്ചു. വ്യവസായി നാവികനെ കളിയാക്കി. കടൽത്തീരത്തുനിന്നു വളരെ അകന്ന് ബ്രസീലിനുള്ളിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് മനാവൂസ്. അവിടെ തുറമുഖവും കപ്പലുമൊക്കെ എങ്ങനെ വരുമെന്ന് വ്യവസായി നാവികനോട് ചോദിച്ചു.

എന്നാൽ കടലില്ലെങ്കിലും ലോകത്തെ മഹാനദിയായ ആമസോണിന്റെ തീരത്താണ് മനാവൂസ് എന്നും അവിടെ കപ്പലുകൾ പോകുമെന്നും നാവികൻ വ്യവസായിയെ അറിയിക്കുന്നു. താൻ സമ്പാദിച്ച അറിവിനെക്കാൾ മഹത്തരമാണ് അനുഭവജ്ഞാനമെന്ന് വ്യവസായി അപ്പോൾ മനസ്സിലാക്കുന്നു. അനുഭവങ്ങൾ തേടുന്നവരിൽ ഒരു മറുവശവുമുണ്ട്. എല്ലാ അനുഭവങ്ങളും തനിക്കു വേണമെന്ന് ചിലർ വാശിപിടിക്കും. അതിനായി തന്നെക്കൊണ്ടൊക്കില്ലെങ്കിലും പണം ചെലവാക്കും. ഒടുവിൽ പ്രതിസന്ധിയിലാകുകയും ചെയ്യും. ഇങ്ങനെയുള്ളവർ മറ്റൊന്നിനും വില കൽപിക്കയുമില്ല. ഇതും ശരിയായ പ്രവണതയല്ല. മറ്റൊരുതരത്തിലെ ആഡംബരചിന്തയാണിത്.

English Summary:

Beyond the Savings Account: Why Experiences Matter More Than Money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com