കാടു പഠിപ്പിച്ച പാഠങ്ങൾ; കുലവും ഗോത്രവുമില്ലാതെ അറിവിന്റെ സമുദ്രം താണ്ടിയ ഋഷി
Mail This Article
ഉപനിഷത്ത് കഥകളിൽ ഏറെ ശ്രദ്ധേയമാണ് സത്യകാമന്റെ കഥ. സത്യകാമ ജബാല എന്നറിയപ്പെടുന്ന സൈദ്ധാന്തികന്റെ കഥയാണിത്. ഛാന്ദോഗ്യ ഉപനിഷത്തിലാണ് ഈ കഥയുള്ളത്. ജബാല എന്ന ദാസിയുടെ മകനായിരുന്നു സത്യകാമൻ. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ചെറിയ പ്രായം മുതൽക്കെ ആത്മീയതയോട് വളരെയേറെ താൽപര്യമുള്ളയാളായിരുന്നു അദ്ദേഹം. അക്കാലത്തെ സമ്പ്രദായം അനുസരിച്ച്, നിപുണനായ ഒരു ഗുരുവിനെ കണ്ടെത്തി തന്റെ വിദ്യാഭ്യാസം ആരംഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ ഏതെങ്കിലും ഗുരുവിനെ സമീപിക്കുന്നതിനു മുൻപ്, തന്റെ പിതാവിന്റെ പേരും കുലവും ഗോത്രവും അറിയണമെന്നു സത്യകാമൻ ജബാലയെ അറിയിച്ചു. എന്നാൽ തനിക്ക് അതറിയില്ലെന്നായിരുന്നു ജബാലയുടെ മറുപടി. ഒരുപാട് ചൂഷണങ്ങൾക്കു വിധേയയായ സ്ത്രീയായിരുന്നു ജബാല. നീ ജബാലയുടെ പുത്രനാണെന്നും അതിനാൽ സത്യകാമ ജബാല എന്ന പേരു സ്വീകരിക്കാനും ആ മാതാവ് സത്യകാമനോടു പറഞ്ഞു. തേടിച്ചെല്ലുന്ന ഗുരുവിനോട് സത്യം തുറന്നുപറയാനും ജബാല ഉപദേശിച്ചു.
അക്കാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന പ്രമുഖ ഋഷിവര്യനായിരുന്നു ഹരിദ്രുമത ഗൗതമൻ. വേദകാലഘട്ടത്തിലെ മഹാഋഷിമാരിൽ ഒരാളായ ഗൗതമന്റെ പിന്മുറക്കാരനായിരുന്നു ഹരിദ്രുമത ഗൗതമൻ. അദ്ദേഹത്തിന്റെ അരികിലേക്കാണ് സത്യകാമൻ വിദ്യാഭ്യാസം തേടിയെത്തിയത്. പ്രതീക്ഷിച്ചതുപോലെ സത്യകാമന്റെ പിതാവിന്റെ പേരും കുല, ഗോത്ര നാമങ്ങളും ഗൗതമൻ ചോദിച്ചു. എന്നാൽ തനിക്കതറിയില്ലെന്നു പറഞ്ഞ സത്യകാമൻ താൻ ജബാലയുടെ പുത്രനാണെന്ന് അദ്ദേഹത്തോടു പറഞ്ഞു. സത്യകാമന്റെ സത്യസന്ധതയിൽ സന്തോഷം തോന്നിയ ഗൗതമൻ അവനെ ശിഷ്യനായി ഏറ്റെടുത്തു. തനിക്ക് നാനൂറ് കന്നുകാലികളുണ്ടെന്നും അവയെ കാട്ടിലേക്കു കൊണ്ടുപോയി തീറ്റ കൊടുത്ത് പുഷ്ടിയാക്കണമെന്നും അവയുടെ എണ്ണം ആയിരമാകുമ്പോൾ മടങ്ങിവരണമെന്നും അദ്ദേഹം സത്യകാമനോട് പിന്നീടൊരിക്കൽ ആവശ്യപ്പെട്ടു. ഗുരുവിന്റെ നിർദേശം സസന്തോഷം ഏറ്റെടുത്ത് സത്യകാമൻ മൃഗങ്ങളെയും കൊണ്ട് വനത്തിലേക്കു യാത്രയായി.
എന്നാൽ ഇവിടെവച്ചാണ് സത്യകാമന്റെ ജീവിതത്തെത്തന്നെ മാറ്റി മറിച്ച സംഭവവികാസങ്ങളുണ്ടാകുന്നത്. ഗൗതമന്റെ പശുക്കളുമായി കാട്ടിലെത്തിയ സത്യകാമൻ അവിടെക്കഴിഞ്ഞു. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി. പശുക്കൾ പച്ചിലകൾ തിന്ന് അരുവിയിലെ വെള്ളം കുടിച്ച് പുഷ്ടിപ്പെട്ടു. പ്രകൃതിയിലുള്ള ഈ ഏകാന്തവാസം സത്യകാമന് വളരെയേറെ ഇഷ്ടപ്പെട്ടു. കാടിന്റെ വശ്യതയ്ക്കും ഭംഗിക്കുമപ്പുറം ആത്മീയമായ തോന്നലുകളും ചിന്തകളും അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു അദ്ഭുതമുണ്ടായത്. താൻ കൊണ്ടുവന്ന കാലിക്കൂട്ടത്തിലെ ഒരു കാള സത്യകാമനരികിലേക്ക് വന്നു. കന്നുകാലികളുടെ എണ്ണം ആയിരമായിരിക്കുന്നെന്നും തങ്ങളെ തിരിച്ച് ഗൗതമന്റെ ആശ്രമത്തിലേക്കു കൊണ്ടുപോകണമെന്നും കാള സത്യകാമനോട് ആവശ്യപ്പെട്ടു. ഒരു കാള സംസാരിക്കുമോയെന്ന് അദ്ഭുതപ്പെട്ട സത്യകാമനോട് കാള ബ്രഹ്‌മത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.
ബ്രഹ്‌മത്തെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ നാലിലൊന്ന് താൻ പകർന്നുതരാമെന്ന് കാള സത്യകാമനോട് പറയുന്നു. അപ്രകാരം ചെയ്യുകയും ചെയ്യുന്നു. പിറ്റേന്ന് കാട്ടിലൊരുക്കിയ യജ്ഞവേദിയിലെ യാഗാഗ്നിയാണ് അടുത്ത നാലിലൊന്ന് അറിവ് അദ്ദേഹത്തിനു നൽകുന്നത്. തൊട്ടടുത്തദിവസം ഒരു അരയന്നം സത്യകാമന്റെ അധ്യാപകനായി. അതിനു പിറ്റേന്ന് ഒരു കൊറ്റിപ്പറവ ബാക്കിയുള്ള നാലിലൊന്നു ഭാഗവും അദ്ദേഹത്തിന് ഉപദേശിച്ചുകൊടുത്തു. ബ്രഹ്‌മത്തെപ്പറ്റിയുള്ള പരമാർഥം മനസ്സിലാക്കിയ സത്യകാമൻ തിരിച്ചു ഗൗതമന്റെ ആശ്രമത്തിലേക്കു യാത്രയാകുന്നു. തിരികെയെത്തിയ ശിഷ്യനെ കാണുന്ന ഗൗതമൻ അദ്ഭുതം കൂറുന്നു.
അറിവിന്റെ മഹാതേജസ്സ് സത്യകാമനെ പൊതിഞ്ഞുനിൽക്കുന്നതായി അദ്ദേഹത്തിനു തോന്നുന്നു. എല്ലാമറിഞ്ഞല്ലോ താൻ എന്നായിരുന്നു ഗൗതമന്റെ പ്രതികരണം. എന്നാൽ ഗുരുമുഖത്തു നിന്ന് അതറിഞ്ഞാലേ അറിവ് പൂർണമാകൂ എന്നു സത്യകാമൻ പറയുന്നു. അതു സമ്മതിക്കുന്ന ഗൗതമൻ, അധ്യയനം തുടങ്ങുന്നു. കാളയും അഗ്നിയും അരയന്നവും കൊറ്റിയുമൊക്കെ പഠിപ്പിച്ചു എന്നു പ്രതീകാത്മകമായി പറയുന്നത് പ്രകൃതിയിൽനിന്നു സത്യകാമൻ അറിവ് നേടിയെന്ന വസ്തുതയെയാണ്. ജീവിതത്തിന്റെ മഹാപാഠങ്ങൾ അദ്ദേഹം കാട്ടിലെ ജീവിതത്തിൽ പഠിക്കുന്നു. പിൽക്കാലത്ത് സത്യകാമൻ വലിയ ആത്മീയാചാര്യനായി. ഗോശ്രുതിയെപ്പോലുള്ള വലിയ ശിഷ്യൻമാരും അദ്ദേഹത്തിനുണ്ടായി. പരമമായ ജ്ഞാനം തേടിയുള്ള യാത്രയ്ക്ക് കുലമോ കാലമോ ഗോത്രമോ ഒരു പ്രതിബന്ധമല്ലെന്ന് സത്യകാമ ജബാലയുടെ ഉദാഹരണം നമ്മെ പഠിപ്പിക്കുന്നു.