രാജാവിന് കിട്ടിയ അപൂർവ രുചിയുള്ള പഴം: പ്രജകളെ രക്ഷിക്കാൻ സ്വയം പാലമായ വാനരനേതാവ്
Mail This Article
കഥകളെപ്പോലെ മനസ്സിനെ സ്വാധീനിക്കുന്ന മറ്റെന്തുണ്ട്! ഒരാശയം അല്ലെങ്കിൽ ആദർശം മറ്റുള്ളവരിലേക്ക് എത്തിക്കാനും അതവരുടെ മനസ്സിലുറപ്പിക്കാനുമുള്ള ഏറ്റവും മികച്ച മാർഗം കഥകൾ തന്നെയല്ലേ. പ്രാചീന ഇന്ത്യയിൽ ധാരാളം കഥാവഴികളുണ്ടായിട്ടുണ്ട്. ഇന്ന് ലോകപ്രസിദ്ധമായ കഥകൾ. ഇക്കൂട്ടത്തിൽ ബുദ്ധിസവുമായി ബന്ധപ്പെട്ടുള്ളവയാണ് ജാതക കഥകൾ. ബുദ്ധന്റെ വിവിധ ജന്മങ്ങളിലെ കഥകൾ എന്ന രീതിയിലാണ് ജാതക കഥകൾ അവതരിപ്പിക്കപ്പെടുന്നത്. ഈ കഥകളിൽ ബുദ്ധൻ ബോധിസത്വനാണ്. അനേകമായ അളവിൽ അറിവ് സമ്പാദിച്ചവൻ, എന്നാൽ ബോധോദയവും മോക്ഷവും ഇനിയും നേടാനുള്ളവനാണ് ബോധിസത്വൻ. ജാതക കഥകൾ ബുദ്ധ സാഹിത്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. പാലിഭാഷയിൽ രചിക്കപ്പെട്ട ഇവയിൽ അഞ്ഞൂറിലേറെ കഥകളുണ്ട്. അക്കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രചാരത്തിലിരുന്ന അനവധി നാടോടിക്കഥകളും ഇവയെ സ്വാധീനിച്ചിരുന്നെന്ന് വിദഗ്ധർ പറയുന്നു. ജാതകകഥകളിൽ വളരെ പ്രശസ്തമായ ഒരു കഥയാണ് മഹാകപി ജാതക കഥ.
ഈ കഥപ്രകാരം, മുൻ ജന്മങ്ങളിലൊന്നിൽ ബോധിസത്വൻ ഒരു വാനരരാജാവായി ജനിച്ചു. ഹിമാലയത്തിന്റെ താഴ്‌വരയിലെ വനത്തിലെ ഒരു മരത്തിൽ ധാരാളം വാനരൻമാരെ നയിച്ച് അവരുടെ നേതാവായി അദ്ദേഹം വസിച്ചു. ഗംഗാനദിക്കരയിൽ വളരെ അപൂർവവും രുചികരവുമായ പഴങ്ങൾ ഉണ്ടായിരുന്ന ഈ മരത്തിന്റെ ഒരു ചില്ല നദിക്കു മുകളിലായായിരുന്നു. ഈ ചില്ലയിൽ നിന്നു പഴങ്ങളൊന്നും നദിയിലേക്കു വീഴാതെ നോക്കാൻ വാനരരാജാവ് തന്റെ പ്രജകളോട് നിർദേശിച്ചിരുന്നു, അവർ അത് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു. എന്നാൽ ഒരു ദിവസം ദൗർഭാഗ്യമെന്നു പറയട്ടെ, പഴുത്തുപാകമായ ഫലങ്ങളിലൊന്ന് ഗംഗാനദിയിലേക്കു വീണു.
ഈ പഴം ഗംഗാനദിയുടെ ഒഴുക്കിനൊപ്പം താഴേക്ക് എത്തി. ഇതൊരു മീൻപിടുത്തക്കാരന്റെ കൈവശം എത്തുകയും അയാൾ അത് രാജാവിനെ ഏൽപിക്കുകയും ചെയ്തു. പഴത്തിന്റെ രുചിയിലും മണത്തിലും ആകൃഷ്ടനായ രാജാവ്, ആ പഴം വിളയുന്ന മരം അന്വേഷിച്ചു പോകാനായി തന്റെ സൈനികസംഘത്തെ ചുമതലപ്പെടുത്തി. അവർ അപ്രകാരം അന്വേഷിച്ചു പോകുകയും നീണ്ട തിരച്ചിലിുകൾക്കൊടുവിൽ ഹിമാലയത്തിലെ വനത്തിലുള്ള മരത്തിലാണ് ഇതെന്നു കണ്ടെത്തുകയും ചെയ്തു. ഭടൻമാർ വിവരമറിയിച്ചതനുസരിച്ച് രാജാവ് മരം നിൽക്കുന്ന സ്ഥലത്തെത്തി. എന്നാൽ മരത്തിൽ തമ്പടിച്ചിരുന്ന വാനരക്കൂട്ടം സംഘത്തെ അലോസരപ്പെടുത്തി. ഭടൻമാർ അവർക്കു നേരെ തുരുതുരാ അസ്ത്രങ്ങളയച്ചു.
.
കപികൾ ഭയന്നു നിലവിളിക്കാൻ തുടങ്ങി. എന്നാൽ വാനരരാജാവ് അവരെ സമാധാനിപ്പിച്ചു. നദിയുടെ എതിർതീരത്ത് മറ്റൊരു മരം നിൽപുണ്ടായിരുന്നു. അതിലേക്ക് എങ്ങനെയെങ്കിലും എത്താനായി കപികളുടെ ശ്രമം. അവർ നീളമുള്ളതും എന്നാൽ കനംകുറഞ്ഞതുമായ ഒരു ഉരുളൻ തടി കൊണ്ടുവന്നു. ഇപ്പോൾ താമസിക്കുന്ന മരത്തിൽ നിന്ന് അപ്പുറത്തെ മരത്തിലേക്ക് ഒരു പാലം പോലെ ഇതുവച്ച് സഞ്ചരിക്കാനായിരുന്നു അവരുടെ പദ്ധതി. എന്നാൽ വീണ്ടും ദൗർഭാഗ്യമെന്നു പറയട്ടെ.. ഈ കമ്പിന് അൽപം നീളം കുറവായിരുന്നു. മറ്റേ മരം വരെ ഇതെത്തുന്നുണ്ടായിരുന്നില്ല.
വാനരരാജാവ് അതിനു പരിഹാരം കണ്ടെത്തി. തന്റെ കൈകളിൽ ആ ഉരുളൻ തടി വഹിച്ച് കാലുകൾ മരത്തിൽ കുടുക്കിയിട്ട് അദ്ദേഹം കിടന്നു. ഇപ്പോൾ തടി മറ്റേ മരത്തിൽ സുരക്ഷിതമായി എത്തി. ചുരുക്കിപ്പറഞ്ഞാൽ മരങ്ങൾ തമ്മിലുള്ള പാലത്തിന്റെ ഒരറ്റം വാനരരാജാവായി മാറി. ഈ പാലത്തിലൂടെ കപികൾ സുരക്ഷിതരായി അപ്പുറമെത്തി. എന്നാൽ അവരുടെ രാജാവോ, അദ്ദേഹം തീർത്തും അപകടകരമായ അവസ്ഥയിലായിരുന്നു. ഉരുളൻ തടിയുടെയും അതിലൂടെ പോകുന്ന കപികളുടെയും ഭാരം അദ്ദേഹത്തിന്റെ കൈകളെ തളർത്തുന്നുണ്ടായിരുന്നു. രാജഭടൻമാരുടെ പാഞ്ഞെത്തുന്ന ശരങ്ങൾ അദ്ദേഹത്തിനു മേൽ എപ്പോൾ വേണമെങ്കിലും പതിക്കാമായിരുന്നു. എന്നിട്ടും അദ്ദേഹം ചഞ്ചലചിത്തനായില്ല. അവസാന കപിയും കടന്നുപോകുന്നതു വരെ അദ്ദേഹം ഈ നിലയിൽ തുടർന്നു.
വാനരരാജാവിന്റെ ത്യാഗം കണ്ട് അങ്ങോട്ടെത്തിയ രാജാവ് സ്തബ്ധനായി. അദ്ദേഹത്തിന് വാനരരാജനോട് സ്‌നേഹവും ബഹുമാനവും തോന്നി.വാനരരാജാവിനെ രക്ഷപ്പെടുത്താൻ അദ്ദേഹം സൈനികരോട് പറഞ്ഞു. മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന ബുദ്ധകേന്ദ്രമായ ബാർഹത്തിൽ ഈ കഥ ചിത്രമായി നൽകിയിട്ടുണ്ട്. മധ്യപ്രദേശിൽത്തന്നെയുള്ള സാഞ്ചിയിലെ സ്തൂപത്തിലും ഈ കഥാപശ്ചാത്തലം വിവരിക്കുന്ന ചിത്രമുണ്ട്. പ്രജകളെ ഭരിക്കൽ മാത്രമല്ല രാജാവിന്റെ ധർമമെന്നും മറിച്ച് സ്വജീവനെക്കാളും പ്രജാക്ഷേമത്തിന് വിലകൽപിക്കലാണ് യഥാർഥ ഭരണാധികാരിയുടെ കടമയെന്നും സന്ദേശം നൽകുന്നതാണ് ഈ ജാതകകഥ.