മനുഷ്യരേക്കാൾ ഉച്ചത്തിൽ മതങ്ങൾ സംസാരിക്കുമ്പോൾ സ്നേഹത്തോടു ചേർന്നു നടക്കുക
Mail This Article
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായിരുന്ന ഗീവർഗീസ് മാർ ഇവാനിയോസിന്റെ പതിനൊന്നാം ഓർമദിനത്തിൽ അദ്ദേഹത്തിന്റെ ശിഷ്യനും ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസന മെത്രാപ്പൊലീത്തയുമായ സഖറിയാ മാർ സേവേറിയോസ് എഴുതിയ ചെറുകുറിപ്പ്. ധ്യാനഗുരുവും ചിന്തകനും ദൈവശാസ്ത്ര പണ്ഡിതനുമായിരുന്ന മാർ ഇവാനിയോസ്, അപാരമായ കാരുണ്യത്തിലും സമഭാവത്തിലും സ്നേഹത്തിലുമാണ് ക്രിസ്തുവിന്റെ സാന്നിധ്യമുള്ളതെന്ന് വിശ്വസിച്ചിരുന്നു. ആ വിശ്വാസം ജീവിതത്തിലുടനീളം ജപമാല പോലെ ഒപ്പം കരുതുകയും ചെയ്തു. ആ സ്നേഹത്തിന്റെ പ്രകാശം കൈവിട്ടുപോകരുതെന്ന് ഓർമിപ്പിക്കുകയാണ് എഴുത്തുകാരനും പ്രഭാഷകനും ദൈവശാസ്ത്ര ചിന്തകനുമായ മാർ സേവേറിയോസ് ഈ കുറിപ്പിൽ.
ഒരു പഴയ കേരള സ്റ്റോറി
ഏപ്രിൽ 12. ഗീവർഗീസ് മാർ ഇവാനിയോസ് എന്ന ഞങ്ങളുടെ ഗുരുവിന്റെ ഓർമ ദിനമാണ്. മൂന്നു പതിറ്റാണ്ടുകളോളം അദ്ദേഹത്തോടൊപ്പം സാരഥിയായി സഞ്ചരിച്ച ഒരു മനുഷ്യൻ ഉണ്ട്. ഞങ്ങളുടെ ശശി ചേട്ടൻ. അവർക്കിടയിൽ മതം ഉറക്കെ സംസാരിച്ചിരുന്നില്ല.എന്നാൽ, വന്ദ്യ പിതാവിന്റെ ജീവിതം ഒരു സുവിശേഷമായി അയാൾ തിരിച്ചറിഞ്ഞിരുന്നു..തിരിച്ചും, ആ സാധാരണക്കാരന്റെ ജീവിതത്തിലെ ക്ഷമയും സമർപ്പണവും അയാളുടെ വ്രതകാല നിഷ്ഠകളുടെ സൗന്ദര്യമായിത്തന്നെ ഗുരുവും സാക്ഷിച്ചിരുന്നു.
അധികം എഴുതുന്നില്ല. ശരിക്കും മനുഷ്യരേക്കാൾ ഉച്ചത്തിൽ മതങ്ങൾ സംസാരിക്കുമ്പോൾ ഇത്രയെങ്കിലും എഴുതാതിരിക്കാൻ തോന്നുന്നുമില്ല.തീ കൊളുത്താൻ എളുപ്പമാണ്. അണയ്ക്കുക അത്ര എളുപ്പമാവില്ല. കാരണം ആളിക്കത്തിക്കാൻ ഏറെപ്പേരുണ്ടാവും. അത് മണിപ്പുരായാലും അഫ്ഗാനിലായാലും ദൂരെ ഗാസയിലായാലും ഇങ്ങ് നമ്മുടെ കൊച്ചുകേരളത്തിലായാലും...!