ADVERTISEMENT

ശനിയുടെ ദോഷങ്ങൾ, അത് ഏഴര ശനിയായും കണ്ടകശനിയായും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. ജ്യോതിഷത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ഇത്തരം കാര്യങ്ങൾ ഏറെ പരിചിതമായിരിക്കും. 

 

ഭൂമിയെന്ന ഗ്രഹത്തിലാണ് നാമെല്ലാം ജീവിക്കുന്നത്. ഭൂമി മാത്രമല്ല സൂര്യനെ ചുറ്റുന്ന ഗ്രഹം. ഭൂമിയെ കൂടാതെ ശനിയടക്കം മറ്റു എഴുഗ്രഹങ്ങൾ കൂടി സൂര്യനെ ചുറ്റുന്നുണ്ട്. എങ്കിലും എപ്പോഴും പഴികേൾക്കേണ്ടി വരുന്ന ഗ്രഹം ശനി ആണ്. ശനിയുടെ ഭ്രമണം കുറച്ചുക്കാലത്തേക്കെങ്കിലും മറ്റുഗ്രഹങ്ങളെ നിഷ്പ്രഭമാക്കാറുണ്ട്.  സൂര്യനെയും ശനിയുടെ ചലനം ബാധിക്കാറുണ്ട്. 2019 ൽ ശനിയുടെ ചലനം സൂര്യനെ സ്വാധീനിക്കുന്നതു വഴി ഓരോ രാശിയിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നു നോക്കാം. 

 

ഏരീസ് (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

2019 ഏരീസ് രാശിക്കാർക്കു ആശാവഹമായ വർഷമല്ല, ശനി ഈ രാശിക്കാരുടെ പത്താമത്തെയും പതിനൊന്നാമത്തെയും ഭാവങ്ങളെ സ്വാധീനിക്കുക വഴി ധാരാളം കയറ്റിറക്കങ്ങൾ ഇവർക്കു ഈ വർഷം പ്രതീക്ഷിക്കാം. ധനവിനിയോഗത്തിന്റെ കാര്യത്തിൽ ഇക്കൂട്ടർ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്. വരവ് കുറവും ചെലവ് കൂടുതലുമായിരിക്കും. കഠിനാധ്വാനവും നിരന്തര പരിശ്രമങ്ങളും ഈ ബുദ്ധിമുട്ടുകളിൽ നിന്നും കരകയറാൻ ഇവർക്കു തുണയാകും. അശുഭ ചിന്തകൾ വെടിഞ്ഞു, ശുഭപ്രതീക്ഷകളോടെ മുന്നോട്ട് നീങ്ങുന്നതു ഏരീസ് രാശിക്കാർക്കു ഗുണകരമാകും. 

 

ടോറസ് (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ടോറസ് രാശിയുടെ ഒമ്പതാമത്തെയും പത്താമത്തെയും ഭാവങ്ങളിൽ ശനിയുടെ സ്വാധീനമുണ്ടാകും. അതുകൊണ്ടു തന്നെ ബിസിനസ്, ധനസംബന്ധിയായ കാര്യങ്ങളിൽ 2019 ൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾക്കു മുതിരാതിരിക്കുന്നതാണ് ഉത്തമം. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട വർഷം കൂടിയാണിത്. മറ്റുള്ളവരുമായി വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നതു ദോഷം ചെയ്യും. തൊഴിലും ജീവിതവും തുലനാവസ്ഥയിൽ കൊണ്ടുപോകാൻ ശ്രമിക്കേണ്ടതാണ്. ജൂൺ മുതൽ ഒക്ടോബര് വരെയുള്ള കാലയളവിൽ തൊഴിൽ മേഖലയിൽ പുരോഗമനപരമായ മാറ്റങ്ങൾക്കു സാധ്യതയുണ്ട്. 

 

ജെമിനി   (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

ജെമിനിയുടെ 8, 9 ഭാവങ്ങളിലാണ് ഈ വർഷം ശനി. ഇത് ഈ രാശിക്കാർക്ക് ഏറെ ഗുണപ്രദമാണ്. ഇക്കൂട്ടരുടെ  ജീവിതത്തിൽ ശുഭകരമായ ധാരാളം കാര്യങ്ങൾ സംഭവിക്കുന്ന വർഷം കൂടിയാണിത്. പുതിയ നിക്ഷേപങ്ങൾ ഇവർക്ക് നേട്ടങ്ങൾ നൽകും. തൊഴിലിലും ജീവിതത്തിലും ഒരു പോലെ തിളങ്ങാൻ ജെമിനിക്കാർക്കു സാധിക്കുന്നത് കൊണ്ട് തന്നെ ഈ വർഷം  ഈ രാശിക്കാർക്കു സന്തോഷവും അഭിവൃദ്ധിയുമുണ്ടാകും. വർഷങ്ങളായി തുടർന്നുകൊണ്ടിരുന്ന നിയമയുദ്ധങ്ങൾക്കു  തീർപ്പുണ്ടാകും.  പൊതുവേ  2019 ഇവർക്കു ഗുണകരമെങ്കിലും മാതാവിന്റെ ആരോഗ്യകാര്യത്തിൽ ഇക്കൂട്ടർ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. 

 

കാൻസർ (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

കാൻസർ രാശിക്കാരുടെ 7, 8 ഭാവങ്ങളിലാണ് ഈ വർഷം  ശനി. അതുകൊണ്ടു തന്നെ ഈ രാശിക്കാർ എല്ലാ കാര്യങ്ങളിലും വളരെയധികം ശ്രദ്ധ പുലർത്തണം, പ്രത്യേകിച്ച് ആരോഗ്യകാര്യങ്ങളിൽ. തർക്കങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുകയും മറ്റുള്ളവരുമായി വഴക്കുകളിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുക. ഏറ്റവും അടുപ്പമുള്ളവരുമായി കൂടുതൽ സമയം ചെലവഴിക്കുന്നതു ഇക്കൂട്ടർക്ക് സമാധാനവും സന്തോഷവും നൽകും. പ്രാർഥന, യോഗ മുതലായ കാര്യങ്ങളിൽ ഏർപ്പെടുന്നതു കലുഷിതമായ മനസ്സിനു ശാന്തത കൈവരാൻ സഹായിക്കും. 

 

ലിയോ (ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)

ശനി, ലിയോ രാശിക്കാരുടെ 8, 9 ഭാവങ്ങളെയാണ് സ്വാധീനിക്കുക. വിദ്യാർഥികൾക്കു പരീക്ഷകളിൽ ഉന്നതവിജയം നേടാൻ ഇതേറെ സഹായിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ ലിയോ രാശിക്കാർക്കു അനുകൂലമായ വർഷമാണ് 2019. ഉദ്യോഗസ്ഥർക്കു ജോലിയിൽ ഉയർച്ചയും പുതിയ ചുമതലകളും പ്രതീക്ഷിക്കാം. ആരോഗ്യസംബന്ധമായ യാതൊരു പ്രശ്നങ്ങളും ഈ വർഷം ഈ രാശിക്കാരെ അലട്ടുകയില്ല. ദാമ്പത്യം പൊതുവേ സന്തോഷകരമായിരിക്കും. ധനപരമായും അനുകൂലമായ വർഷമാണിത്. 

 

വിർഗോ (ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

വിർഗോ രാശിക്കാരെ ശനിയുടെ സാമീപ്യം പ്രതികൂലമായാണ് ഈ വർഷം ബാധിക്കുക. വിദ്യാർഥികൾക്ക്  പഠനത്തിൽ ശ്രദ്ധക്കുറയാനും പരീക്ഷകളിൽ മാർക്ക് കുറയാനും സാധ്യതയുണ്ട്. പുതുനിക്ഷേപങ്ങൾക്ക് അനുകൂലമായ കാലമല്ല, അതുകൊണ്ടു തന്നെ അത്തരം കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. വ്യായാമം, യോഗ, മെഡിറ്റേഷൻ എന്നിവ ശരീരത്തിന്റെയും മനസിന്റെയും പിരിമുറുക്കം കുറയ്ക്കും. എന്നാൽ കഠിനാധ്വാനികൾക്കു ശനിയുടെ അനുഗ്രഹം ലഭിക്കുന്ന വർഷം കൂടിയാണിത്. 

 

ലിബ്ര (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

ലിബ്രയുടെ 4, 5 ഭാവങ്ങളിലാണ് ഈ വർഷം ശനി. പുതിയ വാഹനം സ്വന്തമാക്കുന്നത് പോലുള്ള സന്തോഷങ്ങൾ ഈ വര്ഷം ലിബ്ര രാശിക്കാരെ  തേടിയെത്തും. വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. ബിസിനസിലേർപ്പെട്ടിരിക്കുന്ന ഈ രാശിക്കാർക്കു അത് വിപുലീകരിക്കാൻ ഏറ്റവും ഉചിതമായ സമയമാണ് ഈ വർഷം. പുതിയ നിക്ഷേപങ്ങളിൽ ആത്മവിശ്വാസത്തോടെ ഏർപ്പെടാൻ കഴിയും. അതുപോലെ തന്നെ പഴയ നിക്ഷേപങ്ങളിൽ നിന്ന് അനുകൂലമായ ഫലങ്ങളും ഈ വർഷം പ്രതീക്ഷിക്കാം. ദീർഘദൂര യാത്രകൾ നടത്താൻ യോഗമുണ്ട്. ചെലവുകൾ വർധിക്കാനും സാധ്യത കാണുന്നു. 

 

സ്കോർപിയോ (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

ശനിയുടെ സ്വാധീനം സ്കോർപിയോ രാശിയിൽ നിരവധി ഉയർച്ച താഴ്ചകൾക്കു വഴിവയ്ക്കുന്നൊരു വർഷമാണ് 2019. സാമ്പത്തിക സ്ഥിരത ഈ വർഷത്തിലുടനീളമുണ്ടാകുമെങ്കിലും  കുടുംബത്തെയും സുഹൃത്തുക്കളെയും പിരിഞ്ഞുള്ള ദൂരദേശവാസം ആവശ്യമായി വരാൻ സാധ്യതയുണ്ട്. ദീർഘദൂര യാത്രയ്ക്കും വിദേശവാസത്തിനുമൊക്കെ സ്കോർപിയോ രാശിക്കാർക്ക്  ഈ വർഷം യോഗമുണ്ട്. നിക്ഷേപങ്ങളിൽ നിന്നു സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെങ്കിലും കഠിനാധ്വാനത്തിന്റെ ദിനങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. വാഗ്വാദങ്ങളിൽ നിന്നും തർക്കങ്ങളിൽ നിന്നും മാറി നിൽക്കുന്നതാണ് ഇക്കൂട്ടർക്കു ഗുണകരം. 

 

സാജിറ്റേറിയസ് (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

2019 ൽ ശനി, സാജിറ്റേറിയസ് രാശിയുടെ 2, 3 ഭാവത്തിലാണ്. ഈ രാശിക്കാരുടെ കുടുംബത്തിനും സഹോദരങ്ങൾക്കും അനുകൂലമായ വർഷമാണിത്. പൊതുവേ ഉത്സാഹഭരിതമായിരിക്കും ഇക്കൂട്ടരുടെ ജീവിതമെങ്കിലും ഇടയ്ക്കു തൊഴിലിൽ നിന്നും ഒരു അവധിയെടുക്കുന്നത് സമ്മർദം കുറയ്ക്കാൻ സഹായിക്കും. ഇക്കൂട്ടരുടെ സഹോദരങ്ങൾ അവർ പ്രവർത്തിക്കുന്ന മേഖലയിൽ ശോഭിക്കും. പങ്കാളിയുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതാണ്. നേരത്തെയുള്ള ചെറിയ നിക്ഷേപങ്ങൾ ഈ കാലയളവിൽ നേട്ടങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. 

 

കാപ്രികോൺ (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

കാപ്രികോൺ രാശിക്കാരുടെ രണ്ടാം ഭാവത്തിലാണ് ഈ വർഷം ശനി. വിദ്യാർഥികൾക്ക് ഇതേറെ അനുകൂലമാണ്. ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ വർഷം അതിനവസരം ലഭിക്കും. നിയമപരമല്ലാത്ത കാര്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഈ വർഷം തിരിച്ചടികൾ നേരിടേണ്ടി വരും. നിരന്തരമായ പരിശ്രമങ്ങളും കഠിനാധ്വാനവും ഉയരങ്ങൾ കീഴടക്കാൻ ഈ രാശിക്കാരെ സഹായിക്കും. വരവും ചെലവും ഈ വർഷം സമാസമമായിരിക്കും. തൊഴിൽ സംബന്ധമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ടു വിദേശവാസത്തിനു യോഗമുണ്ട്. ശരീരത്തിനു മതിയായ വ്യായാമം നൽകുകയും ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കുകയും വേണം. 

 

അക്വാറിയസ് (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

അക്വാറിയസ് രാശിക്കാരിൽ ശനിയുടെ സ്വാധീനം പന്ത്രണ്ടാം ഭാവത്തിലാണ്. ഇത് ഈ രാശിക്കാർക്കു ഏറെ ഗുണകരമായ ഫലങ്ങൾക്കിടയാക്കും. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും, ആരോഗ്യവും പൊതുവെ  മെച്ചമായിരിക്കും. തൊഴിൽകാര്യങ്ങളിൽ പുതിയ അവസരങ്ങൾ വന്നുചേരും. ആത്മീയകാര്യങ്ങളിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കും. ബിസിനസ് പൊതുവെ ആദായകരമായിരിക്കും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചാൽ ഉന്നതവിജയം കൈവരിക്കാം. 

 

പീസസ് (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

2019 ൽ പീസസ് രാശിക്കാരുടെ 11, 12 ഭാവത്തിലാണ് ശനി. പതിനൊന്നാം ഭാവം സാമ്പത്തികാഭിവൃദ്ധിയെയും ഉയർച്ചയെയും പ്രതിനിധാനം ചെയ്യുമ്പോൾ പന്ത്രണ്ടാം ഭാവം ധനവ്യയത്തെയും രോഗാവസ്ഥയെയും കാണിക്കുന്നു. കഠിനാധ്വാനികളായ പീസസ് രാശിക്കാർക്കു ഈ വർഷം പൊതുവെ മെച്ചമുള്ളതായിരിക്കും. കുടുംബത്തിനൊപ്പം ചെലവഴിക്കാൻ ഇക്കൂട്ടർ സമയം കണ്ടെത്തും. സാമ്പത്തികകാര്യങ്ങൾ പൊതുവെ ഗുണകരമായിരിക്കുകയില്ല. വിജയം നേടാൻ ഇക്കൂട്ടർക്ക് കഠിനാധ്വാനം വേണ്ടിവരും. വരുമാനം വർധിക്കുമെങ്കിലും ചെലവും അതിനൊപ്പം തന്നെയായിരിക്കും. നിലവിലെ തൊഴിലിൽ നിന്നു മാറി പുതിയത് കണ്ടെത്തുന്നതിനു അനുകൂലമായ വർഷമാണിത്. മികച്ച തൊഴിൽ ലഭിക്കുമെന്ന് ഈ വർഷത്തിൽ പ്രതീക്ഷിക്കുകയും ചെയ്യാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com