sections
MORE

മകയിരം ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം മകയിരം നക്ഷത്രക്കാർക്കെങ്ങനെ?
Makayiram-2020
SHARE

മകയിരം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2020–ൽ വിദ്യാർഥികൾക്കും ഗവേഷകർക്കും, ശാസ്ത്രജ്ഞർക്കും അനുകൂലമായ സാഹചര്യം, നേട്ടം, അംഗീകാരം എന്നിവ കാണുന്നു. ഉദ്യോഗാർഥികൾക്ക് വിജയം. പഠിച്ചവിദ്യയോടനുബന്ധമായി സാമ്പത്തിക നേട്ടം അതുവഴി ജീവിതത്തിൽ വഴിത്തിരിവാകാവുന്ന ആശയങ്ങൾ വന്നു ചേരും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ടവർക്ക് സർക്കാരിൽ നിന്നുള്ള അംഗീകാരത്തിന് യോഗം കാണുന്നു. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിനു സാധ്യത കാണുന്നു. വ്യാപാരവിപണനവിതരണ മേഖലകളിൽ കഴിഞ്ഞവർഷത്തേക്കാൾ ക്രമാനുഗതമായ പുരോഗതി ഉണ്ടാകുമെങ്കിലും സാമ്പത്തിക മേഖലകളിൽ കൂടുതൽ ശ്രദ്ധ വേണം. ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾക്കനുസരിച്ച് തൊഴിൽ ക്രമീകരിക്കേണ്ടതായ സാഹചര്യം കാണുന്നു. വിദേശത്തുള്ളവർക്ക് കുടുംബാംഗങ്ങളെ ജന്മനാട്ടിലേക്ക് മാറ്റിപാർപ്പിക്കേണ്ടതായ സാഹചര്യം കാണുന്നു.

ശുഭാപ്തിവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും. വ്യക്തി പ്രഭാവത്താൽ അനിഷ്ടമായിട്ടുള്ള പ്രതികരണങ്ങളെ അതിജീവിക്കും. പ്രവർത്തനക്ഷമത കൈവരിക്കുന്നതു വഴി തൊഴിൽമേഖലകളിൽ പുതിയ അവസരങ്ങൾ വന്നു ചേരും. അധഃപതിച്ചു കിടക്കുന്ന കർമമണ്ഡലങ്ങൾ പുനരുജ്ജീവിപ്പിക്കുവാനുള്ള അവസരം വേണ്ട വിധത്തിൽ വിനിയോഗിക്കുന്നതു മൂലം സൽകീർത്തി, സജ്ജനപ്രീതി എന്നിവയ്ക്ക് യോഗം കാണുന്നു. സാമ്പത്തിക വിഭാഗം മെച്ചപ്പെടുകയും ജീവിതനിലവാരം മെച്ചപ്പെടുകയും ചെയ്യും. നിലവിലുള്ള ഗൃഹം വിൽപന ചെയ്ത് വിസ്തൃതിയുള്ള ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. പുതിയ സ്നേഹബന്ധം ഉടലെടുക്കും.

സംയുക്തസംരഭങ്ങളിൽ നിന്ന് ഈ വർഷം പിന്മാറണം. പല രീതിയിലുമുള്ള മാർഗതടസ്സങ്ങൾ നീതിപൂർവമായ സമീപനത്താലും ഈശ്വരാധീനവും മൂലം അവയൊക്കെ അതിജീവിക്കാൻ സാധിക്കും. വിശാലമനസ്ഥിതി അനുകൂലവിജയത്തിനു കാരണമാകും. പുതിയ ഭരണസംവിധാനം സ്വീകരിക്കുന്നതു വഴി ഏപ്രിൽ മാസം മുതൽ കർമ മണ്ഡലങ്ങളിൽ ക്രമാനുഗതമായ പുരോഗതിക്ക് യോഗം കാണുന്നു. ജാഗ്രതയോടെ ചെയ്യുന്ന പ്രവർത്തനങ്ങൾ വിജയിക്കും. ആദ്ധ്യാത്മിക ആത്മീയ പ്രഭാഷണങ്ങൾ മനസമാധാനത്തിന് വഴിയൊരുക്കും.

മൽസര രംഗങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുന്നതു വഴി സല്‍കീർത്തിക്ക് യോഗം കാണുന്നു. സെപ്റ്റംബർ മാസം വരെ ദാമ്പത്യത്തിന് അനിഷ്ടം ഉണ്ടാകുമെങ്കിലും അതിനുശേഷം ദമ്പതികൾക്ക് ഒന്നിച്ചു താമസിക്കുന്നതിനുള്ള ഉദ്യോഗമാറ്റം കാണുന്നു. സങ്കല്‍പങ്ങൾ യാഥാർഥ്യമാകുവാൻ ഇടയുണ്ട്. ഭാവനകൾക്കനുസരിച്ച് പ്രവർത്തിക്കുന്നതു വഴി ആത്മവിശ്വാസം വർധിക്കും. പുത്രപൗത്രാദി യോഗത്താൽ ആശ്വാസം മറ്റുചിലർക്ക് പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം താമസിക്കാൻ യോഗം കാണുന്നു. അന്യരുടെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം നിർദേശിക്കാൻ സാധിക്കുന്നതിൽ കൃതാർഥത തോന്നും.

ആദ്ധ്യാത്മിക ചിന്തകളും പൗരാണിക ചിന്തകളും ഭൗതിക ചിന്തകളും പ്രായോഗികവശവും സമന്വയിപ്പിച്ച് കൊണ്ട് ജീവിതം നയിക്കുന്നതിനാൽ എല്ലാ വിധത്തിലുമുള്ള മാർഗ തടസ്സങ്ങളെ അതിജീവിക്കുവാനും നല്ലൊരു ജീവിതം നയിക്കാനുള്ള സാഹചര്യങ്ങളും കാണുന്നു. പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. രേഖാപരമായിട്ടല്ലാത്ത പണമിടപാടുകളിൽ നിന്ന് യുക്തിപൂർവം പിന്മാറണം. വിദേശപര്യടനം ഗുണകരമായിത്തീരും. സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതിക്ക് യോഗം കാണുന്നു. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിക്കും. ആത്മവിശ്വാസത്തോടു കൂടി പുതിയ ചുമതലകൾ ഏറ്റെടുക്കും. കയറ്റുമതി വിപണന മേഖലകൾ പുനരാരംഭിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള കഴിവ് പ്രകടിപ്പിക്കും.

ഈശ്വരപ്രാർഥനകളും ഗുരുകാരണവന്മാരുടെ അനുഗ്രഹവും കാണുന്നു. ഈ പറഞ്ഞ ഫലങ്ങൾ പൊതുവെ മകയിരം നക്ഷത്രം മിഥുനക്കൂർ ജനിച്ചവരുടേതാണ് എന്നാൽ ഇടവക്കൂർ ജനിച്ചവർക്ക് ഈ വക ഫലങ്ങൾക്കെല്ലാം തന്നെ സ്വല്പം അനുഭവക്കുറവ് ഉണ്ടാകാനിടയുണ്ടെങ്കിലും ഈശ്വരപ്രാർഥനയോടു കൂടി ക്ഷമയോടു കൂടിയ സമീപനത്താൽ എല്ലാം ശുഭപര്യവസാനമായിത്തീരുവാൻ മകയിരം നക്ഷത്രക്കാർക്ക് ഈ 2020–ൽ സാധിക്കും. 

English Summary:  Makayiram Birth Star / Yearly Prediction 2020 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA