sections
MORE

പൂരുരുട്ടാതി ; സമ്പൂർണ വർഷഫലം 2020

HIGHLIGHTS
  • 2020 പുതുവർഷം പൂരുരുട്ടാതി നക്ഷത്രക്കാർക്കെങ്ങനെ?
Pooruruttathi
SHARE

പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 ൽ തൃപ്തികരമായ ഉദ്യോഗം ലഭിക്കും. വിദ്യാർഥികൾക്ക് പഠിച്ച വിദ്യപ്രാവർത്തികമാക്കാനും അതിൽ നിന്നും ക്രമാനുഗതമായ പുരോഗതി ഉണ്ടാകാനും സാമ്പത്തിക നേട്ടം ഉണ്ടാകാനും ഉള്ള യോഗം കാണുന്നു. മാർച്ച് മാസം മുതൽ ജൂൺ മാസം വരെ കരാർ ഒപ്പു വയ്ക്കുന്നതോ ജാമ്യം നിൽക്കുന്നതോ പണം കടം കൊടുക്കുന്നതോ ആയിട്ടുള്ള കാര്യങ്ങൾ ഒഴിവാക്കണം. ഗൃഹപ്രവേശനത്തിനുള്ള യോഗം കാണുന്നു. സങ്കീർണമായ വിഷയങ്ങളെ വേണ്ടവിധത്തിൽ അതിജീവിക്കുന്നതു വഴി സമാധാനപരമായ അന്തരീക്ഷം കുടുംബത്തിലും ഔദ്യോഗിക രംഗത്തും വന്നു ചേരും.

ആരോഗ്യം തൃപ്തികരമായിരിക്കും. ചികിത്സ ഫലിക്കും. അനാവശ്യമായ ആധി തോന്നും. പ്രകൃതിജീവന ഔഷധങ്ങളെക്കൊണ്ടോ ഭക്ഷണക്രമീകരണങ്ങൾ വരുത്തുന്നതു വഴി ആരോഗ്യം തൃപ്തികരമാകും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനുള്ള അവസരം കാണുന്നു. വിദേശത്ത് താമസിക്കുന്നവർക്ക് മക്കളെ  ജന്മനാട്ടിൽ പഠിപ്പിക്കാനുള്ള അവസരം കാണുന്നു. ഉപരിപഠനത്തിനോടനുബന്ധമായി ഉദ്യോഗം ലഭിക്കുകയോ ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനോ ഉള്ള അവസരം കാണുന്നു. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. പദ്ധതി സമർപ്പണമോ ശാസ്ത്രപരീക്ഷണനിരീക്ഷ ണമോ കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതോ സ്വന്തം നിലയിൽ പരീക്ഷ നിശ്ചയിക്കുന്നതോ 2020 മാർച്ച് 30– ജൂൺ30 നു ശേഷമാകുന്നതാകും നല്ലത്.

ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങാനിടവരും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും പ്രതീക്ഷിച്ചതിലുപരി വിജയം നേടാൻ പറ്റിയതിൽ ആശ്ചര്യം തോന്നും. തന്മൂലം പുതിയ ചില ചുമതലകൾ ഏറ്റെടുക്കുകയും ജീവിത നിലവാരം വർധിക്കുകയും ചെയ്യും. ഈ വർഷം സെപ്റ്റംബറിനുശേഷം മറ്റൊരു ഭൂമി വാങ്ങാനുള്ള കരാറെഴുതും. സെപ്റ്റംബർ മാസത്തിനുശേഷം തൊഴിൽ മേഖലയിൽ കൂടുതൽ ചുമതലകൾ വർധിക്കും. വ്യാപാര മേഖലകളിൽ വിപുലീകരണം വേണമെന്ന് തോന്നുമെങ്കിലും നിലവിലുള്ള ജോലിക്കാരെ നിലനിർത്തികൊണ്ട്  വിപുലമാക്കുവാനുള്ള തീരുമാനം കൈക്കൊള്ളുവാൻ സാധ്യത കാണുന്നു. അനുബന്ധ സ്ഥാപനം തുടങ്ങുന്നതിനുള്ള തീരുമാനത്തിൽ നിന്ന് തൽക്കാലം പിന്മാറും. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും.

വിശേഷപ്പെട്ട ദേവാലയ ദർശനം, നേർന്നു കിടക്കുന്ന വഴിപാടുകൾ ചെയ്യാനുള്ള അവസരം ലഭിക്കും. സാമ്പത്തിക ഉന്നമനം, നീക്കിയിരുപ്പ് എന്നിവ ഉണ്ടാകുന്നതു വഴി ജീവകാരുണ്യപ്രവർത്തനത്തിൽ ഏർപ്പെടും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകുന്നതു വഴി ഏതൊരു വിപരീത സാഹചര്യങ്ങളെയും അതിജീവിക്കും. നഷ്ടപ്പെട്ടെന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും. വിദേശത്ത് പുത്രപൗത്രാദികളൊടൊപ്പം താമസിക്കും. കാർഷിക മേഖലകളിൽ സംയുക്ത സംരംഭങ്ങളിൽ നിന്ന് ഒഴിവായി സ്വന്തം ആശയങ്ങള്‍ സ്വീകരിച്ച് വിപുലീകരിക്കും. നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നതു വഴി അനുകൂലമായ വിജയം കാണുന്നു. കുടുംബ ബന്ധത്തിന് പ്രാധാന്യം നൽകുന്ന സമീപനം അനുകൂലമായിത്തീരും.

സെപ്റ്റംബർ മാസത്തിൽ മാതാവിന് അസുഖം വരാം. തന്മൂലം വിദേശത്തെ ജോലി മതിയാക്കി ജന്മനാട്ടിലേക്ക് സ്ഥിരതാമസത്തിനുള്ള യോഗം കാണുന്നു. സുഹൃത്തുക്കളോ ബന്ധുക്കളോ ആയി ചേർന്നുള്ള സംരംഭങ്ങളിൽ നേട്ടം കുറയുന്നതിനാൽ അതിൽ നിന്ന് ഒഴിവാകുന്നതാണ് ഉചിതം. നിശ്ചിത ശമ്പളത്തോടെയുള്ള ജോലി സ്വീകരിക്കുന്നത് നന്നായിരിക്കും. വിദേശബന്ധമുള്ള വ്യാപാരവിപണനവിതരണമേഖലകളിൽ സുതാര്യതക്കുറവിനാലും സത്യസന്ധമല്ലാത്തതിനാലും അതിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. നിശ്ചയിച്ച കാര്യങ്ങൾക്ക് അനുകൂല സാഹചര്യം വന്നു ചേരുന്നതു വഴി ആശ്വാസവും സമാധാനവും എല്ലാകാര്യത്തിലും വന്നു ചേരുന്നതിനാൽ പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് യോഗം കാണുന്നു. 

English Summary:  Pooruruttathi Birth Star / Yearly Prediction  2020 by Kanippayyur 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA