ADVERTISEMENT

വ്യാഴം എന്ന ഗ്രഹത്തിനു വീണ്ടുമൊരു രാശിമാറ്റം സംഭവിച്ചിരിക്കുകയാണ്. 2021 സെപ്റ്റംബർ 14ന് ഉച്ചകഴിഞ്ഞ് 2.20നു വ്യാഴം കുംഭം രാശിയിൽ നിന്നു മകരം രാശിയിലേക്കാണു മാറിയത്. പിന്നോട്ടുള്ള ഇത്തരം ഗ്രഹപ്പകർച്ചയെ വക്രം എന്നാണു ജ്യോതിഷത്തിൽ പറയുന്നത്.

സൗരയൂഥത്തിലെ ഗ്രഹങ്ങളൊന്നും പിന്നോട്ടു സഞ്ചരിക്കുന്നില്ല, മുന്നോട്ടു മാത്രമേ സഞ്ചരിക്കൂ എന്നതു ശാസ്ത്രസത്യം. എന്നാൽ സൂര്യനു ചുറ്റും ഭൂമിയുടെയും മറ്റു ഗ്രഹങ്ങളുടെയും പരിക്രമണം വ്യത്യസ്ത ദൂരത്തിൽ ഒരേ സമയം നടക്കുന്നതിനാൽ ചില സന്ദർഭങ്ങളിൽ ചില ഗ്രഹങ്ങൾ പിന്നോട്ടു സഞ്ചരിക്കുന്നതായി ഭൂമിയിൽ നിന്നു നോക്കുമ്പോൾ കാണപ്പെടും. ഇതിനെയാണു ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ വക്രം എന്നു പറയുന്നത്.   

ഏതായാലും ഇപ്പോൾ വ്യാഴം ജ്യോതിഷപ്രകാരം വക്രഗതിയിലാണ്. വ്യാഴത്തിനു മകരം രാശി നീചരാശിയാണ്. അതുകൊണ്ട് മകരം രാശിയിൽ വ്യാഴം നിൽക്കുന്ന കാലം പൊതുവേ ലോകത്തിനു ഗുണകരമല്ല. മാത്രമല്ല, വ്യാഴത്തിന് ഒരു വർഷത്തിലേറെയായി അതിചാരത്തിന്റെ കാലവുമാണ്.  ധനു, മകരം, കുംഭം രാശികളിലേക്കു മുന്നോട്ടും പിന്നോട്ടുമായുള്ള വ്യാഴത്തിന്റെ അതിവേഗസഞ്ചാരം ലോകത്തിന്റെ ഇന്നത്തെ ദുരിതാവസ്ഥകൾ മുൻകൂട്ടി സൂചിപ്പിച്ചിരുന്നുവെന്നു പല ജ്യോതിഷപണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണ ഗതിയിൽ ഒരു രാശിയിൽ ഏതാണ്ട് ഒരു വർഷം എന്നതാണു വ്യാഴത്തിന്റെ സ്ഥിതിയുടെ കാലം. എന്നാൽ ഇത്തരം അതിചാരവും വക്രവും മറ്റും മൂലം ഇതിന് അൽപം വ്യത്യാസമുണ്ടാകാം.

2021 സെപ്റ്റംബർ 14നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.22ന് (ഉദിച്ച് 20 നാഴിക 07 വിനാഴിക) ആണു വ്യാഴം കുംഭം രാശിയിൽ നിന്നു മകരം രാശിയിലേക്കു കടന്നത്. നവംബർ 20നു വീണ്ടും കുംഭത്തിലേക്കു കടക്കുകയും ചെയ്യും. സെപ്റ്റംബർ 14 മുതൽ നവംബർ 20 വരെ മാത്രമാണു വ്യാഴം വക്രഗതിയിൽ മകരം രാശിയിലുണ്ടാകുക.  വ്യാഴത്തിന്റെ വക്രഗതി പൊതുവേ നല്ലതാണെന്നത് ആശ്വാസകരമാണ്. 

കുംഭത്തിൽ നിന്നു മകരത്തിലേക്കുള്ള ഈ വ്യാഴമാറ്റം ഓരോ കൂറുകാരെയും എങ്ങനെ ബാധിക്കുമെന്നു നോക്കാം.

 'ജീവസ്ത്വസ്തതപോദ്വിപഞ്ചമഗതോ...' എന്നാണു ഫലദീപിക എന്ന ഗ്രന്ഥത്തിൽ പറയുന്നത്. ജന്മക്കൂറിൽ നിന്ന് 7, 9, 2, 5, 11 എന്നീ ഭാവങ്ങളിൽ വ്യാഴം നിൽക്കുന്ന കാലം അതതു കൂറുകാർക്കു തികച്ചും നല്ല ഫലങ്ങളായിരിക്കും അനുഭവപ്പെടുക എന്നർഥം.

അതനുസരിച്ച് ഇടവം, കർക്കടകം, കന്നി, ധനു, മീനം എന്നീ കൂറുകാർക്ക് 2021 സെപ്റ്റംബർ 14 മുതൽ നവംബർ 20 വരെ വ്യാഴം മകരം രാശിയിൽ നിൽക്കുന്ന കാലം പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും.  ഇതുവരെ അനുഭവപ്പെട്ടിരുന്ന തടസ്സങ്ങളെല്ലാം മാറി ദൈവാനുഗ്രഹത്താൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.

'ജീവേ ജന്മനി ദേശനിർഗമനമപ്യർഥച്യുതിം.…'  എന്നു തുടങ്ങുന്ന ശ്ലോകത്തിൽ വ്യാഴത്തിന്റെ ചാരവശാലുള്ള ഫലം വിശദമായി പറയുന്നു.  ഇതനുസരിച്ച് ജന്മക്കൂറിൽ നിന്ന് 1, 3, 4, 6, 8, 10, 12 എന്നീ ഭാവങ്ങളിൽ വ്യാഴം വരുന്ന കാലം ദൈവാനുഗ്രഹപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട സമയമാണ്. അതായത്  മേടം, മിഥുനം, ചിങ്ങം, തുലാം, വൃശ്ചികം, മകരം, കുംഭം എന്നീ കൂറുകളിൽ ജനിച്ചവർ ദൈവാനുഗ്രഹപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.

വ്യാഴം നീചസ്ഥനാണെങ്കിലും വക്രബലവാനാണ് എന്നതിനാൽ വ്യക്തിപരമായി വലിയ ദോഷഫലങ്ങൾ അനുഭവപ്പെടുമെന്നു പേടിക്കേണ്ട കാര്യമില്ല.  ഈശ്വരനെ മനസ്സിൽ ഉറപ്പിച്ച് സ്വധർമം അനുഷ്ഠിക്കുക തന്നെയാണു ചെയ്യേണ്ടത്.

വ്യാഴത്തിന്റെ പ്രതികൂലസ്ഥിതി കൊണ്ടുള്ള ദോഷഫലങ്ങൾ കുറയ്ക്കാൻ വിഷ്ണുഭജനത്തിലൂടെ കഴിയുമെന്നു ജ്യോതിഷഗ്രന്ഥങ്ങൾ നിർദേശിക്കുന്നു. 

 

English Summary : Effect of Jupiter Transit in September 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com