1197 വൃശ്ചികമാസം നിങ്ങൾക്കെങ്ങനെ ?: കാണിപ്പയ്യൂർ

HIGHLIGHTS
  • വൃശ്ചികമാസം ഓരോ നക്ഷത്രക്കാർക്കും എങ്ങനെ?
monthly-prediction-vrichikam
SHARE

അശ്വതി 

വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കുമെങ്കിലും ദൂരദേശവാസം വേണ്ടി വരും. കർമമണ്ഡലങ്ങളിൽ ക്രമാനുഗതമായ പുരോഗതി ഉണ്ടാകുന്നതു വഴി പിരിച്ചുവിട്ടവരിൽ ഉത്സാഹികളായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കും. കുടുംബബന്ധത്തിനു പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ മനസ്സമാധാനമുണ്ടാകും. മക്കൾ ഒരുമിച്ചു താമസിച്ച് ജോലി ചെയ്യുന്നതിനാൽ കൂടുതൽ മുറികൾ ഉള്ള ഗൃഹം വാങ്ങാനോ നിർമിക്കാനോ തുടക്കം കുറിക്കും. നഷ്ടപ്പെട്ട പല വിധത്തിലുള്ള അവസരങ്ങളും തിരികെ വന്നു ചേരും. 

ഭരണി 

പല പ്രകാരത്തിലും മാർഗതടസ്സങ്ങൾ ഉണ്ടാകുവാൻ ഇടയുള്ളതു കൊണ്ട് എല്ലാ കാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്‌മതയും വേണം. പ്രത്യേകിച്ച് വാഹനം ഉപയോഗിക്കുമ്പോൾ വളരെ നിയന്ത്രണം വേണം. നിശ്ചയിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരുവാൻ ഇടയുണ്ട്. കർമമണ്ഡലങ്ങളിൽ പ്രതീക്ഷിച്ചപോലെ അനുഭവഗുണം കുറയും. സ്വയം തീരുമാനിച്ച പല കാര്യങ്ങളിലും ഭാവിയിലേക്കു സുരക്ഷിതത്വം ഇല്ലാത്തതിനാൽ പിൻമാറും. കുടുംബത്തിലെ ചിലരുടെ അസ്വാരസ്യങ്ങളെക്കൊണ്ടും അതൃപ്‌തി കൊണ്ടും മാറിത്താമസിക്കും. 

കാർത്തിക 

ഔദ്യോഗികമേഖലകളിൽ പുതിയ അവസരങ്ങൾ വന്നു ചേരും. രണ്ടു വർഷത്തേക്കു മാസത്തിൽ ഒരിക്കൽ വന്നു പോകുവാൻ തക്കവണ്ണം ദൂരദേശത്തായിരിക്കും ഉണ്ടാകുക. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അന്തിമനിമിഷത്തിൽ ഫലം ഉണ്ടാകും. ഭരണസംവിധാനം വിപുലമാക്കാനുള്ള പദ്ധതികൾ സമർപ്പിക്കുന്നതിനാൽ ഉത്തരവാദിത്തം ഏറ്റെടുക്കുവാനുള്ള അവസരം ഉണ്ടാകും. അർധമനസോടു കൂടി കാര്യങ്ങൾ ഏറ്റെടുക്കും. മാസാവസാനം ആകുമ്പോഴേക്കും ആത്മവിശ്വാസം കൂടും. ശുഭാപ്‌തി വിശ്വാസത്തോടു കൂടി പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കാനുള്ള അവസരം ഉണ്ടാകും. പ്രതിരോധശക്തി കൂട്ടാൻ മറ്റു പല ചികിത്സാ രീതികളും അവലംബിക്കാനുള്ള സാധ്യത കാണുന്നു. പുനഃപരീക്ഷയ്ക്ക് ആത്മവിശ്വാസത്തോടു കൂടി തയാറെടുക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവാതെ നോക്കണം. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. 

രോഹിണി 

സൗമനസ്യത്തോടു കൂടിയുള്ള സമീപനവും ക്ഷമ, വിനയം എന്നിവയും മൂലം പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയും. തൊഴിൽ മേഖലയിൽ ചില വിഭാഗങ്ങളെ ഒഴിവാക്കി കൂടുതൽ അനുഭവഗുണം ഉള്ള വിഭാഗങ്ങൾ മാത്രം നിർത്തിക്കൊണ്ട് വിപുലീകരിക്കാനുള്ള അവസരം ഉണ്ടാകും. ക്രിയാത്മകമായ നടപടികളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നതു വഴി സൽകീർത്തിക്കു യോഗമുണ്ട്. നിർണായകമായ തീരുമാനങ്ങൾക്ക് വിദഗ്‌ധ നിർദേശം സ്വീകരിച്ച് ചെയ്യേണ്ട സാഹചര്യങ്ങളിൽ പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കാൻ കഴിയും. 

മകയിരം 

പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും പ്രതീക്ഷിച്ച സാമ്പത്തികമായ നേട്ടം കുറവുള്ളതിനാൽ ജോലി രാജിവച്ചാലോ എന്ന തോന്നൽ ഉണ്ടാവും. എന്നാൽ സുതാര്യതയുള്ള പ്രവർത്തനങ്ങളെക്കൊണ്ട് പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയും. ആസൂത്രിത പദ്ധതികളിൽ അനുകൂലമായ വിജയം നേടും. ഏറെക്കുറെ പൂർത്തീകരിച്ച ഗൃഹത്തിൽ ഗൃഹപ്രവേശന കർമങ്ങൾ നിർവഹിക്കുവാനുള്ള സാഹചര്യം ഉണ്ടാകും. സഹപ്രവർത്തകർ വരുത്തിവച്ച അബദ്ധങ്ങൾ തിരുത്തുവാനുള്ള അവസരം ഉണ്ടാകുന്നതു വഴി മേലധികാരികളിൽ നിന്നും ഉടമസ്ഥരിൽ നിന്നും അനുമോദനങ്ങൾ ലഭിക്കും. 

തിരുവാതിര 

സംയുക്ത സംരംഭങ്ങളിൽ നിന്നു പിൻമാറി സ്വന്തമായിട്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയും. ഹ്രസ്വകാല വിളകളും ദീർഘകാല വിളകളും സമന്വയിപ്പിച്ചു കൊണ്ട് പുതിയ കാർഷിക സംവിധാനം അവലംബിക്കും. ഈ രംഗത്തു വിജയം കൈവരിക്കുവാനും ഇടയുണ്ട്. നിസ്വാർഥ സേവനത്താൽ സൽകീർത്തിയും സജ്‌ജനപ്രീതിയും ഉണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കുന്നതു വഴി മനഃസമാധാനം ഉണ്ടാകും. 

പുണർതം 

നിശ്ചയിച്ച കാര്യങ്ങൾക്ക് ഏറെക്കുറെ തൃപ്‌തികരമായ ഫലം ലഭിക്കും. നിഷ്ഠയോടു കൂടിയ പ്രവർത്തന ശൈലി മൂലം കാര്യങ്ങളിൽ വിജയം നേടും. ധനകാര്യസ്ഥാപനത്തിൽ നിന്നു സാമ്പത്തിക സഹായം വന്നു ചേരും. സ്വരൂപിച്ച പണം നിശ്ചിത ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുവാൻ കഴിയും. പഠിച്ചവിദ്യയോടനുബന്ധമായി പ്രവർത്തിക്കാനുള്ള സാഹചര്യങ്ങളോ ജോലിയോ ലഭിക്കും. ആധുനിക സംവിധാനത്തോടു കൂടി ഉപരിപഠനത്തിന് അവസരമുണ്ടാകും. തൊഴിൽപരമായോ ജോലിയുടെ സ്വഭാവം അനുസരിച്ചോ പട്ടണത്തിലേക്കു താമസം മാറ്റുവാനുള്ള സാഹചര്യം ഉണ്ടാകും. മക്കളോടൊപ്പം താമസിച്ചാൽ മതി എന്ന ധാരണയോടു കൂടി മക്കൾ താമസിക്കുന്നതിനോടനുബന്ധമായി വീട് വാങ്ങാനോ കൂടുതൽ മുറിയുള്ള വീട് വാടകയ്ക്ക് എടുക്കുവാനോ സാധ്യത കാണുന്നു. പ്രവർത്തനമേഖലയിൽ വിജയം നേടാൻ കഴിയും. 

പൂയം 

മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മക്കൾ മുഖാന്തരം അനുഭവത്തിൽ വന്നു ചേരും. അന്യദേശത്തു വസിക്കുന്ന പുത്രപൗത്രാദികൾ രണ്ടു മാസത്തിനുള്ളിൽ എത്തും എന്നറിഞ്ഞതിനാൽ ആശ്വാസമുണ്ടാകും. കാർഷികമേഖലയിൽ പുതിയ ആശയങ്ങൾ നടപ്പാക്കാൻ ഭൂമി പാട്ടത്തിനെടുക്കും. പ്രകൃതിജീവന ഔഷധരീതികൾ അവലംബിക്കുന്നതു വഴിയും ചിട്ടയോടു കൂടിയ ജീവിതശൈലി കൊണ്ടും ആരോഗ്യം നിലനിർത്താൻ കഴിയും. അവതരണ ശൈലിയിൽ പുതിയ ആശയങ്ങൾ അവലംബിക്കുന്നതു വഴി സൽകീർത്തി ഉണ്ടാകും. വിദേശത്തു താമസിക്കുന്നവർക്ക് സ്ഥിരം താമസിക്കുവാനുള്ള അവസരം ഉണ്ടാകും. വിശേഷപ്പെട്ട ദേവാലയങ്ങളിൽ ദർശനം നടത്തുവാനും നേർന്നു കിടക്കുന്ന വഴിപാടുകൾ ചെയ്‌തു തീർക്കുവാനും അവസരം ഉണ്ടാകും. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് കർമമേഖലകൾക്ക് മാറ്റം വരുത്തും. 

ആയില്യം 

ഗൃഹനിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ ഏർപ്പാടുകൾ ചെയ്യും. പുതിയ ഭരണസംവിധാനം ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും തൃപ്‌തികരമായ സാഹചര്യം ഉണ്ടാകും. ജന്മസിദ്ധമായിട്ടുള്ള കഴിവ് പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കും. ഭൂമി വിൽപനയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. സങ്കീർണമായ വിഷയങ്ങളെയും അഭിമുഖീകരിക്കുവാനുള്ള കഴിവും പ്രാപ്‌തിയും സന്നദ്ധതയും അനുകൂലമായിട്ടുള്ള സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. 

മകം 

ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാനുള്ള അവസരം ഉണ്ടാകും. മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കുവാൻ സംവിധാനം ഏർപ്പെടുത്തും. പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കും. വിദേശത്തു താമസിക്കുന്ന മക്കൾ അവധിക്കു വന്നു ചേരും എന്നറിഞ്ഞാൽ ആശ്വാസം ഉണ്ടാകും. വ്യവസായ - വ്യാപാര മേഖലകളിൽ പുതിയ ആശയങ്ങൾ  അവലംബിക്കും. അപൂർവങ്ങളായ ദുഃസ്വപ്‌നദർശനത്താൽ ആശ്ചര്യം അനുഭവപ്പെടും. അവഗണിക്കപ്പെട്ട പല വിഷയങ്ങളും പരിഗണിക്കപ്പെടും. ചെയ്യുന്ന കാര്യങ്ങളിൽ വിജയം ഉണ്ടാകുവാനിടയുണ്ട്. ഉപദേശക സമിതിയിൽ ഉൾപ്പെട്ടതിനാൽ ചിന്തിച്ചു പ്രവർത്തിക്കാനുള്ള കഴിവും പ്രാപ്‌തിയും അറിവും പ്രകടമാക്കുവാൻ അവസരം ലഭിക്കും. 

പൂരം 

ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. ഗവേഷകർക്ക് തൃപ്‌തികരമായ സാഹചര്യങ്ങൾ വന്നു ചേരും. പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. വ്യാപാര-വിപണന -വിതരണ മേഖലകളോടു ബന്ധപ്പെട്ട് പുതിയ ആശയങ്ങൾ അവതരിപ്പിക്കും. വാഹനാപകടത്തിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപ്പെടും. ദമ്പതികൾ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച്  ഒരുമിച്ചു താമസിക്കാനുള്ള തീരുമാനം സ്വീകരിക്കും. 

ഉത്രം 

തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് സമ്മർദവും യാത്രാക്ലേശവും അധികാര പരിധിയും വർധിക്കും. സുഖദുഃഖങ്ങൾ ഒരു പോലെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാകും. ഉപഭോക്താവിന്റെ ആവശ്യം പരിഗണിച്ച് ഉൽപന്നങ്ങൾക്ക് മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. അനന്ത സാധ്യതകൾ ഉള്ള കർമമണ്ഡലങ്ങൾ വന്നു ചേരുവാൻ ഇടവരുമെങ്കിലും വലിയ നേട്ടം ഇല്ലാത്തതിനാൽ തൽക്കാലം ഉപേക്ഷിക്കും. ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊരു ഉദ്യോഗം സ്വീകരിക്കുവാനുള്ള തീരുമാനം തൽക്കാലത്തേക്ക് മാറ്റി വയ്ക്കും. 

അത്തം 

ഔദ്യോഗികമായ മേഖലകളിൽ ചെയ്‌തു തീർക്കേണ്ട സാഹചര്യങ്ങളാൽ മിക്ക ദിവസങ്ങളിലും വളരെ വൈകിമാത്രമേ ഗൃഹത്തിൽ തിരിച്ചെത്തുവാൻ സാധിക്കുകയുള്ളൂ. വിവിധ കർമമണ്ഡലങ്ങളെപ്പറ്റി മനസ്സിലാക്കി മറ്റു ചില ഉയർന്ന തസ്തികയിലേക്ക് അപേക്ഷ നൽകുവാനുള്ള അവസരം ഉണ്ടാകും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. സർക്കാർ ജോലിയിലും പരീക്ഷയിലും തൃപ്‌തികരമായ രീതിയിൽ അവതരിപ്പിക്കാൻ സാധിക്കും. 

ചിത്തിര 

ഉയർന്ന പദവിയോടു കൂടിയ ഉദ്യോഗത്തിന് അവസരം വന്നു ചേരും. കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കാൻ സാധിക്കും. നിശ്‌ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം ഉണ്ടാകും. കഴിഞ്ഞ വർഷം തുടങ്ങിവച്ച കാർഷിക മേഖലകളിൽ നിന്ന് ആദായം ഉണ്ടാകും. പ്രമേഹ-നീർദോഷ രോഗപീഡകൾക്ക് പ്രകൃതി ജീവന ഔഷധരീതികളും പ്രാണായാമവും വ്യായാമവും യോഗയും ജീവിതചര്യയിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. 

ചോതി 

വിദഗ്‌ധമായ നിർദേശത്താൽ സമയബന്ധിതമായി മുതൽ മുടക്കി കർമമണ്ഡലങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം ഉണ്ടാകും. പ്രത്യുപകാരം ചെയ്യാനുള്ള അവസരം കൃതാർഥതയ്ക്ക് വഴിയൊരുക്കും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്‌തത ആർജിക്കും. സ്വന്തമായിട്ടുള്ള കർമമണ്ഡലങ്ങൾക്ക് രൂപകൽപന ചെയ്യുവാനുള്ള അവസരം ഉണ്ടാകും. പുതിയ കരാർ ജോലിയിൽ ഒപ്പ് വയ്ക്കാനിടയുണ്ട്. മാസങ്ങളോളം ഗൃഹത്തിൽ ഇരുന്നു കൊണ്ട് ജോലി ചെയ്യുകയും വളരെ തൃപ്തികരമായിട്ടുള്ള ജീവിതശൈലി അനുവർത്തിക്കുകയും ചെയ്‌തതിനാൽ ഈ സംവിധാനം തുടരുവാൻ തീരുമാനിക്കും. 

വിശാഖം 

മാസങ്ങൾക്കു മുൻപ് തുടങ്ങിവച്ച കർമമണ്ഡലങ്ങളിൽ നിന്നു ക്രമാനുഗതമായ പുരോഗതി ഉണ്ടാകും. ജനഹിതം മനസ്സിലാക്കി പ്രവർത്തിക്കുന്ന മേഖലകളിൽ അഹോരാത്രം പ്രയത്നിക്കും. ഉദ്യോഗത്തോടനുബന്ധമായി കുടുംബാംഗങ്ങളുടെ കാര്യങ്ങൾ കൂടി വേണ്ട വിധത്തിൽ ചെയ്യും. പഠിച്ച വിദ്യയോടനുബന്ധമായുള്ള ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിദേശത്ത് സ്ഥിരതാമസമാക്കുവാനുള്ള അപേക്ഷയിൽ അനുമതി ലഭിക്കും.  

അനിഴം 

സമയബന്ധിതമായി ചെയ്‌തു തീർക്കേണ്ട വ്യാപാര -വിപണന -വിതരണ മേഖലകൾ ആണെങ്കിലും ഔദ്യോഗികമായിട്ടുള്ള ചുമതലകൾ ആണെങ്കിലും കൃത്യമായ രീതിയിൽ പ്രവർത്തിക്കുവാൻ അവസരം ഉണ്ടായിത്തീരും. മിക്ക ദിവസങ്ങളിലും അധ്വാനഭാരത്താൽ കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ടവിധത്തിൽ ശ്രദ്ധിക്കുവാൻ സാധിക്കുകയില്ല. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാനുള്ള അവസരം ഉണ്ടാകും. പൂർവികർ അനുവർത്തിച്ചു വരുന്ന ആചാരക്രമങ്ങൾ പിന്തുടരുവാനുള്ള അവസരം ഉണ്ടാകുന്നത് ആത്മാഭിമാനത്തിന് വഴിയൊരുക്കുവാനിടയുണ്ട്. 

തൃക്കേട്ട 

ആരോഗ്യകാര്യങ്ങൾ അനുകൂലമാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. കർമ മണ്ഡലങ്ങളിൽ പുതിയ ആശയങ്ങൾ അവലംബിക്കുവാനുള്ള യോഗം കാണുന്നുണ്ട്. വ്യാപാര-വിതരണ-വിപണന മേഖലകളോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കു പുതിയ ചില അവസരങ്ങൾ വന്നു ചേരുവാൻ ഇടയുണ്ട്. പണി ചെയ്‌തു വരുന്ന ഗൃഹം വാങ്ങിക്കുവാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാർ എഴുതുവാനോ വാങ്ങിക്കുവാനോ യോഗം കാണുന്നുണ്ട്. 

മൂലം 

പുതിയ കർമമണ്ഡലങ്ങൾ വന്നുചേരുന്നതിനാൽ അധ്വാനഭാരം വർധിക്കും. ഗൃഹത്തിൽ നിന്നു മാറി താമസിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം. കുടുംബത്തിലെ ഭക്തി അന്തരീക്ഷം മനഃസമാധാനത്തിന് വഴിയൊരുക്കും. ജോലിയിലുള്ള ബുദ്ധിമുട്ടുകളെയെല്ലാം അതിജീവിച്ചു കൊണ്ട് മിക്ക ദിവസങ്ങളിലും വളരെ വൈകി മാത്രമേ ഗൃഹത്തിൽ എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ. വസ്‌തു തർക്കം പരിഹരിക്കുവാൻ വിട്ടു വീഴ്‌ച മനോഭാവം സ്വീകരിക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാകും. അവിചാരിതമായ ചില രേഖകൾ നഷ്ടമായോ എന്ന ആശങ്ക ഉണ്ടാകുമെങ്കിൽ പോലും മാസാന്ത്യത്തിൽ അത് ഗൃഹത്തിൽ നിന്നു ലഭിക്കാനുള്ള സാധ്യത ഉണ്ട്. പുതിയ കരാറു ജോലിയിൽ ഒപ്പു വയ്ക്കും. അറിവും കഴിവും പ്രാപ്‌തിയും അവസരവും വന്നു ചേർന്നാലും അനുഭവഫലം കുറയും. ജീവിതപങ്കാളിയുടെ  നിർദേശങ്ങൾ അവലംബിക്കുന്നത് ഗുണകരമായിത്തീരും. വസ്തുതകൾക്ക് നിരക്കാത്തതും രേഖാപരം അല്ലാത്തതും ആയ സാമ്പത്തിക ഇടപാടുകളിൽ നിന്നു യുക്തിപൂർവം പിൻമാറുന്നത് നന്നായിരിക്കും. 

പൂരാടം 

വിജ്ഞാനപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്യുവാനും ആർജിക്കുവാനുമുള്ള അവസരം ഉണ്ടാകും. ആധ്യാത്മിക- ആത്മീയചിന്തകൾ മനഃസമാധാനത്തിന് വഴിയൊരുക്കും. ഔദ്യോഗികമായിട്ടുള്ള മേഖലകളിൽ ചുമതലകൾ വർധിക്കും. വ്യാപാരമേഖലയിൽ മാന്ദ്യം അനുഭവപ്പെടും. അമിതമായിട്ടുള്ള വൈദ്യുത പ്രവാഹത്താൽ യന്ത്രോപകരണങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനുള്ള അവസരം ഉണ്ടാകും. 

ഉത്രാടം 

സങ്കീർണമായ പ്രശ്‌നങ്ങളെ  അഭിമുഖീകരിക്കുവാനും അതു കൃത്യമായ രീതിയിൽ ലക്ഷ്യപ്രാപ്‌തിയിൽ എത്തിക്കുവാനും സാധിക്കും. വ്യാപാരത്തിൽ പുരോഗതി ഉണ്ടാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. സുരക്ഷിതമായ തൊഴിൽ മേഖലകൾക്കും ജീവിതത്തിനും നേട്ടമുണ്ടാകുന്ന വിധത്തിലുള്ള ചില പാഠ്യപദ്ധതികൾക്ക് ചേരുവാനുള്ള അവസരം സ്വീകരിക്കും. നിശ്ചയിച്ച കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യം വന്നു ചേരും. പ്രവർത്തനമണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക പുരോഗതിയുണ്ടാകും. 

തിരുവോണം 

തൊഴിൽപരമായ മേഖലകളിൽ തൃപ്‌തികരമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിദേശത്ത് സ്ഥിരതാമസമാക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂലമായ അനുമതി ലഭിക്കും. മറ്റു ചിലർക്ക് നിലവിലുള്ള ജോലിയോടൊപ്പം അധുനിക സംവിധാനപ്രകാരമുള്ള പാഠ്യപദ്ധതിക്ക് ചേരുവാനുള്ള അവസരം ഉണ്ടാകും. വിദ്യാർഥികൾക്ക്  ഉദ്ദേശിച്ച വിധത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ശാസ്ത്ര പരീക്ഷണനിരീക്ഷണങ്ങളിൽ വിജയം കൈവരിക്കുന്നതിനാൽ സൽകീർത്തിയ്ക്കു യോഗമുണ്ട്.  

അവിട്ടം

മാനസിക സംഘർഷങ്ങൾ ഉണ്ടാകുമെങ്കിൽ പോലും ആധ്യാത്മിക - ആത്മീയ പ്രവൃത്തികളാലും ജീവിത പങ്കാളിയുടെ സമീപനവും സമാധാനത്തിന് വഴിയൊരുക്കും. ഉത്തരവാദിത്തമുള്ള വിഭാഗങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യം വന്നു ചേരും. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. ജീവിതഗതിയെ മാറ്റി മറിയ്ക്കുന്ന ചില സംഭവങ്ങൾ വന്നു ചേരുമെങ്കിലും യുക്തിപൂർവമായ സമീപനങ്ങളാൽ അതിജീവിക്കുവാൻ സാധിക്കും. 

ചതയം 

തൊഴിൽരംഗങ്ങളിൽ സ്ഥാനക്കയറ്റത്തിന് സാധ്യത ഉണ്ട്. വ്യാപാര - വിതരണ- വിപണന മേഖലകളോട് ബന്ധപ്പെട്ട് പുതിയ ആശയങ്ങൾ വന്നു ചേരും. ഭിന്നാഭിപ്രായങ്ങളെ  ഏകോപിപ്പിക്കാനുള്ള സാഹചര്യം ഉണ്ടായിത്തീരും. പുരോഗതി ഇല്ലാത്ത ഗൃഹത്തിന് വാസ്‌തുശാസ്ത്ര പ്രകാരം മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. മേലധികാരികൾക്ക് തൃപ്‌തികരമായ രീതിയിൽ പദ്ധതി സമർപ്പിക്കുന്നതിനാൽ ആറ് മാസത്തിനു ശേഷം സ്ഥാനക്കയറ്റത്തിന് വഴിയൊരുക്കുവാനുള്ള യോഗമുണ്ട്. 

പൂരുരുട്ടാതി 

ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതു വഴി പുതിയ കർമമണ്ഡലങ്ങൾക്ക് തുടക്കം കുറിക്കും. സർക്കാരിനോടു ബന്ധപ്പെട്ട ഉദ്യോഗത്തിന് സാധ്യത കാണുന്നു. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. വ്യാപാരത്തിൽ പുരോഗതി ഉണ്ടാകും. കരാറു ജോലിയിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. കാർഷിക മേഖലകളിൽ സമാനചിന്താഗതിയിൽ ഉള്ളവരെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമാക്കുവാനുള്ള സാധ്യത കാണുന്നു. പുതിയ കാർഷികമായ സംസ്‌കാരത്തിന് തുടക്കം കുറിക്കുവാനുള്ള സാധ്യത കാണുന്നുണ്ട്. 

ഉത്തൃട്ടാതി  

മാതാപിതാക്കളുടെ സംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും. വിദ്യാർഥികൾക്ക് തൃപ്‌തികരമായ രീതിയിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. മംഗള കർമങ്ങളിലും വിരുന്നു സൽക്കാരങ്ങളിലും പങ്കെടുക്കുവാനും ഉന്നതരെ പരിചയപ്പെടുവാനും അവസരമുണ്ടാകും. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. നിരവധി കാര്യങ്ങൾ നിഷ്ഠയോടു കൂടി ചെയ്‌തു തീർക്കുന്നതിനാൽ ആശ്വാസത്തിനു യോഗമുണ്ട്. ഉദ്യോഗത്തോടനുബന്ധമായി ലാഭശതമാനവ്യവസ്ഥകളോട് ബന്ധപ്പെട്ട പ്രവർത്തനം കാഴ്‌ചവയ്ക്കുവാനിടയുണ്ട്. 

രേവതി 

പുതിയ കർമപദ്ധതികൾ വിഭാവനം ചെയ്യും. സമാനചിന്താഗതിയിലുള്ളവരുമായി പരസ്‌പര വിശ്വാസത്തോടു കൂടി തുടക്കം കുറിയ്ക്കുവാനുള്ള സാധ്യത കാണുന്നു. പാർശ്വഫലങ്ങൾ ഉള്ള ഔഷധങ്ങൾ ഒഴിവാക്കി പ്രകൃതി ജീവന ഔഷധരീതികളും വ്യായാമവും പ്രാണായാമവും ശീലിക്കുന്നതും ജീവിതശൈലിയിൽ ഉൾപ്പെടുത്തുന്നതും ഗുണകരമായിട്ടുള്ള സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. കുറ്റങ്ങളും കുറവുകളും പരിഹരിച്ച് ജീവിതം നയിക്കുവാൻ തയാറായ മക്കളുടെ സമീപനത്തിൽ ആശ്വാസവും സമാധാനവും ഉണ്ടാകും.

English Summary : Monthly Prediction in Vrichikam 2021 by Kanippayyur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA