ADVERTISEMENT

വൈവിധ്യമാണ് ഭാരതീയ സംസ്‌കാരം. ഇവിടെ പലതരത്തിലുള്ള ആചാര–അനുഷ്‌ഠാനങ്ങൾ  ഇപ്പോഴും നിലനിൽക്കുന്നു. ആ കൂട്ടത്തിൽ കേരളീയർക്ക് പ്രധാനപ്പെട്ട ഒരു ദിവസമാണ് ‘വിഷു’.

 

    ‘സമത്വം’ എന്നർഥം വരുന്ന വിഷു എന്ന വാക്കിന് രാത്രിയും പകലും തുല്യമായി വരുന്ന ദിവസം എന്നും പറയുന്നു. വിഷുദിവസം ‘വിഷുക്കണി’ കാണുന്നതും ‘വിഷുക്കൈനീട്ടം’ കൊടുക്കുന്നതും വിഷുഫലത്തെകുറിച്ച് മനസ്സിലാക്കുന്നതും പണ്ടു മുതലേ  മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. 

 

ഈ പ്രാവശ്യം വിഷു വരുന്നത് പതിവിലും വ്യത്യസ്‌തമായി മേടമാസം 2–ാം തിയ്യതി (ഏപ്രിൽ 15) വെള്ളിയാഴ്‌ചയാണ്.

 

വിഷുദിനത്തെ അടിസ്ഥാനമാക്കി അടുത്ത ഒരു വർഷത്തെ ഫലം പറയുന്നതാണു വിഷുഫലം. അതതു ദേശത്തെ ജ്യോത്സ്യർ വിഷുഫലം ഓലയിൽ തയാറാക്കി നാട്ടിൽ വിഷുഫലം പറയുന്ന സമ്പ്രദായമാണിത്.

 

വിഷുവിനോടനുബന്ധിച്ച് ‘ഓല’യിൽ എഴുതിയ വിഷുഫലം ഓരോ വീട്ടിലും കൊടുത്ത് കാര്യങ്ങൾ വിശദീകരിച്ച് പറയുകയും അപ്പോൾ ആ കുടുംബത്തിലെ കാരണവർ ബഹുമാനത്തോട് കൂടി ജ്യോത്സ്യർക്ക് ദക്ഷിണ നൽകുകയും ചെയ്യും. കാലം കുറെകഴിഞ്ഞു ‘ഡിജിറ്റൽ യുഗമായി’ പഴയ കാര്യങ്ങളെല്ലാം ആളുകൾ മറന്ന് തുടങ്ങി. ‘ഓല’ നാട്ടിൽ നിന്ന് അപ്രത്യക്ഷവുമായി. നാട്ടുരീതിയും ഇല്ലാതായി.

 

 ഒരു വർഷം പ്രകൃതിയിലുണ്ടാകുന്ന സംഭവങ്ങളുടെ സൂചന തരുകയാണ് വിഷുഫലം കൊണ്ടുദ്ദേശിക്കുന്നത്. 

 

ഈ വർഷത്തെ വിഷുഫലം ഇങ്ങനെയാണ്:

 

മകരശനി മീനവ്യാഴം കൊല്ലവർഷം 1197–മാണ്ട് മേടമാസം 1–ാം തിയ്യതി വ്യാഴാഴ്‌ച ഉദിച്ച് 5 നാഴിക 55 വിനാഴികയ്‌ക്ക് ( 8 മണി 41 മിനിറ്റ്) പൂരം നക്ഷത്രവും ചിങ്ങക്കൂറും ശുക്ലപക്ഷത്തിൽ ത്രയോദശി തിഥിയും ‘വരാഹ’ കരണവും ‘വൃദ്ധി’ നാമനിത്യയോഗവും കൂടിയ സമയത്ത് ഇടവം രാശുദയസമയത്ത് ‘ജലഭൂതോദയം’ കൊണ്ട് ‘മേഷവിഷു’ സംക്രമം.

 

വിഷുഫലം പറയുമ്പോൾ പഴമക്കാർ ആദ്യം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഈ വർഷം ‘എത്ര പറ വർഷമാണ്’ എന്ന് . ഈ വർഷം ‘നാല്‌ പറ വർഷ’മാണ്.

 

ഒന്ന്, മൂന്ന് പറ വർഷമായാൽ മഴ ആവശ്യത്തിന് ലഭിക്കും. രണ്ട്, നാല് പറ വർഷമായാൽ മഴ അനവസരങ്ങളിൽ പെയ്യുകയും ചെയ്യും എന്നതു സാമാന്യമായ ഫലപ്രവചനമാണ്. ഒന്ന്, മൂന്ന് പറ വർഷങ്ങൾ നല്ലതും രണ്ട്, നാല് പറ വർഷങ്ങൾ മോശവും എന്നർഥം. അതായത് ഇക്കൊല്ലം കാലവർഷം പൊതുവേ ശരിയായ രീതിയിൽ ആയിരിക്കുകയില്ല എന്നുള്ള സൂചന ഈ വിഷുഫലം തരുന്നു.

 

മറ്റു ഫലങ്ങൾ ഇങ്ങനെ:

 

സംക്രമപുരുഷൻ സ്ഥിതനാകയാൽ അർഘവൃഷ്ടിയും, സംക്രാന്തി ദേവത ‘മന്ദാകിനി’യാകയാൽ ഭരണകർത്താക്കൾക്ക് അരിഷ്ടതകളും വിജ്‌ഞാനികൾക്ക് ആദരവും, വാഹനം ‘പന്നി’യാകയാൽ സസ്യനാശവും, വസ്‌ത്രം ‘ചിത്രവർണ’മാകയാൽ ധാന്യസമൃദ്ധിയും, പുഷ്‌പം ‘ബകുള’മാകയാൽ ക്ഷുൽബാധാദി ദുഃഖവും, അലങ്കാരം ‘രജത’മാകയാൽ രജതനാശവും, വിലേപനം ‘ചന്ദന’മാകയാൽ നല്ലമഴയും ലോകനന്മയും,  ആയുധം ‘ഖഡ്‌ഗ’മാകയാൽ ദുർമരണവും കലഹവും, സ്‌നാനജലം ‘അഗരു’വാകയാൽ അനാവശ്യമഴയും രാജഭയവും, ഛത്രവർണ്ണം ‘പീത’മാകയാൽ ലോകത്തിൽ സർവ്വാഭിവൃദ്ധിയും, ഭോജനപാത്രം ‘താമ്ര’മാകയാൽ നല്ല മഴയും സൗഖ്യവും, ഭോജനം 'സക്തു’വാകയാൽ ദുർഭിക്ഷവും, വാദ്യം ‘രുദ്രവീണ’യാകയാൽ ലോക ജനങ്ങൾക്ക് അഭിവൃദ്ധിയും, അഭിമുഖം കിഴക്കുദിക്കിലേക്കാകയാൽ വിജ്‌ഞാനികൾക്ക് അഭിവൃദ്ധിയും, ഗമനം ഉത്തരദിക്കിലേക്കാകയാൽ വസന്തരോഗവും (ജന്തുക്കളിൽ ഉണ്ടാകുന്ന രോഗം), സ്വഭാവം ‘സലജ്ജ’യാകയാൽ സുവൃഷ്‌ടിയും, മണ്ഡലം ‘അഗ്നി’മണ്ഡലമാകയാൽ ദുർഭിക്ഷവും അഗ്നിഭയവും ധാന്യനാശവും, മേഘം ‘തമോമേഘ’മാകയാൽ പ്രളയവും ഫലമാകുന്നു. സംക്രമ പുരുഷനെ സംബന്ധിച്ചുള്ള ഓരോ ഫലങ്ങളാണിത്.

 

പരമ്പരാഗതമായ ശാസ്‌ത്ര നിയമമനുസരിച്ചാണ് വിഷുഫലം തയാറാക്കുന്നത്. നാടിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾ ഒരു കാലത്ത് വളരെ പ്രാധാന്യത്തോടടെയാണു ജനങ്ങൾ കണ്ടിരുന്നത്. എന്നാൽ കാലം മാറിയതോടെ ഇത്തരം അറിവുകളെല്ലാം പുതിയ തലമുറയ്ക്ക് പുതുമയാകുകയാണ്.

 

 

 

 

 

 

 

ലേഖകന്റെ വിലാസം:

 

 

 

 

A.S.Remesh Panicker,

 

Kalarickel House,

 

Chittanjoor (PO),

 

Kunnamkulam, 

 

Thrissur (Dist)

 

Phone:

 

Residence: 04885-220886

 

Mobile: 9847966177.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com