ADVERTISEMENT

സൂര്യന്റെ മേടരാശി സംക്രമം അടിസ്ഥാമാക്കി ഗണിച്ച വിഷു സംക്രമ ഫലം ചുവടെ ചേർക്കുന്നു. സംക്രമ സമയത്തെ ഭാഗ്യതാരക സ്ഥിതി ചിത്തിര നക്ഷത്രത്തിലാണ്. ഇതിനെ അടിസ്ഥാനമാക്കി ഗണിച്ച 27 നക്ഷത്രങ്ങളുടെയും സാമാന്യ ഫലമാണ് ഇവിടെ ചേർക്കുന്നത്. പൊതുവെയുള്ള ഫലങ്ങൾ അനുഭവത്തിൽ വരുന്നതാണ്. എങ്കിലും ഓരോ വ്യക്തികളും ജനിച്ച സമയത്തെ അടിസ്ഥാനമാക്കിയുള്ള  വ്യക്തിജാതകം. വർഷ ജാതകം. രാഷ്ട്രജാതകം ഇവയനുസരിച്ച് ഗുണദോഷഫലങ്ങളുടെ തീവ്രതയിൽ ഏറ്റക്കുറച്ചിൽ അനുഭവത്തിൽ വരാവുന്നതാണ്. ഓരോനാളുകാരും അനുഷ്ഷ്ഠിക്കേണ്ട പരിഹാരങ്ങളും ഒപ്പം ചേർക്കുന്നു: 

അശ്വതി  

പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാഹനയാത്രകളില്‍ ശ്രദ്ധ പുലര്‍ത്തുക. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനം ലഭിക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത ഉണ്ടാവും. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. സുഹൃത്തുക്കളുടെ വിവാഹത്തില്‍ സംബന്ധിക്കും. വ്യവഹാരങ്ങളില്‍ വിജയമുണ്ടാവും. അശ്രദ്ധ വര്‍ധിച്ച് ചെറിയ വീഴ്ച. പരിക്ക് എന്നിവയ്ക്ക് സാധ്യത. പരിശ്രമിച്ച് കാര്യവിജയം നേടും. മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത അവസാനിക്കും. ലഹരിവസ്തുക്കളില്‍ നിന്ന് മുക്തി നേടാവുന്ന കാലമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി.  സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. സാമ്പത്തിക അച്ചടക്കം പാലിച്ച് കടങ്ങൾ വീട്ടാൻ സാധിക്കുന്ന കാലമാണ്. 

ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ചൊവ്വാഴ്‌ചകളിൽ വ്രതമെടുത്ത് സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുക.

ഭരണി  

മുടങ്ങിയപ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. ഭൂമിവിൽപ്പന വഴി സാമ്പത്തിക നേട്ടം. തൊഴിൽപരമായ ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന കാലമാണ്. ധനപരമായ ആനുകൂല്യം. സ്വന്തക്കാർക്ക് ഉണ്ടായിരുന്ന രോഗബാധശമിക്കും. വ്യവഹാരങ്ങളിൽ വിജയം. കൃഷിഭൂമിയിൽ നിന്ന് ധനലാഭം. തൊഴിൽ രംഗത്ത് അനുകൂലമായ സാഹചര്യം. പ്രവർത്തനവിജയം കൈവരിക്കും. സഹോദരങ്ങളെക്കൊണ്ടുള്ള അനുഭവഗുണം പ്രതീക്ഷിക്കാം. അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. പൊതുപ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. സുഹൃദ്സമാഗമം സന്തോഷം നൽകും. അവിചാരിത യാത്രകൾ വേണ്ടിവരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ നടത്തും. 

ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. ഭവനത്തിൽ ഭഗവതപാരായണം സ്വയംചെയ്യുക. ജന്മനാളിൽ വിഷ്ണു ക്ഷേത്രത്തിൽ  ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.

കാർത്തിക

 പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. സഹോദര സ്ഥാനീയർ മുഖേന കാര്യസാധ്യം. പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വർധിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ശമിക്കും. ബന്ധു ജന സഹായത്താൽ കാര്യവിജയം. തൊഴിൽരഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത. പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും. വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. കർമ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. 

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ശനിയാഴ്‌ചകളിൽ ഹനുമദ് ക്ഷേത്രദർശനം നടത്തി അവൽ. പഴം ഇവ നിവേദിക്കുക. ക്ഷേത്രത്തിൽ ഇരുന്ന് ജപം നടത്തുക.

 

രോഹിണി  

സാമ്പത്തിക കാര്യങ്ങളിൽ അധികശ്രദ്ധ പുലർത്തുക. കാലാവസ്ഥാജന്യരോഗ സാധ്യത. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. ഭാര്യാഭർത്തൃബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ. ധനപരമായി വിഷമതകൾ നേരിടും. പങ്കാളിത്ത ബിസിനസ് സുഹൃത്തുക്കളുമായി ഒത്തുചേർന്ന് ചെയ്യുന്ന പ്രവർത്തനങ്ങൾ എന്നിവയിൽ പ്രശ്നങ്ങൾഉണ്ടാവാം. തൊഴിൽപരമായവിഷമതകൾ. വിവാഹ ആലോചകളിൽ തീരുമാനം. തൊഴിൽരംഗത്ത് മടുപ്പേറിയ അനുഭവങ്ങൾ ഉണ്ടാകും. ബന്ധുജങ്ങളുമായി അഭിപ്രായഭിന്നത ഉടലെടുക്കും.സന്താനങ്ങൾക്ക് അനുകൂലകാലമാണ് അവർക്കുണ്ടായിരുന്ന രോഗദുരിതത്തിൽ ശമനം. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം. സർക്കാർ ആനുകൂല്യം പ്രതീക്ഷിക്കാം. 

ദോഷ ശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ജന്മനാളിൽ ഹനുമാൻ സ്വാമിയെ വണങ്ങി അവൽ നിവേദ്യം നടത്തുക ഒപ്പം പഴുത്തു തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. ഭവനത്തിൽ രാമായണം സുന്ദരകാണ്ഡം നിത്യേന പാരായണം ചെയ്യുക.

മകയിരം  

 

ശാരീരികവും മാനസികവുമായ ക്ഷീണം. പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറിനിൽക്കേണ്ടി വരും. ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല. സമയത്ത് ബന്ധുഗുണം ലഭിച്ചെന്ന് വരില്ല. സുഹൃത്തുക്കൾക്കായി പണം മുടക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. സ്വത്തുസംബന്ധമായ തർക്കത്തിൽ തീരുമാനം. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തും. ദാമ്പത്യപരമായി നിലനിന്നിരുന്ന ഭിന്നത ശമിക്കും. സന്താനങ്ങൾക്ക് ചെറിയ അരിഷ്ടതയ്ക്ക്  സാധ്യത. ഇന്റർവ്യൂ., മത്സരപ്പരീക്ഷകൾ, വിദേശയാത്രയ്ക്കുള്ള ശ്രമം എന്നിവയിൽ വിജയിക്കും. മുടങ്ങിക്കിടന്നിരുന്ന ഗൃഹനിർമാണം പുനരാരംഭിക്കും.

ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവ ഭജനം നടത്തുക. തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള മാല ചാർത്തിച്ച് മലർ നിവേദ്യം നിവേദ്യം നടത്തിക്കുക.

 

തിരുവാതിര  

 

സ്വദേശം വിട്ട് യാത്ര ചെയ്യേണ്ടിവരും. സ്വന്തം ബിസിനസിൽ മികച്ച നേട്ടം. അനാവശ്യഭീതികളിൽനിന്ന് മോചനം. ഔദ്യോഗിക രംഗത്ത് ഉയർച്ച. സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾ വഴി  കാര്യസാധ്യം. സുഹൃത്തുക്കളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. കർമ രംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. ക്ഷേത്രദർശനം. പുണ്യസ്ഥല സന്ദര്‍ശനം ഇവ നടത്തും. തൊഴിൽ രംഗത്തു മികവു പുലർത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും. രോഗദുരിതങ്ങളിൽനിന്ന് മോചനം. സ്വപ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. 

 

ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വെണ്ണ. കദളിപ്പഴം ഇവ നിവേദിക്കുക. നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക.

പുണർതം 

കഴിവുകൾക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്. ഒന്നിലധികം മാർഗങ്ങളിലൂടെ ധനാഗമം. വാഹനലാഭത്തിനു യോഗം. ബന്ധുക്കൾ വഴി കാര്യസാധ്യം. പ്രണയ ബന്ധങ്ങള്‍ക്ക് അംഗീകാരം. മുമ്പ് കടം നല്കിയിരുന്ന പണം തിരികെ കിട്ടും. ഗൃഹനിർമാണത്തിൽ പുരോഗതി. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. അതോടെ പലതരത്തിൽ നിലനിന്നിരുന്ന  സാമ്പത്തിക വിഷമതകൾ മാറിക്കിട്ടും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ അലസത വർധിക്കും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക്  കാര്യതീരുമാനം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത.

 

ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താ ഭജനം നടത്തുക. അദ്ദേഹത്തിന്റെ അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശനിയാഴ്ചകളിൽ നീരാഞ്ജനം കത്തിച്ചു തൊഴുത്തു പ്രാർഥിക്കുക.

 

പൂയം

കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. വിദേശത്തു നിന്നു തിരികെ നാട്ടിൽ എത്താൻ സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ കാര്യവിജയം കൈവരിക്കും. ബന്ധുജന സമാഗമം ഉണ്ടാകും. സര്‍ക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. സഹോദരസ്ഥാനീയരിൽനിന്നും  ഗുണാനുഭവം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നൽകുന്ന  വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പലകാര്യങ്ങളും നേടിയെടുക്കും. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ ഉന്നതവിജയം. വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. സന്താനഗുണം വർധിക്കും. ഊഹക്കച്ചവടത്തില്‍ വിജയം. ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. 

ദോഷശമനത്തിനായി ഗണപതി  ഭജനം നടത്തുക. നിത്യേന ഉദയത്തിൽ വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ സ്മരിച്ച്  പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

 

ആയില്യം 

ഭവനം മോടിപിടിപ്പിക്കും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദര ഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും. അവിചാരിത ധനലാഭം. വിദ്യാര്‍ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. പഴയ കാല സുഹൃത്തുക്കളുമായി സമാഗമം. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. രോഗശമനം ഉണ്ടാകും. വിദേശത്തുപോകാൻ ശ്രമിക്കുന്നവർക്ക് അതു സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ സംരംഭങ്ങളിൽ ഏർപ്പെട്ട് വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും. ആത്മീയ ഗുരുക്കളുടെ സാന്നിധ്യമുണ്ടാകും. സത്കര്‍മങ്ങളിൽ താൽപര്യം  വർധിക്കും. തൊഴില്‍ മേഖലയിൽ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും.

ദോഷ ശമനത്തിനായി ദേവീ ഭജനം നടത്തുക. ദേവീ ക്ഷേത്ര ദർശനം നടത്തി പഞ്ചാദുർഗ്ഗാമന്ത്രപുഷ്പാഞ്ജലി നടത്തിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഉപാസിക്കുക.

 

മകം  

ശാരീരികമോ മാനസികമോ ആയ ഒറ്റപ്പെടൽ അനുഭവിക്കും. പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ കഴിയാതെ വരും. അപ്രതീക്ഷിതമായ ഭാഗ്യഭംഗം ഉണ്ടാവാം. ഗൃഹനിർമാണത്തിൽ തടസ്സം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക്  പ്രശസ്തി. നിഷ്പ്രയാസം സാധിച്ചെടുക്കാമെന്നു കരുതിയ പല കാര്യങ്ങളിലും അവിചാരിത തടസ്സം. കുടുംബത്തില്‍ നില നിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. തീർഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങുവാൻ തീരുമാനമെടുക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ ലഭിക്കും. താൽക്കാലിക ജോലികള്‍ സ്ഥിരപ്പെടും. ഔദ്യോഗിക രംഗത്ത്നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. അകന്നിരുന്ന കുടുംബബന്ധങ്ങൾ അടുക്കും. ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സന്താനലാഭം  ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. 

ഗുണവർധനവിനും ദോഷശമനത്തിനുമായി ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക. ജന്മനാളിൽ ദേവിക്ക് കുങ്കുമാഭിഷേകം നടത്തിക്കുക.

പൂരം

വിദ്യാഭ്യാസപരമായും തൊഴില്‍പരമായും നേട്ടങ്ങൾ കൈവരിക്കും. വിദേശത്തു നിന്നുനാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ സാധിക്കുമെങ്കിൽ  ഒഴിവാക്കുക. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്‍ക്കോ അരിഷ്ടതകള്‍. അനുഭവിച്ചു കൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന് മോചനം. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. ഊഹക്കച്ചവടത്തില്‍ ഏർപ്പെടരുത്. ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞുകഴിയേണ്ടിവരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.  സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും.

ദോഷപരിഹാരത്തിനായി നാളിൽ ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവ നടത്തിച്ച് തൊഴുതു പ്രാർഥിക്കുക. സാധിക്കുന്നവർ ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം നടത്തുക.

ഉത്രം  

 

ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. പൂര്‍വികസ്വത്തു ലഭിക്കുവാൻ യോഗമുള്ള കാലമാണ്.  ഇടയ്ക്കിടെ ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം. തൊഴിൽപരമായ സ്ഥലംമാറ്റം ഉണ്ടാകും. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ബന്ധുഗൃഹങ്ങളിൽ  മംഗളകര്‍മങ്ങള്‍ നടക്കും. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയുവാൻ അവസരം പുതിയ പദ്ധതികളില്‍ പണം മുടക്കും. അതില്‍ നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളില്‍ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും.

ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വിഷ്ണു ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നെയ്‌വിളക്ക് കൊളുത്തുന്നതും തുളസിമാല ചാർത്തിക്കുന്നതും ഉത്തമം.

 

അത്തം

 ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ശമിക്കും. കുടുംബത്തിൽ ബന്ധു ജനങ്ങള്‍ മുഖേന കലഹങ്ങൾക്കു സാധ്യത. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. സുഹൃത്തുക്കളുടെ വിവാഹത്തിൽ സംബന്ധിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗഅരിഷ്ടതകൾക്ക് സാധ്യത. വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ കൈവരിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം. സഹോദരങ്ങള്‍ക്കു വേണ്ടി പണച്ചെലവ്. ഊഹക്കച്ചവടം. ലോട്ടറി എന്നിവയില്‍ ഏർപ്പെടുവാൻ അനുകൂല സമയമാണ്. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാന്‍ ആലോചിക്കും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടു നിന്നിരുന്നവര്‍ക്ക് തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഔഷധങ്ങളില്‍ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്.

ജന്മ നാളിൽ  ക്ഷേത്രത്തിൽ ദർശനം നടത്തി ഗണപതി ഹോമം നടത്തിക്കുക. നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക .

 

ചിത്തിര 

ബന്ധുജനങ്ങളുമായി അടുപ്പം ദൃഢമാകും. പിതാവിന് അരിഷ്ടതകള്‍. പ്രതികൂലമായി നിന്നിരുന്നവര്‍ അനുകൂലരാകും. അനാരോഗ്യം മൂലം മുൻ തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടിവരും. വിദേശസഞ്ചാരം സാധ്യമാകും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടിവയ്‌ക്കേണ്ടിവരും. ലഹരിവസ്തുക്കളില്‍ താല്പര്യം വര്‍ധിക്കും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്. ബന്ധുജന സഹായത്തിനു ശ്രമിച്ചാല്‍ വിജയിക്കും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങൾ. ബന്ധുജന സഹായം വഴി സാമ്പത്തിക വിഷമതകൾ മറികടക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സപ്പെട്ടു കിടന്നിരുന്ന പ്രമോഷന്‍ ലഭിക്കും. ഉദ്യോഗാർഥികൾ ഇന്‍റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കുവാനും സാധ്യത. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.

 

ദോഷ ശമനത്തിനും ഗുണവർധനവിനുമായി ധർമശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളിൽ ശാസ്താവിങ്കൽ നീരാഞ്ജനം കത്തിക്കുക. എള്ള് പായസനിവേദ്യം നടത്തിക്കുന്നതും ഉത്തമം.

 

ചോതി 

ഉറ്റ സുഹൃത്തുക്കളുടെ ഇടപെടല്‍ മൂലം നേട്ടങ്ങൾ. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. മത്സരപ്പരീക്ഷ, ഇന്‍റര്‍വ്യൂ ഇവയില്‍ വിജയിക്കും. പുതിയ ഗൃഹോപകരണങ്ങൾക്കായി  പണം മുടക്കും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകൾ നേരിടേണ്ടിവരും. സഞ്ചാരക്ലേശം വര്‍ധിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാനും സാധ്യത കാണുന്നു. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങൾ വീട്ടുവാന്‍ സാധിക്കും. സന്താനങ്ങള്‍ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.

ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്‌ണസ്വാമിക്ക് വെണ്ണ. അവൽ ഇവ നിവേദിക്കുക

 

വിശാഖം 

 തൊഴിലന്വേഷകര്‍ക്ക് അനുകൂല ഫലം. ബന്ധുജന സഹായം വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകള്‍ തീരുമാനത്തിലെത്തും. കടങ്ങള്‍ വീട്ടുവാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുവാനും സാധിക്കും. വ്യവഹാരങ്ങളിൽ  വിജയം നേടും. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശംസ ലഭിക്കും. വാഹനത്തിനോ വീടിനോ അറ്റകുറ്റപ്പണികള്‍ വേണ്ടിവരാം. സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹൃതമാകും. പെരുമാറ്റത്തില്‍ കൃത്രിമത്വം കലര്‍ത്തി വിരോധം സമ്പാദിക്കും. ബന്ധുജന ഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതിയുണ്ടാവും. സ്വജനങ്ങൾക്ക് ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കുടുംബസമേതം വിനോദങ്ങൾ, കലാപരിപാടികളില്‍ എന്നിവയിൽ സംബന്ധിക്കും.  

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവഭജനം നടത്തുക. ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശിവങ്കൽ എള്ളെണ്ണ വിളക്കിൽ ഒഴിപ്പിച്ചു പ്രാർഥിക്കുക. യഥാശക്തി അന്നദാനം നടത്തുക.

 

അനിഴം

 

അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും. ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത് പുണ്യസ്ഥല സന്ദർശനം നടത്തും. ദീർഘദൂര യാത്രയ്ക്കായി പണച്ചെലവ്. ത്വക് രോഗ സാധ്യത. പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കാവുന്ന കാലമാണ്. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും. സന്താനങ്ങൾക്ക് രോഗാരിഷ്ടത. വിദ്യാർഥികൾക്ക് പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും. കലാ കായിക രംഗത്ത് നേട്ടങ്ങൾ. ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം.  ഉദ്യോഗാർഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. തൊഴിൽ പരമായ മേന്മയുണ്ടാവും. 

ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. നിത്യേന ഭവനത്തിൽ വിഷ്ണു ഭജനം നടത്തുക. സാധുജനത്തിന് അന്നദാനം നടത്തുകയും വേണം.

 

തൃക്കേട്ട 

തൊഴില്‍ മേഖലയിൽ അഭിവൃദ്ധി. ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക്  പ്രശസ്തി. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പണമിടപാടുകളിൽ കൃത്യതപുലർത്തും. ഗൃഹനിർമാണം പൂർത്തീകരിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പലകാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബബന്ധങ്ങൾ അടുക്കും. ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കള്‍ മിത്രങ്ങളായി മാറും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയബന്ധിതർക്ക് സാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പ്രവര്‍ത്തനരംഗത്ത് ഉയർച്ച അനുഭവപ്പെടും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കും. കുടുംബസുഖം ബന്ധുഗുണം ഇവയുണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. പഠനനിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങൾ  കൈവരിക്കും. 

ഗുണവർധനവിനും ദോഷ ശമനത്തിനുമായി  ശിവഭജനം നടത്തുക. ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണാമൂർത്തി ഭാവത്തിൽ  സങ്കൽപ്പിച്ചു നെയ്‌വിളക്ക് കത്തിക്കുക.

 

മൂലം 

വ്യാപാരം. മറ്റു ബിസിനസ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ജീവിതപങ്കാളിയില്‍ നിന്ന് ഉറച്ച പിന്തുണ ലഭിക്കും.  പ്രണയബന്ധിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. വിദേശത്തു നിന്നും നാട്ടില്‍ തിരികെയെത്തും. ഗൃഹനിർമാണത്തിനായി ബാങ്കുകളില്‍ നിന്ന് ലോണ്‍ പാസായിക്കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില്‍ നിന്നു മോചനം. വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി പിടിപെടും. വളര്‍ത്തു മൃഗങ്ങളാല്‍ പരുക്കേല്‍ക്കാതെ ശ്രദ്ധിക്കുക. സഹായ വാഗ്ദാനത്തിൽ നിന്ന് സുഹൃത്തുക്കള്‍ പിൻവാങ്ങും. പുതിയ ആഭരണം വാങ്ങുവാൻ സാധിക്കുന്ന കാലമാണ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും.

ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വ്രതമെടുക്കുക. വിഷ്ണു അഷ്ടോത്തര ജപം നടത്തുക. വിഷ്ണുവിന് ജന്മനാളിൽ പാൽപ്പായസം നിവേദിക്കുക.

പൂരാടം 

 

മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വാഹനം മാറ്റി വാങ്ങും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. ഗൃഹ നിർമാണത്തിനായി കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദേശത്തുനിന്നു നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. നേത്രരോഗ ബാധ ഉണ്ടാവാം. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകൾക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാനും സാധ്യത ഉണ്ട്. ജീവിതപങ്കാളിക്ക് തൊഴിൽപരമായ ഉന്നതി. മാതാപിതാക്കൾക്ക് ആരോഗ്യപരമായ അരിഷ്ടതകള്‍.

ദോഷശമനത്തിനായി സുബ്രഹ്മണ്യ ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക കൂടാതെ. നാളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തിക്കുക.

ഉത്രാടം 

ഉത്തരവാദിത്തങ്ങൾ വർധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.   ബിസിനസിൽ മികവ് പുലർത്തും. സാമ്പത്തികമായി വിഷമതകൾ നേരിടും. മേലധികാരികൾ. തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. യാത്രകൾ വേണ്ടിവരും. സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. ഭൂമി വിൽപ്പനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സന്താനഗുണമനുഭവിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും. 

ദോഷ പരിഹാരത്തിനായി ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.

തിരുവോണം

ധനപരമായി അനുകൂല സമയമല്ല. കർമരംഗത്ത് ഉന്നതി.  സൗഹൃദങ്ങളിൽ ഉലച്ചിൽ.  പൊതു പ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. പ്രവർത്തനങ്ങളിൽ അലസത തരണം ചെയ്ത് മുന്നേറേണ്ടിവരും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യ വർധന.  ബിസിനസ്സിൽ പുരോഗതി. മാനസികമായ സംതൃപ്തി. മംഗള കർമങ്ങളിൽ സംബന്ധിക്കും. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. തൊഴിൽപരമായ യാത്രകൾ. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം. കുടുംബ സൗഖ്യം. പരീക്ഷാ വിജയം. ഇടയ്ക്കിടെ വാത ജന്യ രോഗങ്ങൾ മൂലം വിഷമിക്കും. ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക.  ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമ ശാസ്താവിനെ ഭജിക്കുക. ശനിയാഴ്‌ചകളിൽ ശാസ്താ ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക.

 

അവിട്ടം

ബന്ധു ജനസഹായം കുറയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്.  കലാരംഗത്തു പ്രവൃത്തിക്കുന്നവർക്ക്  തടസ്സങ്ങൾ. അനാവശ്യ ചിന്തകൾ മനസ്സിൽ നിറയും. പ്രവർത്തനപരമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. ഭക്ഷണ സുഖം കുറയും . എല്ലുകൾക്കും പല്ലുകൾക്കും രോഗ സാധ്യത. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും. ബന്ധുഗുണവർധന. ആഡംബര വസ്തുക്കളിൽ താൽപര്യം വർധിക്കും. മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമാണത്തിൽ ചെലവ് വര്‍ധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. 

 

ദോഷ ശമനത്തിനും  ഗുണവർധനവിനുമായി  ദേവീ ഭജനം നടത്തുക. ജന്മനാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗാ മന്ത്ര പുഷ്‌പാഞ്‌ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക.

 

ചതയം  

പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താത്പര്യം വർധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ ഭാഗികമായി വിജയിക്കും. സ്വന്തം പ്രവർത്തനഫലമായി അപവാദം കേൾക്കേണ്ടതായി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിത്തിൽ ചെറിയ അസ്വാരസ്യങ്ങൾ. മാതാവിന് ശാരീരിക അസുഖങ്ങൾ തുടർന്ന് വൈദ്യ സന്ദർശനം വേണ്ടിവരും. സാമ്പത്തിക വിഷമങ്ങൾ നേരിടും. തൊഴിൽപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക്  അല്പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും. സഹോദര സ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാധ്യത. ആരോഗ്യപരമായി ഇടവിട്ട് അസ്വസ്ഥതകൾ. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് എതിർപ്പുകൾ തരണം ചെയ്യേണ്ടി വരും. ഗൃഹത്തില്‍ മംഗളകർമങ്ങൾ നടക്കും.  

ദോഷ ശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിക്ക് കദളിപ്പഴ നിവേദ്യം നടത്തിക്കുക.

 

പൂരുരുട്ടാതി 

സന്താനങ്ങൾക്കായി പണച്ചെലവ്. ദേഹസുഖം കുറയുന്ന കാലമാണ്. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി ചെറിയ അഭിപ്രായ ഭിന്നത. തൊഴിൽ സംബന്ധമായുള്ള  യാത്രകളും വേണ്ടിവരും. ആഗ്രഹങ്ങൾ നിറവേറും. രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. ജല ജന്യ രോഗങ്ങൾ പിടിപെടാം. തൊഴിൽപരമായുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. അനാവശ്യ മാനസിക ഉത്ക്കണ്ഠമൂലം ഗൃഹസുഖം കുറയാതെ ശ്രദ്ധിക്കുക. ബന്ധുജന സമാഗമം ഉണ്ടാകും. ഉദരസംബന്ധമായ വിഷമതകൾക്കായി ഔഷധ സേവ വേണ്ടിവരും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാധ്യത. മുതിർന്ന കുടുംബംഗങ്ങൾക്ക് അരിഷ്ടത. 

ദോഷ ശമനത്തിനായി ശ്രീകൃഷ്ണ ഭജനം നടത്തുക. സാധിക്കുന്ന ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ സ്വാമിയെ ദർശിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു കൊളുത്തി ജപം നടത്തുക.

 

ഉത്തൃട്ടാതി

 ജീവിത പങ്കാളിക്ക് രോഗദുരിത സാധ്യത. ആരോഗ്യപരമായ വിഷമതകൾ ഉടലെടുക്കും. തൊഴിലിൽ നല്ല മാറ്റങ്ങൾ നേട്ടങ്ങൾ എന്നിവയുണ്ടാകും. മാനസിക സന്തോഷം വർധിക്കും. കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. ബന്ധു ഗുണമനുഭവിക്കും. യാത്രകൾ കൂടുതലായി വേണ്ടിവരും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ എന്നിവ മൂലം ഇടയ്ക്ക് മനോവിഷമം. പഠനത്തിലും ജോലിയിലും അലസത നേരിടും. സത്കർമങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും. വാക്‌ദോഷം മൂലം അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കാലാവസ്ഥാജന്യ രോഗ സാധ്യത. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം ഉടലെടുക്കും. സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി. ഔഷധ സേവ അവസാനിപ്പിക്കുവാൻ കഴിയും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

 

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവഭജനം. ജന്മ നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ഒപ്പം ദേവീ ക്ഷേത്രത്തിൽ ചുവന്ന പുഷ്പങ്ങളാൽ അർച്ചന നടത്തിക്കുക.

 

രേവതി 

 

മാനസിക നിരാശ വർധിക്കും. പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലി സാധ്യത. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കുവാൻ കഴിയാതെ വരും. ഗൃഹത്തില്‍ നവീകരണ പ്രവർത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം ഏറിയും കുറഞ്ഞുമിരിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും മനസിന് സുഖം ലഭിക്കും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. സാമ്പത്തികപരമായ വിഷമതകൾ നേരിടും. 

ഗുണവർധനവിനും ദോഷ ശമനത്തിനുമായി ശാസ്താ ഭജനം നടത്തുക. ശാസ്‌താവിങ്കൽ ദർശനം നടത്തി എള്ളു പായസ നിവേദ്യം.  പുഷ്പാഞ്ജലി ഇവ നടത്തിക്കുക.

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Vishu Prediction 2022 by Sajeev Shasthram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com