ADVERTISEMENT

സർവ്വേശ്വരകാരകൻ എന്നറിയപ്പെടുന്ന വ്യാഴം 2022 ഏപ്രിൽ 13 ന് പകൽ 03. 47 ന് വ്യാഴം തന്റെ സ്വക്ഷേത്രമായ മീനം രാശിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. 2023 ഏപ്രിൽ 22 വരെ മീനം രാശിയിൽ തുടരും. ഇക്കാലത്തിനിടയിൽ 2022 ജൂലൈ 29 മുതൽ നവംബർ 24 വരെ വക്രത്തിലായിരിക്കും. 2022 മാർച്ച് 28 മുതൽ ഏപ്രിൽ 27 വരെ മൗഢ്യത്തിലുമായിരിക്കും. ഇപ്പോഴത്തെ രാശി മാറ്റത്തിൽ ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള ഫലങ്ങളും ഓരോ നാളുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിഹാരങ്ങളും ഇവിടെ ചേർക്കുന്നു.

 

 

അശ്വതി

 

പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലി സാധ്യത. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടി വരും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ഉയര്‍ന്ന വിജയം വിദ്യാഭ്യാസപരമായും തൊഴിൽപരമായും  കൈവരിക്കും. 

 

ഗുണവർധനവിനും ദോഷ ശമനത്തിനുമായി ശാസ്താ ഭജനം നടത്തുക. ശാസ്‌താവിങ്കൽ ദർശനം നടത്തി എള്ളു പായസ നിവേദ്യം,  പുഷ്പാഞ്ജലി ഇവ നടത്തിക്കുക. 

 

ഭരണി   

 

ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടാനിടയുണ്ട്, രോഗദുരിതങ്ങള്‍ അനുഭവിക്കാനിടയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക. ഗൃഹാന്തരീക്ഷത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാം. സ്ത്രീജനങ്ങള്‍ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. സുഹൃത്തുക്കളുടെ വിവാഹത്തില്‍ സംബന്ധിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം. അശ്രദ്ധ വര്‍ധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. പരിശ്രമിച്ച് കാര്യവിജയം നേടും. കൂട്ടുകെട്ടുകൾ മൂലം ആപത്തില്‍ പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെ വരും. 

 

ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ചൊവ്വാഴ്ചകളിൽ വ്രതമെടുത്ത്. സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുക.

 

 

കാർത്തിക   

 

മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും, സ്വന്തക്കാർക്ക് ഉണ്ടായിരുന്ന രോഗബാധ ശമിക്കും. വ്യവഹാരങ്ങളിൽ വിജയം, കൃഷിഭൂമിയിൽ നിന്ന് ധനലാഭം, തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും. സഹോദരങ്ങളെക്കൊണ്ടുള്ള അനുഭവഗുണം പ്രതീക്ഷിക്കാം. അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും, തൊഴിൽമേഖല ശാന്തമാകും, വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അധിക ശ്രദ്ധപുലർത്തുക. പൊതുപ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും, തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും.

 

ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. ഭവനത്തിൽ ഭഗവതപാരായണം സ്വയം ചെയ്യുക. ജന്മനാളിൽ വിഷ്ണു ക്ഷേത്രത്തിൽ  ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.

 

രോഹിണി : 

 

പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ധിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. അന്യജന സഹായത്താൽ കാര്യവിജയം. തൊഴിൽരഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത. പൊതുപ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും. വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. കർമരംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. 

 

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ശനിയാഴ്‌ചകളിൽ ഹനുമദ് ക്ഷേത്രദർശനം നടത്തി അവൽ, പഴം ഇവ നിവേദിക്കുക. ക്ഷേത്രത്തിൽ ഇരുന്ന് ജപം നടത്തുക.

 

മകയിരം 

 

ബുദ്ധിമുട്ടുനിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. ഭാര്യാഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ. ധനപരമായി വിഷമതകൾ നേരിടും, സുഹൃത്തുക്കളുമായി ഒത്തുചേർന്ന് ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാവാം, തൊഴിൽപരമായ വിഷമതകൾ, ബന്ധുജങ്ങളുമായി അഭിപ്രായഭിന്നത ഉടലെടുക്കും, സന്താനങ്ങൾക്ക് അനുകൂലകാലമാണ്. അവർക്കുണ്ടായിരുന്ന രോഗദുരിതത്തിൽ ശമനം, മുൻകാലനിക്ഷേപങ്ങളിൽ നിന്ന് നേട്ടം, സർക്കാർ ആനുകൂല്യം പ്രതീക്ഷിക്കാം. 

 

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ജന്മനാളിൽ ഹനുമാൻ സ്വാമിയെ വണങ്ങി അവൽ നിവേദ്യം നടത്തുക. ഒപ്പം പഴുത്തു തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. ഭവനത്തിൽ രാമായണം സുന്ദരകാണ്ഡം നിത്യേന പാരായണം ചെയ്യുക.

 

തിരുവാതിര  

 

സ്വയംതൊഴിലിൽ ധനനഷ്ടം, ശാരീരികവും മാനസികവുമായ ക്ഷീണം, പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറിനിൽക്കേണ്ടി വരും, ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല, സമയത്ത് ബന്ധുഗുണം ലഭിച്ചെന്ന് വരില്ല. സുഹൃത്തുക്കൾക്കായി പണം മുടക്കും, മംഗള കർമങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും. 

 

ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവ ഭജനം നടത്തുക. തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള മാല ചാർത്തിച്ച് മലർ നിവേദ്യം നടത്തിക്കുക. 

 

പുണർതം  

 

സ്വന്തം ബിസിനസ്സിൽ മികച്ച നേട്ടം. അനാവശ്യഭീതികളിൽ നിന്ന് മോചനം. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. ക്ഷേത്രദർശനം, പുണ്യസ്ഥല സന്ദര്‍ശനം ഇവ നടത്തും. തൊഴിൽരംഗത്തു മികവു പുലർത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും.  രോഗദുരിതങ്ങളിൽനിന്ന് മോചനം. സ്വന്തപ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. ഭക്ഷണത്തിൽ അധികമായ താല്പര്യമേറും. 

 

ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം ഇവ നിവേദിക്കുക. നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക.

 

പൂയം 

 

കഴിവുകൾക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. അതോടെ പലതരത്തിൽ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകൾ മാറിക്കിട്ടും, സ്വയംതൊഴിൽ ചെയ്യുന്നവർക്ക് പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരും. ജീവിതപങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ അലസത വർധിക്കും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക് കാര്യതീരുമാനം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത.

 

ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താ ഭജനം നടത്തുക. അദ്ദേഹത്തിന്റെ അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശനിയാഴ്ചകളിൽ നീരാഞ്ജനം കത്തിച്ചു തൊഴുതു പ്രാർഥിക്കുക.

 

ആയില്യം   

 

ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ ഒഴിവാകും. അവിചാരിത ബന്ധുജന സമാഗമം ഉണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്‍കുന്നവാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും, സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പലകാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. കർമരംഗം പുഷ്ടിപ്പെടും. മംഗളകര്‍മങ്ങളിൽ പങ്കെടുക്കും. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും. ഊഹക്കച്ചവടത്തില്‍ വിജയം. ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. 

 

ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. നിത്യേന ഉദയത്തിൽ വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ സ്മരിച്ച്  പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

 

മകം  

 

ആരോഗ്യപരമായ വിഷമതകൾ. സ്വന്തം ഗൃഹത്തില്‍ നിന്നും മാറി നില്ക്കേണ്ടിവരും. സാമ്പത്തിക സ്ഥിതി ഏറിയും കുറഞ്ഞുമിരിക്കും, ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരം നേടും. ആത്മീയ ഗുരുക്കളുടെ സാന്നിധ്യമുണ്ടാകും. സത്കര്‍മങ്ങളിൽ താല്പര്യം വർധിക്കും. തൊഴില്‍ മേഖലയിൽ അഭിവൃദ്ധി, ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. തൊഴിൽ രംഗത്ത് മത്സരം നേരിടും. 

 

ദോഷ ശമനത്തിനായി ദേവീ ഭജനം നടത്തുക. ദേവീ ക്ഷേത്രദർശനം നടത്തി പഞ്ചദുർഗാ മന്ത്ര പുഷ്പാഞ്ജലി നടത്തിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഉപാസിക്കുക.

 

പൂരം  

 

കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. തീര്‍ഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങുവാൻ തീരുമാനമെടുക്കും. ഉദ്യോഗാര്‍ഥികൾക്ക് ജോലി ലഭിക്കും. താല്ക്കാലിക ജോലികള്‍ സ്ഥിരപ്പെടും. വ്യാപാര വിജയം. ഔദ്യോഗിക രംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. പണമിടപാടുകളിൽ കൃത്യത പുലർത്തും, സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പലകാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. ഔദ്യോഗിക രംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യ നിലതൃപ്തികരമാകും. 

 

ഗുണവർധനവിനും ദോഷശമനത്തിനുമായി ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക. ജന്മനാളിൽ ദേവിക്ക് കുങ്കുമാഭിഷേകം നടത്തിക്കുക.

 

ഉത്രം 

 

മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്‍ക്കോ അരിഷ്ടതകള്‍. അനുഭവിച്ചു കൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന് മോചനം. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും.

 

ദോഷപരിഹാരത്തിനായി നാളിൽ ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവ നടത്തിച്ച് തൊഴുതു പ്രാർഥിക്കുക. സാധിക്കുന്നവർ ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം നടത്തുക.

 

അത്തം   

 

ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ബന്ധുഗൃഹങ്ങളിൽ മംഗളകര്‍മങ്ങള്‍ നടക്കും. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയുവാൻ അവസരം പുതിയ പദ്ധതികളില്‍ പണം മുടക്കും. അതില്‍ നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളില്‍ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതക‍ള്‍ ശമിക്കും. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും. 

 

ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വിഷ്ണു ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നെയ് വിളക്ക് കൊളുത്തുന്നതും തുളസിമാല ചാർത്തിക്കുന്നതും ഉത്തമം.

 

ചിത്തിര

 

തൊഴിൽ സംബന്ധമായി ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടിവരും. സുഹൃത്തുക്കളുടെ വിവാഹത്തില്‍ സംബന്ധിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗാരിഷ്ടതകൾക്ക് സാധ്യത. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാന്‍ ആലോചിക്കും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നും വിട്ടു നിന്നിരുന്നവര്‍ക്ക് തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഔഷധങ്ങളില്‍ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്.

 

ജന്മനാളിൽ ക്ഷേത്രത്തിൽ ദർശനം നടത്തി ഗണപതി ഹോമം നടത്തിക്കുക. നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക. 

 

ചോതി  

 

വിദേശസഞ്ചാരം സാധ്യമാകും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടിവയ്‌ക്കേണ്ടിവരും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക, ബന്ധുജന സഹായത്തിനു ശ്രമിച്ചാല്‍ വിജയിക്കുകയില്ല. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങൾ. ബന്ധുജന സഹായം വഴി സാമ്പത്തിക വിഷമതകൾ മറികടക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സപ്പെട്ടു കിടന്നിരുന്ന പ്രമോഷന്‍ ലഭിക്കും. ഉദ്യോഗാർഥികൾ ഇന്‍റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും. സന്താനഗുണമനുഭവിക്കും.

 

ദോഷ ശമനത്തിനും ഗുണവർധനവിനുമായി ധർമ ശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളിൽ ശാസ്താവിങ്കൽ നീരാഞ്ജനം കത്തിക്കുക. എള്ള് പായസനിവേദ്യം നടത്തിക്കുന്നതും ഉത്തമം.

 

വിശാഖം 

 

ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം അനുഭവിക്കും. അന്യരുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും. സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കു പണം മുടക്കും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടിവരും. സഞ്ചാരക്ലേശം വര്‍ധിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാനും സാധ്യത കാണുന്നു. നേത്രരോഗ സാധ്യത.

 

ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്‌ണസ്വാമിക്ക് വെണ്ണ, അവൽ ഇവ നിവേദിക്കുക.

 

അനിഴം  

 

സഹോദരങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളില്‍ വിജയം നേടും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക് പരുക്കിനു സാധ്യത. സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹൃതമാകും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതിയുണ്ടാവും. ഇരുചക്ര വാഹനം വാങ്ങും. സ്വജനങ്ങളില്‍ ആര്‍ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കുടുംബസമേതം വിനോദങ്ങൾ കലാപരിപാടികളില്‍ എന്നിവയിൽ സംബന്ധിക്കും.

 

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവഭജനം നടത്തുക. ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശിവങ്കൽ എള്ളെണ്ണ വിളക്കിൽ ഒഴിപ്പിച്ചു പ്രാർഥിക്കുക യഥാ ശക്തി അന്നദാനം നടത്തുക.

 

തൃക്കേട്ട  

 

ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും, ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും, സന്താനങ്ങൾക്ക് രോഗാരിഷ്ടത, സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ശമിക്കുകയും ചെയ്യും, വിദ്യാർഥികൾക്ക്  പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും. കലാ കായിക രംഗത്ത് നേട്ടങ്ങൾ. ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം,  ഉദ്യോഗാർഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം, തൊഴിൽപരമായ മേന്മയുണ്ടാവും.

 

ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. നിത്യേന ഭവനത്തിൽ വിഷ്ണു ഭജനം നടത്തുക. സാധുജനത്തിന് അന്നദാനം നടത്തുകയും വേണം.

 

 

മൂലം  

 

പണമിടപാടുകളിൽ കൃത്യത പുലർത്തും, ഗൃഹനിർമാണം പൂർത്തീകരിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പലകാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബബന്ധങ്ങൾ അടുക്കും. ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കള്‍ മിത്രങ്ങളായി മാറും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയബന്ധിതർക്ക് സാഫല്യം. ബിസിനസില്‍ നേട്ടങ്ങൾ കൈവരിക്കും.

 

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവഭജനം നടത്തുക. ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണാമൂർത്തി ഭാവത്തിൽ  സങ്കൽപ്പിച്ചു നെയ്‌വിളക്ക് കത്തിക്കുക.  

 

പൂരാടം 

 

വ്യാപാരം, മറ്റു ബിസിനസ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക വിഷമമുണ്ടാകും. വിദേശത്തു നിന്നും നാട്ടില്‍ തിരികെയെത്തും. ഗൃഹനിർമാണത്തിനായി ബാങ്കുകളില്‍ നിന്ന് ലോണ്‍ പാസായിക്കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില്‍ നിന്നു മോചനം. വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. പുതിയ വാഹനം  വാങ്ങുവാൻ സാധിക്കുന്ന കാലമാണ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും.

 

ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വ്രതമെടുക്കുക. വിഷ്ണു അഷ്ടോത്തര ജപം നടത്തുക. വിഷ്ണുവിന് ജന്മനാളിൽ പാൽപ്പായസം നിവേദിക്കുക.

 

ഉത്രാടം  

 

പണമിടപാടുകളിൽ ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ഉയര്‍ന്ന വിജയം വിദ്യാഭ്യാസപരമായും തൊഴില്‍പരമായും കൈവരിക്കും. വിദേശത്തുനിന്നു നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. നേത്രരോഗ ബാധ.

 

ദോഷശമനത്തിനായി സുബ്രഹ്മണ്യ ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക കൂടാതെ നാളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തിക്കുക.

 

തിരുവോണം : 

 

ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്. ബിസിനസ്സിൽ മികവ് പുലർത്തും, സാമ്പത്തികമായി വിഷമതകൾ നേരിടും. മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ, യാത്രകൾ വേണ്ടിവരും, ആരോഗ്യപരമായ വിഷമതകളുണ്ടാവും.   സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും, വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും, ഭൂമി വിൽപ്പനയിൽ തീരുമാനം, ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം, സന്താനഗുണമനുഭവിക്കും.  

 

ദോഷ പരിഹാരത്തിനായി ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.

 

അവിട്ടം   

 

പ്രവർത്തനങ്ങളിൽ അലസത തരണം ചെയ്ത് മുന്നേറേണ്ടിവരും ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും, സന്താന ഗുണമനുഭവിക്കും, കുടുംബ സൗഖ്യ വർധന, ബിസിനസ്സിൽ പുരോഗതി, മാനസികമായ സംതൃപ്തി, മംഗള കർമങ്ങളിൽ സംബന്ധിക്കും, താൽക്കാലിക ജോലികൾ സ്ഥിരപ്പെടും, തൊഴിൽപരമായ യാത്രകൾ, ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം, കുടുംബസൗഖ്യം, പരീക്ഷാ വിജയം, വാതജന്യ രോഗങ്ങൾ മൂലം വിഷമിക്കും, ആരോഗ്യകാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. 

 

ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമ ശാസ്താവിനെ ഭജിക്കുക. ശനിയാഴ്‌ചകളിൽ ശാസ്താ ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക.

 

ചതയം  

 

കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി, അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും, പ്രവർത്തനപരമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. യാത്രകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും, എല്ലുകൾക്കും പല്ലുകൾക്കും  രോഗസാധ്യത, ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും, ബന്ധുഗുണവർധന. ആഡംബര വസ്തുക്കളിൽ താല്‍പര്യം വർധിക്കും. മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. 

 

ദോഷശമനത്തിനും ഗുണവർധനവിനുമായി ദേവീ ഭജനം നടത്തുക. ജന്മനാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗാ മന്ത്ര പുഷ്‌പാഞ്‌ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക .

 

പൂരുരുട്ടാതി  

 

തൊഴിലിനായുള്ള പരിശ്രമങ്ങളിൽ ഭാഗികമായി വിജയിക്കും. സ്വന്തം പ്രവർത്തനഫലമായി അപവാദം കേൾക്കേണ്ടതായി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻ കോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിത്തിൽ ചെറിയ അസ്വാരസ്യങ്ങൾ. മാതാവിന് ശാരീരിക അസുഖങ്ങൾ തുടർന്ന് വൈദ്യ സന്ദർശനം വേണ്ടിവരും. പലവിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴിൽപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും സഹോദര സ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും. 

 

ദോഷ ശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വെള്ളിയാഴ്‌ചകളിൽ ഗണപതിക്ക് കദളിപ്പഴ നിവേദ്യം നടത്തിക്കുക.

 

ഉത്തൃട്ടാതി  

 

സന്താനങ്ങൾക്കായി പണച്ചെലവ്, തൊഴിൽസംബന്ധമായുള്ള യാത്രകൾ വേണ്ടിവരും, ആഗ്രഹങ്ങൾ നിറവേറും, രോഗദുരിതത്തിൽ ശമനം, ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും, ജലജന്യ രോഗങ്ങൾ പിടിപെടാം, തൊഴിൽപരമായുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. അനാവശ്യ മാനസിക ഉത്ക്കണ്ഠമൂലം ഗൃഹസുഖം കുറയാതെ ശ്രദ്ധിക്കുക, പ്രവർത്തനവിജയം കൈവരിക്കും. ബന്ധുജന സമാഗമം ഉണ്ടാകും, ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാധ്യത, ആഹാരകാര്യത്തിൽ ശ്രദ്ധ കുറയും, മുതിർന്ന കുടുംബംഗങ്ങൾക്ക് അരിഷ്ടത.

 

ദോഷ ശമനത്തിനായി ശ്രീകൃഷ്ണ ഭജനം നടത്തുക. സാധിക്കുന്ന ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ സ്വാമിയെ ദർശിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു കൊളുത്തി ജപം നടത്തുക.

 

രേവതി 

 

ജീവിത പങ്കാളിക്ക് നേട്ടങ്ങൾ, ആരോഗ്യപരമായ വിഷമതകൾ ശമിക്കും, തൊഴിലിൽ നല്ല മാറ്റങ്ങൾ നേട്ടങ്ങൾ എന്നിവയുണ്ടാകും. മാനസിക സന്തോഷം വർധിക്കും, കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും, ബന്ധു ഗുണമനുഭവിക്കും, യാത്രകൾ കൂടുതലായി വേണ്ടിവരും, കാലാവസ്ഥാജന്യ രോഗസാധ്യത, ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം ഉടലെടുക്കും. സുഹൃദ് സഹായം വർധിക്കും, ഗൃഹ നിർമാണത്തിൽ പുരോഗതി. ഔഷധ സേവ അവസാനിപ്പിക്കുവാൻ കഴിയും. 

 

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം. ജന്മനാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ഒപ്പം ദേവീ ക്ഷേത്രത്തിൽ ചുവന്ന പുഷ്പങ്ങളാൽ അർച്ചന നടത്തിക്കുക.


ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700English Summary : Effect of Jupiter Transit 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com