ADVERTISEMENT

2022 ഓഗസ്റ്റ് മാസം 27 നക്ഷത്രക്കാർക്കും (12 രാശിക്കാർക്കും) എങ്ങനെയായിരിക്കും എന്ന് നമുക്ക് പരിശോധിക്കാം. 

 

സൂര്യൻ കർക്കടക രാശിയിലും ചിങ്ങരാശിയിൽ സ്വക്ഷേത്ര ബലവാനായും നിൽക്കുന്നു. ചന്ദ്രൻ ഏറ്റവും സഞ്ചാര ദൈർഘ്യമുള്ള ഗ്രഹമായതിനാൽ 3 ദിവസത്തിനുള്ളില്‍ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. കുജൻ മേടത്തിലും ഇടവത്തിലുമായി നിൽക്കുന്നു. ബുധൻ ചിങ്ങത്തിലും കന്നിയിൽ ഉച്ചസ്ഥനായും സ്വക്ഷേത്രത്തിൽ ബലവാനായും നിൽക്കുന്നു. ഗുരു സ്വക്ഷേത്ര ബലവാനായി മീനം രാശിയിലും ശുക്രൻ മിഥുനത്തിലും കർക്കടകത്തിലുമായി നിൽക്കുന്നു. രാഹു കേതുക്കൾ മേടത്തിലും തുലാത്തിലുമായി വിരാജിക്കുന്നു. മന്ദൻ സ്വക്ഷേത്രബലവാനായി ചാരവശാൽ വക്രത്തിൽ മകരം രാശിയിൽ നിൽക്കുന്നു. ഈ കാലയളവിലെ ഗ്രഹങ്ങളുടെ സ്ഥാനക്രമവും ഭാവവും അനുസരിച്ചുള്ള 12 രാശികളുടേയും പൊതുഫലങ്ങളാണ് ഇവിടെ പറയുന്നത്. സൂക്ഷ്മവും കൃത്യവുമായ ഫലം അറിയുന്നതിന് ഓരോ വ്യക്തികളുടേയും ജനനതീയതിയും ജനനസമയവും ജനിച്ച സ്ഥലവും അറിഞ്ഞ് ഗ്രഹനില പരിശോധിച്ചതിനു ശേഷം വേണം പറയുവാൻ ഏറ്റവും സത്യസന്ധമായി പൊതുഫലം പറയുവാനും പരിഹാരങ്ങൾ നിർദേശിക്കുവാനും അമ്മ അനുഗ്രഹിക്കും എന്ന വിശ്വാസത്തോടെ തുടങ്ങുന്നു. 

 

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 1/4)

 

2022 ഓഗസ്റ്റ് മാസം ഇവർക്ക് വളരെ ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണ് നൽകുന്നത്. ശനി പത്താം ഭാവത്തിലേക്ക് വരുകയും ഗുരു പന്ത്രണ്ടിൽ നിൽക്കുകയും രാഹു ശിരസ്സിലും കേതു മാർഗസ്ഥാനത്തും നിൽക്കുന്നതിനാൽ വരവിനേക്കാൾ ചെലവ് ഏറിയിരിക്കും. എങ്കിലും കർമസ്ഥാനത്ത് ചില നേട്ടങ്ങൾ വന്നു ചേരാം. സ്ഥലം മാറ്റമോ പ്രൊമോഷനോ വന്നു ചേരാം. 

 

 

ഇടവക്കൂറ്

(കാർത്തിക മുക്കാൽ, രോഹിണി, മകയിരം പകുതി)

 

ശുക്രൻ ധനസ്ഥാനത്ത് (രാശ്യാധിപൻ) ആദ്യ പകുതിയിൽ നിൽക്കുമ്പോഴും ബുധൻ അന്ത്യപകുതി രാശിയിൽ കന്നിയിൽ നിൽക്കുന്നതു കൊണ്ടും മൂകാംബികാദേവിയുടെ അനുഗ്രഹം പൂർണമായി ഉണ്ടാകുന്നതാണ്. അകാരണമായി മേലുദ്യോഗസ്ഥരുമായി അഭിപ്രായവ്യത്യാസം വരാതെ ശ്രദ്ധിക്കണം. കർമാധിപനായി ശനി കണ്ടകഭാവത്തിൽ നിന്നും ഒമ്പതാം ഭാവത്തിലേക്ക് മാറുന്നതിനാൽ ഭാഗ്യാനുഭവങ്ങൾ  കുറഞ്ഞേക്കാം. ശാസ്താവിന് നീരാഞ്ജനം തെളിയിക്കുന്നത് നന്നായിരിക്കും. 

 

 

മിഥുനക്കൂറ്

(മകയിരം 1/2, തിരുവാതിര, പുണർതം 3/4)

 

സൂര്യൻ ധനസ്ഥാനത്ത് രണ്ടാം ഭാവത്തിൽ (ആദ്യപകുതിയിലും) ഗുരു പത്താം ഭാവത്തിലും നിൽക്കുന്നതിനാൽ സാമ്പത്തിക ക്ലേശം ധാരാളമായി അനുഭവിക്കേണ്ടതായി വന്നേക്കാം. ഉടനെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന ധനം പോലും വന്നു ചേരുവാൻ താമസം വന്നേക്കാം. എങ്കിലും ആദ്യപകുതിയിൽ രാശിയിലും അന്ത്യപകുതിയിൽ ധനസ്ഥാനത്തും നിൽക്കുന്ന ശുക്രൻ (മഹാലക്ഷ്മി) അനുകൂലഫലം നൽകും. മഹാലക്ഷ്മ്യാഷ്ടകം, കനകധാരാസ്തോത്രം, ലളിതാഷ്ടോത്തരം, ലളിതസഹസ്രനാമം ഇവ ചൊല്ലുന്നതും കേൾക്കുന്നതും നല്ല ഗുണം നൽകും. ബുധൻ നാലാം ഭാവത്തിൽ അന്ത്യപകുതിയിൽ വരുമ്പോൾ മൂകാംബിക സ്തുതി, ഗായത്രി നിത്യം ജപിക്കുന്നതും നന്നായിരിക്കും. 

 

കർക്കടകക്കൂറ്

(പുണർതം 1/4 , പൂയം, ആയില്യം)

 

അഷ്ടമശനിയുടെ കഷ്ടതയിൽ നിന്നും കണ്ടകശനിയിലേക്ക് മാറ്റം വരുന്നുവെങ്കിലും ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ഗുരു നന്മകൾ പ്രദാനം ചെയ്യും. രാജഗോപാലം നിത്യം ജപിക്കുക. ഹരേരാമ ഹരേകൃഷ്ണ വിഷ്ണുസഹസ്രനാമം രാമായണത്തിലെ സുന്ദരകാണ്ഡ പാരായണം ഇവ ഗുണം ചെയ്യും. ശുക്രൻ സ്വക്ഷേത്രത്തില്‍ അന്ത്യപകുതിയിൽ വരുന്നതും ബുധൻ ആദ്യ പകുതിയിൽ ധനസ്ഥാനത്ത് വരുന്നതുമെല്ലാം സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തും. ദാമ്പത്യകലഹമോ പ്രണയനൈരാശ്യമോ വരാതിരിക്കാൻ ശനീശ്വരനെ നിത്യം പ്രാർഥിക്കുക. കരിനീല, കറുപ്പ് വസ്ത്രം ധരിക്കുക. 'ശനീശ്വരായ നമ' നിത്യം ജപിക്കുക. ഹനൂമാൻ സ്വാമിയെ നിത്യം പ്രാർഥിക്കുക. നന്മ വരും. 

 

 

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം കാൽ)

 

ബുധൻ രാശിയിലും രണ്ടാം ഭാവത്തിലുമായി നിൽക്കുന്നതു കൊണ്ട് ലൗകികമായി കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കും. ഗൃഹനിർമാണം, വസ്ത്രം, ആഭരണം ഇവയുടെ ക്രയവിക്രയം ഇതിനൊക്കെ പറ്റിയ സമയമാണ്. ഗുരു അഷ്ടമഭാവത്തിൽ നിൽക്കുന്നതിനാൽ കടം കൊടുത്താൽ തിരികെ ലഭിക്കുവാൻ ബുദ്ധിമുട്ട് വരും. വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകാതെ ശ്രദ്ധിക്കണം. ആദ്യ പകുതിയിൽ ശുക്രൻ പതിനൊന്നാം ഭാവത്തിൽ നിൽക്കുന്നതിനാൽ പ്രാർഥനകൾക്ക് പൂർണഫലം ലഭിക്കും. ഭജനകൾ നടത്തുക. സഹസ്രനാമ അർച്ചനയിൽ പങ്കു ചേരുക. ആത്മീയ യാത്രകളും ദാനവും നല്ല ഫലങ്ങൾ നൽകും. 

 

 

 

കന്നിക്കൂറ്

(ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)

 

അന്ത്യ പകുതിയിൽ ശുക്രൻ പതിനൊന്നാം ഭാവത്തിലും ബുധൻ സ്വക്ഷേത്രത്തിൽ ഉച്ചസ്ഥനായും നിൽക്കുന്നതിനാൽ വരാനിരിക്കുന്ന കഷ്ടതകൾക്ക് ആശ്വാസം ലഭിക്കും. പഞ്ചമഭാവത്തിൽ നിൽക്കുന്ന ശനി കുട്ടികളെ കൊണ്ട് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും ശ്രീരാമസ്വാമിയേയും ഹനൂമാൻ സ്വാമിയേയും മൂകാംബികാ ദേവിയേയും പ്രാർഥിച്ച് എല്ലാ ദുരിതങ്ങളും മാറ്റാനാവും ഹനൂമാൻ സ്വാമിക്ക് അവൽ നിവേദിക്കുന്നത് ഉത്തമം. 

 

 

തുലാക്കൂറ്

(ചിത്തിര അന്ത്യപകുതി, ചോതി, വിശാഖം മുക്കാൽ)

 

ഒമ്പതാം ഭാവത്തിലും (മുക്കാൽ) പത്താം ഭാവത്തിലുമായി രാശ്യാധിപനായ ശുക്രൻ നിൽക്കുന്നതിനാൽ ആറാം ഭാവത്തിൽ ഗുരു നിൽക്കുന്നതു കൊണ്ടുള്ള ദോഷഫലങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനാകും. മഹാലക്ഷ്മ്യാഷ്ടകം, കനകധാരാ, ലളിതഅഷ്ടകോത്തരം ഇവ നിത്യം ജപിക്കുക. ബുധൻ പതിനൊന്നാം ഭാവത്തിൽ വരുന്നതിനാൽ ത്രിപുരസുന്ദരീ മന്ത്രഅർച്ചന കഴിക്കുന്നതും ബുധനാഴ്ചകളിൽ ചെറുപയർ ദാനം ചെയ്യുന്നതും സമ്പത്തും വിദ്യയും വർധിക്കുന്നതിനും കുട്ടികളിൽ നിന്നും നല്ല പ്രതികരണങ്ങൾ ലഭിക്കുന്നതിനും ഇടയാക്കും. 

 

 

വൃശ്ചികക്കൂറ്

(വിശാഖം കാൽ, അനിഴം, തൃക്കേട്ട)

 

രാശ്യാധിപനായ കുജൻ ഏഴാം ഭാവത്തിൽ വരുന്നതും കർമാധിപനായ ശനി മൂന്നാം ഭാവത്തിൽ നിൽക്കുന്നതുമെല്ലാം ഉത്തമമായ ഫലങ്ങൾ നൽകും. ഗൃഹവുമായി ബന്ധപ്പെട്ട് കഷ്ടത അനുഭവിക്കുന്നവർക്ക് സ്ഥലം ക്രയവിക്രയത്തിനു ശ്രമിക്കുന്നവർക്കും സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്കും ഒക്കെ സാമാന്യം നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. സുബ്രഹ്മണ്യ സ്വാമിക്കും ഭദ്രകാളിയമ്മയ്ക്കും ചൊവ്വാഴ്ചകളിൽ യഥാശക്തി വഴിപാടു കഴിക്കുന്നതും ക്ഷേത്രദർശനം നടത്തി പ്രദക്ഷിണം വയ്ക്കുന്നതും ദീപം തെളിക്കുന്നതും രാമായണം, വിഷ്ണു സഹസ്രനാമം, ഹരിനാമകീർത്തനം ഇവ ജപിക്കുന്നതും നന്നായിരിക്കും.  

 

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 1/4)

 

ആദ്യപകുതിയിൽ രാശിയുടെ ഏഴാം ഭാവത്തിൽ ശുക്രനും പത്താം ഭാവത്തിൽ ബുധനും നിൽക്കുന്നത് നല്ല ഫലങ്ങൾ നൽകും. വിവാഹത്തിനാഗ്രഹിക്കുന്നവർക്ക് നല്ല വിവാഹ ബന്ധം വന്നു ചേരാം. പ്രണയ സാഫല്യമുണ്ടാകാം. പുതിയ ജോലിക്കോ ഉന്നതവിദ്യാഭ്യാസത്തിനോ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാധ്യതയും ഗൃഹനിർമാണമോ മോടിപിടിപ്പിക്കലോ നടക്കാവുന്നതാണ്. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ഒരുക്കങ്ങൾ നടത്താവുന്നതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാ കാര്യത്തിലും അലസത വന്നേക്കാം. ശനീശ്വരന് നെയ്‌വിളക്ക് തെളിയിക്കാം. എള്ളെണ്ണ ദാനം ചെയ്യുന്നതും നന്നായിരിക്കും. 

മകരക്കൂറ്

(ഉത്രാടം മുക്കാൽ, തിരുവോണം, ആദ്യ പകുതി)

 

അന്ത്യപകുതിയിൽ ശുക്രൻ ഏഴാം ഭാവത്തിൽ വരുന്നതും ബുധൻ ഒമ്പതാം ഭാവത്തിൽ നിൽക്കുന്നതും സാമാന്യം നല്ല ഫലങ്ങൾ നൽകും. മഹാലക്ഷ്മിയെ നിത്യം പ്രാർഥിക്കുന്നതും മൂകാംബിക സ്തുതി നിത്യം ജപിക്കുന്നതും നന്നായിരിക്കും. രാശിയിൽ തന്നെ സ്വക്ഷേത്രബലവാനായി ശനി നിൽക്കുന്നതിനാൽ ശിവങ്കൽ ജലധാരയും ശാസ്താവിന് നെയ്‌വിളക്കും ഗണപതിക്ക് കറുകമാലയും ചാർത്തി കർമ തടസ്സവും രോഗദുരിതങ്ങളിൽ നിന്നുള്ള കഷ്ടതകളും ഒഴിവാക്കാവുന്നതാണ്. 

 

കുംഭക്കൂറ്‌

(അവിട്ടം അന്ത്യപാദം, ചതയം, പൂരുരുട്ടാതി മുക്കാൽ)

 

രാശിയുടെ രണ്ടാം ഭാവത്തിൽ ഗുരു നിൽക്കുന്നതും ആദ്യപകുതിയിൽ പഞ്ചമ ഭാവത്തിൽ ശുക്രനും ഏഴാം ഭാവത്തിൽ ബുധനും നിൽക്കുന്നതും സാമാന്യം നല്ല സാമ്പത്തിക സ്ഥിതിയും കാര്യങ്ങളെല്ലാം  വിചാരിക്കുന്ന രീതിയിൽ ചെയ്യുവാനും കുട്ടികൾ പഠനകാര്യങ്ങളിലും മറ്റും ശ്രദ്ധയുള്ളവരായിത്തീരുന്നതും കുടുംബത്തിൽ സന്തോഷം സൗഭാഗ്യം ഇവ ഉള്ളതായും ആത്മീയമായി ഒരു  അനുകൂല തരംഗം എല്ലാവരിലും പ്രകടമാകുന്നതും ഈരാശിയുടെ ഈ സമയത്തെ പ്രത്യേകതയാണ്. 

 

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

 

രാശ്യാധിപൻ രാശിയിൽ തന്നെ നിൽക്കുന്നതും നാലാം ഭാവത്തിലും അഞ്ചാംഭാവത്തിലുമായി ശുക്രൻ നിൽക്കുന്നതും അന്ത്യപാതിയിൽ ബുധൻ ഉച്ചസ്ഥനായി മാർഗ സ്ഥാനത്ത് നിൽക്കുന്നതുമെല്ലാം നല്ല ഫലങ്ങൾ നൽകും. സന്താനസൗഭാഗ്യവും ഗൃഹവാഹനാദി സൗഖ്യവും ബന്ധുക്കളിൽ നിന്നും സഹായവുമെല്ലാം ലഭിക്കുമെങ്കിലും ധനസ്ഥാനത്തും അഷ്ടമഭാവത്തിലുമായി നിൽക്കുന്ന രാഹു കേതുക്കളും പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന ശനിയും അപ്രതീക്ഷിതമായി ചില അസുഖങ്ങളോ മാനസിക പിരിമുറുക്കമോ സാമ്പത്തിക നഷ്ടമോ വരുത്തിയേക്കാം. ഹരിനാമകീർത്തനം, ഹരേരാമ ഹരേ കൃഷ്ണ നിത്യം ചൊല്ലുന്നതും വിഷ്ണു സഹസ്രനാമവും ലളിത സഹസ്രനാമവും കേൾക്കുന്നതും നമശിവായ നിത്യം എഴുതുന്നതും ശാസ്താവിന് നീരാഞ്ജനവും ഗണപതിക്ക് നാളികേരവും നാഗദേവതകൾക്ക് മഞ്ഞൾ പൊടിയും സമർപ്പിക്കുന്നതും സാധിക്കാത്തവർ അവർ ചെയ്യുന്നതായി മാനസ പൂജ ചെയ്യുന്നതും നന്നായിരിക്കും. യോഗ ചെയ്യുന്നതും നന്നായിരിക്കും. 

 

12 രാശികളുടെയും സാമാന്യ ഫലങ്ങളും ചെറിയ ചെറിയ പരിഹാരങ്ങളും എല്ലാവരും ശ്രദ്ധിച്ച് ചെയ്ത് ദോഷഫലങ്ങൾ ഒഴിവാക്കി നന്മകൾ വന്നു ചേരുവാൻ ജഗംദംബിക അനുഗ്രഹിക്കട്ടെ.

ലേഖിക

ജ്യോതിഷരത്‌നം Dr . S . വിമല  ടീച്ചർ 

ചോറ്റാനിക്കര 

Ph : 9846138675 , 7994818702

English Summary : Monthly Prediction in August 2022 by Dr S Vimala Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com