ADVERTISEMENT

2022 നവംബർ 01 മുതൽ 30 വരെയുള്ള 12 കൂറുകാരുടെയും സാമാന്യഫലങ്ങളാണ് ഇവിടെ പറയുന്നത്. തുലാമാസത്തിന്റെ അന്ത്യപകുതിയും വൃശ്ചികമാസത്തിന്റെ ആദ്യപകുതിയും ചേരുന്ന 30 ദിവസത്തെ പൊതുഫലങ്ങള്‍ വിശദമാക്കുകയാണ് ജ്യോതിഷരത്‌നം Dr . S . വിമല  ടീച്ചർ. 

 

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4)

പഴയ കടബാധ്യതകൾ തീർക്കുന്നതിനായി പരിശ്രമിക്കും. കുടുംബസമേതം താമസിക്കുവാനുള്ള സാഹചര്യം ഉണ്ടാകും. യന്ത്രാദിവസ്തുക്കൾക്ക് വേണ്ടി ധനം ചെലവു ചെയ്യാനിടയുണ്ട്. ഹിതകരമല്ലാത്ത വാർത്ത കേൾക്കാനിടയുണ്ട്. സന്താനങ്ങളെ ചൊല്ലി മനസ്സ് വ്യാകുലപ്പെടും. പതിവിലുമധികം യാത്രകൾ വേണ്ടിവരും. സഹോദരങ്ങളുമായി പിണക്കമുണ്ടാകുവാന്‍ യോഗം കാണുന്നു. കൂട്ടു ബിസിനസ്സില്‍ പങ്കാളികൾ ഇടയ്ക്കു വച്ച് പിന്മാറാനിടയുണ്ട്. സർക്കാരിൽ നിന്ന് കിട്ടാനുള്ള രേഖകളോ ആനുകൂല്യങ്ങളോ ലഭിക്കും.

 

ഇടവക്കൂർ (കാർത്തിക 3/4 ഭാഗം, രോഹിണി, മകയിരം 1/2)

ജോലിക്കു ശ്രമിക്കുന്നവർക്കു അനുകൂല അവസരമാണ്. ഗൃഹനിർമ്മാണകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. കൂട്ടുകാർ തമ്മിൽ തെറ്റിദ്ധരിക്കാനിടവരും. കടമകൾ നിർവഹിക്കുവാൻ പലവിധ തടസ്സങ്ങളുണ്ടാകും. ജോലിയിൽ അധ്വാനഭാരം വർധിക്കും. കോടതി വ്യവഹാരങ്ങളിൽ വിജയസാധ്യത ഉണ്ട്. മാധ്യമപ്രവർത്തകർക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകും. വാഗ്വാദങ്ങളിൽ നിന്നും ശാരീരികക്ഷതം പറ്റിയേക്കാനിടയുള്ള മറ്റു പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുനില്‍ക്കണം. സഹായികൾ പ്രതികൂലമായി പെരുമാറും.

 

മിഥുനക്കൂർ (മകയിരം അന്ത്യപാതി, തിരുവാതിര, പുണർതം മുക്കാൽ)

പൊതുപ്രവർത്തകർക്ക് സംസാരചാതുര്യം കൊണ്ട് അനുയായികളെ ആകർഷിക്കാൻ കഴിയും. ധനസ്ഥിതി മെച്ചപ്പെടും. സഹപ്രവർത്തകരിൽ നിന്ന് അനുകൂലസ്ഥിതി ഉണ്ടാകും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ധനം (ലോൺ) അനുവദിച്ചു കിട്ടും. കലാകാരന്മാർക്ക് നൂതനപ്രസ്ഥാനങ്ങളിൽ നിന്ന് ധനലാഭം ഉണ്ടാകും. സർക്കാരിൽ നിന്നും ലഭിക്കാവുന്ന ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടും. രോഗാസ്വാസ്ഥ്യങ്ങൾ അധികരിക്കും.

 

കർക്കടകക്കൂർ (പുണർതം അന്ത്യപാദം, പൂയം, ആയില്യം)

അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. ദൂരയാത്രയ്ക്കുള്ള സാഹചര്യം വന്നു ചേരും. നൂതന സംരംഭങ്ങൾ വിജയകരമായി ചെയ്തു തീർക്കുവാൻ സാധിക്കും. വിദേശയാത്ര സഫലമാകും. കുടുംബജീവിതത്തിൽ സന്തോഷാനുഭവങ്ങൾ വന്നുചേരും. പുണ്യസ്ഥലം സന്ദര്‍ശനവും ആത്മീയജ്ഞാനവും ലഭിക്കും. മത്സരങ്ങളിലും ഉപരിപഠനത്തിനും അവസരം ലഭിക്കും.

 

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4)

വാഹനാപകടത്തിന് സാധ്യത. ധനനഷ്ടം, ഗുരുജനങ്ങളുമായി അഭിപ്രായഭിന്നത, സഹപ്രവർത്തകരുമായി അലോസരങ്ങൾ, കാർഷിക വിഭവങ്ങളിൽ നിന്ന് ധനനേട്ടം, വാഹനം മുഖേന നിയമപ്രശ്നങ്ങളും സാമ്പത്തികനഷ്ടവും ഉണ്ടാകാനിടയുണ്ട്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഇഷ്ടജനങ്ങളുടെ വേർപാട് സഹിക്കേണ്ടിവരും.

 

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര ആദ്യപാതി)

കലാരംഗത്ത് ഉണർവും ഉന്മേഷവും കൈവരും. അന്യദേശത്ത് ജോലിക്കു ശ്രമിക്കുന്നവർക്ക് കാര്യം സാധിക്കും. ജീവിതപങ്കാളിക്കു ഔദ്യോഗിക തലത്തിൽ അംഗീകാരം ലഭിക്കും. പൊതുപ്രവർത്തകർക്ക് അംഗീകാരവും സ്വാധീനവും വർധിക്കും. പുതുസംരംഭങ്ങൾക്കോ വ്യവസായങ്ങൾക്കോ അനുമതി ലഭിക്കും. മംഗളകാര്യങ്ങളിലോ പുണ്യകര്‍മ്മങ്ങളിലോ പങ്കുചേരും.

 

തുലാക്കൂർ (ചിത്തിര അന്ത്യപാതി, ചോതി, വിശാഖം 3/4)

ബഹുമതികളോ സ്ഥാനമാനങ്ങളോ അവസാന നിമിഷത്തിൽ നഷ്ടപ്പെടും. ചിട്ടി, ലോൺ തുടങ്ങിയവ കൊണ്ട് ധനം സമാഹരിക്കും. സ്വജനങ്ങൾക്ക് രോഗപീഢ ഉണ്ടായെന്നു വരും. പുതിയ കാർഷികോപകരണങ്ങൾ വാങ്ങും. ആത്മീയകാര്യങ്ങളിൽ താൽപര്യം വർധിക്കും. ക്ഷതമോ മുറിവോ ഏൽക്കാനിടയുണ്ട്. നിക്ഷേപ പദ്ധതികളിലെ ധനം കിട്ടാൻ വൈകും. കുടുംബത്തിൽ സാമ്പത്തികബുദ്ധിമുട്ട് അനുഭവപ്പെടും.

 

വൃശ്ചികക്കൂർ (വിശാഖം അന്ത്യപാദം, അനിഴം, തൃക്കേട്ട)

വിവാഹത്തിന് ശ്രമിക്കുന്നവർക്ക് കാര്യങ്ങൾ അനുകൂലമാകും. പൊതുപ്രവർത്തനത്തിൽ സ്ഥാനലബ്ധിക്കിടയുണ്ട്. കർമ്മ മണ്ഡലത്തിൽ ഗുണകരമായ മാറ്റങ്ങൾക്ക് സാധ്യത. വിശേഷ ദേവാലയ ദർശനത്തിൽ പങ്കുചേരും. വിദേശത്ത് ജോലിയുള്ളവർ ലീവെടുത്ത് വരും. പുതിയ വസ്ത്രാലങ്കാരാദികൾ സമ്മാനമായി കിട്ടാനിടയുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്ത് തടസ്സങ്ങൾ നേരിടേണ്ടി വരും. സെയിൽസ്, മാർക്കറ്റിങ് മേഖലയിൽ ജോലിക്കു ശ്രമിക്കുന്നവർക്ക് സാധ്യതയുണ്ടാകും.

 

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം 1/4)

ദൂരയാത്രകൾ ശാരീരികക്ലേശം ഉണ്ടാക്കും. ആത്മീയവിഷയങ്ങളിൽ താൽപര്യം പ്രകടിപ്പിക്കും. സിനിമ, ടിവി രംഗത്തുള്ളവർ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബഹുമതിയും ആദരവും ലഭിക്കും. സമുദായ നേതൃത്വമോ സ്ഥാനപ്രാപ്തിയോ ഉണ്ടാകും. കുടുംബാംഗങ്ങളൊത്ത് ആരാധനാകാര്യങ്ങളിൽ പങ്കെടുക്കും. സന്താനങ്ങളെ കൊണ്ടോ സന്താനതുല്യരായവരെ കൊണ്ടോ സന്തോഷം ഉണ്ടാകും.

 

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

തടസ്സപ്പെട്ടു കിടക്കുന്ന വിവാഹകാര്യം പുനരാലോചനയിൽ വരും. പൊലീസ്, സൈനിക ടെസ്റ്റുകളിൽ മത്സരിക്കുന്നവർക്ക് വിജയസാധ്യതയുണ്ട്. സ്വന്തം ആത്മാർഥതയെ ചോദ്യം ചെയ്യുന്ന അവസരങ്ങൾ ഉണ്ടാകാനിടയുണ്ട്. പണമിടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് സാധ്യത. വരുമാനത്തിൽ കുറവ് ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.

 

കുംഭക്കൂർ (അവിട്ടം അന്ത്യപാതി, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

ജോലിയിൽ താൽപര്യം കുറയും. ബിസിനസ്സിൽ ചില തടസ്സങ്ങൾ വന്നുചേരും. വിവാഹത്തിന് കാലതാമസം നേരിടും. ആത്മീയകാര്യങ്ങളിൽ താൽപര്യം പ്രകടിപ്പിക്കും. കലാപ്രവർത്തനങ്ങളിൽ നിന്ന് അംഗീകാരവും ധനലാഭവും സിദ്ധിക്കും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. മേലധികാരികളിൽ നിന്ന് പ്രശംസയ്ക്കിടവരും.

 

മീനക്കൂർ (പൂരുരുട്ടാതി അന്ത്യപാദം, ഉതൃട്ടാതി, രേവതി)

ഉദ്യോഗാർഥികൾ ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും ശോഭിക്കും. പുനർവിവാഹത്തിനു ശ്രമിക്കുന്നവർക്കും വിവാഹം നടക്കാതിരുന്നവർക്കും വിവാഹത്തിന് യോഗം കാണുന്നു. ആചാരാനുഷ്ഠാനങ്ങളിലും ദൈവീക പൂജകളിലും പങ്കെടുക്കും. സാഹിത്യാദികലകളിൽ കൂടുതല്‍ താൽപര്യം കാണിക്കും. കമ്മീഷൻ ഏർപ്പാടുകൊണ്ട് പ്രവർത്തിക്കുന്ന കച്ചവടത്തിൽ പുരോഗതിയുണ്ടാകും. നിയമപ്രശ്നങ്ങള്‍ വന്നുചേരാനിടയുണ്ട്. പാസ്പോർട്ട്, വിസ മുതലായവയ്ക്ക് ശ്രമിക്കുന്നവർക്ക് തടസ്സമുണ്ടാകും. കച്ചവടരംഗത്ത് ആദായം കുറയും. 

 

ലേഖിക

ജ്യോതിഷരത്‌നം Dr . S . വിമല  ടീച്ചർ 

ചോറ്റാനിക്കര 

Ph : 9846138675 , 7994818702

 

English Summary : Monthly Prediction in November by Vimala Teacher / Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com