ADVERTISEMENT

സമ്പത്തിന്റേയും വിജ്ഞാനത്തിന്റേയും ഭാഗ്യാനുഭവങ്ങളുടേയും ഗ്രഹമായ ദേവഗുരു ബ്രഹസ്പതി നിരയനഗണിത പ്രകാരം 22 ഏപ്രിൽ 2023, 5.14 ന് കാലപുരുഷന്റെ ശിരസ്സിന്റെ സ്ഥാനമായ മേടം രാശിയില്‍ പ്രവേശിക്കുന്നു.ആ സമയം മേടം രാശിയിൽ കാലസാക്ഷികളിൽ പ്രധാനിയായ രവി (സൂര്യൻ), വിദ്യാകാരകനായ ബുധൻ, രാസവസ്തുക്കളുടെയും വിഷവസ്തുക്കളുടെയും ഗ്രഹണത്തിന്റേയും കാരകനായ രാഹു (സർപ്പൻ) എന്നിവരാണ് ദേവഗുരുവിനെ വരവേൽക്കുക. 

Read also : വൈശാഖ മാസത്തിലെ വ്യാഴമാറ്റം, ഏഴ് കൂറുകാർക്ക് അശുഭം; ദോഷപരിഹാരം ഇതാ...

വ്യാഴത്തിന്റെ മേടം രാശിയിലെ സഞ്ചാരം, മൗഢ്യത്തോടെയാണ് ആരംഭിക്കുന്നത്. തന്മൂലം തുടക്കത്തിൽ ചില വിപരീത ഫലങ്ങൾ, അനുകൂല ഫലം പ്രതീക്ഷിക്കുന്നവർക്ക് നൽകിയേക്കാം. 2023 ഏപ്രിൽ 27 ന് മൗഢ്യം മാറി വ്യാഴം പ്രഭ ചൊരിയും. 2023 സെപ്റ്റംബർ 4 മുതൽ വ്യാഴം വക്രഗതിയിൽ പ്രവേശിച്ച് 2023 ഡിസംബർ 31 ന് നേർഗതിയെ പ്രാപിക്കുന്നു. വക്രം, മൗഢ്യം സമയങ്ങൾ വ്യാഴ സഞ്ചാരത്തിൽ അനുകൂല ഫലം ലഭിക്കുന്ന നക്ഷത്രക്കാർക്ക് ഗുണഫലാനുഭവം കുറയും. തുടർന്ന് 2024 മേയ് 01 ന് വ്യാഴം മേടം രാശിയിൽ നിന്ന് ഇടവം രാശിയിൽ പകരും.

ഈ ഒരു വർഷക്കാലത്ത് മേടം മുതൽ മീനം വരെയുള്ള രാശികളിൽ ജനിച്ചവർക്കുള്ള ഗുണദോഷാനുഭവങ്ങളെ കുറിച്ച് ചിന്തിക്കാം. ഇതേ സമയം വ്യാഴത്തിന്റെ ഗുണാനുഭവ ഫലം കുറയുന്ന ഒരു വിശേഷയോഗം കൂടി മേടം രാശിയിൽ ഉണ്ടാകും. 2023 ഏപ്രിൽ 22 മുതൽ 2023 ഒക്ടോബർ 30 വരെ ഗുരു–രാഹുയോഗം, ഇതിനെ ഗുരുചണ്ഡാലയോഗം എന്നും അനന്തശയനയോഗം എന്നും പറയും.

 

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

മേടക്കൂറിലെ അശ്വതി, ഭരണി കാർത്തിക ആദ്യ കാൽഭാഗം നക്ഷത്രക്കാർക്ക് ജന്മവ്യാഴമാണ്. തൊഴിൽ സ്ഥലത്ത് സ്ഥനചലനം, പുതിയ തൊഴിലിടങ്ങൾ തേടിപ്പോകുന്ന അവസ്ഥ, ധനപരമായ ക്ലേശങ്ങൾ, മാനസിക സമ്മർദ്ദം, കുടുംബ–സൗഹൃദ കലഹ സാധ്യത എന്നിവ ഉണ്ടാകും. എന്നാൽ മേടക്കൂറുകാർക്ക് ശനി 11–ൽ നിൽക്കുന്നതിനാൽ വ്യാഴത്തിന്റെ ദോഷത്തിന് ഏറെ ശമനം ലഭിക്കുന്നതാണ്. ഗുരുദോഷ പരിഹാരത്തിനായി മഹാവിഷ്ണു, അവതാരവിഷ്ണു ക്ഷേത്രങ്ങളിൽ യഥാശക്തി വഴിപാടുകളും ദർശനവും നടത്തുക. വ്യാഴാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം വരുന്ന ഗുരുഹോരയിൽ ദര്‍ശനം നടത്തുന്നത് ഉത്തമഫലങ്ങൾ നൽകും.

 

ഇടവക്കൂറ് (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യ പകുതി)

ഇടവക്കൂറുകാർക്ക് വ്യാഴം 12–ൽ സഞ്ചരിക്കുന്ന കാലം ഒട്ടും സൗഖ്യദായകമല്ല. ധനപരമായ നഷ്ടം, മാനാഭിമാന പ്രശ്നങ്ങൾ, നിയമപ്രശ്നങ്ങൾ, മുൻകാല പ്രവൃത്തികൾമൂലം ഉള്ള ബാധ്യതകൾ, ജപ്തി നടപടികൾ, കാരണം കാണിക്കൽനോട്ടീസുകൾ, കോടതി നടപടികൾ എന്നിവ നേരിടേണ്ടി വരും. വിദേശയാത്രകൾ, സ്ഥാനചലനം, ബന്ധുജനവിരോധം എന്നിവയും ഫലമാണ്. ശനി 10–ൽ കണ്ടകശനിയായി നിൽക്കുന്നതിനാൽ ദോഷഫലം കൂടാം. ഗുരുവായൂർ, തിരുപ്പതി, പത്മനാഭസ്വാമിക്ഷേത്ര ദർശനം, ഭാഗവതപാരായണം, വിഷ്ണു സഹസ്രനാമജപം എന്നിവ ഗുണപ്രദമാണ്.

 

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണർതം മുക്കാൽ)

മിഥുനക്കൂറുകാര്‍ക്ക് വ്യാഴം 11–ൽ സഞ്ചരിക്കുന്നു. ലോട്ടറി, ചിട്ടി, അപ്രതീക്ഷിത ധനലാഭം, ഭൂമി, വാഹനം, ഭവനം എന്നിവ കൈവശം വന്നുചേരും. വളരെ കാലത്തെ കഠിന പ്രവർത്തനത്തിന് ഫലം ലഭിക്കുന്നതാണ്. വിവാഹം, സന്താന ജനനം, സമൂഹത്തിന്റേയും സർക്കാരിന്റേയും പ്രീതി, ആദരവ് എന്നിവയും, മത്സരപരീക്ഷകളിൽ ഉന്നത വിജയം, പൊതുവിൽ പറഞ്ഞാല്‍ ശുക്രനുദിച്ച കാലം. കൂടുതൽ ഗുണത്തിനായി വിഷ്ണു ഭഗവാനേയും വിഷ്ണുമൂർത്തികളെയും ആരാധിക്കുക.

 

കർക്കടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കർക്കടകക്കൂറുകാർക്ക് വ്യാഴം 10–ൽ സഞ്ചരിക്കുന്നു. സ്ഥാന ചലനം, ഭാഗം പിരിയൽ, വ്യാപാര പരാജയം, ഗുരുകാരണവന്മാരുടെ അപ്രീതി, തൊഴിൽ സ്ഥാനത്തെ പ്രതിസന്ധികൾ, സാമ്പത്തിക പ്രതിസന്ധി, അവസര നഷ്ടം, ഭാഗ്യഹീനത, വലിയ അധ്വാനം കൊണ്ട് ലക്ഷ്യത്തിന്റെ സമീപം വരെ എത്തി പിൻമാറേണ്ട അവസ്ഥ, പുതിയ തൊഴിൽസ്ഥാനം തേടി അലയുന്ന അവസ്ഥ, ദീര്‍ഘകാല സൗഹൃദങ്ങൾ കുടുംബബന്ധങ്ങൾ എന്നിവ അവസാനിപ്പിച്ച് മടങ്ങുന്ന അവസ്ഥ എന്നിവ ഫലം. വളരെ ജാഗ്രത പാലിക്കുക. പരിഹാരമായി നരസിംഹമൂർത്തി, വരാഹമൂർത്തി, ശ്രീഹനുമാൻ എന്നീ ദേവന്മാരെ ആരാധിക്കുക.

 

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

വ്യാഴം ഭാഗ്യസ്ഥാനമായ 9–ൽ സഞ്ചരിക്കുന്ന കാലം. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളില്‍നിന്നും ഭരണാധികാരിയിൽ നിന്നും ആദരവും ധനപരമായ ഗുണവും ലഭിക്കാൻ സാധ്യത. പരീക്ഷകൾ, വിവാഹ–സന്താന–പ്രമോഷൻ, വിദേശയാത്ര എന്നിവയിൽ അനുകൂലമായ ഫലങ്ങൾ ഉണ്ടാകും. കുടുംബത്തിൽ പുതിയ അംഗങ്ങൾ വന്നു ചേരും. വാഹന–ഭവന യോഗത്തിന് സാധ്യത. കേസ് വഴക്കുകളിൽ പുരോഗതി ഉണ്ടാകും. അനുകൂലഫലങ്ങളും ഉണ്ടാകും. പൊതുവിൽ അനുകൂലമായ കാലം. പ്രവർത്തിച്ചാൽ ഫലം ഉണ്ടാകുന്ന കാലം. കണ്ടകശനികാലം കൂടി ആയതിനാൽ ആരംഭത്തിൽ തടസ്സം വന്നേക്കാം.

 

കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)

കന്നിക്കൂറുകാർക്ക് ഈ വ്യാഴമാറ്റം ഗുണപ്രദമല്ല. വ്യാഴം അഷ്ടമരാശിയിൽ സഞ്ചരിക്കുന്നു. കാര്യതടസ്സം, നിയമ കുരുക്കിൽ പെടുകയോ, പെടുത്തുകയോ ചെയ്യാം. ആശുപത്രിവാസം, ആരോഗ്യഹാനി, ബന്ധുമിത്രാദികളുടെ നിസ്സഹകരണം, കടബാധ്യത വന്നു ചേരാനും സാധ്യത. മുൻപരിചയമില്ലാത്ത വിഷയങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്. ഊഹക്കച്ചവടങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതും ഗുണപ്രദമാണ്. എന്നാൽ ഗോചരശനി 6–ൽ നിൽക്കുന്നത് വിഷമങ്ങൾ ഒരു പരിധിവരെ കുറയുന്നതാണ്. വിഷ്ണുമൂർത്തികളെ ആരാധിക്കുക. വാസസ്ഥലത്തിന് സമീപത്തെ ശ്രീകൃഷ്ണനെ ആരാധിക്കുന്നത് ഉത്തമം.

 

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം മുക്കാൽ)

തുലാക്കൂറുകാർക്ക് വളരെ നാളത്തെ ഏകദേശം രണ്ട് വർഷമായി നേരിടുന്ന ദുരിതങ്ങൾക്ക് ശമനം ലഭിക്കുന്നതാണ്. വ്യാഴം നിവൃത്തി (കാര്യസാധ്യം, ദാമ്പത്യം) സ്ഥാനമായ 7 ല്‍ സഞ്ചരിക്കുന്ന കാലം. മുടങ്ങിപ്പോയ ജീവിത വിഷയങ്ങൾ പുനരാരംഭിക്കാൻ ഉത്തമം. രോഗങ്ങൾക്ക് ശമനം ഉണ്ടാകും. ധനപരമായ ബാധ്യതകള്‍ ഒഴിവാക്കാന്‍ ഉള്ള വഴികള്‍ തെളിയുന്നതാണ്. വിവാഹം, സന്താനജനനം, ഭവനനിർമ്മാണം, തൊഴിൽ പുരോഗതി, വ്യാപാര വ്യവസായ വിഷയങ്ങളിൽ പുരോഗതി ഉണ്ടാകുന്നതും, ജീവിതസൗഖ്യം ലഭിക്കുന്നതുമാണ്. ലോട്ടറി, ചിട്ടികള്‍, പൂർവികധനം എന്നിവ ലഭിക്കാൻ സാധ്യത. സാമൂഹ്യ പദവി ഉയരും. പൊതുവിൽ അനുകൂലമായ കാലം.

 

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

കാലപുരുഷന്റെ അഷ്ടമരാശിയായ വൃശ്ചികക്കൂറുകാർക്ക് 6–ൽ, രോഗ ദുരിതനാശ സ്ഥാനത്താണ് വ്യാഴം. ഒപ്പം ഒക്ടോബർ വരെ രാഹുവിന്റെ പേരിൽ ഉള്ള ഗുരുചണ്ഡാളയോഗവും. കണ്ടകശനി കൂടി ചേരുമ്പോൾ അതീവ ദോഷകരമായ സമയം. നിയമക്കുരുക്കുകളിൽ പെടാതെ നോക്കുക. ആരോപണങ്ങളിൽ കുടുങ്ങി സ്ഥാനനഷ്ടം, ശാരീരികരോഗങ്ങൾ മൂലം ഉള്ള പ്രതിസന്ധികൾ, ശാരീരികമായി ആക്രമണം നേരിടേണ്ടി വരുന്ന സാഹചര്യം എന്നിവ ഫലം. കുടുംബത്തിലും തൊഴിൽസ്ഥലത്തും പലവിധ അസ്വസ്ഥതകൾ വന്നുചേരും. ധനസ്ഥിതി പരിതാപകരമായി തീർന്നേക്കാം. ജാഗ്രത പാലിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുക. പുതിയ സംരംഭങ്ങൾ ആലോചനയില്ലാതെ തുടങ്ങരുത്. മഹാവിഷ്ണു പ്രീതി വരുത്തുക. വിഷ്ണു സഹസ്രനാമജപം, നവഗ്രഹപൂജ എന്നിവ ശുഭഫലങ്ങൾ നൽകും.

 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

ധനുരാശിക്കാർക്ക് വ്യാഴം അഞ്ചില്‍ സഞ്ചരിക്കുന്ന കാലം. പലവിധ നേട്ടങ്ങൾക്ക് സാധ്യത. വിവാഹം, സന്താനജനനം, സ്ഥാപനത്തിലും കുടുംബത്തിലും പ്രാദേശികമായി ആധിപത്യം സ്ഥാപിക്കാൻ അവസരം, മത്സരപരീക്ഷകൾ, തെരഞ്ഞെടുപ്പുകൾ എന്നിവയാല്‍ വിജയം. സ്ത്രീകളിൽ നിന്നും പലവിധ ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത. പുതിയ ബന്ധുമിത്രാദികൾ വന്ന് ചേരുക, ഉല്ലാസയാത്രകൾ, വിദേശവാസയോഗം, അഭീഷ്ടസിദ്ധി ഫലം. ഒപ്പം 3–ൽ നിൽക്കുന്ന ശനി കൂടി ചേരുമ്പോൾ ഭവന, വാഹനയോഗവും അടിസ്ഥാന സൗകര്യവികസനം, സാമ്പത്തിക ഉന്നതി എന്നിവ ഫലം. കൂടുതൽ അനുകൂല ഫലങ്ങള്‍ക്കും ആയി ശ്രീകൃഷ്ണനെ ആരാധിക്കുക. രാജഗോപാല അർച്ചന നടത്തുക.

 

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി)

മകരം രാശിക്കാർക്ക് 4–ൽ നിൽക്കുന്ന വ്യാഴം ഗുണദോഷസമ്മിശ്രഫലം നൽകുന്നതാണ്. സഹോദരീസഹോദരന്മാർക്ക് പലവിധ പ്രതിസന്ധികളും അവയുടെ പരിഹാരത്തിനായുള്ള പ്രവർത്തിയും തന്മൂലം ഉള്ള അലച്ചിലും ചെലവും ഗുരുകാരണവന്മാരുടെ അകാലവിയോഗവും, മാനസിക സംഘർഷങ്ങളും വാഗ്ദാന ലംഘനങ്ങളും പ്രയോജനരഹിതമായ യാത്രകളും ഫലം. അനുകൂല ഫലത്തിനായി വിഷ്ണു സഹസ്രനാമം, നവഗ്രഹപൂജ, വിഷ്ണുക്ഷേത്ര നിർമ്മാല്യദര്‍ശനം, അഭിഷേകം എന്നിവ നടത്തുക.

 

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം)

കുംഭക്കൂറുകാർക്ക് ജന്മശനിക്ക് ഒപ്പം 3–ലെ മുറവിളി കൂട്ടുന്ന വ്യാഴം കൂടി വരുന്നതോടെ കാര്യങ്ങള്‍  പ്രതികൂലമാവാൻ സാധ്യത. ജാതക പ്രകാരം ദശ–അപഹാരകാരങ്ങൾ അനുകൂലമായവർക്ക് ദോഷഫലം കുറയും. സ്ഥാനചലനം, ആഗ്രഹിക്കാത്ത സ്ഥലം മാറ്റം, തൊഴിൽ സ്ഥലത്തും കുടുംബത്തിലും പ്രാദേശികമായും ശത്രുക്കളുടെ വർധന, ആവശ്യമില്ലാത്ത മത്സരങ്ങളിൽ ചെന്നുപെട്ട് ധനനാശം, മാനനഷ്ടം, നിയമപ്രശ്നങ്ങൾ എന്നിങ്ങനെ ദുരിതം അനുഭവിക്കുക. പലവിധ മനോവിഷമങ്ങൾ, ബന്ധുമിത്രാദികൾ മൂലം ഉള്ള വിഷമഘട്ടങ്ങൾ, നിയമപ്രശ്നങ്ങൾ, ദേഹപീഢ എന്നിവ ഫലം. ദോഷശാന്തിക്കായി നരസിംഹമൂർത്തി, വരാഹമൂർത്തി എന്നീ വിഷ്ണുവിന്റെ അവതാരമൂർത്തികളെ ആരാധിക്കുക. വിഷ്ണുക്ഷേത്രത്തിൽ നിർമ്മാല്യം തൊഴൽ, അഭിഷേകം, ദര്‍ശനം, പാൽപായസ നിവേദ്യം എന്നിവ നടത്തുന്നത് ഉത്തമ ഫലം നൽകുന്നതാണ്.

 

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)

മീനം രാശിക്കാർക്ക് വ്യാഴം ധനസ്ഥാനമായ 2–ൽ സഞ്ചരിക്കുന്നത് സാമ്പത്തിക നേട്ടം, പുതിയ സംരംഭങ്ങൾ, വിദേശ ധനലാഭം, സാമൂഹിക പദവികൾ, മത്സരപരീക്ഷാവിജയം, അനുയോജ്യമായ വിവാഹം, ഭവന–വാഹനയോഗം, പുതിയ സൗഹൃദബന്ധങ്ങൾ, ഭരണാധിപന്മാരിൽ നിന്ന് ബഹുമതികൾ, വളരെ കാലമായി ആഗ്രഹിച്ച കാര്യങ്ങൾ ലഭ്യമാക്കുക തുടങ്ങി വളരെ അനുകൂലമായ കാലം. ജാതകപ്രകാരം അനുകൂല ദശാകാലം കൂടി ആണെങ്കിൽ വലിയ വിജയങ്ങൾ വന്നുചേരും. പ്രവർത്തിച്ചാൽ ഫലം ഉണ്ടാകുന്ന കാലം.

 

മേൽപറഞ്ഞവ പൊതുഫലങ്ങൾ ആണ്. ജാതകത്തിലെ വ്യാഴത്തിന്റെ നില കൂടി പരിഗണിച്ചാവും ഫലാനുഭവം ഉണ്ടാകുക. വ്യാഴത്തിന് ജാതകപ്രകാരം ആനുകൂല്യമായവർക്ക് മഞ്ഞപുഷ്യരാഗം, ഗോൾഡൻ ടോപ്പാസ് എന്നീ രത്നങ്ങൾ ധരിക്കുന്നതും വിഷ്ണു അവതാരവിഷ്ണു ക്ഷേത്രദർശനവും വിഷ്ണു സഹസ്രനാമജപവും ഭാഗവത പാരായണവും നടത്തുന്നത് ഗുണഫലങ്ങൾ നൽകുന്നതാണ്. വ്യാഴം 3–6–8–12 ൽ ഗോചരാൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കുക. അസമയ യാത്രകൾ, സാഹസകൃത്യങ്ങൾ, അനാവശ്യമായ ഗൃഹസന്ദർശനങ്ങൾ, സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുന്നത് അനുകൂലഫലങ്ങൾ നൽകും. ദോഷശാന്തിക്കായി നവഗ്രഹപൂജ നടത്തുന്നത് നല്ലതാണ്. ഇതര മതവിശ്വാസികൾ അവരുടെ ആചാര്യവചന പ്രകാരം ഉള്ള കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഗുണപ്രദമാവും. വ്യാഴം 6–8–12 ജാതകത്തിലും ഗോചരത്തിലും നിൽക്കുന്നവർ ദേവഗുരുവിന്റെ സ്തുതി ദിവസേന ചൊല്ലുന്നതും ഗുണപ്രദമാണ്.

 

ദേവാനാം ച ഋഷീണാം ച

ഗുരും കാഞ്ചന സന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം

തം ഗുരും പ്രണതോസ്മൃഹം

 

ലേഖകൻ

ആർ. സഞ്ജീവ്കുമാർ PGA

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ

ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി.ഒ.

തിരുവനന്തപുരം 695014

ഫോൺ: 8078908087 | 9526480571

E-mail: jyothisgems@gmail.com

Content Summary : Jupiter Tarnsit Prediction 2023 by Sanjeev Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com