ADVERTISEMENT

ചിങ്ങമാസം  

കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കൃതാർഥതയുണ്ടാകും. വ്യവസ്ഥകൾ ഇല്ലാത്ത ജോലിക്കാരെ പിരിച്ചുവിടും. ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകും. സുഹൃത്തുക്കളോടൊപ്പം ഓണാഘോഷത്തിന് അവസരമുണ്ടാകുമെങ്കിലും വിനോദയാത്രകളിലും മറ്റും അമിതാവേശം അരുത്. സാഹസികയാത്രകൾ ഒഴിവാക്കണം.  

കന്നിമാസം  

മനസ്സംതൃപ്തിയോടു കൂടി ബന്ധുവിനു സാമ്പത്തികസഹായം നൽകാനിടവരും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കാൻ മനസ്സാന്നിധ്യമുണ്ടാകും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. വിശേഷപ്പെട്ട ദേവാലയദർശനം നടത്താനിടവരും. ഓർമിച്ചു പ്രവർത്തിക്കുന്നതിനാൽ നല്ല തൊഴിലവസരങ്ങൾ വന്നുചേരും. 

തുലാമാസം  

പരീക്ഷകളിലും മറ്റും അറിവുളളതിനെക്കാൾ ഭംഗിയായി അവതരിപ്പിക്കാൻ സാധിച്ചതിൽ ആശ്ചര്യമനുഭവപ്പെടും. സമചിത്തതയോടു കൂടിയ സമീപനത്താൽ സർവകാര്യവിജയം നേടും. ഏറ്റെടുത്ത ദൗത്യം സന്താനങ്ങളുടെ സഹായത്താൽ പൂർത്തിയാക്കാൻ കഴിയും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാകും. വ്യാപാര വിപണനമേഖലകളിൽ പുതിയ പ്രചരണരീതി അവലംബിക്കും. 

വൃശ്ചികമാസം  

ശുഭാപ്തിവിശ്വാസവും കാര്യനിർവഹണശേഷിയും കൂടും. ജീവിതപങ്കാളിയുടെ ജോലിക്ക് അനുസൃതമായി ഉദ്യോഗം ക്രമീകരിക്കും. നിസ്സാരകാര്യങ്ങൾക്കു പോലും അഹോരാത്രം പ്രയത്നം വേണ്ടിവരും. സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറി വിദേശത്ത് ഉപരിപഠനത്തിനു പരിശ്രമിക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ജാമ്യം നിൽക്കരുത്. 

ധനുമാസം  

സാമ്പത്തികവിഷയത്തിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. സംസ്കാരശൂന്യരുമായുളള ആത്മബന്ധത്തിൽ നിന്നു പിന്മാറുവാൻ ഉൾപ്രേരണയുണ്ടാകും. തൊഴിൽമേഖലകളിലുളള സമ്മർദം, രക്തസമ്മർദം, മനോബലക്കുറവ് തുടങ്ങിയവയ്ക്കെതിരെ കരുതൽ വേണം. ജീവിതപങ്കാളിയുടെ നിർദേശങ്ങൾ നിർണായകമായ തീരുമാനങ്ങൾക്ക് ഉപകരിക്കും. ഹ്രസ്വകാല കൃഷിരീതികൾ അവലംബിക്കും. 

മകരമാസം  

ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി സഹകരിക്കും. സ്വന്തം ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപിക്കുന്നത് അബദ്ധമാകും. പണം കടംകൊടുക്കരുത്. വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ രേഖകൾ സൂക്ഷ്മമായി പരിശോധിക്കണം. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. 

കുംഭമാസം  

വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും. വ്യക്തിസ്വാതന്ത്ര്യത്താൽ പുതിയ ഭരണപരിഷ്കാരം അവലംബിക്കും. കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങളിൽ ഉത്സാഹത്തോടു കൂടി പ്രവർത്തിക്കുമെങ്കിലും അനുഭവഫലം കുറയും. വേണ്ടപ്പെട്ടവരുടെ അകാലവിയോഗം ഗതകാലസ്മരണകൾ ഓർമിക്കാൻ വഴിയൊരുക്കും. ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ധർമപ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. 

 

മീനമാസം

ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. പരമ്പരാഗത–പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കും. ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചു നടപ്പിലാക്കിയ മേലധികാരിയോട് ആദരം തോന്നും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. വിദേശത്ത് ഉപരിപഠനത്തിന് എത്തിയവർക്ക് പ്രത്യേക ജാഗ്രത വേണം. പണി ചെയ്തുവരുന്ന ഗൃഹം വാങ്ങുവാൻ തയാറാകും. 

 

മേടമാസം  

വർഷങ്ങൾക്കു ശേഷം യാഥാർഥ്യം മനസ്സിലാക്കിയ സഹോദരങ്ങൾ സൗഹൃദബന്ധത്തിലേക്കു വരും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ അധികൃതരുടെ പ്രീതി നേടും. കീഴ്ജീവനക്കാരുടെ അശ്രദ്ധ കൊണ്ടു വന്നുചേരുന്ന അബദ്ധങ്ങൾ തിരുത്തുവാനുളള സാഹചര്യം പലപ്പോഴുമുണ്ടാകും. സങ്കീർണമായ പ്രശ്നങ്ങൾ പ്രവൃത്തിപരിചയത്താൽ പരിഹരിക്കാൻ സാധിക്കും. കാർഷികവിളകളിൽ നിന്നു സാമ്പത്തികപുരോഗതിയുണ്ടാകയാൽ ദീർഘകാല കൃഷികൾക്കു തുടക്കം കുറിക്കും. 

 

ഇടവമാസം 

വിദഗ്ധ ചികിത്സകളാലും വിശ്രമത്താലും ആരോഗ്യം തൃപ്തികരമായിരിക്കും. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. അമിതവേഗത്തിലുളള വാഹന ഉപയോഗം നിയന്ത്രിക്കണം. വരവും ചെലവും തുല്യമായിരിക്കും. നിയുക്തപദവിക്കു സ്ഥാനചലനം ഉണ്ടാകുമെന്നറിഞ്ഞതിനാൽ മറ്റു ജോലികൾക്ക് അപേക്ഷ നൽകും. 

 

മിഥുനമാസം  

സുദീർഘമായ ചർച്ചയിലൂടെ സുവ്യക്തവും സുദൃഢവുമായ തീരുമാനങ്ങൾ വന്നുചേരും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. കരാർ ജോലികളിൽ അധ്വാനഭാരവും അവിചാരിതച്ചെലവുകളും കൂടും. ആരോഗ്യം തൃപ്തികരമായതിനാൽ യാത്രകൾ പുനരാരംഭിക്കും. ചർച്ചകൾ വിജയിക്കും. കലാകായികമേഖലകളിൽ പ്രവർത്തിക്കുന്നവർ പുതിയ പരിശീലനം തുടങ്ങിവയ്ക്കും. 

 

കർക്കടകമാസം 

അനുബന്ധഭൂമി വാങ്ങുവാനിടവരും. അഭിപ്രായസമന്വയത്തോടു കൂടിയ സമീപനം സർവർക്കും സ്വീകാര്യമാകും. അന്യദേശത്തോ വിദേശത്തോ ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. വിജ്ഞാനികളുടെ വചനങ്ങൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊളളുവാൻ ഉപകരിക്കും. സാമ്പത്തികനിയന്ത്രണത്തിന്റെ ഭാഗമായി ചില കാര്യങ്ങൾ ഒഴിവാക്കുവാൻ തീരുമാനിക്കും.  

 

Content Highlights: Yearly Prediction | Makayiram | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com