ADVERTISEMENT

ചിങ്ങമാസം – ഏറെക്കാലമായി ആഗ്രഹിക്കുന്ന വിദേശയാത്രയ്ക്കു നടപടിയാകും. സുവ്യക്തമായ കർമപദ്ധതികൾക്ക് പണം മുടക്കും. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നു പഠിക്കാൻ സാധിക്കും. ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങും. വിദൂരപഠന കോഴ്സിനു പ്രവേശനം ലഭിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും. പരമപ്രധാനമായ കാര്യങ്ങൾക്കു തീരുമാനമുണ്ടാകും.

 

കന്നിമാസം – വ്യാപാരം, വ്യവസായം, കരാർ ജോലികൾ തുടങ്ങിയ കർമമേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാകും. ജീവിതനിലവാരം കൂടുന്നതു വഴി വലിയ ഗൃഹം വാങ്ങി താമസമാക്കും. വാഹനം മാറ്റിവാങ്ങും. വർധിക്കുന്ന ഔദ്യോഗിക ചുമതലകൾ കൃത്യതയോടു കൂടി നിർവഹിക്കുന്നതിനാൽ മറ്റ് ഉദ്യോഗത്തിന് അവസരം വന്നുചേരും. സങ്കീർണമായ പ്രശ്നങ്ങളെ ലാഘവത്തോടുകൂടി അഭിമുഖീകരിക്കാൻ കഴിയും. കലാകായികരംഗങ്ങൾ തുടങ്ങിയവയിൽ അനുകൂലസാഹചര്യം വന്നുചേരും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും.

 

തുലാമാസം – അഭിപ്രായസ്വാതന്ത്ര്യത്താൽ പൂർണമായും ആത്മാർഥമായി പ്രവർത്തിക്കാൻ തയാറാകും. ആത്മാർഥമായ പ്രവർത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടും. ലാഭോദ്ദേശ്യ പ്രവൃത്തികളിൽ അനുഭവമുണ്ടാകും. ഗൗരവമുളള വിഷയങ്ങൾ ലാഘവത്തോടു കൂടി ചെയ്തുതീർക്കാൻ സാധിക്കും. ഭാഗത്തിൽ ലഭിച്ച പൂർവികസ്വത്തിൽ ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകൾക്ക് അനുകൂല പ്രതികരണം വന്നുചേരും.

 

വൃശ്ചികമാസം – അഗ്നി, ആയുധം, ധനം, വാഹനം തുടങ്ങിയവ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. ഗർഭിണികൾക്ക് അവധിയെടുത്ത് വിശ്രമം വേണ്ടിവരും. ഭക്ഷണനിയന്ത്രണം നിർബന്ധമാകും. സുപരിചിതമായ കാര്യങ്ങൾ ആണെങ്കിലും അകാരണതടസ്സങ്ങൾ ഉണ്ടാകും. നിശ്ചയിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നുചേരും. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നത് ഉചിതമല്ല. മക്കളുടെ ആവശ്യങ്ങൾ നിർവഹിക്കാൻ പണം കടം വാങ്ങും.

 

ധനുമാസം – സാമ്പത്തിക ഉന്നതിയുള്ള രാജ്യത്തിലേക്കു താമസം മാറ്റുന്ന കാര്യം ചിന്തിക്കും. കല, സാഹിത്യം, സംഗീതം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കു ധാരാളം അവസരങ്ങൾ വന്നുചേരും. ചെയ്യുന്ന കാര്യങ്ങൾ മറ്റുളളവർക്കും ഉപകാരപ്രദമാകും. അധികാരപരിധി വർധിച്ചതിനാൽ കീഴ്ജീവനക്കാരെ നിയമിക്കും. അപാകതകൾ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കും. ശാസ്ത്രസാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും.

 

മകരമാസം – വർഷങ്ങൾക്കുശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ആത്മവിശ്വാസം, കാര്യനിർവഹണശേഷി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പുതിയ സ്ഥാനമാനങ്ങൾക്കു വഴിയൊരുക്കും. വ്യക്തിപ്രഭാവത്താൽ ദുഷ്കീർത്തി നിഷ്പ്രഭമാകും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമനിമിഷത്തിൽ അനുമതി ലഭിക്കും. നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. പുതിയ സ്നേഹബന്ധം ഉടലെടുക്കും.

 

കുംഭമാസം – ധർമപ്രവൃത്തികൾക്കും പുണ്യപ്രവർത്തികൾക്കുമായി ആത്മാർഥമായി സഹകരിക്കും. സത്യാവസ്ഥകൾ അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. പുതിയ കാർഷികസമ്പ്രദായം ആവിഷ്കരിക്കുന്നതു ഫലപ്രദമാകും. പ്രതിസന്ധികൾ തരണം ചെയ്യാൻ കഠിനപ്രയത്നം വേണ്ടിവരും. വിദേശ ഉദ്യോഗത്തിനു വിരാമം വന്നു സ്വദേശത്തേക്കു മടങ്ങാനുളള സാധ്യതയുണ്ട്. വാഹനാപകടം, വീഴ്ച എന്നിവയ്ക്കെതിരെ ജാഗ്രത വേണം.

 

മീനമാസം – ബന്ധുവിന്റെ ആവശ്യങ്ങൾ പരിഗണിക്കേണ്ടിവരും. സാഹസപ്രവൃത്തികളിൽ നിന്നും ഊഹക്കച്ചവടത്തിൽ നിന്നും പിന്മാറണം. പ്രകൃതി– ആയുർവേദ ചികിത്സകളാൽ ഉദര–നാഡീരോഗപീഡകൾക്ക് കുറവുണ്ടാകും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. റോഡുവികസനത്തിന് ഭൂമിവിട്ടുകൊടുക്കാൻ നിർബന്ധിതനാകും. സുഹൃത്തിനെ അബദ്ധങ്ങളിൽ നിന്നു രക്ഷിക്കാൻ സാധിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും.

 

മേടമാസം – ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും സ്ഥാനമാറ്റവും അംഗീകാരവും യഥാസമയം ലഭിക്കും. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ പങ്കുചേരും. ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകുന്നതിനാൽ ആത്മാഭിമാനം തോന്നും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. വർഷങ്ങൾക്കു ശേഷം സഹപാഠികളെ കാണാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും.

 

ഇടവമാസം – വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പലപ്പോഴും സഹപ്രവർത്തകരുടെയും കീഴ്ജീവനക്കാരുടെയും ജോലി കൂടി ചെയ്യേണ്ട സാഹചര്യമുണ്ടാകും. അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം. മേലധികാരിയുടെ സംശയങ്ങൾക്കു വ്യക്തമായ വിശദീകരണം നൽകേണ്ടിവരും. അന്യരെ അധിക്ഷേപിച്ചു കൊണ്ടുള്ള ആത്മപ്രശംസ അബദ്ധങ്ങൾക്കു വഴിയൊരുക്കും. കരുതൽ വേണം.  

 

മിഥുനമാസം – അനുചിതപ്രവൃത്തികളിൽ നിന്നു സുഹൃത്തിനെ രക്ഷിക്കാൻ സാധിക്കും. പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ തയാറാകും. വിദേശബന്ധമുളള വ്യാപാരമേഖലയിൽ പണം മുടക്കും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്തസംരംഭത്തിൽ നിന്നു പിന്മാറും. പൂർണതയില്ലാത്ത പദ്ധതികളിൽ പരാജയമുണ്ടാകും. അശ്രദ്ധകൊണ്ട് അബദ്ധങ്ങൾ വന്നുചേരാതിരിക്കാൻ പ്രത്യേക കരുതൽ വേണം.

 

കർക്കടകമാസം – പൂർണത പോരാത്തതിനാൽ അനുമതിക്കുള്ള അപേക്ഷകൾ നിരസിക്കപ്പെടും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമായെന്നുവരില്ല. സുഖദുഃഖങ്ങൾ ഒരുപോലെ വന്നുചേരും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. നിയമവിരുദ്ധമായ പ്രവർത്തനമണ്ഡലങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറണം. സഹപ്രവർത്തകരിൽ നിന്നു നിസ്സഹകരണ മനോഭാവത്താൽ അധ്വാനഭാരം കൂടും. കാരണമില്ലാതെ അസൂയാലുക്കൾ കൂടും.

 

Content Highlights: Yearly Prediction | Moolam | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com