‘തിന്ന് കോഴീ’ വാലിൽ പിടിച്ചുവലിച്ചും പിന്നാലെ നടന്നും കുരുന്ന്; ‘ഈ കോഴിക്ക് സമാധാനത്തിനുള്ള അവാർഡ് കൊടുക്കണ’മെന്ന് കമന്റ്
Mail This Article
കോഴിയമ്മയ്ക്ക് തീറ്റയുമായി പിന്നാലെ നടക്കുന്ന ഒരു കുരുന്നിന്റെ ക്യൂട്ട് വിഡിയോയാണ് വൈറലാകുന്നത്. കോഴിയുടെ വിശപ്പകറ്റാൻ തീറ്റയുമായി ‘തിന്ന് കോഴീ..’ എന്നു പറഞ്ഞ് പിന്നാല നടപ്പാണ് കക്ഷിയെങ്കിലും കോഴി യാതൊരു മൈന്റുമില്ലാതെയങ്ങനെ നിൽപ്പാണ്. അരിക്കലത്തിൽ നിന്ന് കുഞ്ഞിക്കൈ കൊണ്ട് ഒരു പാത്രത്തിൽ തീറ്റയുമെടുത്ത് കോഴി പോകുന്നിടത്തെല്ലാം പിന്നാലെ പോകുകയാണ് ഈ കുറുമ്പൻ. എന്നാൽ ഒരു തവണ പോലും തീറ്റകൊത്തി തിന്നാൽ കോഴിയമ്മ കൂട്ടാക്കിയില്ല. പോരാത്തത്തിന് കുട്ടിയിൽ നിന്ന് രക്ഷപെടാൻ ഒളിച്ചിരിക്കുകയും ചെയ്തു. കുട്ടിയുണ്ടോ വിടുന്നു. കോഴിയുടെ വാലിൽ പിടിച്ച് വലച്ച് തീറ്റീക്കാനുള്ള ശ്രമമായി. എന്നിട്ടും കോഴിയുണ്ടോ കഴിക്കുന്നു. ‘തിന്നാത്തതെന്താ കോഴിയമ്മേ...’ എന്നായി കുരുന്ന്. ഒടുവിൽ കോഴിയുടെ തല പിടിച്ച് തീറ്റ പാത്രത്തോട് അടുപ്പിച്ചിട്ടും രക്ഷയില്ല.
ഏതായാലും തന്നെ ഇത്രയൊക്കെ ശല്യം ചെയ്തിട്ടും കുഞ്ഞിനെ കോഴി ഉപദ്രവിക്കാൻ നോക്കിയില്ലെന്നതാണ് അതിശയം. കോഴിയെ തീറ്റിക്കാനുള്ള ഈ കുഞ്ഞിന്റെ ആത്മാർഥമായ ശ്രമത്തെ അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റുകൾ െചയ്യുന്നത്. ‘നല്ല ഇണക്കമുള്ള കോഴിയാണ്.. വേറെ വല്ല കോഴി ആയിരുന്നെങ്കിൽ കൊത്തി പറിച്ചേനെ’യെന്നും ‘കോഴിക്ക് സമാധാനത്തിനുള്ള അവാർഡ് കൊടുക്കണം’, ‘കൊക്കൊക്കോയ്ക്ക് അരി നിർബന്ധിച്ച് തീറ്റിക്കാൻ ശ്രമിക്കുന്ന കുഞ്ഞാവേടെ മനസ് ആരും അറിയാതെ പോകരുത്’ എന്നുമൊക്കെയുള്ള കമന്റുകളാണ് വിഡിയോയ്ക്ക് താഴെ.
Content Summary : Funny videoo of a child trying to feed hen