ADVERTISEMENT

'ഹലോ ഫ്രണ്ട്സ്, ഇന്ന് നമ്മൾ കാണാൻ പോകുന്നത് ഞാൻ എന്റെ തുണി അലക്കുന്നതാണ്..' ഇങ്ങനെ നല്ല കലക്കനായിട്ടു സംസാരിച്ച് വിഡിയോ ചെയ്യുന്ന ഒരു കൊച്ചു മിടുക്കിയെ നിങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടാകും. കാരണം പുള്ളിക്കാരി ഇൻസ്റ്റഗ്രാമില്‍ വൈറലാണ്. മൂന്ന് വയസ്സുകാരി ഐറിൻ ലോറ ആണ് ആ കൊച്ചു സെലിബ്രിറ്റി. 

∙ നമ്മുടെ ലോറ അവരുടെ ലല്ലി 

ഐറിൻ ലോറ എന്നാണ് പേരെങ്കിലും വീട്ടിൽ അവൾ ലല്ലി ആണ്. കോഴിക്കോട് കോച്ചിങ് സെന്റർ നടത്തുന്ന ര‍ഞ്ജിയുടെയും ബിഎഡ് വിദ്യാർഥി അപർണയുടെയും മകളാണ് ലല്ലി. 

the-little-social-media-star-irene-laure2
ഐറിൻ ലോറ മാതാപിതാക്കൾക്കൊപ്പം

∙ ഇൻസ്റ്റ സ്റ്റാർ ആയ വഴി

ഒരു കൊച്ചു കുഞ്ഞെങ്ങനെയാ ഇത്രയും നന്നായി വിഡിയോ ചെയ്യുന്നത് എന്നാണ് ലല്ലിയുടെ കുട്ടി വ്ലോഗുകൾ കാണുന്നവർക്കൊക്കെ അതിശയം. കുട്ടികൾ പൊതുവേ കാർട്ടൂൺ ആണല്ലോ കൂടുതലും കാണാറ്. എന്നാൽ രണ്ടു വയസ്സു മുതൽ ലല്ലി കൂടുതലും കണ്ടത് വ്ലോഗുകൾ ആണ്. ജിയോ മച്ചാനും കാർത്തിക് സൂര്യയുമൊക്കെയാണ് ഈ മിടുക്കിയുടെ ഇഷ്ടപ്പെട്ട വ്ലോഗേഴ്സ്. വ്ലോഗുകൾ കണ്ട് ഇഷ്ടം തോന്നിയതോടെ ലല്ലി സാധാരണ സംസാരിക്കുമ്പോഴും ഒരു വ്ലോഗ് സ്റ്റൈലൊക്കെ വന്നു തുടങ്ങി. എന്തെങ്കിലും ഗിഫ്റ്റ് കിട്ടിയാൽത്തന്നെ ‘നമുക്കിത് അൺബോക്സ് ചെയ്താലോ’ എന്നൊക്കെയായി ചോദ്യം. ഇത് കണ്ട് ഇഷ്ടപ്പെട്ട അച്ഛനും അമ്മയും ഫോണിൽ വിഡിയോ എടുത്ത് വയ്ക്കാൻ തുടങ്ങി. എന്നാൽ സോഷ്യൽ മീഡിയയിൽ ഇത് ഷെയര്‍ ചെയ്യാനുള്ള പ്ലാൻ അന്ന് ഇല്ലായിരുന്നു. 

'ഒരു ദിവസം ഞാൻ മൈലാഞ്ചി ട്യൂബ് കയ്യിൽ കൊടുത്തിട്ട് നീയിതൊന്ന് ഇട്ടേ, ഞാൻ വിഡിയോ എടുക്കാം. എന്നു പറഞ്ഞു. ഉടനേ അവൾ റെഡിയായി. നല്ല സ്റ്റൈലായിട്ട് ആള് ക്യാമറയ്ക്കു മുന്നിൽ മൈലാഞ്ചി ഇട്ടു. ആ വിഡിയോ ആണ് ഞങ്ങൾ ആദ്യമായി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. അന്നു കിട്ടിയ സ്നേഹവും സപ്പോർട്ടുമാണ് വീണ്ടും വിഡിയോ ചെയ്യാൻ കാരണം. ആ വിഡിയോ കണ്ടിട്ട് ഒരുപാട് പേർ മെസേജ് അയയ്ക്കുകയും ഷെയർ ചെയ്യുകയും ഒക്കെ ചെയ്തു. അതൊരു വലിയ പ്രോത്സാഹനമായി' - അപർണ പറയുന്നു

 

Read more : പാടാൻ മൈക്ക് നീട്ടി, വിസ്മയിപ്പിച്ച് കൊച്ചുമിടുക്കി; ഉത്സവപ്പറമ്പിലെ വൈറൽ തല്ലുമാല താരം

the-little-social-media-star-irene-laure1
ഐറിൻ ലോറ

∙കണ്ടന്റിനല്ല സംസാരത്തിനാണ് ലൈക്ക് 

'ഇന്നേ വരെ മോളെ വിഡിയോ എടുക്കാൻ നിർബന്ധിക്കേണ്ടി വന്നിട്ടില്ല. അവളാണ് നമുക്ക് വിഡിയോ എടുക്കാമെന്നു പറഞ്ഞു വരുന്നത്. അതുകൊണ്ടുതന്നെ അധികം സമയം എടുക്കുകയോ ബുദ്ധിമുട്ടോ ഒന്നുമില്ല. എന്താ പറയേണ്ടതെന്ന് ഞാൻ പറഞ്ഞു കൊടുക്കും. അവൾ അത് സ്വന്തം സ്റ്റൈലിൽ പ്രസന്റ് ചെയ്യും. അതാണ് പതിവ്. പറമ്പിൽ കാണുന്ന കാര്യങ്ങൾ കാണിച്ചുകൊടുക്കുക, ഡ്രസ് അലക്കുക, ബ്യൂട്ടി വ്ലോഗ് ചെയ്യുക, കുക്കിങ് വ്ലോഗ് എടുക്കുക ഇതൊക്കെയാണ് ഹൈലറ്റ്. ഇതൊക്കെ കാണിച്ചു കൊടുക്കാൻ അവൾക്കും കാണാൻ ആളുകൾക്കും ഇഷ്ടമാണ്. മൂന്നു വയസ്സുള്ള കുട്ടി ഇങ്ങനെയൊക്കെ കാണിക്കുകയും പറയുകയും ചെയ്യുമ്പോൾ ആൾക്കാർക്ക് കൗതുകമാണ്. പിന്നെ വിഡിയോയുടെ കണ്ടന്റ് എന്താണെന്ന് പോലും പലരും നോക്കാറില്ല, അവളുടെ സംസാരം കേൾക്കാനാണ് കൂടുതൽ ആൾക്കാരും വിഡിയോ കാണാറ്. അവളുടേതായിട്ടുള്ള രീതിയിൽ പറയുമ്പോൾ കേൾക്കാൻ ഒരു പ്രത്യേക രസമാണ്.

∙ അമ്മൂമ്മയുടെ ' പെറ്റ് ' 

വ്ലോഗിങ് കഴിഞ്ഞാൽ ലല്ലിയുടെ മെയിൻ വിനോദം രാവിലെ മുതൽ രാത്രി വരെ അമ്മൂമ്മയോടൊപ്പം കളിക്കുക എന്നതാണ്. പിന്നെ പടം വരയ്ക്കാനൊക്കെ ഇരിക്കാറുണ്ട്. ഇപ്പോൾ അവൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുത്താൽത്തന്നെ ഹായ് ഗയ്സ്, നമുക്കിന്ന് ഇതു കഴിക്കാം എന്നൊക്കെയാണു പറയുന്നത്. ആകെമൊത്തം വ്ലോഗിങ് സ്റ്റൈലാണ്. വിഡിയോ ചെയ്യാനാണ് അവൾക്ക് ഏറ്റവും ഇഷ്ടം. കുറേ ലൈക്ക് ആയോ അമ്മേ എന്നൊക്കെ ചോദിക്കാറുണ്ടെങ്കിലും ഇതെന്താ സംഭവമെന്ന് മുഴുവനായിട്ട് മനസ്സിലാക്കാനുള്ള പ്രായമെന്നും അവൾക്കായിട്ടില്ല - അപർണ പറയുന്നു. എങ്കിലും ‘ഞാൻ വിഡിയോ ഒക്കെ എടുത്ത് ജീവിച്ചോളാം അമ്മേ’ എന്നാണ് ലല്ലി പറയുന്നത്. കാരണം സ്കൂളിൽ പോകുന്ന കാര്യം പറയുമ്പോഴേ ആൾക്ക് മടിയാണ്. നഴ്സറിയിൽ പാടുപെട്ടാണ് പോയിരുന്നത്. ഈ വർഷം എന്തായാലും സ്കൂളിലാക്കണമെന്നാണ് ലല്ലിയുടെ അച്ഛന്റെയും അമ്മയുടെയും പ്ലാൻ.

 

Read more : ‘സോ സ്വീറ്റ്, ഇതിലിപ്പോൾ ആരാണ് കുഞ്ഞാവ’, വൈറലായി അനുശ്രീയുടെ വിഡിയോ

∙ നിങ്ങൾ വിചാരിച്ച ആളല്ല ഇത്

ലല്ലിയുടെ അമ്മയാണ് ആ ട്വിസ്റ്റ് വെളിപ്പെടുത്തിയത്. 'വിഡിയോ കാണുമ്പോൾ നിങ്ങൾ വിചാരിക്കും അവൾ എപ്പോഴും എല്ലാവരോടും ഇത്രയും ആക്ടീവായാണ് സംസാരിക്കുന്നതെന്ന്. എന്നാൽ അങ്ങനെയല്ല. ഞങ്ങളുടെ മുന്നിലാണ് അവള്‍ ഇങ്ങനെ കൂളായി പെരുമാറുന്നത്. പുറത്തു പോയാലോ പുതിയ ആൾക്കാരെ കണ്ടാലോ അവൾക്ക് പെട്ടെന്ന് ഇണങ്ങാനോ വിഡിയോയിലേതു പോലെ സംസാരിക്കാനോ പറ്റില്ല. അവളുമായി അടുത്ത്, കംഫർട്ട് ആയാലേ രക്ഷയുള്ളൂ. 

∙ പറഞ്ഞോളൂ, കേൾക്കാൻ റെഡിയാണ്

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയതുകൊണ്ടു‌തന്നെ വിമർശനങ്ങൾ ഉണ്ടാകും. പക്ഷേ കൊച്ചുകുട്ടി ആയത് കൊണ്ട് നെഗറ്റീവ് കമന്റുകളൊന്നും വന്നിട്ടില്ല. പിന്നെ വിഡിയോകളിൽ മേക്കപ്പ് പ്രൊഡക്ട്സ് ഉപയോഗിക്കുന്നതു കണ്ട് പലരും മെസേജ് അയക്കാറുണ്ട്. അങ്ങനെ ചെയ്യരുതെന്ന് പറയാറുണ്ട്. ഇതെല്ലാം അവൾക്ക് വിഡിയോയ്ക്ക് വേണ്ടി മാത്രം കൊടുക്കുന്നതാണ്. ഇതൊക്കെ ഉപയോഗിച്ച് വിഡിയോ ചെയ്യാന്‍ അവൾക്ക് നല്ല ഇഷ്ടവുമാണ്. വിഡിയോ എടുത്തു കഴിഞ്ഞയുടൻ മുഖത്ത് ഇട്ടതൊക്കെ കഴുകിക്കളയാറുമുണ്ട്. ഇതൊന്നും കുട്ടികളുടെ സ്കിന്നിനു നല്ലതല്ല എന്ന ബോധ്യമുണ്ട്.

 

∙ ലോറയുടെ പ്രയാണം

ഇപ്പോൾ ഒരുപാട് കുട്ടി വ്ലോഗേഴ്സ് ഉണ്ടല്ലോ. അവർക്കൊപ്പം ഇവളും മുന്നോട്ട് പോകട്ടെ. ഇപ്പോൾ മോളുടെ താൽപര്യം കാരണമാണ് വിഡിയോ ചെയ്യുന്നത്. എത്രകാലം ഈ താൽപര്യം ഉണ്ടാകുമെന്ന് അറിയില്ല. അവൾക്ക് ഇഷ്ടമുള്ള കാലത്തോളം വിഡിയോ ചെയ്യാം, മടിയാവുമ്പോൾ നിർത്താം എന്നാണ് പ്ലാൻ. എന്നാലും വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു തുടങ്ങിയപ്പോൾ ഇത്രയും സപ്പോർട്ട് കിട്ടുമെന്നൊന്നും പ്രതീക്ഷിച്ചതേയില്ല. തുടർന്നും മകൾക്ക് സ്നേഹവും പിന്തുണയുണ്ടാകുമെന്നാണ് ലല്ലിയുടെ അച്ഛനുമമ്മയും പ്രതീക്ഷിക്കുന്നത്. 

ഇൻസ്റ്റഗ്രാമിൽ പേജ് തുടങ്ങിയത് അച്ഛനാണ്, വിഡിയോ എടുക്കുന്നത് അമ്മയും. ലോറയുടെ പ്രയാണം എന്ന പേരിൽ യൂട്യൂബിൽ ഒരു ചാനലും ലല്ലിക്കുണ്ട്. പക്ഷേ ആരാധകർ കൂടുതലുള്ളത് ഇൻസ്റ്റഗ്രാമിൽ തന്നെ. കിടിലൻ വിഡിയോകളുമായി സോഷ്യൽ മീഡിയയിൽ സ്റ്റാറായി തുടരാൻ റെഡിയാണ് ഐറിൻ ലോറ.

 

Content Summary : The little social media star Irene laure  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com