വെള്ളമെടുക്കാനുള്ള അമ്മയുടെ കഷ്ടപ്പാട് വിഷമിപ്പിച്ചു; സ്വയം കിണർകുഴിച്ച് 14 വയസ്സുകാരൻ
Mail This Article
ഗാർഹികാവശ്യത്തിനായുള്ള വെള്ളമെടുക്കാനായി ദൂരെയുള്ള അരുവിയിലേക്ക് നിരവധി തവണയാണ് പ്രണവിന്റെ അമ്മ ഒരു ദിവസം നടന്നിരുന്നത്. വെള്ളത്തിനായുള്ള ഈ കഠിനയാത്ര പ്രണവിനെ നന്നായി വിഷമിപ്പിച്ചിരുന്നു. അമ്മയ്ക്കായി തനിക്ക് എന്തു ചെയ്യാനാകുമെന്ന ചിന്ത ഒരു കിണർ കുഴിക്കുന്നതിലേക്കു നയിച്ചു. കുട്ടികൾ പലപ്പോഴും അതിശയകരമായ പല പ്രവൃത്തികളും ചെയ്യാറുണ്ട്. ഇത്തരമൊരു പ്രവൃത്തിയാണ് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുള്ള പ്രണവ് രമേഷ് സൽക്കാരും ചെയ്തത്. രാജ്യമൊട്ടാകെയുള്ള ആളുകളുടെ പ്രശംസയും അനുമോദനങ്ങളും അവൻ നേടി.
മഹാരാഷ്ട്രയുടെ തലസ്ഥാനം മുംബൈയിൽ നിന്ന് 128 കിലോമീറ്റർ അകലെയായാണ് പ്രണവിന്റെ ഗ്രാമമായ കെൽവ് സ്ഥിതി ചെയ്യുന്നത്. വികസനം അധികമെത്താത്ത ഈ ഗ്രാമത്തിൽ പരിമിതമായ സാഹചര്യങ്ങളുള്ള കുടിലിലാണ് പ്രണവ് ജീവിക്കുന്നത്. കർഷകത്തൊഴിലാണിയായ രമേഷിന്റെയും ദർശനയുടെയും നാലുമക്കളിൽ ഏറ്റവും ഇളയ ആളാണ് പ്രണവ്. മേഖലയിലുള്ള ആദർശ് വിദ്യാമന്ദിറിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ഈ കുട്ടി.
അമ്മ ദർശനയെ സഹായിക്കാനായാണ് കിണർ കുഴിക്കാനുള്ള ഉദ്യമത്തിൽ അവൻ ഏർപ്പെട്ടത്. മൺവെട്ടിയും മൺകോരിയും ഏണിയുമായിരുന്നു പണിയായുധങ്ങൾ. കടുത്ത വേനൽച്ചൂടിനെ വകവയ്ക്കാതെയായിരുന്നു പ്രണവിന്റെ കിണർപണി. ഉച്ചയ്ക്ക് 15 മിനിറ്റ് ഇടവേള ഉച്ചഭക്ഷണത്തിനായി എടുക്കും. ദിവസങ്ങൾക്കു ശേഷം കഠിനാധ്വാനം പൂവണിഞ്ഞു. കിണറിൽ നിന്നു ശുദ്ധജലം പുറത്തെത്തി. പ്രണവും കുടുംബവും സന്തോഷത്തിലായി.
പ്രണവിന്റെ നേട്ടത്തിന്റെ കഥ താമസിയാതെ കാട്ടുതീ പോലെ ഗ്രാമത്തിൽ പടർന്നു. ഗ്രാമത്തിൽ നിന്നും അയൽഗ്രാമങ്ങളിൽ നിന്നുമുള്ള ധാരാളം പേർ അവന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. തന്റെ അധ്യാപകരും കിണർ കാണാനെത്തിയെന്നും തന്നെ അഭിനന്ദിച്ചെന്നും അഭിമാനത്തോടെ പ്രണവ് പറയുന്നു. പ്രണവിന്റെ ഈ കഠിനാധ്വാനത്തിന്റെ വാർത്ത തദ്ദേശ ഭരണകൂടത്തിന്റെ ശ്രദ്ധയിലുമെത്തി. അവർ ഒരു ടാപ് പ്രണവിന്റെ വീട്ടിൽ സ്ഥാപിച്ചുകൊടുത്തു. ജില്ലാ ഭരണകൂടം സമ്മാനമായി 11,000 രൂപയും കുട്ടിക്കു നൽകി. പ്രണവിനും കുടുംബത്തിനും കെട്ടുറപ്പുള്ള വീട് നിർമിച്ചുനൽകാനുള്ള പദ്ധതിയും ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലുണ്ട്.
അധികം സംസാരിക്കാത്ത, ദീർഘദൂരം നടക്കാനും പക്ഷികളെ കാണാനുമൊക്കെ ഇഷ്ടമുള്ള പ്രണവ് നേരത്തെയും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. സോളർ പാനലുകൾ ഒരു മോട്ടോർസൈക്കിൾ ബാറ്ററിയുമായി ഘടിപ്പിച്ച് തന്റെ കുടിലിൽ പ്രകാശമെത്തിക്കാനും അവൻ ശ്രമിച്ചിരുന്നു,
Content Summary : Pranav Ramesh Salkar 14 year old boy digs well near home for mother