ADVERTISEMENT

ലോകമെമ്പാടുമുള്ള അധ്യാപകർക്കും വിദ്യാർഥികൾക്കും വഴികാട്ടിയായ "ടോട്ടോചാൻ" നവതിയുടെ നിറവിൽ! "ജനാലക്കരികിലെ വികൃതിക്കുട്ടി"ക്ക് ഇന്നു 90 വയസ്സ് തികയുന്നു. 1933 ഓഗസ്റ്റ് 9ന് ആയിരുന്നു ഇവരുടെ ജനനം. 

ജപ്പാനിലെ പ്രശസ്ത ടെലിവിഷൻ ആർട്ടിസ്‌റ്റും യൂണിസെഫിന്റെ ഗുഡ് വിൽ അംബാസഡറുമായ തെത്സുകോ  കുറോയോനഗിയുടെ ഏറെ ശ്രദ്ധേയമായ കൃതിയാണ് "ടോട്ടോചാൻ ദ ലിറ്റിൽ ഗേൾ അറ്റ് ദ വിൻഡോ ". അതിലെ പ്രധാന കഥാപാത്രമാണ് ടോട്ടോചാൻ. ജപ്പാനിൽ ജനിച്ച ടോട്ടോചാൻ എന്ന പെൺക്കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയാണ് പുസ്തകം രചിച്ചത്. 1992ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് പുസ്തകത്തിന്റെ ആദ്യ മലയാള പരിഭാഷ  "ടോട്ടോചാൻ ജനാലക്കരികിലെ വികൃതിക്കുട്ടി" എന്ന പേരിൽ പുറത്തിറക്കിയത്. 1997 മുതൽ നാഷനൽ ബുക് ട്രസ്റ്റും മലയാള പതിപ്പ് ഇറക്കുന്നുണ്ട്. കവി അൻവർ അലിയാണ് പരിഭാഷ നടത്തിയത്.

 

കുട്ടികളെ സ്വന്തം മക്കളെ പോലെ കാണാൻ അധ്യാപകരെ പ്രേരിപ്പിച്ച കൃതി എന്ന നിലയിലാണ് പുസ്തകം ലോകശ്രദ്ധ നേടിയത്. ടോട്ടോചാൻ എന്ന കുറുമ്പുകാരിയായ പെൺക്കുട്ടിയുടെ അനുഭവങ്ങളിലൂടെ വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ പുസ്തകം കാട്ടിത്തരുന്നു. കൊബായാഷി എന്ന അധ്യാപകന്റെ പ്രിയപ്പെട്ട വിദ്യാർഥിയായി ടോട്ടോചാൻ കഥയിൽ നിറഞ്ഞുനിൽക്കുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് സമഗ്ര സംഭാവന നൽകിയതിന്റെ പേരിൽ പല രാജ്യങ്ങളിലെയും അധ്യാപന പരിശീലന കോളജുകളിൽ പുസ്തകം പഠനവിഷയമാണ്. 

 

തൊണ്ണൂറാം വയസ്സിലും ടോട്ടോചാൻ ജപ്പാനിലെ തിരക്കുള്ള ടിവി അവതാരകയാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയുടെ നേതൃത്വത്തിൽ നവതി ആഘോഷിക്കുന്നുണ്ട്. പിറന്നാൾ കത്തെഴുത്ത്, വായനാനുഭവം പങ്കിടൽ, ടോട്ടോ ക്വിസ് എന്നിവയുണ്ടാകുമെന്ന് ലൂക്ക എഡിറ്റർ റിസ്വാൻ അറിയിച്ചു.

 

Content Highlight  : Totto-Chan: The Little Girl at the Window | Literature | Tetsuko Kuroyanagi | Japan | Literature | Kids Club | Children | Children Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com