എവറസ്റ്റ് ബേസ്ക്യാംപ് താണ്ടി നാലുവയസ്സുകാരി! നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ
Mail This Article
യൂറോപ്യൻ രാജ്യമായ ചെക് റിപ്പബ്ലിക്കിൽ നിന്നുള്ള നാലുവയസ്സുകാരി ലോകത്തെ ഏറ്റവും പൊക്കമുള്ള പർവതമായ എവറസ്റ്റിന്റെ ബേസ് ക്യാംപിലെത്തി. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി ഈ പെൺകുട്ടി. സാറ എന്നാണു കുട്ടിയുടെ പേര്. പിതാവായ ഡേവിഡ് സിഫ്രയ്ക്കും ഏഴുവയസ്സുള്ള സഹോദരനും ഒപ്പമാണ് സാറ എത്തിയത്. നേരത്തെ ബേസ് ക്യാംപിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞയാൾ കഴിഞ്ഞവർഷം എത്തിയ പ്രീഷ ലോകേഷാണ്. അഞ്ചുവയസ്സായിരുന്നു അന്ന് പ്രീഷയുടെ പ്രായം.
എവറസ്റ്റ് കൊടുമുടിയിലേക്കുള്ള ഈ ബേസ് ക്യാംപ് തറനിരപ്പിൽ നിന്ന് 5364 മീറ്റർ ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്. കടുത്ത സാഹചര്യങ്ങളും മഞ്ഞുകാറ്റുകളും താഴ്ന്ന താപനിലയുമൊക്കെ അതിജീവിച്ചാണ് ഇവിടെയെത്തേണ്ടത്. രണ്ട് ബേസ്‌ക്യാംപുകളാണ് എവറസ്റ്റിലുള്ളത്. ഒന്ന് നേപ്പാളിലും മറ്റൊന്ന് ടിബറ്റിലും. ബേസ്‌ക്യാംപുകളിൽ നിന്നാണു സാഹസികർ പർവതാരോഹണം തുടങ്ങുന്നത്. 8.9 കിലോമീറ്ററാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം. ബേസ് ക്യാംപിൽ നിന്നു മൂന്നര കിലോമീറ്ററോളം പൊക്കമുണ്ടെന്ന് വ്യക്തം.
കുട്ടികൾ എവറസ്റ്റ് കൊടുമുടിയും കീഴടക്കിയിട്ടുണ്ട്. 13 വയസ്സുകാരായ ജോർദൻ റൊമീറോ, മാലാവത് പൂർണ എന്നിവരാണ് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞവർ. ജോർദൻ അമേരിക്കക്കാരിയും മാലാവത് ഇന്ത്യക്കാരിയുമാണ്. എവറസ്റ്റ് പർവതം നേപ്പാളിൽ സാഗർമാതാ എന്നും ടിബറ്റിൽ ക്യുമോലാങ്മ പർവതമെന്നുമാണ് അറിയപ്പെടുന്നത്. ഭൂമിയിൽ സമുദ്രനിരപ്പിനു മുകളിൽ ഏറ്റവും കൂടുതൽ ഉയരമുള്ള പർവതമാണ് എവറസ്റ്റ്( പൊക്കം 8850 മീറ്ററുകൾ).എന്നാൽ അടിവശം മുതൽ കൊടുമുടി വരെയുള്ള ഉയരം പരിഗണിച്ചാൽ ഏറ്റവും ഉയരമുള്ള പർവതം ഹവായിയിലെ മൗന കിയയാണ്. ഇതിന്‌റെ നല്ലൊരുഭാഗവും ഭൂമിക്കുതാഴെയാണ്.