ADVERTISEMENT

ഒരു കാപ്പി കുടിക്കുന്നതിന് ഇത്രയേറെ കഷ്ടപ്പാട് ഉണ്ടെന്ന് നമുക്ക് എന്തേ അറിയാതെ പോയി. അതുകൊണ്ടാണ് ജോൺ ജസ്റ്റിൻ എന്ന നാലാം ക്ലാസുകാരൻ കാപ്പിച്ചെടിയിൽ നിന്നും കട്ടൻകാപ്പിയിലേക്കുള്ള യാത്ര തന്റെ പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തിച്ചത്. വളരെ രസകരമായ അവതരണമാണ് വിഡിയോയുടെ പ്രത്യേകത. കാപ്പി പൂക്കുന്നത് മുതൽ കാപ്പിക്കുരു പറിച്ച് ഉണക്കി, മില്ലിൽ കൊണ്ടു പോയി പൊടിപ്പിക്കുന്നത് വരെയുള്ള സംഭവങ്ങൾ കോർത്തിണക്കിയാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

ഡ്രീം വൈ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ജനുവരി 30ന് പോസ്റ്റ് ചെയ്ത വിഡിയോ കണ്ടവരുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. രണ്ടു ലക്ഷത്തിലേറെ വരുന്ന കമന്റുകളിൽ ചലച്ചിത്രതാരങ്ങളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റേയും അഭിനന്ദനങ്ങളുണ്ട്. ജോണിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം പതിനായിരത്തിലധികമാണ്. കുഞ്ഞു ജോണിന്റെ അവതരണ രീതിയാണ് പ്രേക്ഷകരെ രസിപ്പിച്ചത്. വെറും ഒരു മിനിറ്റ് മാത്രമാണ് വിഡിയോയുടെ ദൈർഘ്യം. കാച്ചിക്കുറുക്കി അവതരിപ്പിച്ച കാപ്പി വിഡിയോ കണ്ടു കഴിയുമ്പോൾ പ്രേക്ഷകന് ലഭിക്കുന്നത് നല്ലൊരു കട്ടൻകാപ്പി കുടിച്ച സുഖം.

'ഇത് കട്ടൻകാപ്പി, ഇത് കാപ്പിച്ചെടി. ഈ കാപ്പിച്ചെടിയിൽ നിന്നും കട്ടൻകാപ്പി വരെയുള്ള ഒരു യാത്രയാണ് നമ്മുടെ ഇന്നത്തെ വിഡിയോ. പറമ്പിലെ കാപ്പികൾ പൂക്കാൻ റെഡി. ഇതേ പൂമൊട്ടുകൾ ആണ്. നേരം വെളുത്തു, മൊത്തം പൂത്തുലഞ്ഞു. ഇവിടെല്ലാം സൂപ്പറൊരു മണമുണ്ട് കേട്ടോ. പൂക്കൾ കരിഞ്ഞു. പിന്നെ കൊഴിഞ്ഞു. ഇപ്പോൾ കാപ്പിക്കുരു ചെറുതായിട്ട് കാണാം. കുരു പതിയെ വളർന്നു. ആദ്യം വിളഞ്ഞു, പിന്നെ പഴുത്തു. ഇതൊരു കളർഫുൾ കാഴ്ചയാണ്. പഴുത്ത കുരു പറിക്കുകയാണേ. പൊക്കത്തിലുള്ള കമ്പുകൾ വെട്ടാതെ വേറെ വഴിയില്ല. പറമ്പീന്ന് പറിച്ച ആത്തച്ചക്കയാണ് കാപ്പിക്കുരുവിന്റെ കൂട്ടത്തിൽ. കാപ്പിക്കുരു ഞങ്ങള് ടേസ്റ്റ് ചെയ്ത് നോക്കി, നല്ല മധുരമാണ്. കാപ്പിക്കുരു ടെറസിൽ ഉണക്കാനിട്ടു. പതിയെ ഉണങ്ങിത്തുടങ്ങി. മാസങ്ങൾ കഴിഞ്ഞു. ബാക്കി സീൻ. ബേബിച്ചായന്റെ മില്ലിലാണ്. മെഷീനിൽ തൊലി കളഞ്ഞു. ഒറിജിനൽ കാപ്പിക്കുരു പുറത്തെടുക്കുന്നതാണ് ഇവിടുത്തെ ആദ്യപണി. പണ്ട്, ഉരലിൽ ഇട്ട് ആയിരുന്നു പൊളിച്ചിരുന്നത്. കാപ്പിക്കുരുവിന്റെ പരിപ്പ് എടുത്തു കഴിഞ്ഞു. പൊളിച്ച കുരു വറുക്കാൻ പോകുവാണേ. ഒരു മണിക്കൂർ. വറുത്തത് മതി. ഇനി വറുത്ത കാപ്പിക്കുരു പൊടിക്കാം. ഇതിന്റെ കൂടെ വറുത്ത ഉലുവയും ചേർത്തിട്ടുണ്ട്. പണ്ട് പൊടിക്കാനും ഉരൽ ആയിരുന്നു കേട്ടോ ഉപയോഗിച്ചിരുന്നത്. ഇനി ഈ പൊടി വെച്ച് ഒരു കട്ടൻ. നമ്മൾ ആദ്യം കണ്ടില്ലേ കാപ്പിയുടെ പൂമൊട്ട്, അതാണ് ഇതായി മാറിയത്' -  ഒരു മിനിറ്റ് വിഡിയോയ്ക്ക് ജോൺ നൽകിയ വിശദീകരണം ഇങ്ങനെ ആയിരുന്നു. അതേസമയം, ജോണിന്റെ യുട്യൂബ് ചാനലിൽ ഈ വിഡിയോയ്ക്ക് 8500 ന് അധികം കാഴ്ചക്കാരാണ്.

ജോണിന്റെ വിഡിയോ വൈറലാകുന്നത് ഇത് ആദ്യമായല്ല. നേരത്തെ ജോൺ ചെയ്ത ഉറുമ്പുകളുടെ പ്രതിഷേധം റീൽസ് വിഡിയോ വൻ ഹിറ്റ് ആയിരുന്നു. ഭാവിയിൽ ഒരു ട്രാവൽ വ്ലോഗർ ആകാനാണ് ജോണിന്റെ ആഗ്രഹം. കോട്ടയം നെടുങ്കുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സി ബി എസ് ഇ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ജോൺ.

കഴിഞ്ഞവർഷത്തെ ശിശുദിനത്തിൽ മനോരമ ന്യൂസിലും ജോൺ ജസ്റ്റിൻ റിപ്പോർട്ടർ ആയി എത്തിയിരുന്നു. 2023 നവംബർ 14 ശിശുദിന ദിവസം ആയിരുന്നു ആലുവ കേസിൽ കോടതി വിധി പ്രഖ്യാപിച്ചത്. ആലുവ കേസിൽ വിധി പ്രഖ്യാപിക്കുന്ന ദിവസം ആയതിനാൽ നെടുങ്കുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സി ബി എസ് ഇ സ്കൂളിൽ അന്നേദിവസം ആഘോഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പകരം അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് എതിരായ ലൈംഗിക അതിക്രമങ്ങളെ സംബന്ധിച്ച് ബോധവൽക്കരണ പരിപാടികൾ ആയിരുന്നു നടത്തിയത്. അന്നേ ദിവസം സ്കൂളിലെ പരിപാടികൾ മനോരമ ന്യൂസിന് വേണ്ടി റിപ്പോർട്ട് ചെയ്തത് നാലാം ക്ലാസുകാരനായ ജോൺ ജസ്റ്റിൻ ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com