ADVERTISEMENT

കളിക്കുന്നവർക്കും ആസ്വദിക്കുന്നവർക്കും ഒരുപോലെ ലഹരിയാകുന്ന ഒന്നാണ് ഫുട്ബോൾ. ഒരു പന്തിനു പിറകെ ഒരു പറ്റം ആളുകൾ കാലു കൊണ്ട് പായുമ്പോൾ ഒരായിരം മനസുകളാണ് അതിന്റെ പിന്നാലെ ആരും കാണാതെ പായുന്നത്. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ വലിയ ആവേശത്തോടെയാണ് ഫുട്ബോൾ കളിക്കുന്നതും ആസ്വദിക്കുന്നതും. മനോഹരമായ ഒരു ഗോൾ പിറക്കുന്നത് രാജ്യാന്തര നിലവാരമുള്ള പുൽമൈതാനത്ത് ആണെങ്കിലും നാട്ടിൻപുറത്തെ മൈതാനത്ത് ആണെങ്കിലും  പാടത്ത് ആണെങ്കിലും അതിനെ നെഞ്ചോട് ചേർക്കുന്നവരാണ് കളി പ്രേമികൾ.

കളിക്കാൻ എത്തിയവർ എല്ലാം ബൂട്ടണിഞ്ഞ് എത്തിയപ്പോൾ മൂന്നാം ക്ലാസുകാരൻ നിതിൻ നഗ്നപാദനായി എത്തിയത്. എന്നാൽ, അടിപൊളി ഫ്രീകിക്കിലൂടെ ഫുട്ബോൾ പ്രേമികളുടെ മനസിലേക്ക് അടിച്ചു കയറാൻ നിതിന് അതൊരു തടസമായില്ല. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും ആ ഗോളിന്റെ മാസ്മരികതയിൽ ലയിച്ചു പോയി. തന്റെ സോഷ്യൽമീഡിയ പേജിൽ നിതിന്റെ ഫ്രീകിക്കിന്റെ വിഡിയോ പങ്കുവെച്ച ശിവൻകുട്ടി 'നിതിൻ സൂപ്പർ' എന്നാണ് കുറിച്ചത്.

മലപ്പുറത്തെ അമരമ്പലം പഞ്ചായത്തിലെ പറമ്പ ഗവൺമെന്റ് യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് നിതിൻ. ചെട്ടിപ്പാടം കോളനിയിലെ കുഴിവള്ളി സുരേഷ് ബാബുവിന്റെയും ജയപ്രിയയുടെയും മകനാണ് നിതിൻ. സ്കൂളിൽ ശനിയാഴ്ച നടന്ന ടാലന്റ് സെർച്ച് ഫുട്ബോൾ മത്സരത്തിൽ ആയിരുന്നു ഫുട്ബോൾ പ്രേമികളുടെ നെഞ്ചിലുടക്കിയ ആ ഫ്രീകിക്ക് പിറന്നത്. ഗോൾ പോസ്റ്റിന് 15 മീറ്റർ അകലെ വെച്ചായിരുന്നു ഫ്രീകിക്ക് ലഭിച്ചത്. 

മെസി ആരാധകർ ആയിരുന്നു കളിക്കളത്തിൽ നിറഞ്ഞ കുഞ്ഞു മിടുക്കൻമാരിൽ ഏറെ പേരും. മെസിയുടെ ജഴ്സി അണിഞ്ഞ ഗോളിയും മെസിപ്പട പോലെ തോന്നിച്ച പ്രതിരോധ നിരയും. അതിനെയെല്ലാം മറികടന്ന് ആയിരുന്നു കാലിൽ ഒരു ഷൂസ് പോലുമില്ലാതെ എത്തി നിതിൻ ഫ്രീകിക്ക് അടിച്ചത്. സുരക്ഷാ മതിലിന് പിന്നിൽ ആയിരുന്നു ഗോൾകീപ്പർ നിലയുറപ്പിച്ചത്. ഗോൾ കീപ്പറെയും മറികടന്ന് പന്ത് നീങ്ങിയപ്പോൾ കളത്തിൽ ഉണ്ടായിരുന്നവർ മാത്രമല്ല കണ്ടുനിന്ന അധ്യാപകർ വരെ ഒന്ന് അമ്പരന്നു.

കുഞ്ഞു നിതിന്റെ മനോഹരമായ ഫ്രീകിക്ക് അധ്യാപകനായ കെ സാജന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു. അധ്യാപകൻ ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെ പെട്ടെന്ന് തന്നെ ഈ ഫ്രീകിക്ക് വൈറലായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ആദ്ദേഹവും തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിഡിയോ പങ്കുവെച്ചു. 

ഏതായാലും മന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച വിഡിയോ രണ്ടു ലക്ഷത്തിൽ അധികം ആളുകളാണ് ഇതുവരെ കണ്ടത്. കളിയിലെ മുഴുവൻ സമയവും സഹകളിക്കാരായ രോഹിത്ത്, അഭിദേവ് എന്നിവരുമായി ചേർന്ന് നിതിൻ നടത്തിയ മുന്നേറ്റങ്ങൾ മൂന്നാം ക്ലാസുകാരന്റെ കാൽപന്തുകളിയിലെ പ്രതിഭ വ്യക്തമാക്കുന്നതായിരുന്നു. ഏതായാലും ഹിറോ ഓഫ് ദ മാച്ച് ആയിരുന്നു നിതിൻ. കളിയിലെ താരമായ നിതിന് അധ്യാപകനായ ഗിരീഷ് മാരേങ്ങലത്ത് പുതിയ ഒരു ബൂട്ട് സമ്മാനിക്കുകയും ചെയ്തു.

English Summary:

Nitin, the Barefoot Wonder: 3rd Grader’s Free Kick Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com