അമ്മയായ നയൻതാരയ്ക്ക് പത്തിൽ 99; ക്യൂട്ട് വിഡിയോയുമായി വിഘ്നേഷ്
Mail This Article
അമ്മയായ നയൻതാരയ്ക്ക് മുഴുവൻ മാർക്കും നൽകി ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ. മാതൃദിനത്തിൽ സോഷ്യൽ മീഡിയയിൽ വിഘ്നേഷ് ശിവൻ പങ്കുവെച്ച മനോഹരമായ വിഡിയോയും കുറിപ്പും ആരാധകർ നിമിഷനേരം കൊണ്ടാണ് ഏറ്റെടുത്തത്. ഇരട്ടക്കുട്ടികളായ ഉലകിനും ഉയിരിനും ഒപ്പം നയൻതാര കളിക്കുകയും നൃത്തം ചെയ്യുകയും ഒക്കെ ചെയ്യുന്നതാണ് വിഡിയോയിൽ.
സെലിബ്രിറ്റി ജാഡകളൊന്നുമില്ലാതെ തന്റെ മാതൃത്വം ആഘോഷമാക്കുന്ന നയൻസിനെയാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. വിഡിയോയുടെ തുടക്കത്തിൽ നയൻതാരയുടെ തോളിൽ കയറിയിരിക്കുന്ന മക്കളിൽ ഒരാളെയാണ് കാണാൻ കഴിയുക. തോളിൽ ഇരുന്ന് അമ്മയുടെ തലയിൽ അടിക്കുകയും ഉമ്മ കൊടുക്കുകയും ഒക്കെ ചെയ്യുന്നത് കാണാം. ചുറ്റും നിൽക്കുന്നവർ കൗതുകത്തോടെ ഇത് നോക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്. അടുത്ത വിഡിയോയിൽ വാഹനത്തിൽ നയൻസിന്റെ കൈയിലിരിക്കുന്ന കുഞ്ഞ് ഉമ്മ കൊടുക്കുകയും കളിക്കുകയും ചെയ്യുന്നു. അടുത്തതായി വിമാനയാത്രയിൽ കുഞ്ഞിന് മുന്നിൽ നൃത്തം കളിക്കുന്ന നയൻസ് ആണ്. റോഡിലൂടെ പാഞ്ഞുപോകുന്ന ഉയിരിനെയും ഉലകിനെയും ഓടിച്ചെന്ന് കൈയിൽ പിടിക്കുന്ന നയൻസിന്റെ ദൃശ്യങ്ങളിലാണ് വിഡിയോ അവസാനിക്കുന്നത്.
മനോഹരമായ ഒരു കുറിപ്പോടു കൂടിയാണ് വിഘ്നേഷ് വിഡിയോ പങ്കുവെച്ചത്. 'ഒരു അമ്മയെന്ന നിലയിൽ പത്ത് എന്ന സ്കെയിലിൽ നീ 99 ആണ്. സന്തോഷകരമായ മാതൃദിനം ആശംസിക്കുന്നു. ഇത് ഞാൻ വീണ്ടും വീണ്ടും പറയും. നീയാണെന്റെ ഏറ്റവും മികച്ച ഉയിരും ഉലകവും'. ഉയർ, ഉലക് എന്നീ ഹാഷ് ടാഗുകളോട് കൂടിയാണ് പോസ്റ്റ് വിഘ്നേഷ് പങ്കുവെച്ചത്.
നിരവധി പേരാണ് ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയത്. 'ജന്മം നൽകുന്നത് മാത്രമല്ല ഒരാളെ നല്ല അമ്മയാക്കുന്നത് എന്ന് നയൻസ് വീണ്ടും വീണ്ടും തെളിയിക്കുന്നു' എന്നായിരുന്നു ഒരു കമന്റ്. നിരവധി പേരാണ് നയൻതാരയ്ക്ക് മാതൃദിന ആശംസകൾ നേർന്നത്. വിവാഹശേഷം വാടകഗർഭധാരണത്തിലൂടെ ആയിരുന്നു ഇരട്ടക്കുഞ്ഞുങ്ങളായ ഉയിരും ഉലകും നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ജീവിതത്തിലേക്ക് എത്തിയത്.