രാജ്യം ആദ്യമായി പരമവീരചക്രം സമർപ്പിച്ചത് മേജർ സോംനാഥ് ശർമയ്ക്കായിരുന്നു. കശ്മീരിൽ വീരോചിതം പോരാടി രക്തസാക്ഷിത്വം വരിച്ച ആ ഭാരതപുത്രന്റെ ജന്മശതാബ്ദിയാണ് 2023
ഇന്ത്യ കണ്ട ഏറ്റവും ധീരരായ സൈനികരുടെ പ്ലാറ്റൂണുണ്ടാക്കിയാൽ നിശ്ചയമായും അതിൽ ഇടംപിടിക്കാൻ പോന്നയാളാണ് മേജർ സോംനാഥ് ശർമ; ഒരുപക്ഷേ അതിനെ നയിക്കുന്നയാളും. ഇന്നത്തെ ഹിമാചൽ പ്രദേശിലെ കാംഗ്ഡ ജില്ലയിൽ 1923 ജനുവരി 31ന് ജനിച്ച സോംനാഥ് അച്ഛന്റെ പാത പിന്തുടർന്നാണ് സൈന്യത്തിലെത്തിയത്. മേജർ ജനറൽ സ്ഥാനം വരെയെത്തിയ ഡോ. അമർനാഥ് ശർമയുടെ മകന് മറ്റൊരു തൊഴിലിനെക്കുറിച്ച് ആലോചിക്കാൻ പോലുമാകുമായിരുന്നില്ല. സൈനിക അക്കാദമിയിൽ ചേർന്നെങ്കിലും യുദ്ധം തുടങ്ങിക്കഴിഞ്ഞിരുന്നതിനാൽ പരിശീലനം പൂർണമാകും മുൻപേ സൈന്യത്തിന്റെ ഭാഗമായി. ബർമ യുദ്ധത്തിൽ ജപ്പാനെതിരെ അടരാടി നേടിയ അനുഭവസമ്പത്തുമായി തിരിച്ചെത്തിയ അദ്ദേഹം പഞ്ചാബിലാണ് പ്രവർത്തിച്ചത്. അവിടെ നിന്നാണ് തന്ത്രപ്രധാനമായ കശ്മീരിലേക്ക് നിയോഗിക്കപ്പെട്ടത്. നുഴഞ്ഞുകയറ്റക്കാരെ അമർച്ച ചെയ്യുകയായിരുന്നു ലക്ഷ്യം. പോരാട്ടത്തിനിടെ ഒടിഞ്ഞ കയ്യിൽ പ്ലാസ്റ്ററുമായാണ് കശ്മീരിൽ കാലുകുത്തിയതു തന്നെ. അദ്ദേഹത്തിനു വേണമെങ്കിൽ ആ ദൗത്യത്തിൽ നിന്ന് അനായാസം പിൻമാറാമായിരുന്നു. മേലുദ്യോഗസ്ഥർ അങ്ങനെ പറഞ്ഞതുമാണ്. പക്ഷേ നൂറുശതമാനം സൈനികനായിരുന്ന സോംനാഥിന് അങ്ങനെ ചിന്തിക്കാനേ ആകുമായിരുന്നില്ല.
1947 ഒക്ടോബറിൽ ഒരു രഹസ്യ വിവരം ലഭിച്ചു. പാക്ക് സൈന്യത്തിന്റെ ഒത്താശയിൽ ആയിരത്തിലേറെ പഠാൻ നുഴഞ്ഞുകയറ്റക്കാർ ശ്രീനഗറിലേക്ക് അതീവരഹസ്യമായി നീങ്ങിക്കൊണ്ടിരിക്കുന്നു. അതറിഞ്ഞ കശ്മീർ രാജാവ് ഹരിസിങ് കശ്മീരിനെ ഇന്ത്യയിൽ ലയിപ്പിച്ചുകൊണ്ടുള്ള ഉടമ്പടി ഒപ്പിടുകയും സൈനികസഹായം അഭ്യർഥിക്കുകയും ചെയ്തു. ശ്രീനഗർ വിമാനത്താവളം പിടിച്ചടക്കി ഇന്ത്യൻ സൈന്യത്തെ ഒറ്റപ്പെടുത്തുകയായിരുന്നു നുഴഞ്ഞുകയറ്റക്കാരുടെ ലക്ഷ്യം. ആയുധങ്ങളും ആഹാരവും മരുന്നും അടിയന്തര ഘട്ടങ്ങളിൽ സൈനികരെയെത്തിക്കുന്നതും തടയാനുള്ള എളുപ്പവഴിയായിരുന്നു അത്. വ്യോമത്താവളത്തിനു സമീപമുള്ള ബഡ്ഗാമിലേക്ക് നവംബർ മൂന്നിന് മേജർ സോംനാഥ് ശർമയുടെയും ക്യാപ്റ്റൻ റൊണാൾഡ് വുഡിന്റെയും നേതൃത്വത്തിൽ ട്രൂപ്പുകളെത്തി.
നുഴഞ്ഞുകയറ്റക്കാരെ തടയാനായി കിടങ്ങുകളുണ്ടാക്കി അവർ കരുതലോടെ നിന്നു. എന്നാൽ അതിക്രമിച്ചുകയറുന്നതിന്റെ സൂചനകളൊന്നും ഉണ്ടായില്ല. രഹസ്യവിവരം തെറ്റിയിരിക്കാമെന്ന് ഉന്നത സൈനികോദ്യോഗസ്ഥർ കരുതി. ക്യാപ്റ്റൻ റൊണാൾഡിന്റെ സൈനിക സംഘത്തോട് മടങ്ങാൻ നിർദേശിച്ചു. ബഡ്ഗാമിൽ നിന്നു മറ്റിടങ്ങളിലേക്ക് സൈനികരെ നീക്കാൻ സോംനാഥ് ശർമയ്ക്കും നിർദേശം ലഭിച്ചെങ്കിലും അൽപ്പം കൂടി കാക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഉച്ച തിരിഞ്ഞതോടെ കാര്യങ്ങൾ മാറി. അതുവരെ പല സംഘങ്ങളായി പിരിഞ്ഞു നിന്ന പഠാൻകാർ ഒരുമിക്കാൻ തുടങ്ങി. ഒരു പാക്ക് മേജറാണ് അവരെ നയിച്ചിരുന്നത്. ഇന്ത്യൻ സൈനികരിൽ ഒരു ഭാഗം പിൻമാറിയത് പറ്റിയ അവസരമായി അവർ കരുതി. ഗ്രാമീണരെന്ന് ഇന്ത്യൻ സൈനികർ തെറ്റിദ്ധരിച്ചവർ ആയുധങ്ങൾ ഉടുപ്പിനുള്ളിൽ ഒളിപ്പിച്ച പഠാൻകാരായിരുന്നു. വെടിയുതിർത്തുകൊണ്ട് അവർ സോംനാഥിനെയും സംഘത്തെയും വളഞ്ഞു. നോക്കിനിൽക്കെ ശത്രുനിര പെരുകി. അവരെ നേരിടാൻ 90 ഇന്ത്യൻ സൈനികരാണ് ആകെയുണ്ടായിരുന്നത്. കൂടുതൽ സൈനികരെത്തി വ്യോമത്താവളത്തിന്റെ സുരക്ഷ കൂട്ടുന്നതുവരെ പിടിച്ചുനിൽക്കുക പ്രയാസമായിരുന്നു.
ആളും ആയുധങ്ങളും ഉണ്ടായിരുന്നെങ്കിലും പാക്ക് സംഘത്തിന് ഇല്ലാതിരുന്ന ഒന്ന് ഇന്ത്യയ്ക്കുണ്ടായിരുന്നു–സോംനാഥ് ശർമയെന്ന ധീരനായകൻ. എതിരാളികളുടെ വെടിയുണ്ടകളെ കൂസാതെ പാഞ്ഞുനടന്ന് അദ്ദേഹം സൈനികരുടെ മനോവീര്യം ഉയർത്താൻ ശ്രമിച്ചു. കനത്ത പോരാട്ടം 5 മണിക്കൂർ പിന്നിട്ടപ്പോൾ ഇന്ത്യൻ സൈനികരുടെ പക്കലുള്ള വെടിക്കോപ്പുകൾ തീരാറായിരുന്നു. പോർമുഖത്തു നിന്നു പിൻമാറുകയെന്ന നിർദേശം സോംനാഥ് ചെവിക്കൊണ്ടില്ല. അവസാനത്തെ തിരയും അവസാനത്തെ സൈനികനും ഉള്ളിടത്തോളം പോരാട്ടം നിലയ്ക്കുകയില്ലെന്ന വിശ്വാസമായിരുന്നു അദ്ദേഹത്തെ നയിച്ചത്.
അതിധീരമായി പോരാട്ടം നയിച്ചുകൊണ്ടിരിക്കെ നവംബർ 3ന് വെടിക്കോപ്പുകൾ നിറച്ച പെട്ടിയിലേക്ക് ശത്രുക്കളുടെ ഷെൽ പതിച്ചു. അതിൽ സോംനാഥ് ശർമയെന്ന നായകൻ രക്തസാക്ഷിയായി. പക്ഷേ ഇന്ത്യൻ സൈന്യം തോറ്റില്ല. സോംനാഥ് പകർന്ന പോരാട്ടവീര്യവുമായി ലാൻസ് നായിക് ബൽവന്ത് സിങ് എല്ലാവരിൽ നിന്നും ശേഷിച്ച തിരകൾ വാങ്ങി സ്വന്തം തോക്കിൽ നിറച്ചു. ബൽവന്തും മൂന്നു സൈനികരും ഒഴിച്ചു ബാക്കിയുള്ളവരോടു പിന്നിലൂടെ അവിടം വിടാനും നിർദേശിച്ചു. ബൽവന്ത് നിറയൊഴിച്ചുകൊണ്ട് എതിരാളികളിലേക്ക് പാഞ്ഞടുത്തു. നുഴഞ്ഞുകയറ്റക്കാർക്ക് അപ്രതീക്ഷിതമായിരുന്നു ആ ചെറുത്തുനിൽപ്പ്. ബൽവന്ത് രക്തസാക്ഷിയായി വീഴുമ്പോഴേക്കും കൂടുതൽ സൈനികരും ആയുധങ്ങളും എത്തിക്കഴിഞ്ഞിരുന്നു. വ്യോമത്താവളം പിടിക്കുകയെന്ന പാക്ക് ലക്ഷ്യം പൊലിഞ്ഞു. നവംബർ 5ന് ബഡ്ഗാമിന്റെ നിയന്ത്രണം പിടിച്ച് ഇന്ത്യൻ സൈന്യം സോംനാഥിന്റെ ജീവത്യാഗം വിഫലമാകാതെ കാത്തു.ആദ്യ പരമവീരചക്രം ബഹുമതി നൽകിയാണ് രാജ്യം ആ ജീവാർപ്പണത്തെ ആദരിച്ചത്.
Content Summary : Major Somnath Sharma's story