ADVERTISEMENT

ഇന്ന് പരിസ്ഥിതി ദിനം. രാജ്യാന്തര തലത്തിൽ ഇക്കൊല്ലത്തെ പ്രമേയം പ്ലാസ്റ്റിക് മാലിന്യത്തെ തുരത്തുക (Beat Plastic Pollution) എന്നതാണ്. വർഷം തോറും 40 കോടി ടൺ പ്ലാസ്റ്റിക് ഉൽപാദിപ്പിക്കുന്നു. ഇതിൽ 10 ശതമാനത്തിൽ താഴെ മാത്രമേ പുനരുപയോഗിക്കാൻ സാധിക്കുന്നുള്ളൂ! ഇന്നു പഠിപ്പുര ചർച്ച ചെയ്യുന്നത് പ്ലാസ്റ്റിക്കിനെക്കുറിച്ചല്ല. പരിസ്ഥിതി ദിനത്തിലെ സംസ്ഥാനതല മുദ്രാവാക്യത്തെക്കുറിച്ചാണ്. വായിച്ചു നോക്കൂ. 

പരിസ്ഥിതിയിൽ മനുഷ്യന്റെ ഇടപെടലുകളെക്കുറിച്ച് ചർച്ചകളും പ്രവർത്തനങ്ങളുമായി 1973 മുതൽ ഐക്യരാഷ്ട്രസംഘടനയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതിദിനമായി ആചരിക്കുന്നു. കേരളത്തിൽ പരിസ്ഥിതിദിനത്തിലെ പ്രധാന ആഘോഷം മരം നടൽ ആണ്. ഇതിനായി നമുക്കൊരു മുദ്രാവാക്യവും ഉണ്ട്: ആഗോളതാപനം-മരമാണ് മറുപടി. ഈ മുദ്രാവാക്യം പൂർണമായും ശരിയാണോ? ഒന്നു പരിശോധിക്കാം.

എന്താണ് ആഗോളതാപനം? എന്താണ് അതുകൊണ്ടുള്ള കുഴപ്പം? ഇതിനു മറുപടി മരമാണോ? അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് വർദ്ധിക്കുന്നതു മൂലമുണ്ടാവുന്ന ഹരിതഗൃഹപ്രഭാവത്തിന്റെ ഫലമായി ഭൂമിയിലെ താപം ഉയരുന്നതാണ് ആഗോളതാപനം എന്നു ലളിതമായി പറയുന്നത്. ആഗോളതാപനത്തിന്റെ വലിയ പ്രത്യാഘാതങ്ങളിൽ ഒന്നാണ് കാലാവസ്ഥാവ്യതിയാനം. ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് ഉരുകുന്നതും സമുദ്രനിരപ്പ് ഉയരുന്നതും കൊടുങ്കാറ്റുകൾ ഉണ്ടാകുന്നതുമെല്ലാം ഇതിന്റെ അനന്തരഫലങ്ങളാണ്.

മരങ്ങൾക്ക് ദയാവധം 

പണ്ട് ഭൂമിയുടെ അന്തരീക്ഷത്തിൽ ധാരാളം കാർബൺ ഡയോക്സൈഡ് ഉണ്ടായിരുന്നു. കോടിക്കണക്കിനു വർഷങ്ങൾ നീണ്ട പ്രവർത്തനങ്ങളുടെ ഫലമായി അവ ഭൂമിക്കടിയിൽ എത്തി. ഇങ്ങനെ അന്തരീക്ഷത്തിൽ നിന്നും വലിയ അളവിൽ കാർബൺ ഡയോക്സൈഡ് നീക്കം ചെയ്യപ്പെട്ടതിന്റെ ഫലമായാണ് ഭൂമി ജീവൻ നിലനിൽക്കാൻ യോഗ്യമായത്. എന്നാൽ മനുഷ്യന്റെ ഊർജ  ഉപഭോഗം വലിയ തോതിലാണ് കാർബൺ ഡയോക്സൈഡിനെ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നത്. മരം നട്ട് ലളിതമായി പരിഹരിക്കാൻ പറ്റുന്നൊരു കാര്യമല്ല ഇത്.

10 ലീറ്റർ പെട്രോൾ കത്തിച്ചാൽ ഉണ്ടാകുന്ന അത്രയും കാർബൺ ആണ് ശരാശരി ഒരു മരത്തിന് ഒരു വർഷം കൊണ്ട് ആഗിരണം ചെയ്യാൻ ആവുന്നത്. പ്രായമാവുന്നതോടെ ഈ കഴിവ് കുറയും. പ്രായമായ മരങ്ങൾ മുറിച്ച് ഫർണിച്ചർ ഉണ്ടാക്കിയാൽ ആ ഫർണിച്ചർ നിലനിൽക്കുന്നിടത്തോളം കാലം അതിൽ അടങ്ങിയിരിക്കുന്ന കാർബൺ അന്തരീക്ഷത്തിൽ എത്താതെ സംഭരിക്കപ്പെടും. അതുകൊണ്ട് മരം നടുന്നത്രയും തന്നെ പ്രാധാന്യമുള്ളൊരു കാര്യമാണ് മരം മുറിച്ച് ഉപയോഗിക്കുന്നത്.

പരിസ്ഥിതി ദിനത്തിൽ ചെയ്യാൻ ഇതാ ചില പ്രവർത്തനങ്ങൾ

പല സംഘടനകളും കൂട്ടായ്മകളും പരിസ്ഥിതിദിന പരിപാടികൾ നടത്താറുണ്ട്. അവയുടെ മുദ്രാവാക്യങ്ങൾ ശേഖരിക്കുക. 

പരിസ്ഥിതിക്ക് ഏറ്റവും ദോഷമുണ്ടാക്കുന്നതായി കരുതുന്ന 5 പ്രശ്നങ്ങൾ മുൻഗണനാക്രമത്തിൽ അക്കമിട്ട് എഴുതുക. പരിഹാരങ്ങളും നിർദേശിക്കാം. ഇത് പരിസ്ഥിതി ദിനത്തിൽ ചർച്ച ചെയ്യാം. 

പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാനായി കുട്ടികളും മുതിർന്നവരും ചെയ്യേണ്ട ഏറ്റവും ലളിതമായ 5 കാര്യങ്ങളുടെ പോസ്റ്ററുകൾ തയാറാക്കുക.

ഫോസിൽ ഇന്ധനങ്ങൾ കുറയ്ക്കാം 

ഇനിയും മരം നടാൻ സ്ഥലമുണ്ടോ കേരളത്തിൽ? കാടുകളും തോട്ടങ്ങളുമായി അറുപതു ശതമാനത്തോളം സ്ഥലം ഇപ്പോഴേ മരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കേരളത്തിൽ. കൃഷി ചെയ്യാൻ മരങ്ങളുടെ നിഴൽ ഇല്ലാത്ത സ്ഥലങ്ങൾ വേണം. വർധിക്കുന്ന ലോകജനസംഖ്യക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള കൃഷിഭൂമിയിൽ ഇനിയും മരം നട്ടു നിറയ്ക്കാനാവില്ല. 

കാലാവസ്ഥാമാറ്റം യാഥാർഥ്യമാണ്. മരം നടുന്നത് നല്ലതുമാണ്. എന്നാൽ ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനത്തിനും പരിഹാരമായി എല്ലാ വർഷവും ജൂൺ 5ന് മരം നട്ടുകൊണ്ട് ഉത്തരവാദിത്തം ഒഴിവാക്കാനുള്ള ചടങ്ങ് ആവരുത് പരിസ്ഥിതി ദിനാഘോഷം. എങ്കിൽ പിന്നെ എന്തൊക്കെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? പെട്രോൾ, ഡീസൽ പോലുള്ള ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുക എന്നതാണ് ആഗോളതാപനത്തെ നേരിടാൻ ഉള്ള ഏറ്റവും വലിയ പോംവഴിയായി ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. വാഹനങ്ങൾക്കും മറ്റും ബദൽ ഇന്ധന മാർഗങ്ങൾ വർധിപ്പിക്കുക, എന്തും പരമാവധി പുനരുപയോഗിക്കുക, ഊർജം സംരക്ഷിക്കുക.. എന്നിവ കൂടിയാവണം നമ്മുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ.

Content Summary: Planting trees are not only the solution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com