കളറാക്കാം സ്കൂൾ കാലം; കൂട്ടുകാരെ, ഈ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ചെയ്താലോ...
Mail This Article
സ്കൂൾ തുറന്നു. യ്യോ, എത്ര വേഗമാണ് അവധിക്കാലം കഴിഞ്ഞുപോയത് അല്ലേ. ഇനിയിപ്പോ കാര്യങ്ങളൊക്കെ മാറിമറിയുകയാണേ. രാവിലെതന്നെ എണീക്കണം, മഴ, കുട, ബാഗ്, ധൃതിപിടിച്ചുള്ള ഭക്ഷണം കഴിക്കൽ, യൂണിഫോം, ട്യൂഷൻ, ടൈംടേബിൾ, ഹോംവർക്ക്, യൂണിറ്റ് ടെസ്റ്റ്... വീണ്ടും പഴയ ആ ബഹളവും വെപ്രാളവുമൊക്കെ തിരിച്ചുവരുന്നു.. നല്ല മിടുക്കരല്ലേ നിങ്ങൾ. കൂടുതൽ മിടുക്കരാവണമെങ്കിൽ അതിനായി നമ്മുടെ വീട്ടിലും നമ്മളിലും കുറെ മാറ്റങ്ങൾ കൊണ്ടുവരണം, എന്താ റെഡിയല്ലേ.. ചില കുഞ്ഞുകുഞ്ഞു കാര്യങ്ങൾ നോക്കിയാലോ. എല്ലാ സഹായവുമായി പഠിപ്പുരയും കൂടെയുണ്ട്.
സമയത്തു ചെയ്യാം
ക്ലാസ് തുടങ്ങിയ സ്ഥിതിക്ക് എല്ലാ കാര്യത്തിനും ചിട്ട വേണം. സ്കൂളിലേതു പോലെ സമയം കൃത്യമായി എഴുതിവച്ചതല്ലെങ്കിലും ഏതാണ്ട് കൃത്യതയുള്ളതാകണം വീട്ടുടൈംടേബിൾ. എഴുന്നേൽക്കുന്നതു മുതൽ എല്ലാ കാര്യത്തിനും പ്രത്യേക സമയം വേണം. വീട്ടിലിരുന്നു പഠിക്കാനും കളിക്കാനും കഴിക്കാനും ടിവി കാണാനും ഫോൺ നോക്കാനുമൊക്കെ അതിൽ സമയമുണ്ടാകണം.
പഠനം ഭാരമാകാതെ
ദിവസവും കുറച്ചുനേരം പഠിക്കാൻ മാറ്റിവയ്ക്കണം. ഏതു സമയം വേണമെന്നു നിങ്ങളുടെ സൗകര്യം അനുസരിച്ച് ചിട്ടപ്പെടുത്താം. അന്നന്നത്തെ കാര്യങ്ങൾ അതതു ദിവസം തന്നെ നോക്കിവച്ചാൽ പഠനം ഒരു ഭാരമാകില്ല.
ഹോംവർക്ക് ചെയ്യാം
ചില അച്ഛനമ്മമാരുണ്ട്, മക്കളുടെ എല്ലാകാര്യങ്ങളും അവർതന്നെ ചെയ്താലേ ശരിയാകൂ എന്നു ചിന്തിക്കുന്നവർ. അങ്ങനെ വിട്ടുകൊടുക്കണ്ട. അവർക്ക് എല്ലാറ്റിനും ഞങ്ങൾ കൂടെ വേണം എന്നുപറഞ്ഞ് മാതാപിതാക്കളെ അങ്ങനെ ആളാകാൻ വിടേണ്ട. കുട്ടികളെക്കൊണ്ട് പറ്റുന്നപോലെ അവർതന്നെ വേണം ഗൃഹപാഠം ചെയ്യാൻ.
ഇത്തിരി ഇടം, ഒത്തിരി കാര്യം
ഞങ്ങളുടെ കൊച്ചുവീട്ടിൽ കുട്ടികൾക്ക് പ്രത്യേകം മുറിയൊന്നും കൊടുക്കൽ നടക്കുന്ന കാര്യമല്ല എന്നു പറയുന്നവരോട് - പഠിക്കാൻ പ്രത്യേക മുറിയുള്ളതു കൊണ്ടു മാത്രം നന്നായി പഠിക്കണമെന്നില്ല. എന്നാൽ കുട്ടികൾക്ക് വായിക്കാനും എഴുതാനുമൊക്കെയായി ഒരിടം വീട്ടിൽ കണ്ടെത്തി നൽകണം. പഠിക്കാനുള്ള സംഗതികളൊക്കെ അടുക്കിപെറുക്കി വയ്ക്കാനൊരിടം - അത്ര തന്നെ. പക്ഷേ, ടിവിയുടെ അടുത്തൊന്നുമാകരുത് ഈ ഇടം.
ഫോൺ ഉപയോഗം
ഇനി ഫോൺ തൊട്ടുപോകരുത് എന്നൊന്നും വേണ്ട, കേട്ടോ. ആവശ്യത്തിന് വിളിക്കാനും അത്യാവശ്യം കളിക്കാനും വിവരങ്ങൾ സെർച് ചെയ്യാനുമൊക്കെ ഫോൺ ഉപയോഗിച്ചോളൂ. പക്ഷേ, വല്ലാതെ കുഴപ്പം പിടിച്ച ഒരു യന്ത്രമാണ് ഇത് എന്നു മറക്കണ്ട. നിങ്ങളുടെ സമയത്തെ നിങ്ങളറിയാതെ കട്ടെടുക്കും. ദിവസം ഒരു നിശ്ചിത സമയം മാത്രം കളിക്കുക. തരംകിട്ടുമ്പോഴെല്ലാം ഫോണിൽ കളി എന്ന രീതി വേണ്ട.
വായന അത്യാവശ്യം
പാഠപുസ്തകം പഠിക്കുക, പരീക്ഷ എഴുതുക, നല്ല മാർക്കോ ഗ്രേഡോ ഒക്കെ വാങ്ങുക... എല്ലാം നല്ലതു തന്നെ. പക്ഷേ അതു മാത്രമായാൽ പറ്റില്ല. കുട്ടികൾ ഒരിക്കലും കൈവിട്ടു കളയാൻ പാടില്ലാത്തതാണു വായന. ആഴ്ചയിൽ ഒരു പുസ്തകം വായിക്കുക എന്നത് നിങ്ങൾ വിചാരിച്ചാൽ പറ്റാവുന്നതേ ഉള്ളൂ. വീട്ടിലും വേണം ഒരു കൊച്ചു ലൈബ്രറി. നിങ്ങൾ പത്രം വായിക്കുന്നവരാണ്. അതുകൊണ്ടാണല്ലോ ഈ പഠിപ്പുരയിലേക്ക് നിങ്ങളുടെ കണ്ണെത്തിയത്. മാറുന്ന ഈ ലോകത്തെ കൃത്യമായി മനസ്സിലാക്കാൻ പറ്റിയ പരിപാടിയാണ് പത്രവായന. ഇപ്പോഴില്ലെങ്കിൽ വീട്ടിലൊരു പത്രം നിർബന്ധമാക്കാം. ദിവസവും വായിക്കാം. വാർത്ത എഴുതലും തലക്കെട്ടിടലും എഡിറ്റോറിയൽ എഴുതലുമൊക്കെ പഠനപ്രവർത്തനത്തിന്റെ ഭാഗം കൂടിയാണേ.
പുതിയ സ്കൂൾ വർഷത്തിൽ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരുപടി മുന്നിൽ നിൽക്കാൻ പഠിപ്പുര കട്ടയ്ക്ക് കൂടെയുണ്ടാകും.
Content Summary: Tips for making the school time colorful