ADVERTISEMENT

ഏകാഗ്രത വർധിപ്പിക്കാൻ നമുക്ക് എന്തുചെയ്യാനാകുമെന്ന് നോക്കിയാലോ?  ഈ ഓണപ്പരീക്ഷക്കാലത്ത് പാഠങ്ങൾ  ഉള്ളിലുറപ്പിക്കാൻ ഇക്കാര്യങ്ങൾ പരീക്ഷിച്ച് നോക്കാം. പിന്നീട്, ഓരോ ദിവസത്തെയും  പാഠങ്ങൾ അന്നന്ന് പഠിച്ചെടുക്കാൻ  ഈ ട്രിക്കുകൾ ശീലമാക്കുകയും  ചെയ്യാം. 

ശ്രദ്ധയെക്കുറിച്ച് കഴിഞ്ഞ പഠിപ്പുരയിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധയോടെ വായിച്ചുകാണുമല്ലോ? ഇനിയാണു മറ്റു രണ്ടു പേരെ നമുക്കു മെരുക്കാനുള്ളത്– ഏകാഗ്രതയും ഓർമശക്തിയും. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു കാര്യവുമില്ലാതെ കടന്നുവരുന്ന പല വിചാരങ്ങളെയും പകൽക്കിനാവുകളെയും ആധികളെയും അങ്കലാപ്പുകളെയും നിലയ്ക്കുനിർത്താനുള്ള ഒരു ടെക്നിക് കഴിഞ്ഞദിവസം നമ്മൾ പറഞ്ഞല്ലോ. അത് ഒരിക്കൽക്കൂടി വായിക്കണ‌േ.

പൊമദോറോ ടെക്നിക് (pomodoro) 
ഇറ്റാലിയൻ സംരംഭകനായ ഫ്രാൻസെസ്കോ സിറിലോ (Francesco Cirillo) കോളജിൽ പഠിക്കുന്ന കാലം. തൊണ്ണൂറുകളിലാണു കേട്ടോ. ഏകാഗ്രതയോടെ പഠിക്കാനൊരു ടൈംടേബിൾ വേണമല്ലോ. പലതരത്തിൽ നോക്കിയിട്ടും ചിന്തകൾ പതറാതെ പഠിക്കാൻ പറ്റുന്നില്ല. പരീക്ഷണങ്ങൾ നടത്തിനടത്തി സിറിലോ ഒരു ടെക്നിക്കിലെത്തി – അതാണ് പൊമദോറോ. 

തക്കാളിക്ലോക്ക്! 
പൊമദോറോ എന്നാൽ ഇറ്റാലിയൻ ഭാഷയിൽ തക്കാളി എന്നാണ് അർഥം. പരീക്ഷണക്കാലത്ത് സിറിലോയുടെ കയ്യിൽ ഉണ്ടായിരുന്നത് തക്കാളി‌യുടെ ആകൃതിയിലുള്ള ഒരു ടൈംപീസാണ്. അതിലായിരുന്നു അലാം വച്ചിരുന്നത്. അതുകൊണ്ട് ടെക്നിക്കിനും ആ പേരിട്ടു!

തയാറെടുപ്പ് എങ്ങനെ 
∙ മനസ്സിനോടു വ്യക്തമായി പറയുക– 25 മിനിറ്റ് നമ്മൾ ഒരു കാര്യം പഠിക്കുകയാണ്. അതിനിടയിൽ വേറെ ഒരു ചിന്തയും പറ്റില്ല. പറ്റില്ല എന്നു പറഞ്ഞാൽ പറ്റില്ല (ഇങ്ങനെ തന്നെ പറയണേ, എങ്കിലേ മനസ്സിനു മനസ്സിലാകൂ). ചിന്തയോ കളിതമാശകളോ സ്വപ്നം കാണലോ പേടിയോ ടെൻഷനോ മടിയോ ദേഷ്യമോ എന്തുമാകട്ടെ– ഇതിനെല്ലാം സമയമുണ്ട്. അതാണ് 5 മിനിറ്റ് ബ്രേക്ക്. 

∙പഠിക്കാനുള്ള വിഷയവും പാഠവും സംബന്ധിച്ച് കൃത്യമായ പ്ലാൻ തയാറാക്കുക. അതനുസരിച്ചു വേണം 25 മിനിറ്റ് പഠിക്കാൻ.

∙ അതിനു മുൻപ് അലാം തയാറാക്കി വയ്ക്കാം. ഉറക്കെയോ പതിയെയോ മനസ്സിലോ– നമ്മുടെ ഇഷ്ടമനുസരിച്ച് വായിച്ചോ എഴുതിയോ കുറിപ്പ് തയാറാക്കിയോ എങ്ങനെ വേണമെങ്കിലും പഠിക്കാം. രാവിലെയോ ഉച്ചയ്ക്കോ വൈകിട്ടോ രാത്രിയോ– പഠന സമയവും നമ്മുടെ ഇഷ്ടത്തിനു തിരഞ്ഞെടുക്കാം. 

∙5 മിനിറ്റ് ബ്രേക്ക് തുടങ്ങാൻ എന്നതു പോലെ തീരാനും അലാം വയ്ക്കണേ. 

ഗുണങ്ങൾ 
∙ കംപ്യൂട്ടറിനും മറ്റും നിർദേശം കൊടുക്കുന്നതു  പോലെ മനസ്സിനോടും പറഞ്ഞിട്ടുള്ളതിനാൽ 25 മിനിറ്റ് സുഖമായി, ഒരു ശല്യവുമില്ലാതെ പഠിക്കാൻ  സാധിക്കും. 

∙ മൾട്ടിടാസ്കിങ് മാറിക്കിട്ടും. ഒരേസമയം പല  കാര്യങ്ങൾ ചെയ്യുന്നത് മികച്ച കഴിവാണെന്നല്ലേ  നിങ്ങൾ കേട്ടിട്ടുള്ളത്. ചില മേഖലകളിൽ, ചില കാര്യങ്ങളിൽ അതു ശരിയാണ്. പക്ഷേ, പഠനത്തിൽ മൾട്ടിടാസ്കിങ് രീതി ഒഴിവാക്കുന്നതാണു നല്ലത്. പഠിക്കുമ്പോൾ അതു മാത്രം. അതുമായി ഒന്നും കൂട്ടിക്കുഴയ്ക്കേണ്ട. മറ്റുള്ള കാര്യങ്ങൾക്കും നമ്മൾ സമയം നീക്കിവച്ചിട്ടുണ്ടല്ലോ. അപ്പോൾ പിന്നെ പ്രശ്നവുമില്ല.

∙  പഠനത്തിൽ പൊമദോറോ ടെക്നിക് ഉപയോഗിക്കുന്നതിനെക്കുറിച്ചു പറഞ്ഞെന്നു കരുതി അതിൽ മാത്രമേ ഇത് ചെയ്യാൻ പാടുള്ളൂ എന്നല്ല കേട്ടോ.  കായിക വിനോദങ്ങളുടെ പ്രാക്ടിസിലോ ഇഷ്ടമുള്ള ഹോബികളിൽ ഏർപ്പെടുമ്പോഴോ കലാപരിപാടികൾ പരിശീലിക്കുമ്പോഴോ ഒക്കെ നമുക്ക് ഈ ടെക്നിക് പയറ്റാം.

1, 2, 3, 4, 5 അപ് 
പഠിക്കണമെന്നുണ്ട്, പക്ഷേ തുടങ്ങാൻ പറ്റുന്നില്ല. എഴുന്നേൽക്കാനും പഠിക്കാൻ തയാറെടുക്കാനുമെല്ലാം മടിയാണ് – പലരുടെയും പരാതിയാണിത്. എത്ര തളർച്ചയും വിഷമവും പരാതിയും ഉണ്ടെങ്കിലും മടികളഞ്ഞ് എഴുന്നേൽക്കാനും കാര്യങ്ങൾ ചെയ്യാനും സഹായിക്കും 1, 2, 3, 4, 5 അപ് ടെക്നിക്. 

എങ്ങനെ ചെയ്യാം 
∙ പഠിക്കാനും കളിക്കാനും ഫോൺ നോക്കാനും മറ്റു കാര്യങ്ങൾ ചെയ്യാനും എല്ലാം കൃത്യമായ ടൈംടേബിൾ തയാറാക്കുക.

∙ പഠിക്കാൻ സമയമടുക്കുമ്പോൾ ഇത്തിരി നേരം കൂടി കിടക്കട്ടെ, കുറച്ചുനേരം കൂടി ഫോൺ നോക്കട്ടെ, അൽപം കൂടി കളിക്കട്ടെ – എന്നൊക്കെ തോന്നുന്നതു സ്വാഭാവികം. അപ്പോൾ മനസ്സിനോട് പറയുക– നിനക്ക് ഇപ്പോൾ പഠിക്കാൻ ഇഷ്ടമല്ലെന്നറിയാം. പക്ഷേ നമുക്ക് ഇങ്ങനെ അലസമായി പോകാൻ പറ്റില്ലല്ലോ എന്ന്.

∙ അതിനു ശേഷം വിരലുകൾ മടക്കി എണ്ണുക – 1, 2, 3, 4, 5 തുടർന്ന് അപ് എന്നു പറഞ്ഞുകൊണ്ട്– അപ്പോൾ എന്താണോ ചെയ്തുകൊണ്ടിരിക്കുന്നത് അത് അവിടെ ഒറ്റഞൊടിയിൽ സ്റ്റോപ് ചെയ്യുക. ഉടൻ പുസ്തകമെടുക്കുക. വെറും 5 മിനിറ്റ് മാത്രം വായിക്കുക. 

∙ ഈ 5 മിനിറ്റ് പരിപൂർണ ശ്രദ്ധയോടെയും ഏകാഗ്രതയോടെയുമാകണം വായന.

∙ 5 മിനിറ്റിനു ശേഷം നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം 2 മിനിറ്റ് ചെയ്യുക (മൊബൈൽ ഫോൺ നോക്കുന്നത് ഒഴികെ.) പാട്ട് കേൾക്കാം, ഡാൻസ് ചെയ്യാം, വെറുതെയിരിക്കാം, പുറത്തിറങ്ങി നടക്കാം അങ്ങനെയെന്തും.

∙ 2 മിനിറ്റിനു ശേഷം മുഖവും കണ്ണും കഴുകി ഉഷാറായി പഠനത്തിലേക്ക്.

∙വ്യായാമത്തിനോ മറ്റു പരിശീലനങ്ങൾക്കോ ഒക്കെ മടി പിടിക്കുമ്പോഴും ഈ അപ് ടെക്നിക് തുണയാകും.

∙ സങ്കടമോ നിരാശയോ കൊണ്ടു തളർന്നിരിക്കുകയാണെന്നു കരുതുക– അപ്പോൾ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളിലേക്കു പതിയെ തിരിച്ചുവരാനും ഇതു സഹായിക്കും.

(ഓർമ കാക്കാനും കൂട്ടാനുമുള്ള മാർഗങ്ങൾ അടുത്തൊരു ദിവസമാകട്ടെ.)

Content Highlight -  Pomodoro Technique ​ | Improve Concentration | Memory Improvement |. Study Tips | Time Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com