ഗെറ്റ് സെറ്റ് ലാൻഡ്; 130 ആനകളുടെ ഭാരം, ഭീതിയുടെ ആ 15 മിനിറ്റുകൾ
Mail This Article
130 അരിക്കൊമ്പന്മാർ
∙ കൂട്ടുകാരേ ഞാൻ ചന്ദ്രയാൻ 3. ചന്ദ്രയാൻ 1 എന്ന ചേച്ചിയുടെയും ചന്ദ്രയാൻ 2 എന്ന ചേട്ടന്റെയും അനിയത്തി. ജൂലൈ 14ന് എൽവിഎം മാർക്ക് 3 എം 4 റോക്കറ്റിൽ കയറി ശൂ എന്നു ഞാനങ്ങു പുറപ്പെട്ടതാണല്ലോ. 3,84,400 കിലോമീറ്റർ അപ്പുറം ചന്ദ്രനിലേക്കൊരു യാത്ര. ഒരു പേടിയും തോന്നിയില്ല കേട്ടോ. എന്നെ കൊണ്ടുപോയ കിടിലൻ റോക്കറ്റിന് അരിക്കൊമ്പനെപ്പോലുള്ള 130 ആനകളുടെ ഭാരമുണ്ട്. ലാൻഡറും റോവറും ഓർബിറ്റർ പോലെപ്രവർത്തിക്കാനാകുന്ന പ്രൊപ്പൽഷൻ മോഡ്യൂളും ചേർന്നതാണ് ഞാൻ.
ഇതിനപ്പുറം ചാടിക്കടന്നവളാണീ...
∙ പ്രൊപ്പൽഷൻ മോഡ്യൂളിനകത്ത് ലാൻഡറും റോവറും മിണ്ടിയും പറഞ്ഞും പറന്നു തുടങ്ങി. പിറ്റേദിവസം എന്നെ അടുത്ത ഓർബിറ്റിലേക്ക് (ഭ്രമണപഥത്തിലേക്ക്) ഉയർത്തി (41762 X173 km) കേട്ടോ.
ചന്ദ്രേട്ടൻ ഇവിടെയാ
∙അങ്ങനെ പടിപടിയായി ഭൂമിയുടെ ഭ്രമണപഥങ്ങൾ കടന്ന് ഓഗസ്റ്റ് 5ന് ഞാൻ ചാന്ദ്രഭ്രമണ പഥത്തിലേക്കു കടന്നു.
എന്നാപ്പിന്നെ ഞാനങ്ങോട്ട്...
∙ഓഗസ്റ്റ് 17ന് എന്റെ ലാൻഡർ മോഡ്യൂൾ പ്രൊപ്പൽഷൻ മോഡ്യൂളിനോടു ബൈ പറഞ്ഞ് ഠപ്പേന്ന് പുറത്തിറങ്ങി. പിന്നെ ഒറ്റയ്ക്കൊരു പോക്കാണ് അമ്പിളിമുറ്റത്തേക്ക്. അതും അപാര സ്പീഡിൽ– മണിക്കൂറിൽ 6,000 കിലോമീറ്റർ! വേഗം കുറച്ച്, ചന്ദ്രന്റെ അടുത്തുള്ള ഭ്രമണപഥത്തിലേക്ക് (ലോവർ ഓർബിറ്റ്) വിക്രമിനെ മാറ്റുന്ന ഡി –ബൂസ്റ്റിങ് നടത്തിയത് ഓഗസ്റ്റ് 20നാണ്. അതും സൂപ്പറായി വിജയിച്ചതോടെ അമ്പിളിക്കൊരു ഫ്ലൈയിങ് കിസ് കൊടുക്കാവുന്നത്ര അടുത്ത് ഞാനെത്തി – അതെ, ചന്ദ്രനിലേക്കുള്ള കുറഞ്ഞ ദൂരം 25 കിലോമീറ്ററും കൂടിയ ദൂരം 134 കിലോമീറ്ററുമായ ഓർബിറ്റിൽ.
ചേട്ടാ.... അനിയത്തീ... Welcome Buddy
∙ പിന്നെ ഉടൻ തന്നെ എന്റെ ചേട്ടൻ ചന്ദ്രയാൻ 2വിനോട് ഒന്നു മിണ്ടാനുള്ള തിടുക്കമായിരുന്നു എനിക്ക്. പെട്ടെന്ന് അതാ, ചേട്ടന്റെ സ്വാഗത സന്ദേശം WELCOME BUDDY! എന്ന്. ഹാാാാായ്. എന്റെ ലാൻഡറും ചേട്ടന്റെ ‘പ്രധാൻ’ എന്ന ഓർബിറ്ററും പെട്ടെന്നു കണക്ട് ആയി. ഹോ! എന്തൊരു സന്തോഷം. പ്രധാൻ 2019 മുതൽ ചന്ദ്രന്റെ ചുറ്റുമങ്ങനെ ഉഷാറായി കറങ്ങുകയല്ലേ. ഞാൻ ഭൂമിയിലെ തമാശകളൊക്കെപ്പറയാൻ തുടങ്ങിയപ്പോൾ ചേട്ടൻ ഓർമിപ്പിച്ചു,‘ ശ്രദ്ധിച്ചു വേണം ഇനി ഓരോ നീക്കവും. ഐഎസ്ആർഒയുടെ മുൻ ചെയർമാൻ ഡോ.കെ.ശിവൻ പറഞ്ഞത് എന്റെ കാര്യത്തിൽ പറഞ്ഞത് ഓർമയില്ലേ? ലാൻഡിങ്ങിന്റേത് 15 minutes of terror – ഭീതിയുടെ 15 മിനിറ്റുകൾ – ആണെന്നാണ് അദ്ദേഹം പറഞ്ഞത്. മോളെ, നിനക്ക് പേടിയുണ്ടോ? ’‘എനിക്കോ, പേടിയോ ഇല്ലേ ഇല്ല. ഇവിടെ വരെ ഞാൻ നല്ല മിടുക്കിയായി എത്തിയല്ലോ. അപ്പോൾ തന്നെ ജയിച്ചതുപോലെയുള്ള
സന്തോഷമാണെനിക്ക്. ഇനി കൂളായി അമ്പിളിവീട്ടിൽ കയറാൻ ശ്രമിക്കണം. നമുക്ക് നോക്കാമെന്നേ.’
ശ്വാസമടക്കി 19 മിനിറ്റ്
ഇന്ന്, ഓഗസ്റ്റ് 23ന് വൈകിട്ട് 5.45നാണു കേട്ടോ ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് പ്രക്രിയ തുടങ്ങുക. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് തുടങ്ങുന്ന നിർണായക യാത്ര. ശ്വാസമടക്കിപ്പിടിക്കുന്ന 19 മിനിറ്റ്! ഇവിടെ ഏറ്റവും പ്രധാനമായ നീക്കം എന്താണെന്നോ – ഇത്രയും നേരം 90 ഡിഗ്രിയിൽ തിരശ്ചീനമായി, അതിവേഗത്തിൽ സഞ്ചരിച്ച ലാൻഡർ ലംബമായ (വെർട്ടിക്കൽ) രീതിയിലേക്കു മാറണം. എങ്കിലല്ലേ ഇറങ്ങാൻ പറ്റൂ. ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് നന്നായി വേഗം കുറയ്ക്കുകയാണ് ആദ്യപടി. റഫ് ബ്രേക്കിങ് ഫെയ്സ് (Rough Braking Phase) എന്ന ഈ ഘട്ടം 690 സെക്കൻഡ് നീളും. എന്റെ ചേട്ടൻ ചന്ദ്രയാൻ –2ന്റെ വിക്രം ലാൻഡർ ഈ ഘട്ടത്തിലാണല്ലോ പാളിപ്പോയത്. അതാണു ചേട്ടനു ടെൻഷൻ. ചന്ദ്രയാൻ 2 ഇറങ്ങാൻ വെറും 3 മിനിറ്റുള്ളപ്പോൾ കറങ്ങിക്കറങ്ങി നിലംപതിച്ചു. അതുകൊണ്ട്, ചരിവ് നേരെയാക്കുന്ന പരിപാടിയിൽ ഓരോ കണക്കും കിറുകൃത്യമായേ പറ്റൂ. (പിന്നെ, എന്തെങ്കിലും പ്രശ്നമുള്ള സാഹചര്യം ഉണ്ടായാൽ ലാൻഡിങ് 27ലേക്കു മാറ്റുമെന്നറിയാമല്ലോ. )
വിട്ടോ, ചെരിവ് നിവർത്തി നിവർത്തി വിട്ടോ
∙ ഒകെ, കൂട്ടുകാരേ. നമ്മൾ എവിടെയാണു പറഞ്ഞു നിർത്തിയത്.. യെസ് യെസ്, വേഗം കുറയ്ക്കുന്ന കാര്യം. അതുകഴിഞ്ഞ് ലാൻഡർ മെല്ലെ 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് 7.42 കിലോമീറ്ററിലേക്കു താഴ്ന്നെത്തും. അമ്പിളി അമ്മാവൻ അപ്പോൾ എന്നെ നോക്കി വാ, വാ, എന്നു വിളിക്കുമായിരിക്കും. ചന്ദ്രന്റെ ഉപരിതലത്തിൽ 713.5 കിലോമീറ്റർ യാത്ര ചെയ്താണു കേട്ടോ ലാൻഡർ ഈ ഉയരത്തിൽ, ഈ സ്ഥാനത്ത് എത്തുക. 10 സെക്കൻഡ് നീളുന്ന ഓൾറ്റിറ്റ്യൂഡ് ഹോൾഡ് ഫെയ്സ് (Altitude Hold Phase) ആണിവിടെ നടക്കുക. ചന്ദ്രനുമായുള്ള ഉയരം 6.8 കി.മീ. ആയി കുറയ്ക്കും; ഒപ്പം പ്രവേഗവും. ഈ ഘട്ടത്തിലും ലാൻഡർ അൽപാൽപമായി ചെരിവ് നിവർത്തുന്നുണ്ടേ
ചിൻ അപ്, ഷോൾഡർ ഡൗൺ... ഗുഡ്
ഇനിയാണ് 175 സെക്കൻഡ് ഉള്ള ഫൈൻ ബ്രേക്കിങ് ഫെയ്സ് (Fine Braking Phase). ഈ സമയത്ത് വിക്രം ചെരിവെല്ലാം പൂർണമായി മാറ്റി തലയുയർത്തി നേരെ (വെർട്ടിക്കൽ) ആയി നിൽക്കും. ചന്ദ്രമാമന്റെ തൊട്ടടുത്ത്, അതായത് 800–1000 മീറ്റർ അടുത്തെത്തും. ലാൻഡിങ്ങിനു റെഡി. സ്പീഡ് പൂജ്യത്തിന് അടുത്താകും – 0 മീറ്റർ/സെക്കൻഡ്. സെൻസറുകൾ അവസാനഘട്ട പരിശോധനകൾ നടത്തും.
ദേ, അവിടൊരു കുഞ്ഞിക്കുഴി, മാറിക്കോ
∙ തുടർന്ന് ലാൻഡർ ചുറ്റിപ്പറക്കും അൽപ സമയം. ഒപ്പം ചന്ദ്രനുമായുള്ള അകലം 150 മീറ്ററായി കുറയും– ഇറങ്ങുന്ന സ്ഥലം സുരക്ഷിതമാണോ എന്ന് ഒരിക്കൽക്കൂടി ഉറപ്പിക്കാനുള്ള ഹസാഡ് വേരിഫിക്കേഷൻ വീണ്ടും നടക്കും.
പോട്ടെ, പോട്ടെ, പോട്ടെ, മെല്ലെപ്പോട്ടെ
∙ അടുത്തത് മെല്ലെയിറക്കം (Slowed descent) എന്ന ഘട്ടമാണ്. പതുക്കെ ചന്ദ്രനോട് കൂടുതൽ അടുക്കുന്നു.
നാലുകാലിൽ ഉറപ്പോടെ
∙ ഇനി അവസാന ഘട്ടം ടെർമിനൽ ഡിസന്റ് (Terminal Descent). ഉപകരണങ്ങൾക്കൊന്നും കേടുവരാതെ, പരമാവധി വേഗം സെക്കൻഡിൽ 3 മീറ്റർ (അഥവാ, മണിക്കൂറിൽ 10.8 കിലോമീറ്റർ) എന്ന രീതിയിൽ ചന്ദ്രന്റെ ഉപരിതലത്തിലേക്ക്. ഒടുവിൽ ടച് ഡൗൺ! നിലംതൊടൽ! ഇവിടെ അനുയോജ്യമായ വേഗം സെക്കൻഡിൽ 2 അല്ലെങ്കിൽ 1 മീറ്ററാണ്. പക്ഷേ, 3 വരെ ആയിപ്പോയാലും കുഴപ്പമില്ലാത്ത രീതിയിലാണു
ലാൻഡറിന്റെ സജ്ജീകരണം. ഇതിനിടയിൽ ലാൻഡർ 12 ഡിഗ്രി ഒന്നു ചെരിക്കും കേട്ടോ, സുഗമമായി ചെരിഞ്ഞിറങ്ങി കാലുകൾ നിലത്തുറപ്പിക്കാൻ.
എത്തിപ്പോയ്
∙ ഇതാ 6.04ന് ആരും തൊടാത്ത അമ്പിളിമണ്ണിൽ നമ്മൾ തൊടുന്നു. ശാന്തമായി ലാൻഡർ കാത്തിരിക്കും 25 വരെ. അന്നേ ലാൻഡറിൽ നിന്ന് റോവർ പുറത്തുവരൂ. ശേഷം കാഴ്ചകൾ നേരിൽ.
Content Highlight - Chandrayaan mission | Lander module | Moon landing | Lunar rover | Space exploration | Moon Mission | Wonder World