ADVERTISEMENT

1940 മാർച്ച് 13. ലണ്ടനിലെ കാക്‌സ്ടൺ ഹാളിൽ ഒരു ഉന്നതതല ബ്രിട്ടിഷ് യോഗം നടക്കുകയായിരുന്നു. ഏഷ്യൻ രാജ്യങ്ങളിൽ വരും വർഷങ്ങളിൽ സ്വീകരിക്കേണ്ട നയങ്ങളെപ്പറ്റിയായിരുന്നു ആ യോഗം. മൈക്കൽ ഓ ഡ്വയർ യോഗത്തിലെ മുഖ്യാതിഥിയായിരുന്നു.സദസ്സിൽ ഒട്ടേറെപ്പേരുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഉദ്ധം സിങ് എന്ന ഇന്ത്യക്കാരനുമുണ്ടായിരുന്നു. 21 വർഷം താൻ കാത്തുവച്ച പ്രതികാരം നടപ്പാക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ചർച്ച പുരോഗമിച്ചു. ഇതിനിടെ ഉദ്ധം സിങ് തന്റെ കോട്ടിൽ നിന്ന് റിവോൾവർ പുറത്തെടുത്തു. ഡൈ്വയറിനു നേർക്കുയർത്തിയ തോക്കിൽ നിന്നു തിരകൾ ഗർജിച്ചു.മൈക്കൽ ഡ്വയർ വെടിയേറ്റു നിലംപതിച്ചു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കു നിർദേശം നൽകി നൂറുകണക്കിനു നിരപരാധികളെ വെടിയുണ്ടകൾക്കിരയാക്കിയ ആ ബ്രിട്ടിഷ് ഉദ്യോഗസ്ഥന്റെ ജീവിതവും വെടിയുണ്ടകളിൽ അവസാനിച്ചു.

ആക്രമണത്തെ തുടർന്ന് തന്നെ അറസ്റ്റ് ചെയ്യാനായി ഓടിയെടുത്ത ബ്രിട്ടിഷ് പൊലീസ് സേനയ്ക്കു മുന്നിൽ ഒരു പ്രതിഷേധവും ഉദ്ധം സിങ് പ്രകടിപ്പിച്ചില്ല. അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.തുടർന്ന് കോടതി വിചാരണകൾ. ബ്രിട്ടിഷ് കോടതിക്കു മുന്നിൽ ഒരു ചാഞ്ചല്യവുമില്ലാതെ നിന്ന് അദ്ദേഹം വിചാരണ നേരിട്ടു.1940 ജൂലൈ 31ന് ഉദ്ധം സിങ്ങിനെ തൂക്കിലേറ്റി.ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു ശ്രദ്ധേയമായ സംഭവത്തിന്റെ 84ാം വാർഷികമാണ് കഴിഞ്ഞദിവസം കടന്നുപോയത്. ജാലിയൻ വാലാബാഗിലെ സംഭവമാണ് ഉദ്ധംസിങ്ങിനുള്ളിൽ പക വളർത്തിയത്.

Jallianwala-Bagh-wall
Marks on the wall where bullets struck inside Jallianwala Bagh at site of massacre by British soldiers in Amritsar in Punjab, India. Photo Credits : cornfield / Shutterstock.com

1919 ഏപ്രിൽ 13നു ബ്രിട്ടിഷുകാർക്കെതിരെ ഒരു സമാധാന പ്രതിഷേധം അമൃത്സറിലെ ജാലിയൻ വാലാ ബാഗ് മൈതാനത്ത് അരങ്ങേറി. ഒന്നാം ലോകയുദ്ധത്തിന്റെ ഭാഗമായി ബ്രിട്ടൻ ഇന്ത്യയിൽ നടപ്പിൽ വരുത്തിയ ചില കിരാത നിയമങ്ങൾ (ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് 1915) യുദ്ധശേഷവും പിൻവലിക്കാത്തത് ഇന്ത്യക്കാർക്ക് വലിയ അസ്വാരസ്യമുണ്ടാക്കിയിരുന്നു.

എന്നാൽ ഫെബ്രുവരി 19നു ബ്രിട്ടൻ റൗലറ്റ് ആക്ട് എന്ന പുതിയ നിയമനിർമാണമുണ്ടാക്കി നിയമങ്ങൾ അനിശ്ചിതകാലത്തേക്കു നീട്ടി. ഇതെത്തുടർന്നുള്ള പ്രതിഷേധങ്ങളുണ്ടായി. പഞ്ചാബിൽ പൊതുക്കൂട്ടായ്മകൾ നിരോധിച്ച് ബ്രിട്ടിഷ് സർക്കാർ ഉത്തരവിറക്കി. ജനറൽ റെജിനാഡ് ഡയർ എന്ന സൈനിക ഉദ്യോഗസ്ഥനായിരുന്നു സമരങ്ങൾ നിയന്ത്രിക്കാനുള്ള ചുമതല.മൂന്നുവശവും ചുമരുകളുള്ളതും പുറത്തേക്കു പോകാൻ ഒരു വഴി മാത്രമുള്ളതുമായ ഒരു സമ്മേളന സ്ഥലമായിരുന്നു ജാലിയൻ വാലാബാഗ്. ഇവിടെ പതിനായിരത്തിലധികം ഇന്ത്യക്കാർ, സ്ത്രീകളും കൊച്ചുകുട്ടികളുമടങ്ങിയവർ പ്രതിഷേധസമരത്തിന്റെ ഭാഗമായി എത്തി. 

  • Also Read

എന്നാൽ പിന്നീട് ജനറൽ ഡയർ ഒരുപറ്റം സൈനികരുമായെത്തി, മൈതാനത്തിന്റെ ഒരേയൊരു കവാടം അടച്ചുപൂട്ടി.  ഉള്ളിൽ പെട്ടുനിന്ന പാവങ്ങളുടെ നേർക്ക് ബ്രിട്ടിഷ് സൈന്യത്തിന്റെ തോക്കുകൾ ഗർജിച്ചു.ഒന്നോടി മാറാൻ പോലും സ്ഥലമില്ലാതെ ആ വെടിവയ്പിൽ ജനങ്ങൾ മരിച്ച്  വീണു. 379 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ആയിരത്തിലധികം പേർക്കു ഗുരുതരമായി പരുക്കേറ്റു. കൂട്ടക്കുരുതിക്കു ശേഷം  ബ്രിട്ടിഷ് സൈന്യം തിരികെപ്പോയി. ഈ സംഭവം നടക്കുമ്പോൾ വെറും 20 വയസ്സു മാത്രമായിരുന്നു ഉദ്ധമിന്. പ്രതികാരം ചോദിക്കുമെന്ന് ഉദ്ധം സിങ് അക്കാലത്ത് ഒരു ദൃഢ തീരുമാനമെടുത്തു.

പഞ്ചാബിലെ സാംഗ്രൂരിൽ ഒരു ദരിദ്ര പഞ്ചാബി കുടുംബത്തിലാണ് 1899 ഡിസംബർ 26നു ഉദ്ധം സിങ് ജനിച്ചത്. ആദ്യകാലത്ത് ബ്രിട്ടിഷ് സൈന്യത്തിൽ ഒരു സഹായിയായി ജോലി ചെയ്ത ഉദ്ധമിന്റെ ജീവിതം പല രാജ്യങ്ങളിലായിട്ടായിരുന്നു. എന്നാൽ 1919ൽ ജാലിയൻ സംഭവത്തിൽ പ്രതിഷേധിച്ച് ഉദ്ധം സിങ് വിപ്ലവകാരികളുടെ പാർട്ടിയായ ഗദർ പാർട്ടിയിൽ ചേർന്നു.1924ൽ ഉദ്ധം യുഎസിലെത്തി. അന്ന് അമേരിക്കയിലെ ഗദർ പ്രക്ഷോഭത്തിന്റെ ഈറ്റില്ലമായ സാൻ ഫ്രാൻസിസ്‌കോയിൽ നിലയുറപ്പിച്ച ഉദ്ധം അമേരിക്കയിലുടനീളം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭങ്ങൾ ആസൂത്രണം ചെയ്യാനായി ഓടി നടന്നു. പിന്നീട് ഇറ്റലി, ജർമനി, പോളണ്ട്, ഇറാൻ, ഹോങ്കോങ്, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയിടങ്ങളും സന്ദർശിക്കുകയും അവിടെയുള്ള ഗദർ വിപ്ലവകാരികളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. നീണ്ട പ്രവാസത്തിനു ശേഷം ഇന്ത്യയിലെത്തിയ ഉദ്ധം സിങ്ങിനെ 1927 ഓഗസ്റ്റ് 30ന് അമൃത്സറിൽ വച്ച് ബ്രിട്ടിഷ് പട്ടാളം അറസ്റ്റ് ചെയ്തു. പിന്നീട് നാലുവർഷം നീണ്ട ജയിൽ ശിക്ഷ.അതിനു ശേഷം ഉദ്ധം സിങ് വീണ്ടും പ്രവാസജീവിതം തുടങ്ങി. അപ്പോഴും ജാലിയൻ വാലാബാഗ് ഒരു കനലായി അദ്ദേഹത്തിന്റെ മനസ്സിൽ അവശേഷിച്ചു.

ജാലിയൻ വാലാബാഗ് സംഭവത്തിനു പിന്നിലെ വില്ലൻമാരായി ഇന്ത്യൻ ജനത രണ്ടു ബ്രിട്ടിഷ് ഉദ്യോഗസ്ഥരെയാണ് കണക്കാക്കിയിരുന്നത്. ഒന്ന് വെടിവയ്പിന് നേതൃത്വം വഹിച്ച സൈനിക ഉദ്യോഗസ്ഥൻ ജനറൽ ഡയർ, മറ്റെയാൾ അന്നത്തെ പഞ്ചാബ് ലഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കൽ ഡ്വയർ. അമൃത്സറിന്റെ കൊലപാതകി എന്നറിയപ്പെട്ട ജനറൽ ഡയർ, ജാലിയൻ വാലാ ബാഗ് സംഭവത്തിന്റെ പേരിൽ വിമർശനം നേരിടുകയും ബ്രിട്ടിഷ് സൈന്യത്തിൽ നിന്നു പുറത്താക്കപ്പെടുകയും ചെയ്തു. എന്നാൽ ബ്രിട്ടനിൽ തിരിച്ചെത്തിയ ഇയാൾക്ക് വീരോചിത സ്വീകരണമാണ് ലഭിച്ചത്. അയാൾക്കായി വലിയ ഒരു ഫണ്ടും ബ്രിട്ടിഷ് ജനത പിരിച്ചുനൽകി. തങ്ങളുടെ ആളുകളെ കൂട്ടക്കുരുതി നടത്തിയ ഒരു മനുഷ്യത്വരഹിതനോട് ബ്രിട്ടൻ കാണിക്കുന്ന ഈ അനുകമ്പ ഇന്ത്യക്കാരിൽ വലിയ അമർഷമുണ്ടാക്കി. എന്നാൽ പിന്നീട് ഗുരുതര രോഗങ്ങൾ ബാധിച്ച് കഷ്ടതയിലായിരുന്ന ജനറൽ ഡയർ 1927ൽ മരിച്ചു.പഞ്ചാബ് ലഫ്റ്റനന്‌റ് ഗവർണറായിരുന്ന മൈക്കൽ ഡ്വയറായിരുന്നു ജനറൽ ഡയറിനേക്കാൾ വില്ലൻ. ഐസിഎസ് ഉദ്യോഗസ്ഥനായിരുന്ന ഇയാളാണ് ജാലിയൻ വെടിവയ്പിനു നിർദേശം നൽകിയത്. തന്റെ പ്രവൃത്തിയിൽ ഒരുകാലത്തും ആത്മപരിശോധന നടത്താൻ ഇയാൾ ഒരുക്കമായിരുന്നില്ല.

English Summary:

Udham Singh's revenge: How one man avenged the Jallianwala Bagh massacre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com