ADVERTISEMENT

ആഫ്രിക്കയിൽ ധാരാളം ഗോത്രങ്ങളുണ്ട്. ഇക്കൂട്ടത്തിൽപെട്ടതാണ് ഡോഗോൻ ഗോത്രം. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് നിഗൂഢവാദങ്ങൾ ഇറക്കുന്നവർ പലപ്പോഴും ഡോഗോൻ ഗോത്രത്തിന്റെ കഥ പറയാറുണ്ട്. വളരെ വിചിത്രമാണ് ഈ കഥ. പടിഞ്ഞാറൻ ആഫ്രിക്കയിൽ സ്ഥിതിചെയ്യുന്ന മാലി എന്ന രാജ്യത്താണ് ഡോഗോനുകൾ താമസിക്കുന്നത്. മാലിയിലെ ജനസംഖ്യയുടെ 9 ശതമാനത്തോളമുണ്ട് ഇവരുടെ എണ്ണം. മാലിയുടെ അയൽരാജ്യങ്ങളായ നൈജറിലും ബുർക്കിന ഫാസോയിലും ഡോഗോനുകളുണ്ട്.

മുഖംമൂടി ധരിക്കുന്ന ഇവർ വിചിത്രമായ രീതികളും പിന്തുടരുന്നു. ബൻഡിയാഗ്ര എന്ന പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്താണ് ഇവർ താമസിക്കുന്നത്.പൊതുവെ ശാന്തരും അതിഥികളോട് നന്നായി പെരുമാറുന്നവരുമാണ് ഡോഗോനുകൾ.ഇവരുടെ ഗ്രാമത്തലവൻമാർ അറിയപ്പെടുന്നത് ഹോഗോൻ എന്ന പേരിലാണ്.
1931ൽ ഫ്രഞ്ച് നരവംശശാസ്ത്രജ്ഞനായ മാഴ്സൽ ഗ്രിയോളെ ഡോഗോനുകളെ സന്ദർശിച്ചു. ഒരു ശാസ്ത്രജ്ഞനെന്നതിനപ്പുറം ഗവേഷകൻ കൂടിയായിരുന്നു ഗ്രിയോളെ. ആസന്ദർശനം കഴിഞ്ഞ് രണ്ടു വർഷം പിന്നിട്ട ശേഷം വീണ്ടും ഗ്രിയോളെ ഡോഗോനിലെത്തി. അന്ന് അവിടെയുണ്ടായിരുന്ന ഒഗോടെമ്മലി എന്ന ഹോഗോനുമായി ഗ്രിയോളെ വലിയ സൗഹൃദത്തിലായി.

ഡോഗോനുകളുടെ ജീവിതരീതികളും വിശ്വാസപ്രമാണങ്ങളുമൊക്കെ അദ്ദേഹം ഗ്രിയോളെയ്ക്ക് പറഞ്ഞുകൊടുത്തു. ഭൂമിയിൽ നിന്ന് എട്ടര പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന സിരിയസ് ബി എന്ന നക്ഷത്രസംവിധാനത്തെക്കുറിച്ച് ഡോഗോനുകൾക്കുള്ള അറിവ് ഗ്രിയോളെയെ വിസ്മയിപ്പിച്ചു. സിരിയസ് നക്ഷത്രവിഭാഗത്തിൽ രണ്ട് നക്ഷത്രങ്ങളുണ്ട്. അതിലെ സിരിയസ് എ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ടുകാണാവുന്നതാണ്. എന്നാൽ സിറിയസ് ബി എന്ന നക്ഷത്രം ദൃശ്യമല്ല. പിൽക്കാലത്ത് ടെലിസ്കോപ്പുകൾ ഉപയോഗിച്ചാണ് ഇവയെ കണ്ടെത്തിയത്.

പണ്ടുകാലത്തെപ്പോഴോ നൊമ്മോസ് എന്ന ജീവികൾ തങ്ങളുടെ അരികിലെത്തിയെന്നും അവർ സിറിയസ് നക്ഷത്രസംവിധാനത്തപ്പറ്റി തങ്ങളോടു പറഞ്ഞെന്നും ചില ഡോഗോനുകൾ വിശ്വസിക്കുന്നെന്ന് സിറിയസ് മിസ്റ്ററി എന്ന പുസ്തകം പറയുന്നു.1976ൽ റോബർട് ടെംപിൾ എന്ന വ്യക്തിയണ് ഈ പുസ്തകമെഴുതിയത്.ഗ്രിയോളെയുടെ അനുഭവങ്ങൾ എന്ന നിലയിലായിരുന്നു ഈ പുസ്തകം. സിറിയസ് നക്ഷത്ര സമൂഹത്തിൽ എ, ബി കൂടാതെ മൂന്നാമതൊരു നക്ഷത്രമുണ്ടെന്നും ഡോഗോനുകൾ വിശ്വസിക്കുന്നെന്നും അതിലുണ്ട്. കരയിലും വെള്ളത്തിലും കഴിയാൻ സാധിക്കുന്ന ജീവികളെന്നാണ് നൊമ്മോസ് വിശേഷിപ്പിക്കപ്പെടുന്നത്.

പ്രമുഖ ശാസ്ത്രജ്ഞനായ കാൾ സാഗനും വിഷയത്തിൽ ഇടപെട്ടിരുന്നു. പക്ഷേ സാഗന് ഇക്കാര്യങ്ങൾ അത്രകണ്ട് വിശ്വാസമായില്ല. സിറിയസിനെപ്പറ്റിയൊക്കെ അറിയാവുന്ന ഡോഗോൻ ഗോത്രക്കാർക്ക് സൗരയൂഥത്തിൽ ശനി വരെയുള്ള ഗ്രഹങ്ങളെ മാത്രമേ അറിയാവൂ എന്നുള്ളതിനാലായിരുന്നു ഇത്. ഗ്രിയോളെ തന്നെയാകും സിറിയസിനെക്കുറിച്ച് അവരോടു പറഞ്ഞുകൊടുത്തതെന്നുള്ള സാധ്യത കാൾ സാഗൻ മുന്നോട്ടുവച്ചു. ഇതെല്ലാം ഗ്രിയോളയുടെ നാടകമായിരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞൊരു കാര്യം.
 

English Summary:

Unlocking the Cosmic Secrets of the Dogons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com