യുഎസിൽ വീടിന്റെ മേൽക്കൂരയിൽ പതിച്ചത് ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഭാഗം

Mail This Article
വീടിന്റെ മേൽക്കൂരയിൽ പക്ഷികൾ പകുതി കഴിച്ച പഴങ്ങളും മറ്റുമൊക്കെ കൊണ്ടുവന്നിടുന്നത് സാധാരണം. കഴിഞ്ഞമാസം ഒരു വലിയ സംഭവം യുഎസിലെ ഫ്‌ളോറിഡയിൽ നടന്നു. അവിടെ ഒരു വീട്ടിനു മുകളിൽ വന്നു വീണത് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നാണെന്നു സംശയിക്കപ്പെടുന്ന ഭാഗങ്ങളാണ്.
മാർച്ച് എട്ടിനാണ് സംഭവം നടന്നത്. വർഷങ്ങൾക്ക് മുൻപ് രാജ്യാന്തര സ്‌പേസ് സ്റ്റേഷനിൽ ഉപയോഗിച്ചിരുന്ന ബാറ്ററികളും അവ സൂക്ഷിക്കുന്ന സംവിധാനവുമാണ് വീടിനു മുകളിൽ വീണതെന്ന് കരുതപ്പെടുന്നു.
സാധാരണഗതിയിൽ അന്തരീക്ഷത്തിലേക്ക് ഇറങ്ങുന്ന ബഹിരാകാശ വസ്തുക്കളുടെ ഭാഗങ്ങൾ ഭൂമിയെ ഭ്രമണം ചെയ്ത് പസിഫിക് സമുദ്രത്തിൽ പതിക്കാറാണ് പതിവ്. എന്നാൽ ഇക്കാര്യത്തിൽ അതു സംഭവിച്ചില്ല. 2021ൽ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതിനാൽ നിലയത്തിന്റെ റോബട്ടിക് കൈ ഉപയോഗിച്ചാണ് ബാറ്ററി സംവിധാനം പുറത്തുവിട്ടതത്രേ.
ശീതയുദ്ധകാലത്തിനുശേഷം വിവിധ ശാക്തികചേരികൾ തമ്മിലുണ്ടായ മൈത്രിയുടെ പ്രതീകമാണ് രാജ്യാന്തര ബഹിരാകാശ നിലയം. നാസയ്ക്കാണു പ്രധാനനേതൃത്വമെങ്കിലും ബഹുരാഷ്ട്ര പങ്കാളിത്തത്തോടെയാണു രാജ്യാന്തര ബഹിരാകാശ നിലയം വിഭാവനം ചെയ്തതും സ്ഥാപിച്ചതും. 1984ൽ യുഎസ് പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗനാണ് പദ്ധതി ആവിഷ്‌കരിച്ചത്. ബഹിരാകാശത്ത് സ്ഥിരസാന്നിധ്യമൊരുക്കി ഗവേഷണത്തിനും യാത്രികരുടെ താമസത്തിനുമുള്ള സൗകര്യം സജ്ജമാക്കുകയാണ് ബഹിരാകാശ നിലയങ്ങളുടെ ധർമം.1998ൽ നിർമാണം തുടങ്ങിയ രാജ്യാന്തര ബഹിരാകാശ നിലയം 2011ൽ പൂർണാർഥത്തിൽ യാഥാർഥ്യമായി.
ഇപ്പോഴും പുതിയ ദൗത്യങ്ങളും പരീക്ഷണങ്ങളും ഇവിടെ നടക്കുന്നു. 2000 നവംബർ 2 മുതൽ നിലയത്തിൽ മുഴുവൻ സമയവും മനുഷ്യ സാന്നിധ്യമുണ്ടായിരുന്നു. യൂറോപ്യൻ സ്‌പേസ് ഏജൻസി അംഗരാജ്യങ്ങൾ, യുഎസ്, റഷ്യ, കാനഡ, ജപ്പാൻ എന്നിവ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാണ്.
ഫ്‌ളോറിഡയിലെ വീട്ടിൽ വീണ നിലയത്തിന്റെ ഭാഗം ബഹിരാകാശ മാലിന്യമായി കണക്കാക്കപ്പെടുന്നതാണ്. സ്‌പേസ് ഡെബ്രി അഥവാ ബഹിരാകാശ മാലിന്യം എന്നറിയപ്പെടുന്ന ഈ മാലിന്യങ്ങൾ മനുഷ്യപ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ളതാണ്.
ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്ത് കുന്നുകൂടുന്നുണ്ട് ബഹിരാകാശ മാലിന്യം. ലോഹനിർമിതമായ ഉപഗ്രഹങ്ങൾ കത്താതെയും നശിക്കാതെയും ചെറിയ ഭാഗങ്ങളായി ഭൂമിയെ ചുറ്റിക്കറങ്ങാറുണ്ട്. ഭൂമിക്കു ചുറ്റും ഏഴര ലക്ഷത്തിലധികം ഇത്തരം ലോഹഭാഗങ്ങൾ ഭ്രമണം ചെയ്യുന്നെന്നാണു കണക്ക്. ഭൂമിക്കുള്ളിലെയും അന്തരീക്ഷ വായുവിലെയുമൊക്കെ മാലിന്യങ്ങൾ ചർച്ചയാകുമ്പോൾ ബഹിരാകാശ മാലിന്യത്തെക്കുറിച്ച് അധികം ബോധവൽക്കരണം അടുത്ത കാലം വരെ ഇല്ലായിരുന്നു.
ബഹിരാകാശമേഖലയുമായി ബന്ധപ്പെട്ടുള്ള മാലിന്യത്തിന്റെ ആഘാതം ഭൂമിയിലുമുണ്ട്. ശാന്തസമുദ്രത്തിൽ തീരങ്ങളിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മേഖലയായ പോയിന്റ് നെമോയിൽ ഉപയോഗശൂന്യമായ റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളുമൊക്കെ ധാരാളമായുണ്ട്. ഇവിടെ നൂറുകണക്കിന് ബഹിരാകാശ വാഹനങ്ങൾ ഇത്തരത്തിൽ കിടപ്പുണ്ടെന്നാണു പറയപ്പെടുന്നത്. പഴയ റഷ്യൻ സ്‌പേസ് സ്റ്റേഷനായ മിറും ഇക്കൂട്ടത്തിലുണ്ട്.