ADVERTISEMENT

കൗതുകത്തിന്റെ കലവറയാണ് സമുദ്രാന്തർഭാഗം. വിവിധതരത്തിലുള്ള , ആകൃതിയിലും വലുപ്പത്തിലുമുള്ള മൽസ്യ- ജീവിവർഗങ്ങളാൽ സമ്പന്നമായ സമുദ്രാന്തർഭാഗത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പഫർ ഫിഷ് എന്ന ഇത്തിരിക്കുഞ്ഞൻ മത്സ്യം. കാണാൻ ഭംഗിയുള്ള, ശത്രുക്കൾ അടുത്തെത്തുമ്പോൾ ശരീരം ബോൾ പോലെയാക്കി രക്ഷപ്പെടുന്ന പഫർ ഫിഷ്, പക്ഷേ കാണുന്നതു പോലെ രസമുള്ള ഒരു മൽസ്യമല്ല. 30  മനുഷ്യരെ കൊല്ലാനുള്ള വിഷമാണ് ഈ കുഞ്ഞു മത്സ്യം തന്റെ ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്.എന്നാൽ, വിഷമുണ്ടെന്നു കരുതി ഈ മത്സ്യത്തെ തീന്മേശയിൽ നിന്നും ഒഴിവാക്കുന്നില്ല എന്നതാണ് മറ്റൊരു കൗതുകം. ജപ്പാന്റെ വിശിഷ്ട വിഭവമായ ഫുഗു നിർമിക്കുന്നത് പഫർ ഫിഷ് ഉപയോഗിച്ചാണ്. 

ലൈസന്‍സുള്ള പരിശീലനം ലഭിച്ച പാചക വിദഗ്ദര്‍ക്ക് മാത്രമേ ഫുഗു ഉണ്ടാക്കാന്‍ അനുവാദമുള്ളു  അതിനാൽ ഫുഗുവിന് വില വളരെ കൂടുതലാണ്.  സയനൈഡിനെക്കാള്‍ പലമടങ്ങു വിഷമുള്ള, ശരീരത്തിനുള്ളിലെത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും മരണം വരെയും സംഭവിക്കാവുന്ന പഫര്‍ ഫിഷിനെ പാകപ്പെടുത്തുമ്പോൾ ഒന്ന് പാളിയാൽ അതിനു ജീവന്റെ വില തന്നെ നൽകേണ്ടി വരും. സ്രാവുകൾ ഒഴികെ ഏത് ശത്രുവിനെയും നിഷ്പ്രയാസം കൊല്ലാൻ സാധിക്കുന്ന ടെട്രാഡോടോക്സിൻ എന്ന വിഷം പവർ ഫിഷിന്റെ ശരീരത്തിൽ ഒളിപ്പിച്ചിരിക്കുന്നു. എല്ലാ പഫർ ഫിഷുകളിലും ടെട്രോഡോടോക്സിൻ അടങ്ങിയിട്ടുണ്ട്.

ജപ്പാൻ, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങിളിലുള്ളവരാണ് പ്രധാനമായും പഫർഫിഷ് വിഭവങ്ങൾ കഴിക്കുന്നത്. പഫർ ഫിഷ് വിഭവം  ഒരു പ്ലേറ്റിന് ജാപ്പാനിൽ ഇന്ത്യൻ രൂപയാണ്  2000മാണ് വില. വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവില്ലാത്ത പഫര്‍ ഫിഷിന് പ്രകൃതി നല്‍കിയ പ്രതിരോധത്തിന്റെ ഭാഗമാണ് ശരീരത്തിലെ വിഷം. ശത്രുവിനെ കണ്ടാല്‍ ബലൂണ്‍ പോലെ ഊതി വീര്‍പ്പിക്കാവുന്ന ശരീരം. തനിക്ക് ചുറ്റുമുള്ള വെള്ളം വലിയ അളവിൽ അകത്താക്കിയാണ് ഇവ ബലൂണ്‍ പോലെയായി വീർക്കുന്നത്. ചില സമയങ്ങളിൽ വെള്ളത്തിനു പകരം വായു അകത്തേക്ക് വലിച്ചും ബോൾ പോലെ വീർത്തു വരും. ഇത്തരത്തില്‍ വലുതാവുന്ന പഫര്‍ ഫിഷിനെ ഭക്ഷിക്കുന്ന വലിയ മീനുകള്‍ വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. ചിലപ്പോൾ മരണം വരെ സംഭവിച്ചെന്നും വരാം. 

നൂറ്റി ഇരുപതിൽപ്പരം ഇനം പഫര്‍ ഫിഷുകളെ സമുദ്രാന്തർഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കടലിൽ ജീവിക്കുന്നതും ശുദ്ധജലത്തിൽ ജീവിക്കുന്നതുമായ പഫർ ഫിഷുകളുണ്ട്. എന്നാൽ  എല്ലാ വകഭേദങ്ങളിലും മാരകമായ വിഷമുണ്ട്.  പഫർ ഫിഷിനെ  മുറിക്കുന്നതില്‍ വരുന്ന ചെറിയ പിഴവ് പോലും ദുരന്തത്തിനു കാരണമാകും. ഇത്തരത്തിൽ  നിരവധി അപകടങ്ങൾ  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇവകൊണ്ട് ഉണ്ടാക്കുന്ന വിഭവം കഴിക്കാൻ ഇന്നും വമ്പിച്ച തിരക്കാണ്. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വിഷമുള്ളവയുടെ കൂട്ടത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

മൂന്നു വർഷത്തെ പരിശീലനവും  പ്രാക്റ്റിക്കൽ പരീക്ഷയും എഴുത്ത് പരീക്ഷയും പാസാകുന്നവർക്ക് മാത്രമേ പഫർ ഫിഷിനെ ഭക്ഷണത്തിനായി കൈകാര്യം ചെയ്യുന്നതിനുള്ള  ലൈസൻസ് കൊടുക്കുകയുള്ളൂ.  മീനിന്റെ  ശരീരത്തിലെ വിഷമയമായ അവയവങ്ങൾ പ്രത്യേക തരം കത്തികൊണ്ട് മുറിച്ചു മാറ്റിയതിന് ശേഷം മാത്രമേ  പാചകം ചെയ്യാൻ പാടുള്ളൂ. പ്രാക്റ്റിക്കൽ പരീക്ഷ വളരെ സാഹസികത നിറഞ്ഞതാണ്. സ്വന്തമായി പഫർ ഫിഷ്  കൊണ്ടുള്ള  ഭക്ഷണമുണ്ടാക്കി അത് കഴിച്ച് കാണിക്കണം എന്നതാണ് പ്രാക്റ്റിക്കൽ പരീക്ഷയുടെ വെല്ലുവിളി. കൃത്യമായി പഠിച്ച്, ആത്മവിശ്വാസത്തോടെ പാചകം ചെയ്ത ശേഷം പാചകം ചെയ്യുന്നയാൾ ജീവനോടെ ഉണ്ടെങ്കിൽ ലൈസൻസ് ലഭിക്കും.

എന്നാൽ ഈ വിഭവത്തിന് രുചി ലഭിക്കുന്നത്  വിഷത്തിന്റെ ഒരു ചെറിയ അംശം മാംസത്തിൽ ബാക്കി ഇരിക്കുമ്പോഴാണ്. എന്നാൽ അത് മരണകാരണം ആകുകയും ചെയ്യരുത്. അതിനാൽ ഹാനികരമല്ലാത്ത രീതിയിൽ ഈ മൽസ്യത്തെ കൈകാര്യം ചെയ്യാൻ വൈദഗ്ധ്യം ലഭിച്ച വളരെ കുറച്ചാളുകൾ മാത്രമാണുള്ളത്. കഴിക്കുന്ന ആൾ മരിക്കാതെ,  വിഷം കുറച്ച്  എടുത്തുകളഞ്ഞ് ഭക്ഷണം രുചികരമാക്കുന്ന ഷെഫ് ആണ് ഇക്കാര്യത്തിൽ താരം.

English Summary:

Exploring the Deadly Allure of Puffer Fish in Japanese Cuisine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com