ആഴ്ന്നിറങ്ങുന്ന ലഹരി; സമ്മർദങ്ങളെ അതിജീവിക്കാൻ കുട്ടികളെ എങ്ങനെ പ്രാപ്തരാക്കാം?
Mail This Article
അസാധാരണമാം വിധം ലഹരി സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ്. മക്കളെ കുറിച്ചുള്ള മാതാപിതാക്കളുടെ പ്രധാന ആശങ്കകളിലൊന്നായി ലഹരി മാറുന്നു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ പകയ്ക്കുകയാണ് പലരും. ചെയ്യുന്നതിന് പരിമിധികളുണ്ട്. എപ്പോഴും മക്കൾ വീട്ടിൽ തങ്ങളുടെ കൺമുമ്പിൽ ഉണ്ടാകണമെന്നില്ലല്ലോ. അപ്പോൾ എന്താണു പ്രതിവിധി?
ലഹരി തകർത്ത ജീവിതങ്ങൾ അവരെ കാണിക്കുക എന്നതാണ് ഒരു മാർഗം. അതിത്തിരി കടന്ന കയ്യല്ലേ എന്നു ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ ലഹരിയുടെ ഉപയോഗം രോഗികളാക്കിയ, ജീവിതം തകർത്തു കളഞ്ഞ വ്യക്തികളെ കാണുമ്പോൾ അവർക്ക് ലഭിക്കുന്ന പാഠം വളരെ വലുതാകും. അതിലും വലിയ മുന്നറിയിപ്പ് നൽകുക അസാധ്യമാണ്. ഡിഅഡിക്ഷൻ സെന്ററുകളിൽ സന്ദർശിച്ചാൽ അത്തരം നിരവധി അനുഭവങ്ങൾ അവർക്ക് കാണാനും കേൾക്കാനുമാകും.
സുഹൃത്തുക്കളിൽ നിന്നുൾപ്പെടെയുണ്ടാകുന്ന സമ്മർദങ്ങളെയാണ് അവർക്ക് അതിജീവിക്കേണ്ടത്. അത് അൽപം കഠിനമാണ്. ശക്തവും വ്യക്തവുമായ കാഴ്ചപ്പാടും സ്വയം പ്രചോദനവും ഉണ്ടെങ്കിലേ അതെല്ലാം മറികടന്നു മുന്നോട്ട് പോകാനാവൂ. മാതാപിതാക്കൾ പകർന്നു നൽകുന്ന അറിവും തുറന്നിടുന്ന കാഴ്ചകളുമാകണം അവർക്ക് സുഹൃത്തുക്കളോ സഹപാഠികളോ മറ്റുള്ളവരോ സൃഷ്ടിക്കുന്ന കൗതുകത്തിൽ നിന്നും പുറത്തു കടക്കാൻ കരുത്താകേണ്ടത്.
Content summary : How to educate your child on drug addiction