പുതുവർഷത്തിൽ കുട്ടികൾക്ക് നൽകാം 10 പുതുശീലങ്ങൾ

new-year-resolution-for-children
Representative image. Photo Credits: Alones/ Shutterstock.com
SHARE

പുതുവർഷമിങ്ങെത്തി... നമുക്ക് പഴയ ദുശീലങ്ങളൊക്കെയൊന്നു മാറ്റിയെടുക്കാം. ചൊട്ടയിലെ ശീലം ചുടലവരെ എന്നല്ലേ. ജീവിതത്തിൽ ഒരു അടുക്കും ചിട്ടയുമൊക്കെ വരുത്താൻ പറ്റിയ പ്രായം കുട്ടിക്കാലമാണ്. ചെറുപ്രായത്തിൽ ചെയ്തു തുടങ്ങുന്ന നല്ല ശീലങ്ങളുമൊക്കെ ജീവിതാവസാനം വരെ കൊണ്ടുപോകാനാകും. മിക്ക ആളുകൾക്കുമുണ്ടാകും ചില ന്യൂ ഇയർ റെസലൂഷനുകള്‍. അവ പാലിക്കാനുള്ളതാണ്, പാതിവഴിയിൽ ഉപേക്ഷിക്കാനുള്ളതല്ല. കൂട്ടുകാരും ഒന്നു ശ്രമിച്ചു നോക്കൂ, പുത്തൻ വർഷത്തിലെ പുതുശീലങ്ങൾക്കായി. അതിനായി മാതാപിതാക്കളും അധ്യാപകരും മറ്റു മുതിർന്നവരും കുട്ടികളെ സാഹായിക്കുമല്ലോ..

ശുചിത്വവും കൃത്യമായ ദിനചര്യയും

ശുചിത്വം പാലിക്കാൻ കുട്ടികളെ പഠിപ്പിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകാൻ ശീലിപ്പിക്കുക. ഭക്ഷണം കഴിക്കുമ്പോൾ ചവയ്ക്കുന്ന ശബ്ദം കേൾപ്പിക്കരുത്. ഭക്ഷണം വായിൽ വച്ചു കൊണ്ട് സംസാരിക്കരുത് എന്നിങ്ങനെയുള്ള ടേബിൾ മാനേഴ്സും കുട്ടികളെ പഠിപ്പിക്കണം. ദിവസവും രണ്ട് നേരം പല്ല് തേക്കാനും ശരീരം വൃത്തിയായി സൂക്ഷിക്കാനും കുട്ടികളെ ശീലിപ്പിക്കുക.

ബഹുമാനം വീട്ടിൽ നിന്ന് പഠിക്കാം 

പ്രായമായവർക്കായി കസേര ഒഴിഞ്ഞു കൊടുക്കുക, അതിഥികള്‍ വീട്ടിൽ വന്നാൽ ടിവി ഓഫാക്കുക, ഫോണിൽ കളിക്കാതെ അവരുമായി സംസാരിക്കുക, പുഞ്ചിരിയോടെ അതിഥികളെ വീട്ടിലേക്ക് സ്വാഗതം ചെയ്യുക, അധ്യാപകരോട് ആദരവോടെ പെരുമാറുക എന്നിങ്ങനെ ബഹുമാനത്തിന്റെ നല്ല പാഠങ്ങൾ ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം.

ഉത്തരവാദിത്തം അറിഞ്ഞു വളരണം

പഴയ കാലത്തെ അമ്മമാർ പെൺകുട്ടികളെ മാത്രമാണു വീട്ടുജോലികളിൽ സഹായിക്കാൻ കൂടെ കൂട്ടിയിരുന്നത്. ഇന്ന് കാലം മാറി. സ്ത്രീകളും ജോലിക്കു പോകുകയും വീട്ടുകാര്യങ്ങൾ േനാക്കുകയും െചയ്യുന്നു. വീട്ടുകാര്യങ്ങൾ ചെയ്യാൻ ചെറിയ പ്രായം മുതൽ ആൺകുട്ടികളെയും ശീലിപ്പിക്കാം.

പങ്കുവയ്ക്കലിന്റെ മൂല്യങ്ങൾ 

പങ്കു വയ്ക്കലിന്റെ ഗുണം അറിഞ്ഞു വേണം കുട്ടികൾ വളരേണ്ടത്. കരുതൽ, സ്നേഹം, സൗഹൃദം ഇവയെല്ലാം പ്രകടിപ്പിക്കാൻ പങ്കു വയ്ക്കലിലൂടെ കഴിയുമെന്ന് കുട്ടികൾക്ക് അറിവു പകരണം. ചുറ്റുമുള്ളവരോടു കരുതൽ കാണിക്കണമെന്നും പ്രശ്നങ്ങളുണ്ടാകുമ്പോൾ  ഏറ്റവും അടുപ്പമുള്ളവരോടു പങ്കു വയ്ക്കണമെന്നും കുട്ടികൾക്കു പറഞ്ഞു കൊടുക്കണം.

സത്കർമ്മങ്ങൾ അവരും ചെയ്യട്ടെ 

മക്കളുടെ ജന്മദിനത്തിലും വിശേഷാവസരങ്ങളിലും ഏതെങ്കിലും അനാഥാലയമോ, വൃദ്ധമന്ദിരമോ ഒക്കെ സന്ദർശിച്ച് അന്നദാനം പോലെയുളള സത്കർമ്മങ്ങളോ, സംഭാവനയോ ഒക്കെ നൽകുക ഇത് സഹജീവികളുടെ അനുകമ്പയും കരുണയുമുളളവരാകുവാൻ അവരെ സഹായിക്കും. സഹജീവികളോട് കരുണയുളളവർ തങ്ങൾ വലുതാകുമ്പോൾ തങ്ങളുടെ മാതാപിതാക്കളോടും അനീതി കാണിക്കുവാനുളള സാധ്യത വിരളമാണ്.

ടെലിവിഷനും കമ്പ്യൂട്ടറും നിയന്ത്രിക്കാം

വളര്‍ന്ന് വരുന്ന കുട്ടികളില്‍ കമ്പ്യൂട്ടറും വിഡിയോ ഗെയിമും ശീലിച്ചിട്ടുള്ളവരില്‍ ഭൂരിഭാഗം പേരും അതിന് അടിമകളാണ്. ടി.വിയ്ക്ക് മുന്നില്‍ മാത്രം ഭക്ഷണം കഴിക്കാന്‍ വാശി പിടിക്കുകയും കമ്പ്യൂട്ടര്‍ ഗെയിം കാരണം ഉറങ്ങാതിരിക്കുകയും ചെയ്യുന്നവരാണ് ഈ കുട്ടികള്‍. ഈ ശീലങ്ങളില്‍ നിന്ന് കുട്ടികളെ ഒഴിവാക്കാന്‍ പിന്നീട് ഏറെ പണിപ്പെടേണ്ടി വരും. അതുകൊണ്ട് ഇവയെ മുന്‍കൂട്ടി നിയന്ത്രിക്കുന്നത് നല്ലതായിരിക്കും.

ആളുകളുമായി ഇടപെടുത്തുക

ഇത് സ്ക്രീന്‍ ടൈം വെട്ടിക്കുറക്കുന്നതിന് ഒപ്പം ചെയ്യേണ്ട കാര്യമാണ്. കൂടുതല്‍ പേരുമായി ഇടപെടാന്‍ ശീലിക്കുന്നത് കുട്ടികളില്‍ സമൂഹത്തോടുള്ള ഭയം കുറയ്ക്കും. അവര്‍ നന്നായി സംസാരിക്കാനും ആശയവിനിമയം നടത്താനും പര്യാപ്തരാകും, സമൂഹത്തോട് നന്നായി ഇടപഴകി ശീലിച്ചാല്‍ പിന്നീട് അവര്‍ വിഡിയോ ഗെയിം പോലുള്ള അടിമപ്പെടുത്തുന്ന ശീലങ്ങളിലേക്ക് തിരിച്ച് പോകാൻ സാധ്യത വിരളമാണ്.

സ്വയം നിയന്ത്രണവും ഉത്തരവാദിത്തവും ശീലിപ്പിക്കുക

ജന്മനാ എല്ലാ കുട്ടികളും പെട്ടന്നുള്ള ചിന്തയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ക്ക് രസകരമായി തോന്നുന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ ത്വര ഉണ്ടാകും. ഇതിനെ നിയന്ത്രിക്കുന്നതിനൊപ്പം അവരെ സ്വയം നിയന്ത്രിക്കാന്‍ കൂടി ശീലിപ്പിക്കുന്നത് ഗുണകരമാകും. ഭക്ഷണത്തിനും ഉറക്കത്തിനും പഠനത്തിനും എല്ലാം ഏകദേശ സമയം നിശ്ചിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് കുട്ടികളെ സ്വയം നിയന്ത്രണത്തിന് സഹായിക്കും. പിന്നീട് ഈ ചിട്ടയില്‍ മാറ്റം വരുത്തേണ്ടി വന്നാലും മാറുക അവര്‍ക്ക് എളുപ്പവുമായിരിക്കും. 

വേണം ആരോഗ്യകരമായ ഭക്ഷണശീലം

ഭക്ഷണം കഴിക്കാൻ മടി കാട്ടുന്ന കുട്ടി എന്തെങ്കിലും കഴിക്കുന്നതിനു വേണ്ടി ജങ്ക്ഫൂഡ് നൽകാൻ നിർബന്ധിതരാകുകയാണു മാതാപിതാക്കൾ. ഇലക്കറികൾ, പച്ചക്കറികൾ, പലതരം പഴങ്ങൾ, നട്സ്, തവിട് നീക്കാത്ത ധാന്യങ്ങൾ ഇവയെല്ലാം കുട്ടികളുടെ ഭക്ഷണത്തിലുൾപ്പെടുത്തണം. ജങ്ക് ഫൂഡും, സംസ്കരിച്ച ഭക്ഷണപദാർഥങ്ങളും കഴിവതും ഒഴിവാക്കുക. വീട്ടിൽത്തന്നെ ആരോഗ്യകരമായ രീതിയിൽ ഭക്ഷണമുണ്ടാക്കി നൽകാം. ചെറിയ പ്രായത്തിലേ ജങ്ക് ഫൂഡ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരണം. 

പ്രാർഥിക്കാൻ പഠിപ്പിക്കാം

അൽപം സമയമെങ്കിലും കണ്ണുകളടച്ച് തങ്ങൾക്കു ലഭിച്ചിരിക്കുന്ന നന്മകൾക്ക് വിശ്വസിക്കുന്ന ദൈവത്തിന് നന്ദിചൊല്ലാനും മറ്റുള്ളവർക്കു വേണ്ടികൂടി പ്രാർഥിക്കാനും ശീലിപ്പിക്കാം. 

അമിതമായാൽ നിയന്ത്രണവും അപകടം

കുട്ടികൾക്ക് നല്ല ശീലങ്ങൾ പറഞ്ഞു കൊടുക്കുന്നതും അതിനായി പരിശീലിപ്പിക്കുന്നതും നല്ലതുതന്നെ. എന്നാൽ നിയന്ത്രണങ്ങൾ അധികമായാൽ അത് വിപരീതഫലമാകും സൃഷ്ടിക്കുക. അച്ചടക്കം പരിശീലിപ്പിക്കുമ്പോഴും ശകാരിക്കുമ്പോഴും നിർബന്ധിക്കുമ്പോഴും അവർ കുട്ടികളാണെന്നു മറക്കരുത്. കുട്ടിത്വത്തിന്റെ വികൃതികളും കളിയും ചിരിയും അവരുടെ അവകാശമാണ്. 

Content Summary : New year resolution for chilren

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവchildren@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS