ADVERTISEMENT

ചുറ്റിലും നിരവധി ചതിക്കുഴികളാണ് കുട്ടികളെ കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ കടുത്ത ആശങ്കയിലൂടെയാണ് മാതാപിതാക്കൾ കടന്നു പോകുന്നത്. ലഹരി സംഘങ്ങൾ കുട്ടികളെ പലവിധത്തിൽ ദുരുപയോ​ഗം ചെയ്യുന്ന വാർത്തകൾ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പുറത്തു വരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമായി മാറുകയാണ്. 

 

ചെറിയ കുട്ടികളെ ഉപയോ​ഗിച്ച് പൊലീസിന്റെ ശ്രദ്ധയിൽ പെടാതെ ലഹരി കൈമാറ്റം നടത്താനാവും എന്നതും കുട്ടികൾക്ക് കാര്യമായ പണം നൽകേണ്ടി വരുന്നില്ല എന്നതുമാണ് ലഹരി സംഘങ്ങൾ ഇത്തരം രീതി വ്യാപകമാക്കാൻ കാരണം. മിഠായികളും പണവും മറ്റും നൽകി ആകർഷിക്കുകയും പിന്നീട് കുട്ടികളെ ലഹരിക്ക് അടിമകളാക്കി മാറ്റുന്നു. ലൈം​ഗികമായി ഉപയോഗിക്കുന്നതായും റിപ്പോർട്ടുകൾ വരുന്നു. തെറ്റു മനസ്സിലാക്കി എല്ലാം നിർത്തണമെന്നും ആ​ഗ്രഹിച്ചാൽ പോലും  സാധിക്കാത്ത തരത്തിലുള്ള ചതിക്കുഴിയിലാണ് ഇത് എത്തുന്നത്. 

 

കുട്ടികളെ ശ്രദ്ധിക്കുക, ചുറ്റിലുമുള്ള ചതിക്കുഴികളെ കുറിച്ച് ബോധവാന്മാരാക്കുക, മെച്ചപ്പെട്ട കുടുംബസാഹചര്യം ഒരുക്കുക എന്നതാണ് മാതാപിതാക്കൾക്ക് ചെയ്യാനാവുക. മക്കൾക്ക് തുറന്നു സംസാരിക്കാനുള്ള സാഹചര്യം വീട്ടിലുണ്ടാകണം. മക്കൾക്ക് നിങ്ങളെ വിശ്വാസമുണ്ടാകണം. വെറുതെ ഉപദേശിക്കുന്നവരാവുകയല്ല, മറിച്ച് മാതൃകയാവുകയാണ് വേണ്ടത് എന്ന് എപ്പോഴും ഓർക്കുക. പലപ്പോഴും കുട്ടികൾ ചതിക്കുഴികളിൽ അകപ്പെട്ട് മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാകും മാതാപിതാക്കൾ എല്ലാം അറിയുക. മതിയായ ശ്രദ്ധ ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണം. കുട്ടിയിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം. തളർച്ച, മ്ലാനത, ഭയം, വിശപ്പില്ലായ്മ, ഉറക്ക​ക്കുറവ്, വീട്ടിലേക്ക് വൈകി എത്തൽ എന്നിങ്ങനെ അവരിലുണ്ടാകുന്ന മാറ്റങ്ങളെ നിസാരമായി എടുക്കരുത്. ഒരുപക്ഷേ കുഴപ്പത്തിൽ അകപ്പെട്ടതിന്റെ സൂചനകളാവാം അത്. മാതാപിതാക്കൾ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും കൂടെ നിൽക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്താൽ അവർ മനസ്സ് തുറന്നേക്കാം. കുട്ടിയുടെ കൂട്ടുകാരുമായും അവരുടെ കുടുംബമായും അടുത്ത ബന്ധം പുലർത്തുക. ഇടയ്ക്കിടെ സ്കൂളിൽ സന്ദർശനം നടത്തുക എന്നിവയെല്ലാം ഫലപ്രദമാണ്. 

 

അധ്യാപകരും ഇത്തരം കാര്യങ്ങളിൽ വലിയ ശ്രദ്ധ കാണിക്കേണ്ടതുണ്ട്. കുട്ടികൾ 7 മണിക്കൂറുകളോളം സ്കൂളുകളിൽ ചെലവഴിക്കുന്നു. അപ്പോൾ അവരിലെ മാറ്റങ്ങൾ അധ്യാപകർക്കും അറിയാനാകും. അടുത്ത തലമുറയെ വാർത്തെടുക്കുകയാണ് സ്കൂളുകൾ ചെയ്യുന്നതെന്ന ബോധ്യമായിരിക്കണം ഓരോ വിദ്യാർഥിയെ സമീപിക്കുമ്പോഴും അധ്യാപകർ പുലർത്തേണ്ടത്. അവരോട് വ്യക്തിപരമായി സംസാരിക്കാനും സ്കൂളിലെയും വീട്ടിലെയും പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കാനും സമയം കണ്ടെത്തണം. വിദ്യാർഥികൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. എങ്കിലും സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെ സാമൂഹിക വിരുദ്ധരുടെ വലകളിൽപ്പെടാതെ മക്കളെ സംരക്ഷിക്കാം. 

 

Content Summary : Tips to prevent drug addiction in your child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com