ADVERTISEMENT

കുട്ടികളെ എല്ലാവര്‍ക്കും ഇഷ്ടമാണ്. മുതിര്‍ന്നവര്‍ കുട്ടികളോട് വളരെ നന്നായി പെരുമാറുന്നവരാണ്. ചെറുതാണെന്ന പരിഗണന എല്ലാ കാര്യങ്ങളിലും കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ നല്‍കാറുമുണ്ട്. എന്നാല്‍ മുതിര്‍ന്നവര്‍ എല്ലാവരും ഒരുപോലെയാണോ? എല്ലാവരുടേയും സ്‌നേഹം ഒരു പോലെയാണോ? തീര്‍ച്ചയായും അല്ല. കുട്ടികളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതിനു പകരം അവരെ വേദനിപ്പിക്കുന്നതിലും പീഡിപ്പിക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന നിരവധിയാളുകളുണ്ട് നമുക്കിടയില്‍. അങ്ങനെയുള്ളവരുടെ അതിക്രമങ്ങള്‍ക്കിരയായാല്‍ നമ്മുടെ കുട്ടികള്‍ എന്താണ് ചെയ്യേണ്ടത്? അങ്ങനെ ചില കാര്യങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. 

 

കുട്ടികള്‍ എവിടെ വെച്ചും ദുരുപയോഗം ചെയ്യപ്പെടാം. അത് സ്‌കൂളിലാവാം, സുഹൃത്തുക്കളുടെ വീട്ടില്‍ വെച്ചാവാം, മതപരമായ സ്ഥലങ്ങളിലാവാം, ബന്ധുവീടുകളില്‍ വെച്ചോ സ്വന്തം വീട്ടില്‍ വെച്ചോ പോലും അവര്‍ അതിക്രമങ്ങള്‍ക്കിരയാകാം. കുട്ടികള്‍ എവിടെയാണ് താമസിക്കുന്നത്, ആര്‍ക്കൊപ്പമാണ് താമസിക്കുന്നത്, അവര്‍ക്ക് എത്ര വയസ്സുണ്ട്, അവരുടെ സാമ്പത്തിക സ്ഥിതി എങ്ങനെയാണ് തുടങ്ങി അവരുടെ ബാക്ക്ഗ്രൗണ്ട് എന്തു തന്നെയായാലും പീഡനത്തിനിരയാകുന്നതില്‍ വ്യത്യാസമുണ്ടാകില്ല. കുടുംബാംഗമോ, രണ്ടാനച്ഛനോ, അതല്ലെങ്കില്‍ അധ്യാപകരോ പോലും കുട്ടികളെ പീഡനങ്ങള്‍ക്കിരയാക്കുന്ന വാര്‍ത്തകള്‍ ദിനംപ്രതി നമ്മള്‍ കേള്‍ക്കുന്നുണ്ട്. ഇങ്ങനെ എന്തെങ്കിലും അതിക്രമങ്ങള്‍ നമ്മുടെ കുട്ടിക്ക് നേരെയുണ്ടായാല്‍ എന്ത് ചെയ്യണമെന്ന് അവരെ നേരത്തേ തന്നെ ബോധവാന്മാരാക്കണം. ഏറ്റവുമാദ്യം ചെയ്യേണ്ട കാര്യം ആര് എങ്ങനെ ഭീഷണിപ്പെടുത്തിയാലും എന്തുതന്നെ സംഭവിച്ചാലും ഇക്കാര്യം വിശ്വസ്തരായ ആരോടെങ്കിലും പറയണമെന്ന് നിര്‍ബന്ധമായും അവരെ പഠിപ്പിക്കുക. 

Read more : ഈ 9 കാര്യങ്ങള്‍ ശ്രദ്ധിക്കാം; കുട്ടികളെ കൂടുതല്‍ മിടുക്കരായി വളര്‍ത്താം

തങ്ങള്‍ക്ക് നേരെ ഏതെങ്കിലും വിധത്തിലുള്ള അതിക്രമങ്ങളുണ്ടായാല്‍ കുട്ടികള്‍ എന്താണ് ചെയ്യേണ്ടത്?

 

മുതിര്‍ന്നവരോട് പറയുക: 

 

നിങ്ങള്‍ക്ക് നേരെ എന്തെങ്കിലും അതിക്രമങ്ങളുണ്ടായാല്‍ നിര്‍ബന്ധമായും അത് നിങ്ങള്‍ക്ക് വിശ്വസ്തരായ മുതിര്‍ന്ന ആരോടെങ്കിലും പറയണം. അത് നിങ്ങളുടെ സ്വന്തം അച്ഛനും അമ്മയും ആകുന്നതാണ് ഏറ്റവുമുചിതം. അത് സാധ്യമല്ലാത്ത അവസരങ്ങളില്‍ ആ ഒരാള്‍ നിങ്ങളുടെ ടീച്ചറാവാം, കോച്ചാവാം, സുഹൃത്തുക്കളുടെ മാതാപിതാക്കളോ ആരുമാകാം. നേരിട്ട് പറയാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നുകയാണെങ്കില്‍ ഒരു കുറിപ്പെഴുതി വെക്കുകയോ, ഫോണില്‍ പറയുകയോ, ഇമെയില്‍ ചെയ്യുകയോ, മെസ്സേജ് ചെയ്യുകയോ ചെയ്യാം. എങ്ങനെയായാലും നിങ്ങളത് പറയുകതന്നെ വേണം. ഒരു ഭീഷണിയേയും പേടിക്കേണ്ട കാര്യമില്ല. കാരണം നിങ്ങളെ ഉപദ്രവിച്ചവര്‍ നിങ്ങളെ ഏതെങ്കിലും രീതിയില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് അവരുടെ നിലനില്‍പ്പിനെ ഭയന്നിട്ട് മാത്രമാണ്. അതുകൊണ്ട് കുട്ടികളേ നിങ്ങളിക്കാര്യം പുറത്തു പറയാന്‍ മടിക്കരുത്. ഇതു മാത്രമാണ് ആദ്യത്തേതും അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം. 

 

ദുരുപയോഗം എങ്ങനെ തിരിച്ചറിയാം? 

 

കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ പലവിധമാണ്. തങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് കുട്ടികള്‍ തിരിച്ചറിയുകയെന്നതാണ് പ്രധാനം. എങ്കില്‍ മാത്രമേ അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയൂ. അതിന് ഓരോ തരത്തിലുള്ള ദുരുപയോഗങ്ങളെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 

 

ശാരീരിക പീഡനം: 

 

കുട്ടികളുടെ ശരീരത്തെ വേദനിപ്പിക്കുന്ന രീതിയിലുള്ള അതിക്രമമാണ് ശാരീരിക പീഡനം. കൈ കൊണ്ടോ, ബെല്‍റ്റുപയോഗിച്ചോ, വടി ഉപയോഗിച്ചോ കുട്ടികളുടെ ദേഹത്ത് ശക്തിയായി അടിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുന്നതും വേദനിപ്പിക്കുന്ന രീതിയില്‍ അവരെ പിടിച്ചു തള്ളുകയും ചവിട്ടുകയും നുള്ളുകയുമൊക്കെ ചെയ്യുന്നതും ശാരീരിക പീഡനങ്ങളുടെ പരിധിയില്‍ പെടുന്നു. ഈ രീതിയില്‍ ഒരുപാട് വേദനിക്കപ്പെട്ടാല്‍ തീര്‍ച്ചയായും നിങ്ങളത് രക്ഷിതാക്കളോട് പറയുക തന്നെ വേണം. എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് നിങ്ങളെ വേദനിപ്പിച്ചതെന്നും പ്രീയപ്പെട്ടവരോട് പറയുക. 

 

ലൈംഗികാതിക്രമം: 

 

കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതിനെയാണ് ലൈഗിംകാതിക്രമം എന്നു പറയുന്നത്. സ്വകാര്യഭാഗങ്ങള്‍ ഏതൊക്കെയാണെന്നും അവിടെ കുളിപ്പിക്കുമ്പോഴോ, മറ്റാവശ്യങ്ങള്‍ക്കോ മാതാപിതാക്കളല്ലാതെ മറ്റാരെങ്കിലും തൊടുന്നത് തെറ്റാണെന്നും കുട്ടികളെ പഠിപ്പിക്കണം. അടിവസ്ത്രം കൊണ്ട് മറച്ച ഭാഗങ്ങളാണ് നിങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍. പെണ്‍കുട്ടികള്‍ക്ക് അത് സ്തനങ്ങളും യോനിയും ആണ്‍കുട്ടികള്‍ക്ക് ലിംഗവം അടിഭാഗവുമാണ്. തെറ്റായ രീതിയില്‍ കുഞ്ഞുങ്ങളെ ചുംബിക്കുന്നതും ഇതില്‍പ്പെടുന്നു. മുതിര്‍ന്നവരാരെങ്കിലും കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയോ, കുട്ടികളോട് സ്വയം അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യുന്നത് തെറ്റാണ്. ഇങ്ങനെ ചെയ്യാന്‍ ഒരിക്കലും അനുവദിക്കരുത്. അതല്ല, ചെയ്തു കഴിഞ്ഞതിനു ശേഷം ഇക്കാര്യം ആരോടും പറയരുതെന്നും രഹസ്യമാക്കണമെന്നും സ്പര്‍ശിച്ചയാള്‍ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. പക്ഷേ ഇക്കാര്യം ആരോടെങ്കിലും പറയുന്നതിന് നിങ്ങള്‍ക്ക് കുറ്റബോധമോ, പേടിയോ തോന്നേണ്ട കാര്യമില്ല. ധൈര്യത്തോടെ ഇക്കാര്യം അച്ഛനമ്മമാരോടോ പ്രീയപ്പെട്ടവരോടോ പറയണം. കാരണം നിങ്ങള്‍ മിടുക്കരാണ്. തെറ്റു ചെയ്തത് മറ്റുള്ളവരാണ്. നിങ്ങളത് പുറത്തു പറയുക തന്നെ വേണം. 

Read more : മക്കളുടെ വിജയം ആ​ഗ്രഹിക്കുന്ന മാതാപിതാക്കളാണോ? എന്നാൽ ഇക്കാര്യങ്ങള്‍ ഒഴിവാക്കൂ

വാക്കാലുള്ളതോ, വൈകാരികമോ ആയ അധിക്ഷേപം: 

 

മാതാപിതാക്കള്‍ കുട്ടികളോട് ദേഷ്യപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരു പരിധിക്കപ്പുറം അവരെ ഭീഷണിപ്പെടുത്തുകയും മോശം പേരുകള്‍ വിളിച്ച് അധിക്ഷേപിക്കുകയും ശിക്ഷിക്കുകയും ഉപേക്ഷിച്ചു കളയുമെന്നും ദത്തെടുത്തതാണെന്ന് പറയുകമൊക്കെ ചെയ്യുകയാണെങ്കില്‍ അതവരെ വേദനിപ്പിക്കുമെന്നതില്‍ സംശയമില്ല. കുട്ടികളെ ക്രൂരമായി അവഗണിക്കുകയും സ്‌നേഹിക്കാതിരിക്കുകയും ചെയ്യുന്നത് അവരെ വേദനിപ്പിക്കും. മുതിര്‍ന്ന ആരായാലും വൈകാരികമായും വാക്കുകളിലൂടെയും കുട്ടികളെ അധിക്ഷേപിച്ചാല്‍ അത് തെറ്റ് തന്നെയാണ്. കുട്ടികള്‍ അതൊന്നും സഹിക്കാനുള്ളവരല്ല. അതിനാല്‍ പ്രീയപ്പെട്ടവരെന്ന് തോന്നുന്നവരോട് ഇക്കാര്യങ്ങള്‍ പറയണം. 

 

അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാതിരിക്കല്‍: 

 

ഭക്ഷണം, വൃത്തിയുള്ള വസ്ത്രങ്ങള്‍, പഠിക്കാനുള്ള അവസരം, ഉറങ്ങാനുള്ള സ്ഥലം തുടങ്ങി കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാതിരിക്കുന്നുണ്ടെങ്കില്‍ അതൊരു കുറ്റകൃത്യം തന്നെയാണ്. മാതാപിതാക്കളോ. അതല്ലെങ്കില്‍ നിലവില്‍ അവരെ പരിചരിക്കുന്നവരോ കുട്ടികള്‍ക്ക് അവരര്‍ഹിക്കുന്ന സൗകര്യങ്ങള്‍ നല്‍കുന്നില്ലെങ്കില്‍ അക്കാര്യം പുറത്തറിയിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണവും വെള്ളവും ലഭിക്കാതിരിക്കുകയും രോഗാവസ്ഥകളില്‍ മരുന്ന് ലഭിക്കാതിരിക്കുകയും ചെയ്യുന്നതും അവരുടെ അവകാശങ്ങളുടെ ലംഘനമാണ്. ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നാല്‍ കുട്ടികള്‍ അക്കാര്യം പുറത്തറിയിക്കണം. ഒരു പക്ഷേ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ മാതാപിതാക്കളോ, അതല്ലെങ്കില്‍ മറ്റ് രോഗാവസ്ഥകളിലുള്ളവരോ ആണ് രക്ഷിതാക്കളെങ്കില്‍ കുട്ടികള്‍ ഇക്കാര്യം പുറത്തു പറയുന്നതു വഴി ഉത്തരവാദിത്വപ്പെട്ട സ്ഥലങ്ങളില്‍ നിന്നും അവര്‍ക്കും കുടുംബത്തിനും ആവശ്യമായ സഹായങ്ങള്‍ ലഭിക്കും. 

 

മുതിര്‍ന്നവരോട്: 

 

കുഞ്ഞുങ്ങള്‍ നമുക്ക് പ്രിയപ്പെട്ടവരാണ്. ഭാവിയുടെ വാഗ്ദാനങ്ങളാണ്. അവരെ ഏറ്റവും മികച്ചതാക്കി വളര്‍ത്തിയെടുക്കേണ്ടത് മുതിര്‍ന്നവരായ നമ്മുടെ കടമയാണ്. ഈ ലോകത്തില്‍ മിടുക്കരായി ജീവിക്കേണ്ടതിനു അവരെ ധൈര്യമുള്ളവരാക്കി വളര്‍ത്തുക എന്നതാണ് നമ്മളാദ്യം ചെയ്യേണ്ടത്. അതിക്രമങ്ങള്‍ക്കിരയായാല്‍ അത് വിശ്വസ്തരായ ആളുകളോട് തുറന്നു പറയുന്നത് ഏറ്റവും ധീരമായ പ്രവൃത്തിയാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിയണം. കുട്ടികള്‍ സുരക്ഷിതരായും സന്തോഷമുള്ളവരായും തുടരേണ്ടതിന് നമ്മളവരുടെ കൂടെ നില്‍ക്കണം.

 

Content Summary :  Ways to teach children to speak up about sexual abuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com