ADVERTISEMENT

നിരാശയും സങ്കടങ്ങളുമൊക്കെ മുതിര്‍ന്നവര്‍ക്ക് മാത്രം തോന്നുന്ന കാര്യങ്ങളാണോ? ഒരിക്കലുമല്ല. കുട്ടികള്‍ക്കും നിരാശയുണ്ട്. നിരാശകളില്‍ നിന്നും സങ്കടങ്ങളില്‍ നിന്നും എങ്ങനെയാണ് അവരെ സംരക്ഷിക്കേണ്ടതെന്ന് പല രക്ഷിതാക്കള്‍ക്കും വല്യ ധാരണയില്ല. നമുക്ക് വളരെ നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ കുട്ടികളെ ചിലപ്പോള്‍ വല്ലാതെ ഉലച്ചു കളയും. മഴ കാരണം കളി സ്ഥലത്തേക്ക് പോകാന്‍ സാധിക്കാതെ വന്നാല്‍, ഐസ്‌ക്രീം ആഗ്രഹിച്ചിട്ട് കിട്ടിയില്ലെങ്കില്‍, ഇഷ്ടപ്പെട്ട ചോക്ലേറ്റ് കിട്ടിയില്ലെങ്കില്‍ അങ്ങനെ അവരുടെ നിരാശകളുടെ പട്ടിക നീളുന്നു. 

നിരാശകളെ അതിജീവിക്കാന്‍ അവരെ പഠിപ്പിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. തങ്ങള്‍ക്കതിന് കഴിയുമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ മുതിര്‍ന്നാലും ആ ബോധ്യം അവര്‍ക്ക് ധൈര്യം നല്‍കുകയും പ്രതിസന്ധികളില്‍ തളരാതിരിക്കുകയും ചെയ്യും. കുട്ടികള്‍ക്ക് സങ്കടമുണ്ടാകാതിരിക്കാന്‍ നിങ്ങളവരെ എല്ലായ്‌പ്പോഴും സംരക്ഷിച്ചുകൊണ്ടിരുന്നാല്‍ അതവരിലെ വാശിക്കാരെ വളര്‍ത്തുകയും കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യും.

ചെറിയ പ്രശ്‌നങ്ങള്‍ വലിയ വാശികള്‍ക്ക് കാരണമാകുമ്പോള്‍

പ്രിയപ്പെട്ട ജ്യൂസ് തീര്‍ന്നു പോയാല്‍, ഇഷ്ടപ്പെട്ട കളിപ്പാട്ടം മറ്റൊരു കുട്ടി ഉപയോഗിക്കുന്നത് കണ്ടാല്‍, ചോദിച്ച സാധനം അപ്പോള്‍ത്തന്നെ ലഭിക്കാതെ വന്നാല്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളിലൊക്കെ നിങ്ങളുടെ കുട്ടി എങ്ങനെ പ്രതികരിക്കുന്നുവെന്ന് വീക്ഷിക്കാം. സങ്കടം വാശിക്ക് വഴി മാറുകയും സാധനങ്ങള്‍ നിലത്തെറിയുകയും ഉച്ചത്തില്‍ അലമുറയിടുകയും മണിക്കൂറുകളോളം മിണ്ടാതിരിക്കുകയുമൊക്കെയാണെങ്കില്‍ ഈ ശീലങ്ങളൊക്കെ മാറ്റേണ്ടതാണ്. അത് അവരുടെ ആവശ്യങ്ങള്‍ അതേപടി നടത്തിക്കൊടുത്തു കൊണ്ടാവരുത്. പകരം നിരാശയെ നേരിടാനുള്ള ചില തന്ത്രങ്ങള്‍ അവരെ പഠിപ്പിച്ചു കൊണ്ടാവണം. 

Read more : കുട്ടികളെ ഫോണിൽ നിന്നും അകറ്റി നിർത്താൻ ചില വഴികൾ

സാഹചര്യം വിശദീകരിക്കാം

നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്തതും നിങ്ങള്‍ക്ക് മാറ്റം വരുത്താന്‍ സാധിക്കാത്തതുമായ കാര്യങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കണം. മോന്, മോള്‍ക്ക് സങ്കടമായെന്ന് മനസ്സിലായെന്ന് പറയാം. ഇനി എന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിക്കാന്‍ ആവശ്യപ്പെടാം. എത്ര കരഞ്ഞാലും ഇപ്പോള്‍ എന്തായാലും കടയില്‍ പോകാനോ, കളിപ്പാട്ടം വാങ്ങാനോ കഴിയില്ല എന്നു ഉറപ്പിച്ച് പറയാം. പകരം നാളെ ഏത് കടയില്‍ പോകണമെന്നും ഏത് കളിപ്പാട്ടം വാങ്ങണമെന്നും തീരുമാനിക്കാനും പറയാം. ഇതല്ലാതെ നിരാശയോടുള്ള പ്രതികൂല പ്രതികരണത്തിന് ഒരിക്കലും അവരെ ശിക്ഷിക്കരുത്. 

മാതാപിതാക്കളെ കണ്ട് അവര്‍ പഠിക്കുന്നു

മാതാപിതാക്കളാണ് എല്ലാ കാര്യങ്ങളിലും കുട്ടികളുടെ റോള്‍മോഡല്‍. നിങ്ങളെ കണ്ടാണ് പല കാര്യങ്ങളും അവര്‍ പഠിക്കുന്നത്. ജീവിതത്തില്‍ നിരാശകളെ നിങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി അവര്‍ വീക്ഷിക്കുന്നുണ്ടാകും. അതിനാല്‍ ശ്രദ്ധയുള്ളവരായിരിക്കുക. സാരമില്ല, ഇതു പോട്ടെ, വേറെ വഴി നോക്കാം എന്ന രീതിയില്‍ സ്വയം ആശ്വസിപ്പിക്കുന്നത് അവര്‍ക്ക് മാതൃകയാകും. അതുവഴി നിരാശകളിലും സങ്കടങ്ങളിലും നിങ്ങള്‍ ഉപയോഗിക്കുന്ന പോംവഴികള്‍ എന്തൊക്കെയാണെന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.

Content Summary : How to help your kids handle disappointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com