ADVERTISEMENT

കുട്ടികൾക്കൊപ്പം അമ്മമാർക്കും സ്‌കൂൾ തുറക്കലിനു ചില ഒരുക്കങ്ങൾ അത്യാവശ്യം. അന്നുവരെ അമ്മയുടെ കുഞ്ഞുവാവയായിരുന്നയാളാണു സ്‌കൂൾ പഠനം തുടങ്ങാൻ പോകുന്നത്. അതുകൊണ്ടു തന്നെ അമ്മയ്‌ക്കു ആശങ്കകൾ ഏറെയാവും. സ്‌കൂൾ ദിനങ്ങളെ നേരിടാൻ നേരത്തെ തന്നെ ഒരുങ്ങുകയാണ് ആശങ്കകൾ അകറ്റാൻ എളുപ്പവഴി. എല്ലാ വർഷവും സ്‌കൂൾ തുറക്കുന്നതു പെരുമഴക്കാലത്തിലേക്കാണ്. ഇരമ്പിപ്പെയ്യുന്ന മഴയിൽ പുതപ്പു തലയിലൂടെ വലിച്ചിട്ട് ഒന്നുകൂടി കിടന്നുറങ്ങാൻ എല്ലാ അമ്മമാർക്കും മോഹമുണ്ടാവും. പക്ഷേ, അഞ്ചു മണിക്ക് ഉണർന്നാലേ അടുക്കള ജോലികൾ തീർത്തു കുഞ്ഞിനെ ഒരുക്കി സമയത്തു സ്‌കൂളിൽ വിടാൻ കഴിയൂ. അതിനിടെയാണു രണ്ടു മാസത്തെ അവധിയുടെ ആലസ്യം വിട്ടൊഴിയാതെ കുട്ടിക്കുറുമ്പന്മാർ കിടക്കയോട് ഇഷ്‌ടം കൂടുന്നത്. സ്‌കൂളിലെ പുതുക്കക്കാരായ എൽകെജിക്കാരോ, ഒന്നാം ക്ലാസുകാരോ വീട്ടിലുണ്ടെങ്കിൽ പറയാനുമില്ല. അപ്പോൾ സ്‌കൂൾ തുറക്കലിനു ചില ഒരുക്കങ്ങൾ അത്യാവശ്യം.

സ്കൂളിലെ ആദ്യ ദിനം; കുരുന്നുകൾക്ക് ആശംസകൾ നേരാം...

സ്‌കൂളിനെ ഭയക്കേണ്ട

അന്നുവരെ അമ്മയുടെ കുഞ്ഞുവാവയായിരുന്നയാളാണു സ്‌കൂൾ പഠനം തുടങ്ങാൻ പോകുന്നത്. അതുകൊണ്ടു തന്നെ അമ്മയ്‌ക്കു കുഞ്ഞിനെക്കാളേറെ ആശങ്കകളാണ്. മിക്കവാറും കുട്ടികൾ പ്ലേ സ്‌കൂളിലോ, അംഗൻവാടിയിലോ പോയി ശീലമുള്ളവരായതിനാൽ സ്‌കൂളിൽപ്പോക്കു വലിയൊരു കടമ്പയാകാൻ സാധ്യത കുറവാണ്. എങ്കിലും പുതിയ ഒരു സ്‌ഥലത്തേക്കു പോകുന്നതിന്റെ ആശങ്ക കുഞ്ഞിനുണ്ടാകും. സ്‌കൂളിനെക്കുറിച്ചു മനോഹരമായൊരു ചിത്രം കുഞ്ഞിന്റെ മനസ്സിൽ പതിപ്പിക്കുകയാണ് ഈ ഭീതികൾ അകറ്റാൻ പറ്റിയ മാർഗം. സ്‌കൂൾ തുറക്കും മുൻപുതന്നെ കുഞ്ഞിനെ സ്‌കൂൾ കൊണ്ടുപോയി കാണിച്ചും തന്റെ കുട്ടിക്കാലത്തെയും മറ്റും രസകരമായ സ്‌കൂൾ കഥകൾ പറഞ്ഞുകൊടുത്തും സ്‌കൂൾപ്പേടി മാറ്റിയെടുക്കാം. കുട്ടിക്ക് ഏറെ ഇഷ്‌ടപ്പെടാൻ കഴിയുന്ന ഒരാളായിരിക്കും ടീച്ചർ എന്ന മട്ടിൽ വേണം പറഞ്ഞുകൊടുക്കാൻ.

 

ചിട്ട തെറ്റാതെ

സ്‌കൂൾ തുറക്കും മുൻപുതന്നെ എല്ലാ കാര്യങ്ങൾക്കും ഒരു സമയനിഷ്‌ഠ ഉണ്ടാക്കുന്നതു നന്നായിരിക്കും. അൽപം മുതിർന്ന കുട്ടികൾക്കു വീട്ടിൽ ഒരു ടൈംടേബിൾ ഉണ്ടാക്കാവുന്നതാണ്. അമ്മയുടെ സഹായത്തോടെ കുട്ടി സ്വയം ഇതു തയാറാക്കട്ടെ. ആവശ്യത്തിനു വിശ്രമവും വിനോദവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാകണം. മുഴുവൻ സമയവും പഠനം മാത്രമായാൽ അതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയില്ല. ടൈംടേബിൾ തയാറാക്കിയാലുടൻ അതിന്റെ ഒരു കോപ്പി സ്‌റ്റഡി ടേബിളിൽ എവിടെയെങ്കിലും വൃത്തിയായി ഒട്ടിച്ചുവയ്‌ക്കണം. ഇതു പാലിക്കാൻ കുട്ടിക്കു മറ്റുള്ളവരുടെ സഹായവും ആവശ്യമായി വരുമെന്നു മറക്കരുത്. കുട്ടി പഠിക്കാനിരിക്കുന്ന നേരത്തു സമീപത്തുതന്നെ ടിവി വച്ചിരുന്നു കാണാൻ മറ്റു കുടുംബാംഗങ്ങൾ ശ്രമിക്കരുത്. ടൈംടേബിൾ തയാറാക്കിയാലും ആദ്യത്തെ കുറച്ചു ദിവസങ്ങൾ അതു കൃത്യമായി പാലിക്കാൻ പറ്റണമെന്നില്ല. ഓരോ ദിവസമായി കാര്യങ്ങൾ മെച്ചപ്പെടുത്തി രണ്ടോ മൂന്നോ ആഴ്‌ചകൾകൊണ്ടു കൃത്യമായ ശീലങ്ങളിലേക്ക് എത്തിക്കൊള്ളും. ശുചിത്വം ചെറുപ്രായത്തിൽത്തന്നെ ശീലിപ്പിക്കണം. രണ്ടു നേരവും പല്ലു തേക്കുകയും കുളിക്കുകയും ചെയ്യുന്ന ശീലം ആദ്യമേ കുട്ടിക്കുണ്ടാക്കണം. നഖം വെട്ടി വൃത്തിയാക്കാനും മുടിയിൽ പേനും താരനും പിടിക്കാതെ നോക്കാനുമൊക്കെ അമ്മ സഹായിക്കണം.

 

അമ്മ സഹയാത്രിക

തെറ്റു ചെയ്യുമ്പോൾ കണ്ണുരുട്ടാനും ശാസിക്കാനും ഭക്ഷണമുണ്ടാക്കി നൽകാനും മാത്രമുള്ള ആളായി അമ്മ മാറരുത്. കുട്ടിക്കു തന്റെ പ്രശ്‌നങ്ങൾ തുറന്നു പറയാനുള്ള ഇടമാകണം അമ്മ. സ്‌കൂളിൽ ടീച്ചർ വഴക്കു പറഞ്ഞാൽ അല്ലെങ്കിൽ സഹപാഠിയുമായി വഴക്കുണ്ടായാൽ ഒക്കെ ചെറിയ കുട്ടികളുടെ മനസ്സു നോവാനിടയുണ്ട്. അപ്പോൾ സാന്ത്വനിപ്പിക്കാനും തെറ്റു തിരുത്താനും അമ്മയ്‌ക്കേ കഴിയൂ. ടീച്ചറോടു കുട്ടിക്കു കടുത്ത ഭയമോ, വെറുപ്പോ ഉണ്ടെങ്കിൽ, അതു ദിവസങ്ങളോളം നിലനിൽക്കുന്നുവെങ്കിൽ സ്‌കൂളിലെത്തി ടീച്ചറെ കണ്ടു സംസാരിച്ചു പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കണം. പക്ഷേ അതൊരിക്കലും അധ്യാപകരെ കുറ്റപ്പെടുത്തുന്ന മട്ടിലാകരുത്. അതുപോലെതന്നെ ആരുടെയെങ്കിലും മോശമായ പെരുമാറ്റത്തെപ്പറ്റി കുട്ടി പരാതി പറഞ്ഞാൽ അത് അവഗണിച്ചുകളയാതെ അതിന്റെ സത്യം കണ്ടെത്താൻ ശ്രമിക്കണം.

 

ഭക്ഷണം ശിക്ഷയാകല്ലേ

കുട്ടികൾ ഭക്ഷണം ആവശ്യത്തിനു കഴിക്കുന്നില്ലെന്ന പരാതി മിക്കവാറും അമ്മമാർക്കെല്ലാമുണ്ട്. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിപ്പിക്കുന്നത് ഒഴിവാക്കണം. ആദ്യമായി സ്‌കൂളിൽ പോയിത്തുടങ്ങുന്ന കുട്ടിക്കു ചോറ്റുപാത്രത്തിൽ ഭക്ഷണം കഴിക്കാനുള്ള പരിശീലനം ഒരാഴ്‌ച മുൻപേ നൽകണം. അൽപം വലിയൊരു പാത്രത്തിൽ ചോറ്റുപാത്രം വച്ച ശേഷം അതിൽനിന്നു ഭക്ഷണം വാരിക്കഴിക്കാൻ കുട്ടിയെ ശീലിപ്പിക്കുക. ആദ്യമൊക്കെ കുട്ടി പുറത്തെ പാത്രത്തിൽ ഭക്ഷണം വീഴിക്കും. നാലഞ്ചു ദിവസംകൊണ്ടു വൃത്തിയായി ഭക്ഷണം കഴിക്കാൻ കുട്ടി പഠിച്ചുകൊള്ളും. സ്‌കൂളിൽ ടീച്ചറോ, ആയയോ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുമെന്ന പ്രതീക്ഷയിൽ കുട്ടിക്കിഷ്‌ടമില്ലാത്ത ഭക്ഷണം കൊടുത്തുവിടരുത്. അതു പോലെ പാത്രത്തിൽ കുത്തി നിറച്ചും ഭക്ഷണം കൊടുത്തു വിടരുത്.

 

Content Summary : tips-to-help-your-child-handle-school-stress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com