കുട്ടികളുടെ ഓർമശക്തിയും കഴിവുകളും മെച്ചപ്പെടുത്താം, ഈ ടിപ്സ് പരീക്ഷിച്ചു നോക്കൂ..
Mail This Article
ഓർമശക്തിയും പഠിക്കാനുള്ള കഴിവും ഓരോ കുട്ടികളിലും വ്യത്യസ്തമായിരിക്കും. അതിനാൽ നിർബന്ധിച്ചും കഠിനമായി ശിക്ഷിച്ചും കുട്ടികളെ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒന്നാമത് എത്തിക്കാൻ ശ്രമിക്കുന്നത് ശരിയായ രീതിയില്ല. കുട്ടികളെ മാനസികമായ ഇത് സമ്മർദത്തിലാക്കാനുള്ള സാധ്യത കൂടുതലാണ്. അതേസമയം കുട്ടികളുടെ കഴിവിനെ മെച്ചപ്പെടുത്താനാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്. അവരുടെ ഓർമശക്തിയും മറ്റു കഴിവുകളും മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങൾ ഒരുക്കുകയാണ് വേണ്ടത്. ഓർമശക്തി വർധിപ്പിക്കാൻ അവരെ കൂടി ഉൾപ്പെടുത്തിയുള്ള, ആകർഷകവും രസകരവുമായ പ്രവർത്തനങ്ങളാണു വേണ്ടത്. ജീവിതരീതിയിൽ വരുത്തുന്ന മാറ്റങ്ങളും കുട്ടികളുടെ ഓർമശക്തിയെ മെച്ചപ്പെടുത്താം. അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ.
പഠനം ഒരു ശീലമാക്കുക
ലൈബ്രറിയിൽ കൊണ്ടുപോയി വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ചുള്ള പുസ്‌തകങ്ങൾ വായിക്കാൻ അവസരം ഒരുക്കി കുട്ടിക്ക് അറിവു നേടാനും വായിക്കാനുമുള്ള അഭിനിവേശം വളർത്തുക. സയൻസ് മ്യൂസിയങ്ങൾ അല്ലെങ്കിൽ ആർട്ട് ഗാലറികൾ സന്ദർശിക്കുന്നത് ചിത്രങ്ങളിലൂടെയും നേരിട്ടുള്ള അനുഭവത്തിലൂടെയും കാര്യങ്ങൾ ഓർമയിൽ നിർത്താൻ സഹായിക്കും. ഒരു വിഷയത്തെ കുറിച്ച് അറിവ് പകർന്നു നൽകുമ്പോൾ അവ ചിത്രങ്ങളായി അവരുടെ മനസ്സിൽ നിൽക്കുന്ന തരത്തിൽ അവതരിപ്പിക്കുക.
വ്യായാമം ചെയ്യാൻ പ്രോത്സാഹിപ്പിക്കാം
നിങ്ങളുടെ കുട്ടിയുടെ ദിനചര്യയിൽ പതിവ് വ്യായാമം ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ചെറുപ്പത്തിൽ തന്നെ ഈ ശീലം വളർത്തിയെടുത്താൽ അത് വളരെ ഗുണം ചെയ്യും. ശാരീരിക പ്രവർത്തനങ്ങൾ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുക മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും സജീവമായി നിലനിർത്തുകയും ചെയ്യും.
പ്രധാനപ്പെട്ട കാര്യങ്ങൾ അടയാളപ്പെടുത്താം
കുറിപ്പ് എടുക്കൽ, വാക്കുകൾക്ക് അടിവരയിടൽ, ഹൈലൈറ്റ് ചെയ്യൽ എന്നിവ ദീർഘകാലത്തേക്ക് വിവരങ്ങൾ സൂക്ഷിക്കാൻ കുട്ടികളെ സഹായിക്കും. വർക്കിംഗ് മെമ്മറി വർദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണ് ഉറക്കെ വായിക്കുന്നത്. ഫലപ്രദമായ തന്ത്രങ്ങൾ പ്രയോഗിക്കുന്നതിനൊപ്പം വായന, എഴുത്ത് എന്നിവയിൽ ഏർപ്പെടുന്നത് കുട്ടികളിൽ ഓർമശക്തി വികസിപ്പിക്കുന്നതിന് ഗണ്യമായ സംഭാവന നൽകും.
പാറ്റേൺ തന്ത്രം ഉപയോഗിക്കുക
പാറ്റേണുകൾ തിരിച്ചറിയാനും ഉപയോഗിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് അവരുടെ ഓർമശക്തി വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്. കോഡുകൾ, കോമ്പിനേഷനുകൾ എന്നിവ ഉപയോഗിച്ചുള്ള രീതികൾ അവരുടെ ദീർഘകാല മെമ്മറിയിൽ കാര്യമായ നല്ല സ്വാധീനം ചെലുത്തും.
അവർക്ക് ശരിയായ പോഷകാഹാരം നൽകുക
ആന്റിഓക്‌സിഡന്റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും കുട്ടികൾക്ക് ലഭിക്കുന്ന തരത്തിൽ സമീകൃതാഹാരം നൽകാൻ ശ്രദ്ധിക്കുക. മറവിയുടെ ഒരു പ്രധാന കാരണമായി പോഷകക്കുറവ് മാറുന്നു. അമിതമായ പഞ്ചസാരയും ഉയർന്ന കലോറി ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതും പ്രധാനമാണ്. അതിനാൽ ആരോഗ്യകരമായ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു.
ഈ പ്രവർത്തനങ്ങളും ശീലങ്ങളും കുട്ടിയുടെ ദൈനംദിന ജീവിതത്തിൽ സമന്വയിപ്പിക്കാം. ആസ്വാദ്യകരമായ പഠനമുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നതും കുട്ടിയോടൊപ്പം പഠിക്കുന്നതും നല്ല അന്തരീക്ഷം സൃഷ്ടിക്കും. മാതാപിതാക്കളുടെ പ്രോത്സാഹനവും പിന്തുണയും ഉണ്ടെങ്കിൽ കുട്ടികൾ പുതിയ അറിവുകളും കഴിവുകളും നേടാൻ താൽപര്യം പ്രകടിപ്പിക്കും. ഈ സമീപനം മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും സഹായകരമാണ്.
Content Highlight - Child's Memory | Skills | Parenting | Children | Smart Parenting | Parent